Wednesday, 7 March 2012

ഒരു സ്ട്രോബെറി പ്രണയം
ഒരു ഞായറാഴ്ച..അലസമായി എഴുന്നേറ്റ് ഞാന്‍ ബാല്‍ക്കണി വരെ വന്നു നിന്നു.സമയം ഒന്‍പതു കഴിഞ്ഞിട്ടും വെളിച്ചമായിട്ടില്ല.തണുപ്പിന്റെ നേര്‍ത്ത അലകള്‍ വന്നു അരിച്ച് കയറുന്നുണ്ടായിരുന്നു.ഒരു തലയിണ എടുത്ത്  ബാല്കണിക്ക് സമീപം ഇട്ട്‌ കിടന്നു.. കൈയില്‍ തലേന്ന് വായിച്ച് ബാകി വച്ച ഒരു പുസ്തകവും..മടക്കി വച്ച പേജ് നിവര്‍ത്തി വചൂ വിരലോടിച്ച് നോക്കി..തലേന്നാള്‍ കണ്ണിലേക്ക് ഉറക്കം വന്നു മൂടിക്കളഞ്ഞ വരിയെ മെല്ലെ പരതി..
അരികിലിരുന്ന മൊബൈല്‍ വൈബ്രേറ്റ്‌  ചെയ്യാന്‍ തുടങ്ങി.

അഭി..കാളിംഗ്..
ഞാന്‍ അറ്റന്‍ഡ് ചെയ്തു..
"എന്താ?" തലേന്ന് രാത്രി ഫോണില്‍ വഴക്കിട്ടിരുന്നതിന്റെ ഓര്‍മയില്‍ അല്പം കടുപ്പിച്ച്  തന്നെ ഞാന്‍ ചോദിച്ചു.
"അവിടെ മഴ ഉണ്ടോ?"

"മഴയോ?ഇല്ലല്ലോ..പ്രിയ ഉണ്ട്..ആരാ വിളിക്കുന്നെ ?ഞാനും വിട്ടില്ല..
"പ്രിയ..എന്റെ പ്രിയതമ.. അല്ലേ?"
"നോണ്‍ സെന്‍സ്" ഞാന്‍ കാള്‍ കട്ട്‌ ചെയ്തു.


പുസ്തകത്തിലേക്ക് മിഴികള്‍ ഊന്നി എങ്കിലും മനസ് അതില് നിന്നില്ല.ഒരു നിമിഷം വൈകും മുന്‍പേ മൊബൈലില്‍ sms അലേര്‍ട്ട് അടിച്ചു. ഞാന്‍ അത് എടുത്തു നോക്കിയില്ല.ഊഹിക്കാവുന്നതേ ഉള്ളു ആരുടെതാണെന്നും വാചകങ്ങള്‍ എന്താണ് എന്നും..തലയിണ നേരേ വച്ച് ഞാന്‍ പുസ്തകം നിവര്‍ത്തി വായന തുടങ്ങി.പത്ത് മിനിറ്റ് കഴിയും മുന്നേ വേണ്ടും ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങി.റിംഗ് ടോണിലെ മനസിലായി അമ്മയാണ്.


"ഹലോ അമ്മ..ഗുഡ് മോണിംഗ്"
"മം..മോളു..എന്താടി അഭിയുമായി പ്രശ്നം?നിങ്ങള്‍ ഇങ്ങനെ ആയാല്‍ എങ്ങനെയാ?ആറ് മാസം കഴിഞ്ഞാല്‍ കല്യാണമാണ് അത് മറക്കണ്ട."
"ഒഹ്..ന്യൂസ്‌ അത് വരെ എത്തിയോ?അമ്മയോടും അച്ഛനോടും അന്നേ ഞാന്‍ പറഞ്ഞതാണ് എന്നെ പിടിച്ച് ഓരോ കുരുക്കില്‍ ചാടിക്കരുതെന്ന്.എന്‍ഗേജ്മെന്റ്  കഴിഞ്ഞാല്‍ എല്ലാ ചെക്കന്മാര്‍ക്കും ഉള്ളതാണ് ആ ഒരു പേരിലുള്ള ഒരു അധികാരവും പഞ്ചാരയടിയും..അഭിക്ക് ഒരല്പം കൂടുതലാ..കൂടെ ഒരല്പം കൂടുതല്‍ പൊസസിവും..ടൂ മച്ച് അമ്മ.."
"എന്തൊക്കെ ആയാലും അവന്‍ വളരെ ചൈല്ടിഷ് ആണ്..നീ വെറുതെ വഴക്കിടണ്ട മോളു.."
"അല്ലെങ്കിലും എനിക്കറിയാം അവന്‍ അമ്മയുടെ പെറ്റ് ആണെന്ന്"
ഞാന്‍ കാള്‍ കട്ട് ചെയ്തു.പുസ്തകത്തിലൂടെ കണ്ണുകള്‍ പരതി..രാവിലെ തന്നെ മൂഡ്‌ കളഞ്ഞല്ലോ..പുസ്തകം മാറ്റി വച്ച് ഞാന്‍ തലയിണയില്‍ മുഖം
പൂഴ്ത്തി വച്ചു.
 
