Thursday 4 August 2011

വേലിയില്‍ ഇരുന്ന പൂവാലന്‍

ഇതൊരു കഥയല്ല..ഒരു ചെറിയ അനുഭവവിവരണം ..Ammutty!
 
ഞാനും  മീനുവും..അടുത്ത കൂട്ടുകാരികള്‍..
അയല്‍വാസികള്‍..ഒരേ സ്കൂളില്‍ ഒന്നാംതരം തൊട്ട്  പത്താംതരം വരെ പഠിച്ചവര്‍..
+2വിനും മറ്റൊര് സ്കൂളില്‍  ഒരേ ക്ലാസില്‍,ഒരേട്യുഷന്‍ ക്ളാസില്‍ പഠിക്കാന്‍  ഭാഗ്യംലഭിച്ചവര്‍ .അടുത്ത കൂട്ടുകാരികള്‍ എന്നതില്‍ ഉപരി അവള്‍ക് എന്റെ വീട്ടിലും എനിക്ക് അവള്‍ടെ വീട്ടിലും പൂര്‍ണ അംഗീകാരം ഉണ്ടായിരുന്നു.. എനിക്ക് സന്ദര്‍ശനത്തിനും കംബൈന്‍ സ്റ്റടിക്കും ഒക്കെ പോകാന്‍  അനുവാദം ഉണ്ടായിരുന്ന ഒരേ ഒരു സുഹൃത്ത് ഭവനം.കാരണം അവള്‍ക്ക് ആങ്ങളമാരില്ല... ഉള്ളത് ഒരു ചെറിയ അനിയത്തിയും അമ്മയും മാത്രം.
ഇപ്പോ മനസിലായല്ലോ എന്ത് കൊണ്ടാണ് അവിടെ പോകാന്‍ മാത്രം എന്റെ അമ്മ എനിക്ക് അനുവാദം തന്നത് എന്ന്..!ഇല ചെന്ന് മുള്ളില്‍ വീഴുമോ എന്നും മുള്ള് വന്നു ഇലയില്‍ വീഴുമോ എന്നും ഇലയുടെ അമ്മ ശ്രദ്ധിക്കണമല്ലോ..
 
ഇനി കാര്യത്തിലേക്ക് കടക്കാം..ഞാന്‍ ‍ ഉള്‍പെടുന്ന  അവള്‍ടെ കൂട്ടുകാരികള്‍ക്ക് അവളോട് അസൂയ തോന്നിയത് ഒരൊറ്റ കാര്യത്തിലായിരുന്നു... ഹിന്ദുആചാരപ്രകാരം അവള്‍ക്കു ഒരുപാട്  മുറചെര്‍ക്കന്മാര്‍  ഉണ്ട് . അതായത് അമ്മയുടെ ആങ്ങളയുടെയും അച്ഛന്റെ പെങ്ങള്ടെം പുത്രന്മാര്‍..സുന്ദരന്മാര് !
ആണ്‍കുട്ടികള്‍ കൂടുതല്‍ ഉള്ള,മുറക്ക് ആണോ പെണ്ണോ ഇല്ലങ്കില്‍ മാത്രം പുറത്തു നിന്ന് വിവാഹം ആലോചിക്കുന്ന യാഥാസ്ഥിതിക നായര്‍ കുടുംബം. അതിലാരെ തിരഞ്ഞെടുക്കണം  എന്ന കണ്‍ഫ്യൂഷന്‍  മാത്രേ  ഉള്ളൂ അവള്‍ക്ക്..കാരണം എല്ലാപേര്‍ക്കും അവളില്‍  ഒരു കണ്ണ് ഉണ്ട്..
 
ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ specialayi chocalate കൊണ്ടു വരണ മുറചെരുക്കന്‍..
പഠനകാര്യം  അന്വേഷിക്കുന്ന  ഒരു മുറചെരുക്കന്‍..
മഴയത്ത് കുടയും കൊണ്ട് സ്കൂളില് വരണ വേറൊരു മുറചെരുക്കന്‍..
മറന്നു വച്ച ടിഫിന്‍ ബോക്സുമായി പുറകെ വരുന്ന മറ്റൊരു മുറചെരുക്കന്‍..
 
