Thursday 2 February 2012

ഭാനു..ഭാനുമതി


ഉറക്കത്തിന്റെ ഏതോ യാമത്തിൽ ഞാന്‍ ഞെട്ടി എഴുന്നേറ്റു.രണ്ട് ദിവസമായി പലപ്പോഴായി ഓര്‍മയില്‍ വരുന്ന ആ മുഖം ഉറക്കത്തിലും വന്നു ശല്യപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു.ഇതെന്താ ഇപ്പൊ ഇങ്ങനെ..?

എഴുന്നേറ്റ് ലൈറ്റിട്ടു നോക്കിയപ്പോള്‍ സമയം 2 30.ഉറക്കം പാടെ വിട്ടകന്നിരുന്നു.റൂമിലെ  വെളിച്ചം അണച്ച് ടേബിള്‍ ലാംബ് ഓണ്‍ ആക്കി മേശക്കരികിലെ കസേരയില്‍ ഇരിക്കുമ്പോള്‍ ആഗ്രഹിച്ചത് അരികത്ത് ആ മുഖത്തിന്റെ തന്നെ സാനിദ്ധ്യമായിരുന്നു. ഞാന്‍ ജനല്‍പ്പാളി പതിയെ തുറന്നു ആകാശത്തേക്ക് നോക്കി. 

നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയില്‍ ഉണ്ടോ എന്നെ രണ്ട് ദിവസമായി വല്ലാണ്ട് ശല്യപ്പെടുത്തുന്ന ആ മുഖം?
അരികിലിരുന്ന പേന എടുത്ത് ഒരു പേപ്പറില്‍ ആ മുഖം ഒന്ന് വരയ്ക്കാന്‍ വെറുതെ ശ്രമിച്ചു.വര്‍ഷങ്ങള്‍ പിന്നില് ആദ്യം കണ്ട കാഴ്ചയും പിന്നീട് കാണാനും അടുക്കാനും മനപ്പൂര്‍വം ഉള്ള ശ്രമങ്ങളും,കാണുമ്പോള്‍ ഉള്ള കൌതുകവും ആരാധനയും എല്ലാം വീണ്ടും മനസിലേക്ക് കയറി വന്നു.വൃത്തിയുള്ള ഒരു പേപ്പറില്‍ ആ പേര് ഞാന്‍ എഴുതി..

ഭാനു..ഭാനുമതി..
അതിന് താഴെ പേപ്പറില്‍ ഞാന്‍ രണ്ട് കണ്ണുകള്‍ വരച്ചു.ഭയം അല്‍പ്പം ഒളിപ്പിച്ച് വച്ച രണ്ട് കണ്ണുകള്‍..കണ്മഷി പടര്‍ന്ന..വിടര്‍ന്ന രണ്ട് കണ്ണുകള്‍..കുളിപ്പിന്നല്‍ കെട്ടി ഒതുക്കി വച്ചിരിക്കുന്ന തലമുടി..ഇളം റോസ് നിറമുള്ള ചുണ്ടുകളും എണ്ണമയമുള്ള മുഖവും...!

*                           *                           *                         *                            *                        *

പിജി കഴിഞ്ഞ് വിഷ്വല്‍ മീഡിയയില്‍ ജോലി കിട്ടിയ ആദ്യ കാലത്ത് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്നു സന്ധ്യ.വര്‍ക്കിംഗ്‌ വുമണ്‍സ് ഹോസ്റ്റലില്‍ താമസമാക്കിയ എനിക്ക്‌ ഏറെ ആശ്വാസമായിരുന്നു തൊട്ടടുത്ത് ഉള്ള സന്ധ്യയുടെ വീടും അവളുടെ അമ്മയും അനിയത്തിയും ഒക്കെ.ക്രമേണ പുറത്ത് ഉള്ള ചുറ്റലും തമാശകളും എല്ലാം ഞങ്ങള്‍ നാല് പേരും കൂടി ഒരുമിച്ച് ആയി.നാല് കൂട്ടുകാരികളെ പോലെ..ഞാന്‍ കൂടി ആ വീട്ടിലെ ഒരു അംഗം തന്നെ ആയി മാറിയ ദിവസങ്ങളായിരുന്നു പിന്നീട്.ഒരു ആഴ്ച അവസാനം ഞാന്‍ എന്റെ വീട്ടിലായിരുന്ന സമയം ആണ് എനിക്ക് സന്ധ്യയുടെ ഒരു കാള്‍ കിട്ടിയത്..നിലവിളിച്ച് കരഞ്ഞ അവളുടെ വാക്കുകളില്‍ നിന്നു എനിക്ക് മനസിലായി- അമ്മ സ്റ്റെപ്പ് ഇറങ്ങുമ്പോള്‍ ഒന്ന്‍ തെന്നി വീണു..കാലില്‍ ഫ്രാക്ചര്‍ ഉണ്ട്.പ്ളാസ്റ്റര് ഇട്ടിട്ടുണ്ട്...വല്ലാത്ത ടെന്‍ഷനില്‍ പിറ്റേന്ന് ഞായറാഴ്ച ആയിട്ടും ഞാന്‍ രാവിലെ പുറപ്പെട്ട്‌ വന്നു,അവളുടെ വീട്ടിലേക്ക്‌..അമ്മയെ ഒന്ന് കാണാന്‍ ഉള്ള തിടുക്കത്തില്‍ ..

ഒരു 11 മണിയോടെ ഞാന്‍ അവിടെ എത്തി.കാളിംഗ് ബെല്ലിന്റെ ഫോര്മാലിറ്റി ഇല്ലാതെ കതകില്‍ മുട്ടി...പലവട്ടം മുട്ടിയ ശേഷം ആണ് വാതില്‍ തുറന്നത്..അതും പകുതിക്ക് തുറന്നു പിടിച്ച വാതില്‍..ഇതൊന്നും പതിവുള്ളതല്ല..ഞാന്‍ ചെല്ലുമ്പോള്‍ ഒക്കെ അവളോ അനിയത്തിയോ ആരേലും ഓടി വന്നു വാതില്‍ വലിച്ച്  തുറന്ന് ബഹളം വച്ച് അകത്തേ ക്ക് പിടിച്ച് വലിച്ച് കൊണ്ട്‌ പോകാറാകാണുള്ളത്..അതോര്‍ത്ത് നില്‍ക്കുമ്പോള്‍ ആണ് ഞാന്‍ ശ്രദ്ധിച്ചത്, വാതിലില്‍ പിടിച്ചിരിക്കുന്ന മെലിഞ്ഞു നീണ്ട വിരലുകള്‍..ഞാന്‍ തല ചരിച്ച് നോക്കിയപ്പോള്‍..ഭയന്ന രണ്ട് കണ്ണുകള്‍..പടര്‍ന്നകണ്മഷി..പകുതി മറഞ്ഞ ഒരു മുഖം..

