Monday, 17 February 2014

രണ്ട് മെഴുകുതിരികൾ..

രാത്രികളിൽ കന്യാസ്ത്രീ മഠത്തിലെ വൈദ്യുതി വിളക്കുകൾ എല്ലാം അണഞ്ഞതിനു ശേഷം മെഴുതിരി കാലിൽ രണ്ടു മെഴുകുതിരികൾ കത്തിച്ചു വച്ചാണ് ആനി സിസ്റ്റർ സാധാരണ എഴുതാൻ ഇരിക്കാറ്. ജനലുകൾ ചേർത്തടച്ചാലും തണുത്ത കാറ്റ് ചൂളം കുത്തി വീശുന്നത് കേള്ക്കാം.മുറിയിലെ മേശമേൽ ചിതറി കിടക്കുന്ന വെളുത്ത് നനുത്ത കടലാസുകളിൽ നിറയെ പ്രണയമായിരുന്നു..ആനി സിസ്റ്റെർ ഈശോയ്ക്ക് വേണ്ടി എഴുതിയ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും വരികൾ.

മഷിപ്പേനയുടെ അടപ്പ് തുറന്ന് വച്ച് ,പുതിയ കടലാസിലേക്ക് നോക്കി അവൾ അവളുടെ പ്രിയനെ മനസിലേക്ക് വീണ്ടും വീണ്ടും ഓർത്തെടുക്കുമായിരുന്നു .അവനു വേണ്ടിയുള്ള വരികളാണ് അവള്ക്ക് എഴുതേണ്ടത്.അവനോടുള്ള പ്രണയം, ഭക്തി, ആദരവ്.. പിന്നെയും നിറഞ്ഞു നില്ക്കുന്ന എന്തൊക്കെയോ.. വാക്കുകള്ക്കും വരികള്ക്കും ഒതുങ്ങുന്നതല്ല അവനോടുള്ള പ്രണയം.കല്ലിലും മരത്തിലും ചിത്രങ്ങളിലും കണ്ട ജീവസുറ്റ രൂപങ്ങൾക്ക് പുറമേ ആനി സിസ്റ്റെറിന്റെ മനസിൽ അവന്,അവളുടെ ഈശോക്ക്..ജീവനുള്ള ശരീരവും തുടിക്കുന്ന ഹൃദയവും എല്ലാം ഉള്ള വ്യക്തമായ രൂപമുണ്ടായിരുന്നു..സ്വരമുണ്ടായിരുന്നു..അവന്റെ സ്പർശനത്തിന്റെ താപത്തിന്‌ പോലും അവൾടെ മനസിൽ അളവുകൾ ഉണ്ടായിരുന്നു.

ഓരോ വിശേഷ ദിവസങ്ങൾക്കനുസരിച്ച് പള്ളിയിലേക്ക് വേണ്ടുന്ന ക്വയർ ഗാനങ്ങളിൽ പലതും രചിച്ചിരുന്നത് ആനി സിസ്റ്റർ ആയിരുന്നു. കർത്താവിനോട് ഒടുങ്ങാത്ത പ്രണയമുള്ള മണവാട്ടി.അവളുടെ വരികളിൽ തെളിയുന്ന സ്നേഹം അത്രമേൽ തീവ്രമായിരുന്നു.ഭക്തിയുടെ പ്രണയത്തിന്റെ മൂർദ്ധന്യതയിൽ അവൾ ഒഴുകിയ ദിവസങ്ങളിൽ ഒന്നിൽ അത് സംഭവിച്ചു..

ആനി സിറ്റെർ നേരിട്ട് കണ്ടു- അവളുടെ ഈശോയെ..!!!