ഇങ്ങനെ മൊത്തത്തില്‍ അവളൊരു 'ഭാഗ്യവതി' ആയിരുന്നു. എനിക്കെന്നല്ല ക്ലാസിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും അസൂയ ആയിരുന്നു അവളോട്.. 'എടി ഏതെങ്കിലും ഒരാളെ നീ തിരഞ്ഞെടുക്ക്...എന്നാല്‍ പിന്നേ ബാക്കി ഉള്ളോരെങ്കിലും ഫ്രീ ആകുമല്ലോ'- എന്ന് അമര്‍ഷത്തോടെ ഒരുവള്‍ താക്കീത് വരെ ചെയ്തു..അവള്‍ ഏതു നല്ലത് ,ഏതു നല്ലത് എന്ന് മാര്ക്കിട്ടു തീര്‍ന്നിരുന്നില്ല അപ്പോഴും.. ഏകപക്ഷമായി അവള്‍ പ്രഖ്യാപിച്ചത് ഇതായിരുന്നു..
 
"17 വയസല്ലേ ആയിട്ടുല്ലു..എനിക്ക് കെട്ടാന്‍ ടൈം ഉണ്ടാലോ ഞാന്‍ ആരേം  
പ്രേമിക്കുന്നുമില്ല, അവര്‍ക്കെല്ലാം എന്നെ ഇഷ്ടമാണ് എനിക്കറിയാം.. പക്ഷെ ആരും എന്നെ പ്രോപ്പോസ് ചെയ്തിട്ടും ഇല്ല ഇത് വരെ.. കല്യാണപ്രായം ആകുമ്പോള്‍ ആരാണോ പണം കൊണ്ടും സ്വഭാവം  കൊണ്ടും സൌന്ദര്യം കൊണ്ടും യോഗ്യന്‍, ആ ഒരാള്‍ക്ക് എന്റെ ഗ്രീന്‍ സിഗ്നല്‍ .. "
 
ഞങ്ങള്‍  എല്ലാം  ഒരേ സ്വരത്തില്‍  ചോദിച്ചു...ആരായിരിക്കും ആ ഒരാള്‍?
 
എഞ്ചിനീയര്‍  മനുവേട്ടന്‍ ?  
ഗള്‍ഫുകാരന്‍  സൂരജേട്ടന്‍ ?
ബിസിനെസുകാരന്‍ ബാലുഏട്ടന്‍? 
സ്കൂള്‍മാഷ്  ദീപു ഏട്ടന്‍ ?
കൂടെ മത്സരിക്കുന്ന കോളേജ് കുമാരന് ശ്യാമേട്ടന്‍?
ആരായിരിക്കും  ആ  "ഭാഗ്യവാന്‍ ?"
 
അവള്‍ പറഞ്ഞു.."ആര് വേണേലും ആകാം..പക്ഷെ അവനാകില്ല..അവന്‍...!!!!"
 
"യേതവന്‍ ?" ഒരേ സ്വരത്തില്‍ ഞങ്ങള്‍ ചോദിച്ചു.
 
"അത്  നിങ്ങള്ക്ക് അറിയില്ലേ..tution ക്ലാസ്സിന്റെ സമീപം കൃഷ്ണന്റെ അമ്പലമില്ലെ? അവിടെ ആല്‍ത്തറയില്‍ എപ്പൊഴും ഇരിക്കണ ഒരുത്തനില്ലേ.. സ്കൂളുംകോളേജും വിടുമ്പോള്‍ ആളവിടെ ഹാജരായിരിക്കും..കള്ളുകുടി,തല്ലുപിടി,ചീത്ത കൂട്ട്കെട്ട്.. മൊത്തത്തില്‍ ഒരു തല്ലിപൊളി..പറയാന്‍ നാണമുണ്ട്..എന്നാലും പറയാം അവനും എന്റെ മാമന്റെ മോനാ..മുറചെരുക്കന്‍ number 7..അവന്‍ മാത്രം ഇപ്പോഴെ rejected.."
 