ഇതേതാ ഈ പുതിയ കക്ഷി..ഞാന്‍ മനസില്‍ ഓര്‍ത്തു..

"സന്ധ്യ..സന്ധ്യ ഇല്ലെ?ഞാന്‍ അവളുടെ കൂട്ടുകാരിയാണ്..അമ്മയെ കാണാന്‍.."ഞാന്‍ നിര്‍ത്തി..
വാതില്‍ക്കല്‍ നിന്നും ഒരു പതിഞ്ഞ കാലൊച്ച ഉള്ളിലേക്ക് അകന്ന്  പോകുന്ന പോലെ എനിക്ക്‌ തോന്നി.കൈ കൊണ്ട്‌ വാതില്‍ തള്ളിയപ്പോള്‍ അത് തുറന്നു..
ഹാളില്‍ കയറി ഞാന്‍ ചുറ്റും നോക്കി..ആരുമില്ല..തോന്നലായിരുന്നോ?
"അമ്മേ.." എന്ന ഒരു വിളിയില്‍ സാനിദ്ധ്യം അറിയിച്ചു കൊണ്ട് ഞാന്‍ റൂമിലേക്ക് നടന്നു..

കട്ടിലില്‍ ചാരി ഇരിക്കുന്ന അമ്മ..കാലു നിവര്‍ത്തി വച്ചിട്ടുണ്ട്..വെളുത്ത പഞ്ഞിക്കെട്ട്  പോലെ കാലില്‍ പ്ലാസ്റ്റെര്‍..
അടുത്തിരുന്ന് തൊട്ട് തലോടി എങ്ങനെ,എപ്പോള്‍ പറ്റി..ഡോക്ടര്‍ എന്തു പറഞ്ഞു..തുടങ്ങിയ അന്വേഷണങ്ങളും..ശ്രദ്ധിക്കേണ്ടേ?..മരുന്ന് കഴിക്കണം..തുടങ്ങിയ സ്നേഹശാസനകളും..വേദനയുണ്ടോ?വേഗം മാറും..എന്നുള്ള ആശ്വാസങ്ങളും കൊണ്ട് ഞാന്‍ അമ്മയെ മൂടി..

"ഭാനൂ..കുടിക്കാന്‍ എന്തെങ്കിലും എടുക്ക്..."അമ്മ ഉള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു..
" ആരാത് " ഞാന്‍ കണ്മഷി പടര്‍ന്ന കണ്ണുകളെ ഓര്‍ത്തു..വാതില്‍ തുറന്ന വിരലുകളെയും..
"ഭാനുമതി..എന്റെ തൊട്ട് താഴെ ഉള്ള അനിയത്തി..ഇന്ന് രാവിലെ വന്നതാ..എന്റെ സഹോദരന്റെ വീട്ടില്‍ ആയിരുന്നു..അവന്‍ ഇവിടെ കൊണ്ട്‌ വന്ന്‌ ആക്കി..ഇനീപ്പോ കുറച്ച് ദിവസം ഇവിടത്തെ കാര്യങ്ങള്‍ ഒക്കെ നോക്കാന്‍.."
അപ്പോള് തോന്നലായിരുന്നില്ല..ശരിക്കും ഉള്ള ആളായിരുന്നു..വാതില്‍ തുറന്നിട്ട്  ഒരക്ഷരം മിണ്ടാതെ പോയ മാനേഴ്സ്  ഇല്ലാത്ത ആള്..ഞാന്‍ മനസില്‍ കരുതി.. സംസാരിച്ച് ഇരുന്ന നേരം..വാതില്‍ക്കല്‍ പതിഞ്ഞ കാല്പെരുമാറ്റം കേട്ടു..ഞാന്‍ ശ്രദ്ധിക്കാന്‍ പോയില്ല..എന്റെ നേരേ നീണ്ട ലെമണ്‍ ജൂസിലേക്കും ഞാന്‍ മനപൂര്‍വം ശ്രദ്ധിച്ചില്ല..അമ്മയോട് എന്തൊക്കെയോ പറഞ്ഞിരുന്നു..'കുടിക്ക് മോളെ..'എന്ന്‌ അമ്മ പറഞ്ഞപ്പോള്‍ രണ്ട് മിനിട്ടോളം നീട്ടിപ്പിടിച്ചിരുന്ന കൈയില്‍ നിന്നും ഞാന്‍ ഗ്ലാസ്‌ വാങ്ങി..

ആ സമയം ആളെ ശരിക്ക് ഒന്ന് നോക്കി..ഒരു 47..48 വയസോളം വരുന്ന
അതിസുന്ദരിയായ, ഒരു വെള്ളരിപ്രാവിനേയോ വെളുത്ത പൂച്ചക്കുട്ടിയെയോ ഓര്‍മിപ്പിക്കുന്ന.. സൌമ്യമായ ഒരു രൂപം!ആ മുഖത്ത് നോക്കിയപ്പോള്‍ ആദ്യം തോന്നിയ നീരസം മാഞ്ഞു പോകുന്ന പോലെ എനിക്ക് തോന്നി.
ഗ്ലാസ് തിരികെ വാങ്ങി പിന്നെയും ആള് മറഞ്ഞു കഴിഞ്ഞു..
"ഈ ആന്റിയുടെ വീട് എവിടെയാ?ഞാന്‍ വളരെ കാഷ്വല്‍ ആയി സന്ധ്യയുടെ അമ്മയോട് ചോദിച്ചു.
"ഓ..ഭര്‍ത്താവ് ഉപേക്ഷിച്ചതാ"നിസംഗമായ ഒരു മറുപടി എനിക്ക് കിട്ടി..
ശ്ശൊ....അത്രയും ഭംഗി ഉള്ള ആ  മുഖം എന്നും കണി കണ്ടു ഉണരാന്‍ ഉള്ള ചാന്‍സ്  ഉപേക്ഷിച്ചു കളയാന്‍ മാത്രം ഒരു പുരുഷനോ?അതാണ്‌ അപ്പോള് ഞാന്‍ ചിന്തിച്ചത്.