എന്റെ മനസ്‌ എന്താ ഇങ്ങനെ?..അഭിയുമായി ഉള്ള വിവാഹം വീട്ടുകാര്‍ തീരുമാനിച്ചതാണ്..അത് അന്ഗീകരിക്കേണ്ടതാണ്.. അത് കൊണ്ട് തന്നെ അവനെ പ്രണയിക്കേണ്ടതുമാണ് ..എന്താണ് ഞാന്‍ ഇങ്ങനെ?അവനെ കാണുമ്പോള്‍ എന്താ എന്റെ മുഖം തുടുക്കാത്തത്?അവന്‍ വിളിക്കുമ്പോള്‍ സ്വരം കേള്‍ക്കാന്‍ തുടിക്കാത്തത് എന്താ?പുറത്ത് ചുറ്റിക്കറങ്ങാന്‍  ഒപ്പം പോകാന്‍ തോന്നാത് എന്താ?ഇതിനെല്ലാം ഉപരി അവനോട്‌ എനിക്ക് പ്രണയം തോന്നാത്തത്  എന്താ?കുറെ നാളായി അസ്വസ്ഥമാണ്  മനസ്.

ലാപ് ടോപ്‌ ഓണ്‍ ആക്കി വച്ച്  ഞാന്‍ ഗൂഗിളില്‍ വെറുതെ ടൈപ്പ് ചെയ്തു-ലവ്..

ഒഴുകി വന്ന സൈറ്റുകളിലൂടെ മൗസ് പായിച്ചു.എന്താണ് പ്രണയം അതിന്റെ രസതന്ത്രം..ഒരാളോട് മനപൂര്‍വമായി എങ്ങനെ പ്രണയം ഉണ്ടാക്കി എടുക്കാംഎന്നൊക്കെ ക്ലിക്കിലും സെലെക്ട്ടിലും പരതി..ഓര്‍മയില്‍ പ്രണയം തോന്നിയ പലമുഖങ്ങളും ഓര്‍ത്തെടുക്കാന്‍ നോക്കി.അവരിലുള്ള ഏതു ഗുണത്തോടാണ്‌ എനിക്ക് ഉള്ളിലൊളിപ്പിച്ച പ്രണയം തോന്നിയത്?അങ്ങനെ എന്റെ ഉള്ളില്‍ തൊട്ട ഏതെങ്കിലും ഒരു കാര്യം അഭിയുമായി സാമ്യത്തില്‍     ഉണ്ടായിരിക്കുമോ?

എന്റെ ബയോഡേറ്റ രജിസ്റ്റര്‍ ചെയ്തിരുന്ന മാട്രിമോണിയല്‍ പേജ് ഞാന്‍ ഓപ്പണ്‍ ആക്കി.പേജില്‍ ഫില്‍
ചെയ്തിരിക്കുന്ന കോളങ്ങളിലെ അക്ഷരങ്ങള്‍ക്കും അതിലെ  അര്‍ത്ഥങ്ങള്‍ക്കും മാച്ച് ആയി വന്ന ഒരുപാട് അഭിമാരുടെ ബയോടെറ്റകള്‍..അവരെ ഒക്കെ തള്ളി മാറ്റി മുന്നിലെത്തിയ ആള്..എന്നിട്ടും എന്തേ എനിക്ക്‌..??പ്രണയിക്കുക എന്നത് ആയാസമുള്ള  ഒരു ജോലി പോലെയാണ് എനിക്ക്‌ തോന്നുന്നത്.പക്ഷെ അഭി അത് എങ്ങനെ ഈസി ആയി കൈകാര്യം ചെയ്യുന്നു എന്നത് എനിക്ക് എപ്പൊഴും അത്ഭുതം തരുന്നു.സ്നേഹിക്കാന്‍ ഒരു പെണ്‍കുട്ടിയെ കിട്ടിയ ഉത്സാഹം അവന്റെ പ്രവര്‍ത്തികളില്‍ നിറഞ്ഞ് നില്‍ക്കുന്നു.അതിനപ്പുറം എനിക്കവനോട് എന്താണ്..എന്ന്‌ ചിന്തിക്കാന്‍ പോലും മെനക്കെടാതെ വാരി ചൊരിയുന്ന പ്രണയഭാവം.ഒരു മെട്രോസിടി പ്രോടെക്ടിന്റെ പ്രണയം എന്ന്‌ പറയാം.വേഗത്തില്‍ ചടുലമായ പ്രവചിക്കാന്‍ പറ്റാത്ത രീതിയിലുള്ള പ്രണയം.