ഞങ്ങള്‍ക്ക് സമാധാനമായി..ഒരുത്തനെങ്കിലും ഉണ്ടല്ലോ  കൂട്ടത്തില്‍ കൊള്ളാത്തവന്‍ 
ആയിട്ട്.. അവളില്ലാത്ത സമയം  ഞങ്ങള്‍  കൂട്ടുകാരികള്‍  ഒരുമിച്ച് ഇരുന്നു പ്രാര്‍ഥിച്ചു...
ദൈവമേ ,ആ മഹാപാപി തന്നെ ഇവള്‍ടെ തലയില്‍ കയറണേ എന്താ അവള്‍ടെ അഹംകാരം!!!
 
പിറ്റേ ദിവസം സ്കൂളും ട്യുഷനും കഴിഞ്ഞു വൈകുന്നേരം വരുമ്പോള്‍ അവളെനിക്ക് അവനെ കാണിച്ച് തന്നു..അതാണ് ഇന്നലെ പറഞ്ഞ ആള്-വിഷ്ണു..ഞാന്‍ ഒളികണ്ണിട്ട് നോക്കി...
ഈശ്വരാ..!!
അവിടേം ദൈവം അവളില്‍ കരുണ കാണിച്ചിരിക്കുന്നു.സ്വഭാവത്തില് വിരൂപനെങ്കിലും രൂപത്തില്‍ സുന്ദരന്‍ ..!നല്ല വെളുത്ത നിറം..ഉയരം..അലസമായ തലമുടി.. സ്വഭാവത്തിന്റെതായ ചില്ലറ ലക്ഷണങ്ങള് മുഖത്ത് ഉണ്ട് എന്ന ഒരു കുറ്റം മാത്രം..!
 
ഞാന്‍  അവളെ  കളിയാക്കി ...
 
"എടി ഇവന്‍ മതി നിനക്ക്..പ്രത്യേകിച്ച് പണി ഒന്നുമില്ലാത്തത് കൊണ്ട്  നിന്നെ നന്നായിട്ട് പ്രേമിക്കാന്‍ അവനു സമയം കിട്ടും.24 മണിക്കൂറും നിന്നെ പ്രേമിക്കല് ‍ മാത്രം ആയിരിക്കും അവന്റെ പണി..നിനക്ക് ചേരും 2 പേരും എന്താ മാച്ച്..മീനു വിഷ്ണു..വിഷ്ണു മീനു.."
 
"പോടീ അവിടുന്ന് എനിക്കെങ്ങും വേണ്ട അവനെ.."അവള്‍ വെറുപ്പോടെ മുഖം തിരിച്ചു.
 
ഞാന്‍ എന്റെ സ്കൂളിലെ കൂട്ടുകാരികളോടും പറഞ്ഞു.. "tutionuപോകുന്ന വഴി കണ്ടു ഞാന്‍ അവനെ..ഇവള്‍ടെ ആ തല്ലിപൊളി മുറചെരുക്കനെ. ഇനി ഇവളെ അവനെ വച്ച് കളിയാക്കിയാല്‍ മതി..കണ്ടാലേ അറിയാം അവന്‍   ഒരു അലമ്ബാണെന്ന്..!!"കൂട്ടുകാര്‍ക്കും സന്തോഷമായി.!
 
ഞങ്ങള്‍ ഞങ്ങള്‍ടെ ഡ്യൂട്ടി പരമാവധി ഭംഗി ആക്കി ദിവസവും..അവന്റെ പേരില്‍ അവളെ കളിയാക്കി കൊല്ലാന്‍ തുടങ്ങി.
 
അതോടൊപ്പം..എന്നും വൈകുന്നേരം ട്യുഷന്‍ കഴിഞ്ഞു വരുന്ന സമയം  അവനെ കാണുമ്പൊഴും ഞാന്‍ അവളെ കളിയാക്കാന്‍  തുടങ്ങി..
 
5 ദിവസമായപ്പോള്‍  അവനും  ഞങ്ങളെ  ശ്രദ്ധിക്കാന്‍  തുടങ്ങി ..
 