എന്തെങ്കിലും പ്രത്യേകത തോന്നുന്ന ആള്‍ക്കാരെ ഒബ്സര്‍വേഷനില്‍ വയ്ക്കുക അവരെ ശ്രദ്ധിക്കുക.സ്വഭാവത്തിലെ വിചിത്രതകള്‍ മനസിലാക്കുക എന്നത് എന്റെ സ്വഭാവത്തിന്റെ ഭാഗം തന്നെ ആയിരുന്നു.അങ്ങനെ വളരെ നാളുകള്‍ക്കു ശേഷം ഞാന്‍  എന്റെ മനസില്‍ അന്ന് ഒരു പേര് കുറിച്ചിട്ടു..ഭാനു എന്ന ഭാനുമതി.അത് മാത്രമല്ല,ജോലിയുടെ ഭാഗമായി ഞാന്‍ അപ്പോള് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഒരു പ്രോഗ്രാമിന്റെ വിഷയം വ്യത്യസ്തരായ സ്ത്രീകള്‍ എന്നതായിരുന്നു.ജോലി കിട്ടി ആദ്യത്തെ അസൈന്മെന്റാണ്.ഇത് ക്ലിക്ക് ആവേണ്ടത് വളരെ വലിയ ആവശ്യമാണ്..എന്റെ ഉളളിലെ പ്രൊഫെഷണല്‍ ചാടി എഴുന്നേറ്റു.ഭാനുമതി എന്ന "ഒബ്ജെക്ട്ടില്‍ " ഉപയോഗിക്കാവുന്ന "സ്റ്റഫ്" വല്ലതും ഉണ്ടാകുമോ എന്ന്‌ ആലോചിച്ചു കൊണ്ട്.

"ആര്‍ യു മാഡ് ?..ഹിഹിഹിഹിഹിഹി.."സന്ധ്യ പൊട്ടിച്ചിരിച്ചു.
പിറ്റേ ദിവസം ഓഫീസ് ടൈം കഴിഞ്ഞു കോഫി ഷോപ്പിലെ കോര്‍ണര്‍ സീറ്റില്‍ ഇരിക്കുകയായിരുന്നു ഞങ്ങള്‍..ചിരിക്കുന്നതിനൊപ്പം അവളുടെ കാതിലെ വളയെ  ഓര്‍മിപ്പിക്കുന്ന കമ്മലുകള്‍ ഇളകുന്നതില്‍ ഞാന്‍ ശ്രദ്ധിച്ചു.
"ഓ..ഷട്ട് അപ്പ്‌..ഇത്ര ചിരിക്കാന്‍ ഒന്നുമില്ല..നീ പറയു..അവരെ പറ്റി..അവരുടെ ലൈഫ് , ആക്ടിവിറ്റിസ്, എല്ലാം..ഇട്സ് നോട്ട് ഫണ്‍..ഐ വാണ്ട്‌ ടു നൊ ഓള്‍ എബൌട്ട്‌ ഹെര്‍..  പ്ലീസ് ടാ.. സീ..കുറച്ച് നേരം കൊണ്ട് തന്നെ എന്താണെന്ന് അറിയില്ല അവര്‍ എന്നെ വല്ലാതെ സ്ട്രൈക്ക് ചെയ്തു."ഞാന്‍ അവളുടെ ചിരിക്കുന്ന മുഖത്തേക്ക് ആകാംഷയോടെ നോക്കി.

"എനിക്ക്‌ പറഞ്ഞു കേട്ട അറിവേ ഉള്ളു..എന്റെ കണ്ണില്‍ അവര്‍ ഒരു അട്ടെര്‍ വേസ്റ്റ് ആണ്.ജീവിക്കാന്‍ അറിഞ്ഞു കൂടാത്ത സ്ത്രീ. യു നോ.. അവര്‍ 16 വയസില്‍ കല്യാണം കഴിച്ചു.കഴിപ്പിച്ചു എന്നതാണ് ശരി.എന്താ അമ്മ ഉള്‍പ്പെടെ രണ്ട്  ചേച്ചിമാര്‍ കല്യാണം കഴിക്കുന്നതിന്‌ മുന്നേ..കാരണം.." അവള്‍ പകുതിക്ക് നിര്‍ത്തി,മേശപ്പുറത്ത് ഇരുന്ന ബര്‍ഗര്‍ എടുത്ത് കടിച്ചു.
"കാരണം???.."എന്റെ ക്ഷമ കെട്ടു..
അവള്‍ വെയിറ്റ് ചെയ്യാന്‍ കൈ കൊണ്ട് ആന്ഗ്യം കാണിച്ചു..
"സ്റ്റുപ്പിഡ്‌..കറക്റ്റ് ടൈമില്‍ അതെടുത്തു കഴിച്ചു..വേഗം ഇറക്ക് എന്നിട്ട് ബാക്കി പറ"ഞാന്‍ കോഫി എടുത്ത് അവള്‍ക് നീട്ടി..
ഒരിറക്ക് കുടിച്ചിട്ട് അവള്‍ തുടര്ന്നു.

"പെണ്ണെ നീ എക്സൈറ്റെഡ് ആകാതെ..കാരണം..അന്നത്തെ കാലത്ത് എങ്ങനെയോ ലണ്ടനില്‍ എത്തി രക്ഷപ്പെട്ട ഒരു കുടുംബക്കാര് ഉണ്ടായിരുന്നു നാട്ടില്‍.ഈ ഗള്‍ഫ് ഒക്കെ ഫാഷന്‍ ആകും മുന്നേ..ലണ്ടനും സിങ്കപ്പൂരും സിലോണും ഒക്കെ ആയിരുന്നു ആള്‍കാര് പുറം രാജ്യത്ത് പോയി ജോലി ചെയ്തിരുന്ന സ്ഥലങ്ങള്‍.അങ്ങനെ ആ ഫാമിലിയിലെ ലണ്ടനീന്നു ലീവിന് വന്ന ഒരാള്‍ക്ക് ഇവരെ കണ്ടു ഒരുപാട് അങ്ങ് ഇഷ്ടമായി.അയാള്‍ക്ക് ഒരു പത്ത് പതിമൂന്നു വയസ് കൂടുതല്‍ വരും അവരെക്കാള്‍..ഏതോ അമ്പലത്തിലോ കല്യാണത്തിനോ വച്ച് ഇവരെ കണ്ടതാ..ങാ..നീ കണ്ടല്ലോ അവരെ..ഇപ്പോഴും എന്താ ഗ്ലാമര്.എനിക്ക് പോലും ചില സമയത്ത് അസൂയ സഹിക്കത്തില്ലടി..ഹിഹിഹിഹി.. അപ്പോള് ആ സമയം അത്രക്ക് സുന്ദരി ആയിരുന്നിരിക്കണം.അത്രയും നല്ല ഒരു പ്രൊപ്പോസല്‍ മകള്‍ക്ക് വന്നാല്‍ വിടുമോ?മൂത്ത രണ്ട് പേരെ നിര്‍ത്തി എന്റെ അപ്പാപ്പന്‍ അതങ്ങ് നടത്തി..നടത്തിന്ന് വച്ചാല്‍..നിനക്കറിയാമല്ലോ..അമ്മയുടെ പൊട്ട പട്ടിക്കാട് വില്ലേജ്..അന്നൊക്കെ അവിടത്തെ കല്യാണം എന്ന്‌ വച്ചാല്‍ ചെറുക്കനും കൂട്ടരും പെണ്ണിന്റെ വീട്ടില്‍ വരുന്നു..എല്ലാരുടെയും മുന്നില്‍ വച്ച് പെണ്ണിന് ഒരു കസവ് പുടവ  കൊടുക്കുന്നു.. നോ താലി കെട്ടല്‍..ഒപ്പിടല്‍..നതിംഗ്..ങ്ഹാ..പിന്നെ വല്ല ഹാരവും ഇട്ടാലായി..പെണ്ണിന്റെ അച്ഛന്‍ കൈ പിടിച്ച് കൊടുക്കുന്നു..സദ്യ ഉണ്ണുന്നു..പെണ്ണിനേം കൊണ്ട് പോകുന്നു.അത്ര തന്നെ.." അവള്‍ ഒന്ന് നിര്‍ത്തി.