വിചിത്രം തന്നെ..ഓരോരുത്തരുടെയും പ്രണയം വ്യത്യസ്തമാണെന്ന് തോന്നുന്നു..പ്രണയത്തെകുറിച്ച്  ഒരേ കാഴ്ചപാട് ഉള്ളവരാണോ പ്രണയിക്കെണ്ടത്?വിവാഹിതര്‍ ആകേണ്ടത്?അതെന്തെങ്കിലും ആകട്ടെ..മനപൂര്‍വമായി എങ്ങനെ പ്രണയിക്കാം അതാണ്‌ നമ്മുടെ ലക്‌ഷ്യം...ഞാന്‍ മൊബൈല്‍ എടുത്ത് സേവ് ചെയ്തിരുന്ന പ്രണയ ഗാനം ഒന്ന്
പ്ലേ ചെയ്തു..കണ്ണടച്ച് വരിയുടെ ഈണത്തിലും താളത്തിലും അര്‍ഥത്തിലും ശ്രദ്ധിക്കാന്‍ ശ്രമിച്ചു.അതിനോടൊപ്പം അവന്റെ മുഖം ചേര്‍ത്ത് വയ്ക്കാന്‍ വെറുതെ ശ്രമിച്ചു.

നല്ല വിശപ്പ്  തോന്നിയില്ല..ഫ്രഷ്‌ അപ്പ്‌ ചെയ്ത് പുറത്തേക്ക് ഇറങ്ങിയപ്പോഴും മഞ്ഞിന്റെ നേര്‍ത്ത സുഖം...ഒരു ദീര്ഘശ്വാസത്തില്‍ സിരകളിലേക്ക് പടര്‍ന്നു കേറി തണുപ്പ്..എന്തോ..ഒരു ഉന്മേഷം..'ഗോയിംഗ്  ഔട്ട്‌ '-ഒരു sms റൂം മേറ്റിന്റെ മൊബൈലിലേക്ക് പറത്തി അതോടൊപ്പം അത് ഓഫ്‌ ചെയ്ത് വച്ചു.ലൈബ്രറി മെംബെര്‍ഷിപ്‌ കാര്‍ഡ്‌ ബാഗില്‍ നിന്നും മാറ്റാറില്ല.എന്നാലും ഒന്ന് കൂടി ഉറപ്പിച്ചു.യെസ്..അതവിടെ തന്നെ ഉണ്ട്.വെളുപ്പില്‍ കറുത്ത ഡിസൈന്‍ ഉള്ള ബാഗിന്റെ സിബില്‍ തൂകി ഇട്ടിരുന്ന കുഞ്ഞ് റ്റെഡ്ഡി ബെയര്‍ അതടക്കുമ്പോള്‍ ഇളകി വന്നു.അതിനെ സൈടിലെക്ക് വലിച്ചെറിയുമ്പോള്‍ പറയാതിരിക്കാനായില്ല.-പോ..ആരും വേണ്ട എനിക്ക്‌..ആരും..!


സാധാരണ  ദിവസങ്ങളില്‍ ജോഗിനു വരുന്ന വഴിയിലൂടെ ആണ് സ്കൂട്ടി ഓടിച്ചത്..