അതോടെ എനിക്ക്  സാന്തോഷം കൂടി..കളിയാക്കല്‍ ശക്തമായി ഞാന്‍ തുടര്‍ന്നു..
 
അന്നന്നത്തെ ന്യൂസ്‌  മറ്റു കൂട്ടുകാരികള്‍ക്ക്  കൈ മാറാനും ഞാന്‍ മറന്നില്ല..
 
മീനു വല്ലാതെ വശം കെട്ടൂ..6 മത്തെ ദിവസം തൊട്ട് അവന്‍  ഞങ്ങളെ കാണുമ്പൊള്‍   ചിരിക്കാന്‍  തുടങ്ങി.ജസ്റ്റ്‌ ഒരു പുഞ്ചിരി..മീനുവിനും ചിരിക്കാതിരിക്കാന്‍ ആവില്ല.. കാരണം അമ്മാവന്റെ മോനല്ലേ?ബന്ധുക്കാരനല്ലേ..
 
അവളും അവനും ഒരു പുഞ്ചിരി കൈമാറും..ഞാന്‍ 2 ആളേം നോക്കി അര്‍ഥം വച്ച് ഒരു ചിരി ചിരിക്കും..ഇതൊരു പതിവായി..
 
2 ആഴ്ച ഇത്  തുടര്ന്നു...അപ്പൊ പയ്യന്‍  കുറച്ചൂടെ ആക്ടിവായി...ബൈക്ക് എടുത്ത് പുറകെ സ്ലോവായി ഓടിച്ച് വരാനും...ഞങ്ങളെ പാസ് ചെയ്തു കഴിയുമ്പോള്‍ .. തിരിച്ച് വീണ്ടും വരാനും..ഓരോ പോക്കിനും വരവവിനും പുഞ്ചിരികാനും തുടങ്ങി ..
അതായതു ദിവസവും കിട്ടികൊണ്ടിരുന്ന 1 ചിരിക്ക് പകരം ഒരു 20..30 ചിരികള്‍..!
 
ഞങ്ങള്‍ കൂട്ടുകാരികള്‍  മീനുവിനെ കളിയാകി ക്രൂശിക്കാന്‍ ഉള്ള  പണി പൂര്‍വാധികം ശക്തമാക്കി..മീനുവിനും  ചെറിയ  ഭയം തോന്നി  തുടങ്ങി ...
"ചെക്കന്‍ വന്നു ഇഷ്ടമാണെന്നോ മറ്റോ പറയുവോ? പറഞ്ഞാല്‍  സത്യമായും  ഞാന്‍ വീട്ടില്‍ പറയും.." അവള്‍  എന്നോട്  പറഞ്ഞു.
 
ഞാനും കൂട്ടുകാരികളും ആത്മാര്ധമായി പ്രാര്‍ഥിച്ചു.."ദൈവമേ അവന്‍ വന്ന്‌ എത്രയും വേഗം ഇവളെ പ്രോപ്പോസ് ചെയ്യണേ..എന്നിട്ട് വേണം ബാക്കി ഇരിക്കുന്ന ചീട്ടു കൂടെ കീറാന്‍..അവളുടെതെന്ന് അവള്‍ പറയുന്ന ബാക്കി പാവം ചേട്ടന്മാരെ രക്ഷിക്കാന്‍.."പക്ഷെ ആ ചെക്കന്‍ എന്താ വന്ന്‌ പറയാത്തെ?അവളെ ഇഷ്ടമാണെന്ന്?കുറെ നാളായി പുറകെ നടപ്പ് തുടങ്ങിയിട്ട്..ഒരു പുരോഗതി ഇല്ലല്ലോ...!
മീനുവിനേക്കാള് ടെന്‍ഷന്‍ ഞങ്ങള്‍ക്കായി.ആ ദിനം കാത്തു ഞങ്ങള്‍ ഇരുന്നു ..
 
ഒടുവില്‍ ......
 