"ഉം..പക്ഷെ ലീഗലി ആള്‍ക്കൂട്ടത്തില്‍ വച്ച് ഒരു പെണ്ണിന് പുടവ കൊടുത്താല്‍ വിവാഹമായി അന്ഗീകരിക്കും എന്ന്‌ തോന്നുന്നു,ഹിന്ദു മാര്യേജ് ആക്റ്റില്‍..ചില വര്‍ഷങ്ങള്‍ക്കു മുന്പ് നടന്ന വിവാഹമാണെങ്കില്‍..-എന്നിട്ട്?"

"എന്നിട്ട്..രണ്ട് ആഴ്ചയോ മറ്റോ അവര്‍ ഒരുമിച്ച് താമസിച്ചു.അയാള്‍ മടങ്ങി പോയി.അടുത്ത തവണ വരുമ്പോള്‍ അവരെ കൊണ്ട്‌ പോകാം എന്ന ഉറപ്പില്‍.പോയ അയാള്‍ ഒരുപാട് സമ്മാനങ്ങളും കത്തുകളും ഒക്കെ അയച്ചു കൊടുത്തു.ഭാനു ആന്റിക്ക് എഴുത്തും വായനയും അറിയില്ല.കൂട്ടുകാരി തങ്കം..ഹാ..കക്ഷി ഒരു നാലാം ക്ലാസ്സാ..പക്ഷെ വായിക്കാനും എഴുതാനും അറിയാം, സഹായത്തിന് എത്തിയത് അപ്പോഴാണ്‌.ലണ്ടന്‍ കത്തുകള്‍ കൂട്ടുകാരിക്ക് വായിച്ച് കേള്പ്പിക്കുന്നതും മറുപടി എഴുതി കൊടുക്കുന്നതും തങ്കത്തിന്റെ ജോലി ആയി.അവരെ കൊണ്ട് ആദ്യം അതൊക്കെ നിര്‍ബന്ധിച്ച് ചെയ്യിച്ചത് ഭാനുആന്റി തന്നെയാണ്..ലണ്ടനില്‍ ഇരിക്കുന്ന ആള്‍ക്ക് അറിയുകയും  ചെയ്യാം കേട്ടോ..തങ്കം ആണ് ഭാര്യയെ സഹായിക്കുന്നതെന്ന്.അങ്ങനെ കത്തുകള്‍ എഴുതി എഴുതി..ഭാര്യയുടെ കൂട്ടുകാരിക്ക് എക്സ്ട്രാ വരികള്‍ കത്തുകളില്‍ വന്നു..അത് ഉച്ചത്തില്‍ വായിക്കാതെ തങ്കം വിഴുങ്ങി..അത് പോലെ അങ്ങോട്ടുള്ള കത്തുകളില്‍ ഭാനുമതിയുടെ വരികള്‍ക്ക് പുറമേ തങ്കത്തിന്റെ വരികള്‍ കൂടി ചേര്‍ക്കപ്പെട്ടു..പിന്നെ പിന്നെ..വരികള്‍ തങ്കത്തിന് മാത്രമായി..എന്തൊക്കെയോ മോശമായി ഭാനുആന്റിയെ  കുറിച്ച്  അവര്‍ എഴുതി അയച്ചത് കൊണ്ടാണെന്ന് പറയുന്നു..അയാള്‍ ഒരു സുപ്രഭാതത്തില്‍ വന്നു.. തങ്കത്തിനെ കൂട്ടി ലണ്ടനിലേക്ക് പോയി..
ഭാനുമതിക്ക്..മതിയായി...ഫൂളിഷ് ഗേള്‍...ഹിഹിഹിഹിഹഹി...അവര് പിന്നെ കല്യാണവും കഴിച്ചില്ല..ഒന്നും ചെയ്തില്ല..സഹോദരങ്ങളുടെ വീടുകളിലൊക്കെ ഇങ്ങനെ മാറി മാറി..നോണ്‍ പേയബിള്‍ സര്‍വന്റ് പോലെ .."

"അയാള്‍ക്കിപ്പോ ഒരു 60 വയസ് വരില്ലേ?ജീവിച്ചിരിപ്പുണ്ടല്ലോ അല്ലേ?

"ഉണ്ട്..ഇവരെ തിരക്കി വന്നിട്ടേ ഇല്ല ഇത് വരെ..അയാള്‍ക്കും തങ്കത്തിനും വലിയ മക്കളൊക്കെ ആയി..ഇപ്പോഴും ലണ്ടനിലാണെന്ന് തോന്നുന്നു.കൃത്യമായി അറിയില്ല.അന്നൊക്കെ ഒരുപാട് വിവാഹാലോചനകളൊക്കെ വന്നിട്ടും ഭാനുആന്റി സമ്മതിച്ചില്ല.അയാളെ വിദേശത്ത് പോയി പിടിച്ച് കൊണ്ട്‌ വരാന്‍ കഴിവുള്ളവരൊന്നും ഇല്ലായിരുന്നു..ആദ്യ കാലത്ത് ഉണ്ടായ ബഹളമൊക്കെ പെട്ടന്ന് അടങ്ങി.അവിടെ ഒക്കെ വിറ്റ് പെറുക്കി എല്ലാപേരും പല പല സ്ഥലത്ത് അല്ലേ ഇപ്പൊ താമസം..വര്‍ഷമെത്ര ആയെന്നാ മോളെ..ആര്‍ക്കാ ഇതിനൊക്കെ നേരം? താല്പര്യം?അല്ല നിനക്ക് ആവശ്യമുള്ള മെറ്റീരിയല്സ് വല്ലതും ഈ കഥയില്‍ ഉണ്ടോ?ഹിഹിഹിഹി..സ്റ്റുപ്പിഡ്‌ ഭാനു ആന്‍ഡ്‌ സ്റ്റുപ്പിഡ്‌ യു.. "സന്ധ്യ പൊട്ടിച്ചിരിച്ചു.