ഞായറാഴ്ച ജോഗ്ഗിംഗ് സ്കിപ്പ് ചെയ്യുന്ന എന്നെ പോലെ തന്നെയാണോ എല്ലാപേരും എന്ന്‌ തോന്നി പോയി..ചുന്ന വട്ടപൂക്കള്‍ ഇരുന്നു വീണ് കിടക്കുന്ന ഫുട് പാത്ത്‌ ചെയ്തത് പതുക്കെ വണ്ടി ഓടിച്ചു..പുതുതായി വീണ പൂക്കളെ  തൊടാതെ വെട്ടിച്ച് വെട്ടിച്ച്..ഒരു നിശ്ചിത അകലം ആയപ്പോള്‍ മഞ്ഞ കോളാമ്പി പൂക്കള്‍..പിന്നെ കണ്ണി മാങ്ങയുടെ മണം ഉള്ള ചെറിയ ക്രീം നിറത്തിലുള്ള പൂക്കള്‍,ശരിക്കും പേര് പോലെ തന്നെ..ഗാര്‍ഡന്‍ സിറ്റി.
നേര്‍ റോഡില്‍ നിന്ന് ഇടത്തേക്ക് തിരിച്ച് വണ്ടി നിര്‍ത്തി.

അവധി ദിവസങ്ങളില്‍ തിരക്ക് കൂടുന്ന ഇടങ്ങളില്‍ ഒന്ന്..ലൈബ്രറി!എനിക്കേറ്റവും സന്തോഷം തോന്നുന്നത് അവിടെ അച്ഛന്റെയോ അമ്മയുടെയോ കൈ പിടിച്ച് എത്തുന്ന കുട്ടികളെ കാണുമ്പോഴാണ്.പുസ്തകമെടുത്ത് ഏതെങ്കിലും മൂലയ്ക്ക് ഇരുപ്പായാലും എന്റെ ശ്രദ്ധയുടെ ഒരു ഭാഗം അവര് അപഹരിച്ച് കളയും.പുസ്തങ്ങള്‍ തനിയെ സെലെക്ട് ചെയ്യുകയും ഉത്സാഹത്തോടെ അമ്മയെ കാണിക്കുകയും കണ്ണു മിഴിച് കൌതുകത്തോടെ വായിക്കുകയും ചെയ്യുന്ന കുട്ടികള്‍..!തുടര്‍ച്ചയായി കണ്ട് കണ്ട് ചില സ്മൈലിംഗ് 'ഹായ് ബായ്' കുട്ടി ഫ്രണ്ട്സും ഉണ്ടായിട്ടുണ്ട് എനിക്ക്‌.

വണ്ടി ഒതുക്കി വച്ച്,ഒന്നാം നിലയിലേക്ക് സ്റെപ്പുകള്‍ എണ്ണി എണ്ണി കയറി..ശേഷം ഗ്ലാസ് ഡോര്‍  തുറന്ന് ഉള്ളിലേക്ക് കയറി.ഇടതു സൈഡില്‍ ഇരിക്കുന്ന ലൈബ്രറെറിയന് ഒരു
പതിവ് പുഞ്ചിരി..അയാള്‍ ഒരു കാലിന് അല്പം സ്വാധീനക്കുറവുള്ള ആളാണ്‌.എന്നിട്ടും തിളക്കമുള്ള കണ്ണുകളും ഊര്‍ജ്ജസ്വലമായ മുഖവും ആ മനസിന്റെപോസിറ്റീവ് ചിന്താഗതിയെ എടുത്ത് കാട്ടുന്നു. കട്ടി ഉള്ള ഭാഷ ഒന്നും ദഹിക്കാനുള്ള മാനസികാവസ്ഥ അല്ല..ഭേദപ്പെട്ട ഒരു ബുക്ക്‌ തപ്പി എടുത്ത് എന്റെ സ്ഥിരം പ്ലേസില്‍ പോയിരുന്നു..ഫുള്‍ ഗ്ലാസില്‍ മെയിന്‍ റോഡും വണ്ടി പാര്‍ക്ക് ചെയ്തിരിക്കുന്നതും എല്ലാം കാണാവുന്ന ഒരിടം.നിറയെ മഞ്ഞപൂക്കള്‍ നിറഞ്ഞ  ഒരു മരത്തിന്റെ തലപ്പ്‌ കൂടി ആ ഗ്ലാസിന്റെ സൈഡിലെ കാഴ്ചയാണ്.
 