അന്ന് രാവിലെ പതിവ് പോലെ സ്കൂളില്‍ പോകുവായിരുന്നു ഞാനും മീനുവും..സാധാരണ രാവിലെ അവനെ കാണാറില്ല..വൈകുന്നേരം tution പോയി വരുന്ന വഴിയിലാണ് അവന്റെ താവളം..അമ്പല പരിസരം..! പെട്ടെന്ന് അതാ അവന്‍  ഓപ്പോസിറ്റ്  നടന്ന്  വരുന്നു.അവള്‍  ചിരിച്ചു , അവന്‍ ചിരിച്ചു, ഞാന്‍  2 ആളേം നോക്കി ചിരിച്ചു.. എല്ലാം പഴയ പടി..
 
പക്ഷെ ..
പാസ്‌  ചെയ്ത ഒരുനിമിഷം അവന്‍പറഞ്ഞു, "oru minit "എന്ന്..
എന്റെ  ഉള്ളില്‍ ഒരായിരം ലഡ്ഡു ഒരുമിച്ച്  പൊട്ടി.അതാ അവന്‍  അവളെ പ്രോപോസ് ചെയാന്‍  പോകുന്നു..ഇന്ന് ക്ളാസില്‍  അവള്‍ക്കു ഓണമാണ്  തിരുവോണം..
മീനു+വിഷ്ണു..
 
മീനുവിന്റെ മുഖം ചുവന്നു.ദേഷ്യം, സങ്കടം എല്ലാംഉണ്ട് മുഖത്ത്..
 
അവന്‍ കാത്തു നില്ക്കുവാ..ഞാന്‍ അവിടെ തന്നെ നിന്നു.മീനുവിനെ ചെല്ലെടി എന്ന അര്‍ഥത്തില്‍ ഒന്ന് നോക്കി.
 
അവള്‍  1 സ്റെപ്  മുന്നോട്ട്  വച്ചു ..
 
അവന്‍ ഒന്ന് വിറച്ചു,എന്നിട്ട്  പറഞ്ഞു: "എനികൊരുകാര്യം പറയാനുണ്ട്.. വൈകുന്നേരം കാണുമ്പൊള്‍ പറയാം..എന്നും വരും വഴി തന്നെ വരണം"
 
ശ്ശെ..അവളെ  ഇഷ്ടമാണെന് പറയാന്‍ അവനു ചമ്മല്‍. ഇന്നൊരു ഫുള്‍ഡേ ടെന്‍ഷന്‍ അടിക്കണം, ഇവനിപോ  പറഞ്ഞൂടെ "മീനു  i love u " എന്ന്..എന്നാ നേരെ ക്ളാസില്‍ ചെന്ന് ഫ്രെഷായി എല്ലാം ബാക്കി  ഉള്ളവരോട്  വിത്ത്‌  ആക്ടിംഗ് വിളംബാമായിരുന്നു.. വൈകുന്നേരം പറഞ്ഞാല് പിന്നെ നാളെ വരെ കാത്തിരിക്കണം ഫ്രണ്ട്സിന്റെ അടുത്ത് ഇതൊന്ന് എത്തിക്കാന്‍ ശ്ശെടാ..!ഞാന്‍ വല്ലാതെ നിരാശപ്പെട്ടു.
 
ഒരു പ്രണയം പറയാന്‍ ധൈര്യമില്ലാത്ത ഇവനാണോ  വല്യ അലമ്പനും 
വീര-ശൂരപരാക്രമിയും എന്ന്  ഞാന്‍  മനസ്സില്‍ കരുതി ..
 
ചിന്തകള്‍ എല്ലാം അടക്കി  ഞങ്ങള്‍ സ്കൂളിലേക്ക് വീണ്ടും..ഞാന്‍ മീനുവിനെ കളിയാക്കി കൊന്നു വഴി നീളെ ..
 