അവളുടെ മൊബൈല്‍ റിംഗ് ചെയ്യാന്‍ തുടങ്ങി..അതെടുത്ത് നോക്കിയ മുഖത്തെ ചിരി മായുന്നതും ഫോണ്‍ ഓഫ്‌ ആക്കി വക്കുന്നതും ഞാന്‍ ശ്രദ്ധിച്ചു.
"ഹു ഈസ്‌ ദാറ്റ്?"
"രോഹന്‍..ഞാന്‍ മിസ്സ്‌ അടിച്ചിട്ട് 20 മിനിട്സ് ആയിട്ടാ തിരിച്ച് വിളിക്കുന്നെ..അവിടെ ഇരിക്കട്ടെ ഓഫ്‌ ആയിട്ട്.. ഇനി എന്റെ d -o -g മിണ്ടും."
"ഹഹഹഹ..ഈ വ്യത്യാസം..നിന്‍റെ ആന്റിയിലും നിന്നിലും ഉള്ള ഈ വ്യത്യാസം ആണ് മോളെ എന്റെ ടോപ്പിക്ക്..കാലം പെണ്ണിനെ എന്തോരം മാറ്റി അല്ലേ സന്ധ്യ..20 മിനിറ്റ് സഹിക്കാന്‍ പറ്റാത്ത നമ്മള്‍..ഒരു 30..32 വര്‍ഷത്തോളം ഒരാളെ കാത്തിരിക്കുന്ന അവര്‍..സഹനശക്തിയുടെ പര്യായം എന്നതൊക്കെ പഴയ വാക്കുകള്‍ ആയി മാറുന്നു അല്ലേ?ഒരാളെ സ്നേഹിക്കുക..പ്രണയിക്കുക..ഡീപ്പ് ആയിട്ട്..ആ ആള്‍ ഇല്ല എന്ന്‌ തോന്നുന്ന..ഉറപ്പിക്കുന്ന..നിമിഷം സൂയിസൈഡ് ചെയ്യാതെ തന്നെ നിലച്ചു പോകുന്ന ഒരു ഹൃദയത്തിന്റെ ഉടമ ആയിരിക്കുക..ഗ്രേറ്റ്‌ അല്ലേ?അവരുടെ മനസില്‍ ഇപ്പോഴും അയാളോട് പ്രണയം ഉണ്ടായിരിക്കുമോ?ഡീപ്പ് ലവ്? എനിവേ ഓരോ എപ്പിസോഡില്‍ ഞാന്‍ ഓരോ സ്ത്രീകളെ അവതരിപ്പിക്കുന്നു വ്യത്യസ്ത രീതിയില്‍ ജീവിച്ചവര്‍,സ്വഭാവ സവിശേഷതകള്‍ ഉള്ളവര്‍.സ്റ്റാര്ട്ടിംഗ് ഭാനുവില്‍ നിന്ന്  ആകാം..ഈ കഥയില്‍ ശരിക്ക് രണ്ട് ടൈപ്പ് സ്ത്രീകളും ഉണ്ടല്ലോ..ഭാനുവും തങ്കവും.. ആവശ്യത്തിന് ചതിയും സെന്റിമന്സും..ഹിഹിഹിഹി..പ്രോഗ്രാം റേറ്റ് അങ്ങ് കൂടട്ടെ"

"നീ നമ്മുടെ ചാനലിനു ഒരു അസെറ്റ് തന്നെ ആയിരിക്കും..നൊ ഡൌട്ട്..ഇപ്പോഴേ കണ്ണീര് വില്‍ക്കാന്‍ പഠിച്ചു നീ..ഹിഹിഹിഹി..ക്യാരി ഓണ്‍ ആം വിത്ത്‌ യു ഡിയര്‍ "
"കണ്ണീര് അല്ലടാ..അവര്‍ ഇപ്പോഴും അയാളെ സ്നേഹിക്കുണ്ടാകും..പ്രതീക്ഷിക്കുന്നുണ്ടാകും ഒന്ന് കാണാന്‍..അറ്റ്‌ ലീസ്റ്റ് ഒന്ന് മിണ്ടാന്‍..അത് ആണ് ഞാന്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്.അതിന് അവരെ മെരുക്കണം ആദ്യം.അവരുടെ പാസ്റ്റ് മാത്രം കൊണ്ടായില്ല.ഇതിനൊരു എന്ടിംഗ് നമ്മള്‍ മുന്‍കൈ എടുത്ത് ഉണ്ടാക്കണം..ഒരു ക്ലൈമാക്സ്‌..പ്രോഗ്രാം കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടായി എന്ന്‌ കാണുന്നവര്‍ക്ക് തോന്നണ്ടേ.അതിന് അയാളുടെ..അവരുടെ ഭര്‍ത്താവിന്റെ..കോണ്ടാക്ട്സ് തിരയണം.പിന്നെ ഒരു കവര്‍ സ്റ്റോറി..അതിന് ചേരുന്ന വിഷ്വല്‍സ്..മ്യൂസിക്‌..കൈയ്യിന്ന് കുറച് ബിറ്റ്സ്...സംഗതി ക്ലിക്ക്.."ഞാന്‍ എന്നിലെ പ്രഫഷണല്‍ മീഡിയക്കാരിയുടെ ചിന്തകള്‍ അഴിച്ചു വിട്ടു.
പിന്നീടുള്ള ദിവസങ്ങളില്‍ എന്റെ ചിന്തകള്‍ അവരെ പറ്റി മാത്രമായിരുന്നു.ജീവനുള്ള പോലെ ചിത്രങ്ങള്‍ മെനയാന്‍ കഴിഞ്ഞിരുന്ന എന്റെ വിരലുകള്‍ സന്ധ്യ പറഞ്ഞ അത്രയും കാര്യങ്ങള്‍ പല പല വിഷ്വലുകളായി ചെറിയ പേപ്പറുകളില്‍ വരച്ചിട്ടു-