ഒരു മണികൂറോളം മനപൂര്‍വമായ വായനയില്‍ ഞാന്‍ മുഴുകി..ഓരോ വരിയും ഭാവനയില്‍ കണ്ട്..കഥാപാത്രങ്ങളുടെ മനസിലൂടെ..സംഭാഷണങ്ങളിലൂടെ...രസിച്ച് അങ്ങനെ..പതുക്കെ എന്റെ ചുറ്റുമുള്ള കാഴ്ചകളും ലൈബ്രറിയും എല്ലാം മങ്ങി പൂര്‍ണമായും ഞാന്‍ ഭാവന ലോകത്തേക്ക്  അമര്‍ന്നു.. 

എപ്പോഴൊക്കെയോ പേജുകള്‍ മറിക്കുമ്പോള്‍ പല പല ചിന്തകള്‍ എന്നെ ശല്യപ്പെടുത്താതെ ഇരുന്നില്ല.ഞാന്‍ ഇരിക്കുന്നതിന്റെ ഒരു വശത്തായി ഒരു ഇംഗ്ലീഷ് ഹൊറര്‍  നോവല്‍ വായിച്ചിരിക്കുന്ന സ്ത്രീയെ കണ്ടു.അവരിലേക്ക്  എന്റെ ശ്രദ്ധ ആകര്‍ഷിക്കപ്പെടാന്‍ കാരണം അവര്‍ ഗര്‍ഭിണി ആയിരുന്നു എന്നതാണ്. ഗര്‍ഭിണിയായ ഏത് സ്ത്രീയെ കണ്ടാലും പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഞാന്‍ ഒന്ന് ടെന്‍ഷന്‍ ആകും.വീര്‍ത്ത് ഉന്തിയ വയര്‍ കാണുമ്പോള്‍ അടിവയറ്റില്‍ നിന്ന് ഒരു ആന്തല്‍ പോലെ തോന്നും.അവരുടെ മുഴുകി ഇരുന്നുള്ള വായന ഞാന്‍  പിന്നെയും ശ്രദ്ധിച്ചു..ആ നോവലിലെ പേടിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ,ഉള്ളിലുള്ള കുഞ്ഞിനെ ഞെട്ടിക്കുന്നതും അത് അലരിക്കരയുന്നതും പോലെ എനിക്ക് തോന്നി..!ഹോ..അസ്വസ്ഥമായ മനസിന്റെ ഓരോ ചിന്തകള്‍..ഞാന്‍ വേഗം ദൃഷ്ടി മാറ്റി.


കുറെ ഏറെ സമയം അങ്ങനെ ഇരുന്നു കാണും..ഇടക്കെപ്പോഴോ റോഡിലേക്ക് നോക്കിയപ്പോഴാണ് ഞെട്ടിയത്.എന്റ്റെ സ്കൂട്ടിക്ക് അരികിലായി പാര്‍ക്ക്‌ ചെയ്തിരിക്കുന്ന പരിചിതമായ ഒരു കാര്‍.. അഭിയുടെത്..!ആദ്യം എന്നില്‍..ചെറിയ ഞെട്ടലും..പിന്നെ അത്ഭുതവും വന്നു മൂടി.ഞാന്‍ ഒന്ന് കൂടി സൂക്ഷിച്ച് നോക്കി,കവര്‍ ചെയ്ത ഗ്ലാസ്‌ ആയതിനാല്‍ എന്നെ കാണാന്‍ വഴിയില്ല..കാറില്‍ ചാരി നില്‍പ്പുണ്ട്..ഞാന്‍ ഇവിടേക്കാണ് വന്നത് എന്നത് ഊഹിച്ചെടുത്ത മനസിനെ ഞാന്‍ അംഗീകരിച്ചു .ഒറ്റക് പോകാന്‍ സാധ്യത ഉള്ള ഏക സ്ഥലം അതാണെന് മനസിലാകിയിട്ടുണ്ട്.പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന എന്റെ വണ്ടിയിലേക്കാണ് നോട്ടം..ഇടക്ക് പാറി നോക്കുന്നത് ബില്‍ടിങ്ങിന്റെ ഒന്നാം നിലയിലെക്കുള്ള ലൈബ്രറിയിലേക്കും.. 