സ്കൂളിലോ.....
ചെക്കന്‍  വൈകുന്നേരം..നിന്നെ ഇഷ്ടമാണെന്ന് പറയും..അങ്ങനെ ഇത്രേം 
സല്‍ഗുണസമ്പന്നന്മാര്‍  മുറചെരുക്കന്മാര് ഉണ്ടായിട്ടും അവസാനം നിന്നെ ഇഷ്ടമാണ്  എന്ന്‌ പറയാന്‍ ഒരു അലമ്പന്‍ മുറചെരുക്കന്‍വേണ്ടി വന്നല്ലോടി മോളെന്നു ഞങ്ങള്‍ കൂട്ടത്തോടെ അവളെ നോക്കി -പരിതപിച്ചു ..സഹതപിച്ചു ..സന്തോഷിച്ചു ..പ്രേമിച്ചാലും ഇല്ലങ്കിലും ഞങ്ങള്‍ടെ മനസ്സില്‍ ഇനി മീനു+വിഷ്ണു ഒണ്‍ലി എന്ന് അടിച്ചുറപ്പിച്ചു കൊടുക്കുകയും ചെയ്തു.
 
വൈകുന്നേരം..
 
എന്റെ  കണ്ണുകള്‍  (അവളുടെയും )  ഓരോ സ്റെപ്പിലും അവനെ  പ്രതീക്ഷിച്ച്    കൊണ്ടാണ് മുന്നോട്ട് നടക്കുന്നത്.അവള്‍ ഇടയ്കിടെ ജാമ്യം എടുക്കുന്നുണ്ട്. "അമ്മൂട്ടി..നീ എന്റെ  ബെസ്റ്റ് ഫ്രണ്ട് അല്ലേടി..അവന്‍ എന്തേലും പറഞ്ഞാല്‍  നമുക്ക് അതിവിടെ കളയാം..നാളെ സ്കൂളില്‍ ചെന്ന് പറയല്ലേടി..പ്ലീസ് "
 
ഞാന്‍  പറഞ്ഞു ..
"അത് വിശ്വാസവഞ്ചന അല്ലേടി ..നിന്നേം എന്നേം പോലെ ആ ക്ലാസിലെ മൊത്തംഗേള്‍സും കാത്തിരിക്കയല്ലെടി അവന്‍ നിന്നെ ഏതു വാക്കില്, എങ്ങനെ പ്രോപോസ് ചെയ്തു എന്ന് കേള്ക്കാന്..ഞാന്‍ എങ്ങനെ അവരെ ചതിക്കുമെടി..?" 
 
ഇങ്ങനെ അവളുടെ പ്രലോഭനങ്ങളില് വശംവധ ആകാതെ..അവളെ  കൂട്ടത്തോടെ  കളിയാക്കുന്നതിന്റെ  ത്രില്ല് മാത്രം സ്വപ്നം കണ്ടു ഞാന്‍ നടന്നു..
 
പെട്ടെന്ന് അതാ അവന്‍ ...
 
ഞങ്ങള്‍  2 പേരുടെയും  മനസ്സില്‍  ലഡ്ഡു പൊട്ടി..എന്റെയുള്ളില്‍ സ്വീറ്റ് ലഡ്ഡു.. അവള്‍ടെ ഉള്ളില്‍ ബിറ്റെര്‍ ലഡ്ഡു..
 
അവള്‍ ചിരിച്ചു..അവന്‍ ചിരിച്ചു.. ഞാന്‍  2 പേരെയും നോക്കി ചിരിച്ചു.. തനിയാവര്‍ത്തനം! അവന്‍  പറഞ്ഞു"1 മിനിറ്റ് ".രാവിലെത്തെ പോലെ അവള്‍ മുന്നോട്ട് ചെന്നു.പെട്ടെന്ന്  അവന്‍  എന്നെ നോക്കി..
"ഈ ആളെയാ വിളിച്ചേ..."
ഞാന്‍  ഒന്നു ഞെട്ടി..ഒഹ്..ഇതൊക്കെ നേരിട്ട് പറയാന്‍  മടി ആയിരിക്കും..കൂട്ടുകാര് ‍ആണല്ലോ ഹംസങ്ങള്‍ എവിടെയും..എന്നാലും ഈ ചെക്കന്റെ കാര്യം.. ഇഷ്ടമാണ് എന്ന് അവന്‍ അവളോട് നേരിട്ട് പറയുക..അതിനു  സാക്ഷ്യം  വഹിക്കുക..അവള്‍ടെ മുഖത്തെ expression കാണുക.. ഇതൊക്കെ ആയിരുന്നു എന്റെ പ്ളാന്‍.. നാളെ ചെന്ന് എല്ലാം വള്ളി പുള്ളി വിടാതെ കാത്തിരിക്കുന്ന കൂട്ടുകാരികള്‍ക്ക് വിളംബാന്‍ ഉള്ളതാ ..
ഏതായാലും പോട്ടെ സംഭവം പ്രേമം,i love u, മീനു + വിഷ്ണു..ആണല്ലോ..!
 