പതിനാറ് വയസുള്ള ഒരു പെണ്‍കുട്ടി,അവളെ ഒളിഞ്ഞു ശ്രദ്ധിക്കുന്ന ഒരു ചെറുപ്പക്കാരന്‍,കല്യാണ ആലോചന,പുടവ കൊടുക്കല്‍,പ്രണയത്തിന്റെ ക്ലോസ് ഷോട്ടുകള്‍,അകന്ന് പോകുന്ന അയാളെ നോക്കി ഉതിരാന്‍ വെമ്പുന്ന കണ്ണിണകള്‍, അരികത്ത് കൂടുകാരിയോടൊപ്പം അവള്‍,കൂട്ടുകാരിയുടെ കൈ പിടിച്ച് അകലുന്ന ഭര്‍ത്താവിനെ നോക്കി പകച്ചു നില്‍ക്കുന്ന ഭാനു...ഓരോ സ്കെച്ചിന്റെയും കൂടെ ചില വാചകങ്ങള്‍ കൂടെ ഞാന്‍ കുറിച്ചിട്ടു.സന്ധ്യയുടെ അമ്മയില്‍ നിന്നു കുറച്ച് വിവരങ്ങള്‍ ശേഖരിച്ചു.എല്ലാം ഫയല്‍ ചെയ്തു ഒപ്പം കൂടി വച്ചു.അതൊക്കെ സബ്മിറ്റ്  ചെയ്ത് പ്രോഗ്രാമിന് ഞാന്‍ അനുമതിയും ഓഫീസില്‍ നിന്നും നേടി എടുത്തു.അതോടൊപ്പം കഴിയുന്ന സമയം ഒക്കെ അവളുടെ വീട്ടില്‍ പോയി ഭാനുവിനോട് അടുക്കാനും എന്നോട് അടുപ്പിക്കാനും ശ്രമിച്ചു.കാരണം ഞാന്‍ ഉദ്ദേശിക്കുന്ന ക്ലൈമാക്സ്‌..അവരുടെ ചില ഷോട്സ്..പറയുന്ന ചില വാചകങ്ങള്‍ ഒക്കെ ഷൂട്ട്‌ ചെയ്യേണ്ടതുണ്ട്.പേര്‍സണല്‍ പെര്‍മിഷന്‍ സംഘടിപ്പിക്കാന്‍ പ്രയാസമില്ല.അത് സന്ധ്യ ഏറ്റിട്ടുണ്ട്.മാത്രമല്ല ആങ്കര്‍ ആയി സന്ധ്യയെ തന്നെ ഫിക്സ് ചെയ്തത് എന്നിലെ കൂട്ടുകാരിയല്ല മറിച്ച് പ്രോഗ്രാമിന് ശേഷം അവരുടെ ബന്ധുക്കളില്‍ നിന്നോ മറ്റാരില്‍ നിന്നോ ഒരു ഒബ്ജെക്ഷന്‍  ഉണ്ടാകാതിരിക്കാന്‍ ഉള്ള മുന്‍കരുതല്‍ എന്ന നിലയ്ക്ക്  ആയിരുന്നു.

എന്നിട്ടും അവരോട്‌ ഒരുപാട് അടുത്തപ്പോള്‍, ഞാനും എന്നിലെ പ്രൊഫഷണലും തമ്മില്‍ പലപ്പോഴും ഇടയാന്‍ തുടങ്ങി.അവരെ യൂസ് ചെയ്യുന്ന ഫീല്‍ ഇടയ്ക്കിടെ എന്റെ ഉറക്കം കെടുത്തി.കരിയരിലുള്ള എന്റെ പ്രതീക്ഷകള്‍ പിന്നെയും എന്നെ മറിച്ച് ചിന്തിപ്പിച്ചു.അമ്മയില്ലാതെ വളര്‍ന്ന എനിക്ക്‌ രണ്ട് പെണ്മക്കളെ കൊഞ്ചിക്കുന്ന സന്ധ്യയുടെ അമ്മയോട് തോന്നിയ എന്തൊക്കെയോ വികാരങ്ങള്‍ ഭാനുവിലെക്ക് തിരിഞ്ഞത് എപ്പോഴാകും? ഞാന്‍ കാണിക്കുന്ന സ്നേഹപ്രകടങ്ങളും പരിഗണനയും മനപൂര്‍വം ആയിരുന്നെങ്കിലും എപ്പോഴൊക്കെയോ അവരെ ഞാന്‍ വല്ലാതെ ഇഷ്ടപ്പെടാന്‍ തുടങ്ങി...ഒപ്പം എന്തെന്നില്ലാത്ത ഒരു ആരാധനയും..അനായാസം എന്നില്‍ അവര്‍ക്ക് വിശ്വാസവും സ്നേഹവും ഉണ്ടാക്കി എടുക്കാന്‍ എനിക്ക്‌ കഴിഞ്ഞു. എന്റെ അടുക്കലും അടുപ്പിക്കലും ഞാന്‍ തുടര്ന്നു കൊണ്ടേയിരുന്നു-ഞാന്‍ അറിഞ്ഞ അവരുടെ എല്ലാ കാര്യങ്ങളും വീണ്ടും അവരില്‍ നിന്ന് തന്നെ അറിയുന്നത് വരെ.