എനിക്ക് ഒരല്പം ജാള്യത തോന്നി..ഒളിച്ചിരിക്കുന്നിടത്ത് നിന്ന് കണ്ടു പിടിക്കപ്പെട്ട ഒരു ഫീല്‍..!ഇങ്ങോട്ട് കയറി വന്നേക്കുമോ എന്നൊരു ചിന്ത വന്നപ്പോള്‍ എനിക്ക് ദേഷ്യവും വന്നു.ഞാന്‍ പുസ്തകത്തിലേക്ക് മിഴികള്‍ ഊന്നി..എന്ത് മനോഹരമായി വായനയില്‍ മുഴുകിയ ഞാന്‍ ആയിരുന്നു.ഇപ്പോള്‍ കഴിയുന്നില്ല..കണ്ണുകള്‍ വരികളിലൂടെ ഇഴയുന്നു എന്ന് മാത്രം.ഒന്നും തലയിലേക്ക് കയറുന്നില്ല..ഉച്ച സമയത്തോട്‌ അടുക്കുന്നു.വെയില്‍ പടര്‍ന്നിട്ടുണ്ട്.കാറിനുള്ളില്‍ കയറി ഇരിക്കാമല്ലോ..ഒരേ നില്പ്പിലാണ് ആ വെയിലത്ത്..!ഉള്ളില്‍ എന്തോ ഒരു ഇത് പടര്‍ന്നു കയറി ..
ആര്‍ദ്രത..?അനുകമ്പ..?!ഞാന്‍ ഒന്ന് നിവര്‍ന്നിരുന്നു.ഒന്ന് കൂടി മസില്‍ പിടിച്ചു കൊണ്ട്.
വാട്ടര്‍ ക്യാന്‍ വച്ചിരിക്കുന്നിടത്ത് ചെന്ന് വെള്ളം കുടിച്ച് പോരുമ്പോള്‍ സമയം 2  മണിയോട് അടുത്തിരുന്നു.നന്നായി വിശക്കുന്നു.താഴേക്ക് ഇറങ്ങി ചെല്ലാന്‍ ആകെ ഒരു മടി.അഭി ഇങ്ങോട്ട് കയറി വന്നതുമില്ലല്ലോ..എന്നെ ശല്യപ്പെടുത്തേണ്ട എന്ന് കരുതി ആണോ?ഓഫ്‌ ചെയ്തു വച്ചിരിക്കുന്ന മൊബൈലിലേക്ക് ഞാന്‍ ഒന്ന് നോക്കി.വേണ്ട..വിളിക്കേണ്ട.ഞാന്‍ ഗ്ലാസിലൂടെ പുറത്തേക്ക് ഒന്ന് എത്തി നോക്കി.എന്റെ സ്കൂട്ടിയുടെ സീറ്റിലേക്ക്  പൊഴിഞ്ഞു വീണ ഒരു ഇല ശ്രദ്ധയോടെ എടുത്തു മാറ്റുകയാണ്.വളരെ ചെറിയ കാര്യമായിരുന്നിട്ടും എനിക്കത് വളരെ വലിയ കാര്യമായി തോന്നി.സ്ത്രീകള്‍ പൊതുവേ അങ്ങനെ ആണെന്ന് തോന്നുന്നു-പുരുഷന്റെ ചെറിയ സ്നേഹപ്രകടനങ്ങള്‍ക്കും കരുതലിനും പരിഗണനക്കും പ്രാധാന്യം കല്പ്പിക്കുന്നവര്‍..!നിസാര കാരണത്തിന് വഴക്കിടുകയും ഓടി ഒളിക്കുകയും ചെയ്ത എനിക്ക് അവന്റെ പ്രവര്‍ത്തികള്‍  ഇപ്പൊ ഒരുതരം കുറ്റബോധം ഉണ്ടാക്കുന്നു.