ഞാന്‍ ആത്മവിശ്വാസത്തോടെ, ഒരു ഹംസത്തിന്റെ  ഭാവത്തില്‍ അവന്റെ അരികിലേക്ക്  ചെന്നു.പറഞ്ഞോളൂ ചേട്ടാ..മീനുനെ ഇഷ്ടമാണെന്ന്..എന്ന ഭാവത്തില്‍ നിന്നു.അവന്‍..ശബ്ദം ഒന്ന് കനപ്പിച്ചു-:
 
" എനിക്ക് ഒരു കാര്യം പറയാനുണ്ട് തന്നോട്..എനിക്ക് തന്നെ ഇഷ്ടമാണ്...കുറെ ദിവസമായി പറയണം എന്ന് വിചാരിക്കുന്നു.."
 
ഞാന്‍ ഞെട്ടി..കണ്ണ് തുറിച്ചു വന്നു..
 
ശരീരത്തില് ശേഷിക്കുന്ന മുഴുവന്‍ ഊര്‍ജവും നാവിലേക്ക് ആവാഹിച്ച് ഞാന്‍ ചോദിച്ചു..
"ആരെ?..ആരെ ഇഷ്ടമാണെന്നാ ?"   
"തന്നെ തന്നെയാടോ.." ഞാന്‍ പിന്നേം ഞെട്ടി.
 
എന്നിട്ട് തിരിഞ്ഞു തൊട്ട് പിന്നില്‍ നില്‍ക്കുന്ന മീനുനോട്.."മീനു നീയിതിപ്പോ വീട്ടില്‍ ചെന്ന് പറയണ്ട..ഞാന്‍ പറഞ്ഞോളാം..സമയമാകുമ്പോള്‍ എന്റെ വീട്ടിലും..പിന്നെ..
(എന്നെ ഒന്ന് നോക്കിയിട്ട് ) ഈ കൊച്ചിന്റെ വീട്ടിലും.."
 
അവന്‍ നടന്ന് അകന്നു..
 
മീനുവിന്റെ മുഖത്ത് അമ്പരപ്പ്,ഒരു കുരിശു ഒഴിഞ്ഞൂന്ന് മാത്രല്ല കൂട്ടുകാരിയുടെ തലേല് വീണു എന്ന ആശ്വാസം.അതിലുപരി,നിനക്കിത് വേണം മോളെ എന്നുളള പരിഹാസം.. പിന്നെയും പല വികാരവിചാരങ്ങള്‍..ഞാന്‍ ഒന്നുംകാണുന്നില്ല കേള്‍ക്കുന്നില്ല.. മീനു പറഞ്ഞത് വച്ച്..ഒരു ഭൂലോക അലമ്പു കേസ് എന്റെ തലയിലേക്ക്..!എന്റെ മുഖഭാവം വര്‍ണ്ണിക്കാന്‍ വാക്കുകളുമില്ല..
 
ഏതായാലും,തൊട്ടടുത്ത രണ്ടു ദിവസം ആ ഷോക്കില്‍ വന്ന പനി കാരണം എനിക്ക് സ്കൂളില്‍ പോകേണ്ടി വന്നില്ല..പോയാല്‍...?????????
 