എന്റെ വാചാലതക്ക് മുന്നില്‍ ഭാനു മനസ്‌ തുറന്ന ദിവസം, ഒതുങ്ങിയ പ്രകൃതത്തിലും ഒരു പെണ്ണിന് ഇത്രയും ഉറച്ച മനസ്‌ ഉണ്ടെന്ന് ഞാന്‍ ആദ്യമായി മനസിലാക്കി.ഒരു താലിയുടെ ബലം പോലും കഴുത്തില്‍ ഇല്ലാതെ ഭര്‍ത്താവ് എന്ന സങ്കല്പത്തില്‍ ജീവിച്ചവള്‍..അതും മറ്റൊരുത്തിയെ ഒപ്പം കൂട്ടിയ ഒരാളെ..സ്വന്തം ജീവിതം കൈവെള്ളയില്‍ നിന്നു ഊര്‍ന്നു പോയിട്ടും പരാതിയും പരിഭവവും ഇല്ലാതെ ജീവിച്ച ഒരു സ്ത്രീ. ഇന്നും അവളുടെ പ്രാര്‍ഥനകളില്‍ അയാള്‍ മാത്രമല്ല തങ്കവും ഉണ്ടെന്ന അറിവ് എന്നെ അത്ഭുതപ്പെടുത്തുകയല്ല..അലോസരപ്പെടുത്തുകയാണ് ചെയ്തത്.അയാളെ ഒന്ന് കാണാനും സംസാരിക്കാനും വേണ്ടി മാത്രമാണ് ഇന്നും ജീവിച്ചിരിക്കുന്നത് എന്ന്‌ എന്നോട് സമ്മതിക്കുമ്പോള്‍ ആ മുഖത്ത്‌ ഇടര്‍ച്ച ഉണ്ടായിരുന്നില്ല. തങ്കത്തെ ഒപ്പം കൂട്ടുവാന്‍ വന്ന തവണ അയാള്‍ ഒന്നും സംസാരിക്കുവാന്‍ കൂട്ടാക്കിയില്ലത്രേ. അക്ഷരങ്ങളിലൂടെ സംവാദിക്കുവാന്‍ കഴിഞ്ഞില്ല..ഫോണ്‍ പോലെ ഇന്നത്തെ സൌകര്യങ്ങളും ഉണ്ടായിരുന്നില്ല. നിസഹായതയുടെ..നിരാശയുടെ..അങ്ങേപ്പുറത്ത് ആണ്ടു പോയ ആ മനസിലേക്ക്..അതിന്റെ  ഓരോ അറകളിലേക്ക്..സംഭാഷണ മികവില്‍ ഞാന്‍ കടന്നു ചെല്ലുമ്പോള്‍ ,ഭാനുവിനെ ആരാധിക്കുന്നതോടൊപ്പം തങ്കത്തിന്റെ സ്വാര്‍ഥമനസ്‌ ആയോ എനിക്കും എന്ന ഭയം ഉള്ളില്‍ ഞാന്‍ അടക്കി വച്ചു. പ്രതികരിക്കാന്‍ ശേഷി ഇല്ലാത്ത ഒരു സാധു ജീവിയുടെ വികാരങ്ങള്‍ ചൂഷണം ചെയ്യാന്‍ ഒരുംബെടുന്നവള്‍.

ഒരു സമയം ഞാന്‍ ഈ പ്രൊജക്റ്റ്‌ തന്നെ വേണ്ടാന്ന് വയ്ക്കാന്‍ ഒരുങ്ങിയതാണ്.അത് എന്റെ കരിയറില്‍ ഉണ്ടാക്കുന്ന നെഗറ്റീവ് ഇമ്പാക്ട്ടിനെ കുറിച്ച് ക്ലാസ്സെടുത്ത ബോസ്സിന്റെ മുന്നില്‍ ഞാന്‍ എന്റെ സഹതാപ തരംഗങ്ങളെ പിന്നെയും കുഴിച്ച് മൂടി.

എന്നോട് മനസ്‌ തുറന്നു എന്നല്ലാതെ എന്റെ പ്രോഗ്രാമിനെ കുറിച്ചോ നീക്കങ്ങളെ കുറിച്ചോ ഒന്നും ഭാനുവിന് അറിയില്ലായിരുന്നു.അടുത്ത ആരൊക്കെയോ ആയി കഴിഞ്ഞിരുന്നു ഞാന്‍ അവര്‍ക്ക്.എന്നെ സംബന്ധിച്ച് ഭാനു എങ്ങനെ വേണമെങ്കിലും എന്റെ ഇഷ്ടത്തിനു നിയന്ത്രിക്കാവുന്ന ഒരാള്‍ എന്ന അഹമ്കാരവും..
വളരെ ശ്രമകരമായി..അയാളുടെ ലണ്ടനിലെ വിലാസവും നമ്പറും ഞങ്ങള്‍ സംഘടിപ്പിച്ചു.ചില ബന്ധുക്കാരുടെ മുന്നില്‍ അല്പം വേഷം കെട്ടേണ്ടി വന്നെങ്കിലും അവസാനം അത് ഞങ്ങള്‍ സാധിച്ചെടുത്തു..വാസുദേവന്‍ എന്ന വാര്‍ധക്യജീവിതം മക്കളോടോത്ത് ലണ്ടനില്‍ കഴിച്ചു കൂട്ടുന്ന ഭാനുവിന്റെ ഭര്‍ത്താവ്.കുറച്ചധികം സംസാരിക്കേണ്ടി വന്നു അയാളോട്..എങ്കിലും ഭാനുവിനോട്‌  ഒന്ന് സംസാരിക്കാന്‍ അയാള്‍ തയാറായി..പ്രായാധികത്യത്തില്‍ മനസിന്‌ വന്ന തിരിച്ചറിവോ..മാറ്റമോ ആകാം അതിന് സമ്മതിപ്പിച്ചത്.തങ്കം ജീവിച്ചിരിപ്പില്ലാത്തത് കൊണ്ട് ഒന്ന് സംസാരിക്കാന്‍ മറ്റു വികാരപരമായ തടസങ്ങളും ചിന്തിക്കേണ്ടി വന്നുകാണില്ല അയാള്‍ക്ക്...

ഭാനു അയാളോട് 32 വര്‍ഷങ്ങള്‍ക്കു ശേഷം ഫോണിലൂടെ സംസാരിക്കുന്ന ആ  നിമിഷം..അത് റിയല്‍ ആയി ചിത്രീകരിച്ച് എടുക്കണം..അത് പ്രോഗ്രാമിന് ഒരു ഹൈലൈറ്റായിരിക്കും-പ്രൊഫെഷണല്‍ മൈന്റില്‍ ആദ്യം ചിന്തിച്ചത് അതായിരുന്നു.
സന്ധ്യയുടെ സഹായത്തോടെ വീട്ടില്‍ ഒരിടത്ത് രഹസ്യമായി ക്യാമറ വച്ച ശേഷം സര്പ്രൈസായി ഭാനുവിന് ഞാന്‍ എന്റെ മൊബൈല്‍ നല്‍കി..ആരാ എന്ന ഒരു ചോദ്യ ഭാവത്തോടെ ഭാനു ഫോണ്‍ വാങ്ങി.അതിന് ശേഷം മാറി നിന്നു ആ മുഖം സൂം ചെയ്തു ഫോക്കസില്‍ വയ്ക്കുമ്പോള്‍ എന്റെ കണ്ണുകള്‍ ആ കണ് പീലികളില്‍ പോലും വരുന്ന മാറ്റം ശ്രദ്ധിക്കുകയായിരുന്നു..