പ്രധാന പള്ളിയോട് ചേർന്ന ചെറിയ ചാപ്പലുകളിൽ ഒന്നിൽ മുട്ട് കുത്തി നിന്ന് പ്രാർത്ഥിച്ചിരുന്ന അവളുടെ ശ്രദ്ധ മുഴുവൻ ക്രൂശിത രൂപത്തിലായിരുന്നു.എന്നും വൈകുന്നേരങ്ങളിൽ പതിവുള്ളതാണിത്.കത്തുന്ന ഒരു മെഴുകുതിരി അവൾ കൈയ്യിൽ പിടിച്ചിരുന്നു.മെഴുക് ഉരുകി ഒലിച്ച് 
ആ കൈപ്പത്തിയെ പൊള്ളിച്ച്, കട്ട പിടിച്ചു കൊണ്ടിരുന്നു.ചിലപ്പോഴെല്ലാം അവ കൈയിലൂടെ ഒലിച്ച്  തറയിലേക്ക് വീണ് ചെറിയ പൂക്കൾ തീർത്തു.ആ വേദനയുടെ ലഹരിയിൽ അവൾ കൂടുതൽ നിറവോടെ അവനെ മനസിലേക്ക് ആവാഹിച്ചു.ഭക്തിയുടെ നിറവിൽ അവളുടെ കണ്ണ്കൾ നിറഞ്ഞു തുളുംബി.

പുറത്തേക്ക് ദൃഷ്ടി ഒന്ന് മാറ്റുമ്പോൾ അവൾ കണ്ടു-വെളുത്ത വസ്ത്രമണിഞ്ഞ് ചുവന്ന മേല്പ്പുതപ്പ് മൂടി,നീട്ടിയ ചെമ്പിച്ച തലമുടിയോടെ നേർത്ത താടി രോമങ്ങളോടെ, തവിട്ടു നിറമുള്ള കണ്ണുകളോടെ
ഒഴുകി നീങ്ങുന്ന അവൻ...."എന്റെ ഈശോ... " 
ആനി സിസ്റ്റർ ഏങ്ങലോടെ നിലവിളിയോടെ ബോധരഹിതയായി തറയിലേക്ക് വീണു.

'അനുഗ്രഹം' കിട്ടിയതോടെ അവൾ പൂർവാദികം സന്തോഷവതിയും ഉൽസാഹവതിയുമായി.അവളുടെ സാന്നിധ്യം പോലും ഒപ്പമുള്ളവർ അനുഗ്രഹമായി തന്നെ കരുതി.കിട്ടിയ 'അനുഗ്രഹം' ആശ്ചര്യമായും അബദ്ധ മായും ആനി സിസ്റ്റെറിനു മനസിലായത്  'ഈശോ' അവളെ കാണാൻ മഠത്തിൽ എത്തിയപ്പോൾ ആണ്. അവൾ പള്ളിയിലേക്കായി എഴുതിയ ഗാനങ്ങൾ ചിട്ടപ്പെടുത്താൻ സാധാരണ വന്നിരുന്ന ആളല്ല അന്ന് എത്തിയത്. തന്നെ കാത്തിരുന്ന ആളെ കണ്ടു അവൾ പകച്ചു.

"ഈശോ.." അർദ്ധബോധത്തിൽ അവൾ വിളിച്ചു.

ഗാനങ്ങൾ എഴുതിയ കടലാസ് വാങ്ങി, വലത് കൈ ഇടത് നെഞ്ചിൽ ചേർത്ത് പുഞ്ചിരിയോടെ അയാള് അവളോട് പറഞ്ഞു: 

  -"യോഹൻ.. ഫാദർ യോഹൻ എബ്രഹാം..നിങ്ങളുടെ പള്ളിയിലേക്ക് പുതിയ പാതിരിയാണ്..രണ്ടു ദിവസം മുന്പ് വന്നു." !!
 
ഒരല്പം സ്ത്രൈണത കലര്ന്ന സൌമ്യമായ മധുരമായ ശബ്ദം.അയാള് മറ്റൊന്നും പറഞ്ഞത് അവൾ കേട്ടില്ല..നടന്നകലുമ്പോൾ അവൾ പിന്നെയും പറഞ്ഞു.. "ഈശോ.. ഈശോ..ഈശോ.." !!!


ദിവസങ്ങൾ.. മാസങ്ങൾ.. ഓരോന്നും വേഗതയിൽ തന്നെ കഴിഞ്ഞു പോയി.
ഫാദർ യോഹന്റെ ഈണവും താളവും ആനി സിസ്റ്റെറുടെ ഒരുപാട് രചനകള്ക്ക്  ജീവൻ പകർന്നു. ക്വയരിനു പാടാൻ വന്ന പലരുടെയും ശബ്ധങ്ങളിലൂടെ അവ പള്ളിയങ്കണത്തിൽ മുഴങ്ങിക്കൊണ്ടേയിരുന്നു. 