അത് കഴിഞ്ഞുള്ള ദിവസം ക്ലാസ്സില്‍ ചെന്നപ്പോഴേ..മീനുവും മറ്റുള്ള കൂട്ടുകാരികളും എന്നെ കാത്തു ഇരുപ്പുണ്ടായിരുന്നു.പല പല ആയുധങ്ങളും എന്റെ നേരെ മാറി മാറി വന്നു.എന്റെയും അവന്റെയും പ്രേമം ,കല്യാണം ,കുഞ്ഞിന്റെ പേരിടല്‍ ,ചോറൂണ് , അതിന്റെ കല്യാണം,തുടങ്ങി..ഞങ്ങള്‍ ഒരുമിച്ചിരുന്നു മുറുക്കാന്‍ ഇടിക്കുന്ന വരെ ഉള്ള കാര്യങ്ങള്‍ എന്റെ മുന്നില്‍ ഇരുന്ന് അവര്‍ ചര്‍ച്ച ചെയ്തു.
 
പാര ,വാള് ,കത്തി ,പേനക്കത്തി ,നഖംവെട്ടി ,ഉറുമി ,തോക്ക് ,തൊട്ട്  പല്ലുകുത്തി വരെ അവര്‍ മാറി മാറി എന്നില്‍ പ്രയോഗിച്ചു.!ഓരോ ആയുധവും മീനു തരാതരം മാറുന്നു. മറ്റുളവര്‍ ഏറ്റു വാങ്ങുന്നു.മുന്പ് ഞാന്‍ അവള്‍ക് നേരെ പ്രയോഗിച്ച പലതും എനിക്ക് നേരെ പൂര്‍വാധികം ശക്തിയില് അവള് എയ്തു വിടുന്നു...എല്ലാം ഞാന്‍ ഒറ്റക്ക് നിന്നു സഹിക്കുന്നു..(അല്ലാതെന്തു ചെയ്യാന്‍ )ശക്തമായ മൌനം കൊണ്ട് ഞാന്‍ അവരെ ഒരു പരിധിവരെ എതിര്‍ത്തു നിന്നു..പക്ഷെ ക്ളാസില്‍ ടീച്ചര്‍ വന്നപ്പോള്‍.. മറ്റു ഫ്രണ്ട്സ് പോയപ്പോള്‍..മീനു അടുത്തിരുന്ന എന്റെ  ചെവിയില്‍  പറഞ്ഞു:-
 
"എത്രനേരം നീ  മൌനം പാലിച്ചിരിക്കും  മോളെ..ശ്വാസം വിട്..ഇനി ഏതായാലും 
വൈകുന്നേരം അമ്പലത്തിന്റെ വഴി നമുക്ക് പോകണ്ട..2 ദിവസം കാണാതാകുമ്പോള്‍ അവന്‍ വേറെ ആളെ നോക്കും..നീ പേടിക്കണ്ട!"
 
ഞാന്‍ ഉറപ്പല്ലേ എന്ന മട്ടില്‍ ആശ്വാസത്തോടെ, ദയനീയമായി അവളെ നോക്കി.. അവള്‍  പൊട്ടിച്ചിരിച്ചു..എനിക്കും ചിരിക്കാതിരിക്കാനായില്ല..!

2 comments:

  1. Ha Ha.. Kidu..
    Chakkinu vechathu kokkinu kondalle.. :)

    ReplyDelete
  2. പ്രണയം അത് നമ്മുടെ കുട്ടുക്കാര്‍ക്ക് സംഭവിക്കുന്നത്‌ വളരെ രസകരമാണ്, ഓരോരോ കാരണങ്ങള്‍ പറഞ്ഞു പാര്‍ട്ടി വാങ്ങാം, തമാശക്ക് അവരെ കളിയാക്കാന്‍ ഇഷ്ട്ടംപോലെ കാരണങ്ങള്‍ നമ്മുക്ക് കിട്ടും ,
    അനുഭവകുറിപ്പ് സുപ്പര്‍ ആയിട്ടുണ്ട്, എഴുത്തില്‍ ഒരു നിഷ്കളങ്കത ഉണ്ട് , അത് നഷ്ട്ടപെടാതെ നോക്കണ്ണം

    ReplyDelete

എഴുതുന്നത് എന്റെ ഇഷ്ടം..അഭിപ്രായങ്ങള്‍ നിങ്ങളുടെയും..