'ഹലോ..' പറഞ്ഞ് കഴിഞ്ഞ് ഫോണ്‍ പിടിച്ചുള്ള ഒരേ നില്‍പ്പ്..മറുവശത്ത് നിന്ന് പറയുന്നത് എന്താണെന്ന് ഞങ്ങള്‍ക്ക് ഊഹിക്കാന്‍ ആകാത്ത വിധം നിശ്ചലമായ ഒരു നില്‍പ്പ്....ഒരു രണ്ട്  മിനിറ്റ് അതേ നില്‍പ്പ്..കാള്‍ കട്ടായിട്ടില്ല എന്ന്‌ ആ ശ്വാസഗതിയില്‍ നിന്നു തിരിച്ചറിയാമായിരുന്നു..രണ്ട് മിനിട്ടിനു ശേഷം ഫോണ്‍ മേശപ്പുറത്ത് വച്ച് ഞെട്ടി നില്‍ക്കുന്ന ഭാനുവിന്റെ അരികത്തേക്ക് ഞങ്ങള്‍ ചെന്നപ്പോള്‍..പറഞ്ഞത് രണ്ട് വാക്ക്..
അതും ഫോണ്‍ കൊടുത്ത എന്നോട്-
'ഒരുപാട് സന്തോഷമായി..ഒന്ന് കിടക്കട്ടെ..'-എന്ന്‌ !!
ആ കണ്ണിലുള്ള വികാരം എനിക്ക്‌ വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞില്ല.ഈറന്‍ പൊടിഞ്ഞിരുന്നു..സന്തോഷം കൊണ്ടാണോ അതോ..?.അയാള്‍ എന്തായിരിക്കും പറഞ്ഞിരിക്കുക?റൂമിലേക്ക് പോയ ഭാനുവിനെ ശല്യപെടുത്തണ്ട..ശാന്തമായി ഉറങ്ങട്ടെ.. ചോദ്യങ്ങള്‍..പ്രോഗ്രാമിന്റെ കാര്യം അറിയിക്കുന്നത്..ബാക്കി ഷൂട്ട്‌..എല്ലാം നാളെ ആകാം എന്ന്‌ ഞാന്‍ തീരുമാനിച്ചു.കരിയറിലെ പ്രതീക്ഷകള്‍ വല്ലാതെ ഉയര്‍ന്ന രാത്രി ആയിരുന്നു എനിക്കത്.

*                        *                      *                                  *                    *                                 *

സമയം 4 .50 കഴിഞ്ഞിരിക്കുന്നു.ഭാനുവിനെ വല്ലാണ്ട് ഓര്മ വരുന്നു.രണ്ട് ദിവസം മുന്നേ മോളുടെ പേരിടീല്‍ ചടങ്ങ് ആയിരുന്നു.കണ്ടെത്തിയ പേര് മറ്റൊന്നായിരുന്നെങ്കിലും ആള്‍ക്കൂട്ടത്തില്‍ വച്ച് നാവിന്‍ തുമ്പില്‍ വന്നത് -ഭാനുമതി എന്നായിരുന്നു.ഇതേതാ ഈ പേര് എന്ന്‌ അത്ഭുതപ്പെട്ട് നോക്കിയ കുഞ്ഞിന്റെ അച്ഛനെ..രാകേഷിനെ..കണ്ണടച്ച് കാണിച്ചു.അന്നേരം എങ്ങനെയോ അറിയാതെ മനസില്‍ കയറിയാതാണ് ഭാനുവിന്റെ ചിന്തകള്‍.ഇറങ്ങി പോയില്ല പിന്നീട്..ഒരു കട്ടന്‍ കാപ്പിയുടെ സുഖം ചുണ്ടിലേക്ക് അമര്‍ത്തുമ്പോള്‍..ഞാന്‍ ജനാലയ്ക്കല്‍ നിന്ന് ഒന്ന് കൂടി നോക്കി ആകാശത്തെക്ക്..പുലരാന്‍ വെമ്പുന്ന ആകാശത്ത് എല്ലാ നക്ഷത്രങ്ങളും ഉറക്കമായപ്പോഴും..ഉറങ്ങാതെ തിളക്കമുള്ള  ഒരു നക്ഷത്രം..അതിലേക്ക് നിശ്വാസത്തോടെ ഞാന്‍ നോക്കി-

ഭാനു...എന്നോട് ക്ഷമിക്കില്ലേ?അന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല..ആ ഉറക്കത്തില്‍ നിന്ന് നീ ഉണരില്ല എന്ന്‌..അയാള്‍ അന്ന് പറഞ്ഞ വാക്കുകള്‍..അത് എന്താണെന്ന് ഇന്നും എനിക്കറിയില്ല..അത് പറയാനായി നീ ഉണര്‍ന്നില്ല.ഞാന്‍ തന്നതിനേക്കാള്‍ വലിയൊരു സര്‍പ്രൈസ് എനിക്ക്‌ തന്ന്..എന്റെ മനസിലെ വല്ലാതെ ഉലച്ച് നീ പൊയ്ക്കളഞ്ഞു..
എന്നോട് പറഞ്ഞത് സത്യമാണെന്ന്..അയാളുടെ വാക്കുകള്‍ ആ മനസിന്‌ സന്തോഷം തന്നു എന്ന്‌ ഞാന്‍ കരുതിക്കോട്ടെ?അതോ ആ മനസിനെ വീണ്ടും നോവിച്ചുവോ അയാള്‍? ഞാന്‍ തന്ന ആ സര്‍പ്രൈസ്..അത് താങ്ങാന്‍ ഉള്ള കരുത്ത് ആ ഹൃദയത്തിനില്ലാതെ പോകുമെന്ന് ഞാന്‍ പ്രതീക്ഷിക്കണമായിരുന്നു..അല്ലേ ഭാനു?ചേതനയറ്റ ആ ശരീരം കാണാന്‍ ഞാന്‍ വരാത്തതില്‍ പരാതി ഉണ്ടോ? എനിക്കതിന്‌ കഴിയില്ലായിരുന്നു..ആ പ്രൊജക്റ്റ്‌ എന്നല്ല ജോലി തന്നെ ഉപേക്ഷിച്ച്.. ചെയ്തത് തെറ്റോ ശരിയോ എന്നറിയാതെ..മാസങ്ങള്‍..ഇപ്പോള്‍ വര്‍ഷങ്ങള്‍..!!


ഭാനുവിനെ പറ്റി ഓര്‍ക്കുമ്പോള്‍ എപ്പോഴുമെന്ന പോലെ അവസാനം എന്റെ കണ്ണുകള്‍ നീര്‍ത്തുള്ളികള്‍ വന്നു മൂടി അതില് ആ നക്ഷത്രക്കാഴ്ച  മെല്ലെ മെല്ലെ അവ്യക്തമായി..

-അമ്മൂട്ടി.