ആനി സിസ്റ്ററുടെ മനസിൽ അവളുടെ ഈശോ എന്ന യോഹൻ നിറഞ്ഞു നിറഞ്ഞു വന്നു.അവൾ അവനെ കുറിച്ച് എഴുതുന്ന ഓരോ വരിയും വാക്കുകളും പ്രണയത്തിന്റെ ചൂടിലും തണുപ്പിലും പൊള്ളി.

ചിലപ്പോഴെല്ലാം അവൾ സ്വയം ചോദിച്ചു.പാപിയാണോ ഞാൻ?എന്റെ ചിന്തകള്? സ്നേഹം? ഇല്ല..യോഹനെ എനിക്കറിയില്ല..ഞാൻ പ്രണയിക്കുന്നത് എന്റെ ഈശോയെ തന്നെയാണ്.അവൻ യോഹനല്ല.എന്റെ ഈശോ.. ഈശോ.. എന്റെ മാത്രം ഈശോ..!!!അവനെക്കുറിച്ച് അവൾ എഴുതിയ വരികൾ അവൻ മൂളുമ്പോൾ അവൾ അനുഭവിക്കുന്ന സന്തോഷം അത്ര വലുതായിരുന്നു. ആ നിമിഷങ്ങളിൽ അവളുടെ മനസ്‌ നിശബ്ദമായി അവനോട് ചോദിച്ചു കൊണ്ടേ ഇരിക്കും- പ്രിയനേ.. നിനക്ക് മനസിലാവുന്നുണ്ടോ..?തിരിച്ചറിയുന്നുണ്ടോ നീ,എന്റെ സ്നേഹം? എന്റെ നിറഞ്ഞ സ്നേഹം? 

ആനി സിസ്റ്ററുടെ ദിവസങ്ങൾ ഭക്ഷണത്തിനോ ഉറക്കത്തിനോ പ്രാർത്ഥനകൾക്കോ സേവനങ്ങള്ക്കോ ഒന്നും സമയം തികയാത്ത വണ്ണം എഴുത്തിൽ മാത്രമായി.അവനെ പ്രകീർത്തിച്ചു കൊണ്ടുള്ള ,സ്നേഹിച്ചു കൊണ്ടുള്ള വരികൾ..കഥകൾ..കവിതകൾ.. ഗാനങ്ങൾ.അവ ഓരോന്നും തിരുത്തുവാനും 
അഭിപ്രായം പറയുവാനും അവള്ക്ക് അവന്റെ സാനിധ്യം ആവശ്യമായിരുന്നു. അല്ലങ്കിൽ അവന്റെ സാനിധ്യത്തിലേക്ക് എത്താൻ അവൾ എഴുത്ത് ഒരു കാരണമാക്കിക്കൊണ്ടേയിരുന്നു.

സ്നേഹപൂർണമായിരുന്നു അവന്റെ, ഫാദർ യോഹന്റെ പെരുമാറ്റം. എന്ന് കരുതി പ്രത്യേകമായി അവളോട് ഒരു താല്പര്യവും അവൻ കാണിച്ചിരുന്നില്ല. അവളെ ഒഴിവാക്കാൻ ശ്രമിച്ചതുമില്ല.

ചങ്ങലകൾക്ക്  കണ്ണും കാതും വയ്ക്കുവാൻ കാലതാമസം ഉണ്ടായിരുന്നില്ല. വിലക്കുകൾക്ക് മുൻപേ മഠത്തിൽ ചില അണിയറ വർത്തമാനങ്ങൾ തുടങ്ങിയിരുന്നു.അവളൊന്നും അറിഞ്ഞതേ ഇല്ല.അവളുടെ ദിവസങ്ങൾ അനിർവചനീയമാം വിധം സന്തുഷ്ടമായിരുന്നു.അത് കൊണ്ടാവണം ആദ്യമായി സൗമ്യ ഭാഷയിൽ കിട്ടിയ താക്കീത് അവൾ അത്ര കാര്യമാക്കിയില്ല. അവള്ക്ക് ആ അവസ്ഥയിൽ  നിന്ന് ഒരു മാറ്റം സാദ്ധ്യമായിരുന്നില്ല.താക്കീതിന്റെ നിറവും കടുപ്പവും മാറാൻ അത് കാരണമായി.കര്ശനമായ വിലക്കുകൾ അവള്ക്ക് മുന്നില് വന്നു. പള്ളിയിലേക്ക് ഉള്ള പോക്ക് വരവ് പോലും മഠത്തിൽ നിന്നുള്ള വിലക്കിൽ നിർത്തലാക്കി.മാസങ്ങളോളം അവൾ അവളുടെ ഈശോയെ കാണാൻ ആവാതെ പ്രാര്ത്ഥനയിൽ തന്നെ കഴിഞ്ഞു കൂടി. 

അന്നൊരു ക്രിസ്മസ് തലേന്ന് പാതിരാ കുർബാനയ്ക്ക് മഠത്തിൽ നിന്നുള്ള പ്രത്യേക സംഘത്തിൽ അവള്ക്കും പള്ളിയിലേക്ക് പോരാൻ പറ്റി.പ്രാര്ത്ഥനകൾക്ക് ഒടുവിലാണ് അവൾ അവനെ കണ്ടത്.അതിനു ശേഷം ചുറ്റുമുള്ള ആരെയും അവൾ കണ്ടില്ല..അവൻ... അവൻ മാത്രം..!! ആ മുന്നില് മുട്ട് കുത്തി നിന്ന് കൈയ്യിലടുക്കി പിടിച്ച ഒരു ചുവന്ന റോസാപ്പൂ അവനു നേരെ നീട്ടിക്കൊണ്ട് അവൾ ഇങ്ങനെ പറഞ്ഞു:

"എന്റെ ഈശോ..
ഇതെന്റെ ഹൃദയമായി കണ്ടു സ്വീകരിക്കണം 
നിന്നോടുള്ള പ്രണയത്താൽ ഞാൻ വിവശയാണ്..
എന്റെ സർവവും നീ മാത്രമാണ്.."

ഫാദർ യോഹൻ ആൾക്കൂട്ടത്തിൽ വച്ച് വല്ലാണ്ട് ഭയന്നു.
ആനി സിസ്റ്റർ അയാളുടെ കൈകൾ പിടിച്ച് ആ പൂവ് പിടിപ്പിക്കാൻ ശ്രമിച്ചു.
മുള്ളുകൾ കൊണ്ട് യോഹന്റെ കൈത്തലം മുറിഞ്ഞു..രക്തം പൊടിഞ്ഞു..

ആ കൈത്തലം മുഖത്ത് അമര്ത്തി പിടിച്ചു കൊണ്ട് അവൾ പിറുപിറുത്തു: 
'തിരു മുറിവുകൾ..' !!

അവളെ പിടിച്ച് മാറ്റിയത് ആരൊക്കെയാണെന്ന് ഫാദർ യോഹന് അറിയില്ല.
ആനി സിസ്റ്റെറിനു മനോവിഭ്രാന്തി ആണ് ഭ്രാന്താണ് എന്ന് വിളിച്ച് പറയുന്നവരുടെ സ്വരത്തിൽ അമർഷമോ പരിഹാസമോ അറപ്പോ വെറുപ്പോ ഒക്കെ ആയിരുന്നു.

അന്ന് രാത്രി തന്നെ മുതിര്ന്ന പാതിരിമാരുടെ കടുത്ത തീരുമാനത്തിൽ 
ഫാദർ യോഹൻ എബ്രഹാം സഭയുടെ റൂറൽ ഏരിയയിലേക്ക്  മാറ്റപ്പെട്ട് കൊണ്ടുള്ള ഉത്തവായി.രാത്രി തന്നെ പുറപ്പെടാൻ പ്രത്യേകം അറിയിപ്പുണ്ട്.

ആരോടും എതിർത്തൊന്നും പറഞ്ഞില്ല.പക്ഷെ, ഫാദർ യോഹന്റെ മനസ്‌ വല്ലാതെ നൊമ്പരപ്പെട്ടു..യാത്രക്കുള്ള ഒരുക്കങ്ങൾ എല്ലാം ചെയ്ത് പുറപ്പെടും മുന്നേ പള്ളിയുടെ  സമീപത്തെ ചെറിയ ചാപ്പലിലേക്ക് അയാള് ചെന്നു. ആനി ദിവസവും മുട്ട് കുത്തി, കൈകളിൽ മെഴുകുതിരി ചൂടേറ്റു പ്രാർത്ഥിക്കുന്ന ഇടത്ത് അയാള് മുട്ട് കുത്തി നിന്നു.ഇവിടെ ഇങ്ങനെ നിന്നാണ് ആനി ആദ്യം തന്നെ കണ്ടതും ബോധമറ്റ് വീണതും.അവളുടെ കൈകളിലൂടെ ഉരുകി ഒലിച്ച മെഴുതിരികൾ തറയിൽ തീർത്തിരുന്ന പൂക്കളിൽ അയാള് മെല്ലെ തലോടി.


ഈറനണിഞ്ഞ കണ്ണുകൾ ക്രൂശിത സ്നേഹരൂപത്തിലേക്ക് നീണ്ടു.അയാളുടെ ചുണ്ടുകൾ അവ്യക്തമായി പറഞ്ഞു തുടങ്ങി :

"നിസഹായതയുടെ.. വേദനയുടെ..ആഴങ്ങളിലാണ് ഞാൻ.എനിക്ക് നീ മാപ്പ് തരിക..എന്നേ ഞാൻ സ്വയം മാറി തുടങ്ങിയിരുന്നു.--ആനിയുടെ സ്വന്തം ഈശോ.!!അറിയാം, പ്രതിപുരുഷനാണ് ഞാൻ..ഒരിക്കലും അങ്ങാവില്ല..ഞാൻ അങ്ങയുടെ ദാസൻ..ഒരു നോക്ക് കൊണ്ട് പോലും പാപം ചെയ്യരുതേ എന്ന ചിന്തയിലും ഫാദർ യോഹനെ മാറ്റി നിർത്തി അവളുടെ ഈശോ ആയി, ആ സ്നേഹം മനസു കൊണ്ട് സ്വീകരിക്കുകയായിരുന്നു ഞാൻ..!! സന്യാസജീവിതം.. വ്രതം.. ചിട്ടകൾ.. സമൂഹം..എല്ലാം ഓർമയിലുണ്ട്.. എങ്കിലും, എന്ത് തന്നെ ആയാലും മനുഷ്യരല്ലെ..പച്ചയായ മനുഷ്യര്.!! രക്തവും മാംസവും മനസും തന്നു അങ്ങ് തന്നെ സൃഷ്ടിച്ച മനുഷ്യര്.!!എനിക്കറിയാം ഞാനും അവളും ഒറ്റപ്പെട്ടവരല്ല, ഇതേ വേദന അനുഭവിച്ച ഒരായിരം പേരുണ്ടാകാം ഞങ്ങളുടെ കൂട്ടത്തിൽ..!!അത് കൊണ്ട് തന്നെ നിനക്ക് മനസിലാകും ഞങ്ങളെ. ഉള്ളു കൊണ്ട് സ്നേഹിച്ചിരുന്നെങ്കിലും അതിര് വിട്ടു പോയിട്ടില്ല.എന്ത് ശിക്ഷയും ഏറ്റെടുക്കാൻ ഞാൻ ഒരുക്കമാണ്. എന്റെ രൂപത്തിൽ നിന്നെ കണ്ട അവള്ക്ക്.. ..അവള്ക്ക്...മാപ്പ് കൊടുക്കണേ..  "

കൈയിലെ മുറിവിലേക്ക് മുഖം അമർത്തി യോഹൻ പൊട്ടിക്കരഞ്ഞു. 

പുറത്തേക്ക് ഇറങ്ങി നടക്കുമ്പോൾ അയാള് ആരെയും ശ്രദ്ധിച്ചില്ല..ഒന്നും മിണ്ടിയില്ല..പിന്തിരിഞ്ഞു നോക്കിയില്ല..ആ കൈകളിലെ ചോര പൊടിയുന്നത് നിലച്ചിരുന്നു.എങ്കിലും, ഹൃദയത്തിൽ വീണ മുറിവിൽ നിന്ന് ഒരിക്കലും നിലയ്ക്കാത്ത രീതിയിൽ ചോര പൊടിഞ്ഞു കൊണ്ടേ ഇരുന്നു....!! 

- Ammutty..!!