ഒരു നിമിഷം പിന്നീട് അവിടെ ഇരിക്കാന്‍ പിന്നീട്  തോന്നിയില്ല.പുസ്തകം തിരികെ വച് താഴേക്ക്  ഇറങ്ങി ചെല്ലുമ്പോള്‍എന്തായിരുന്നു മനസില്‍..അറിയില്ല..!വണ്ടിയുടെ സമീപം, അവന്റെ നേര്‍ക്ക് ചെന്ന് നിന്നു.കൈയില്‍ ഇരുന്ന വെള്ളത്തിന്റെ കുപ്പി എന്റെ നേരെ നീട്ടി.ദാഹം തോന്നിയോ ഇല്ലയോ..അത് വാങ്ങി കുടിക്കാതിരിക്കാന്‍ ആയില്ല.കുപ്പി തിരികെ നല്‍കുമ്പോള്‍ പകരം ഹാന്‍ഡ്‌ കര്‍ചീഫ്‌ എടുത്തു നീട്ടി അവന്‍.ഞാന്‍ പതിയെ എന്റെ കഴുത്തില്‍ തൊട്ടു നോക്കി.ഏസി ലൈബ്രറി ഹാള്‍  ആയിരുന്നിട്ടും ഞാന്‍ വല്ലാണ്ട് വിയര്‍ത്തിരിക്കുന്നു.മുഖം തുടച്ച് അത് തിരികെ നല്‍കി,ഒരു നിമിഷം ഞാന്‍ കാത്തു-ഉറക്കെ ശകാരിക്കും ഇപ്പോള്‍..!!അതുണ്ടായില്ല..കാതുകളില്‍ പതിഞ്ഞത്,നടന്നകലുന്നതിന്റെയും കാറിന്റെ ഡോര്‍ അടയുന്നതിന്റെയും ഒച്ച ആയിരുന്നു.ആദ്യമായി അവനെ ഓര്‍ത്ത് ഹൃദയം കീറി മുറിക്കുന്ന ഒരു വേദന   എനിക്ക് തോന്നി.


റൂമിലെത്തി ബെഡിലേക്ക് അമരുമ്പോള്‍  സമയം 3.40..!!! തീരെ വിശപ്പ്‌  തോന്നിയില്ല.ഒരാളിനെ ഓര്‍ത്ത് വേദനിക്കാന്‍ .. അസ്വസ്ഥമാകാന്‍ തുടങ്ങുമ്പോള്‍ അവിടെ പ്രണയത്തിന്റെ ആദ്യ കിരണങ്ങള്‍ ഉദിക്കുന്നു എന്ന് എവിടെയോ വായിച്ചത് ഓര്‍ത്തു.ഹേ..ഇല്ല..ഇതെന്തോ..ഒരു..പറയാന്‍ പറ്റാത്ത ഒന്ന് അത്രേ ഉള്ളു.ഞാന്‍ കണ്ണുകള്‍ പൂട്ടി തലയിനയിലെക്ക് മുഖം അമര്ത്തി.ഇന്ന് ഒറ്റയ്ക്കായത് നന്നായി.ഐ ലവ് ലോന്‍ലിനെസ്സ്..എന്നോട് തന്നെ പറഞ്ഞു.


സമയം കുറെ കടന്നു പോയി..ജനാലയ്ക്കല്‍ നിന്ന് മെല്ലെ തണുപ്പ്  പിന്നെയും അരിച്ച് കയറാന്‍ തുടങ്ഗ്യപ്പോള്‍ തല ഉയര്‍ത്തി നോക്കി.നേരം ഇരുട്ടുന്നു..മൊബൈല്‍ തപ്പിപിടിച്ച് എടുത്തു.കാള്‍ ലിസ്റ്റില്‍ "എ"എന്ന് അമര്ത്തി..ആദ്യത്തെ പേരില്‍ കാള്‍ ബട്ടന്‍ അമര്ത്തി.അഭി..!
സ്വിച് ഓഫ്‌..
ഉള്ളിലൊരു നീറ്റല്‍ വന്ന്  മേലാകെ പടര്‍ന്നു കയറി.എഴുന്നേറ്റു ഇരുന്നു പിന്നെയും കാള്‍ ബട്ടണ്‍ അമര്ത്തി.
സ്വിച് ഓഫ്‌..ചുവരില്‍ ചാരി ഇരുന്ന് പിന്നെയും പിന്നെയും ശ്രമിച്ചു..!സങ്കടവും കുറ്റബോധവും കലര്‍ന്ന എന്തോ ഒന്ന് വല്ലാതെ ഉലക്കുന്നു..ഭക്ഷണം കഴിക്കാന്‍ എടുത്തു..കഴിയുന്നില്ല..നെഞ്ചിലെ ഒരു നീറ്റല്‍ അല്ലാതെ മറ്റൊന്നും അറിയാനാകുന്നില്ല വിശക്കുന്നുണ്ടോ എന്ന് പോലും.കുളിച്ച് ഫ്രഷ്‌ ആയി അല്‍പസമയം ടി.വി കാണാന്‍ ശ്രമിച്ചു.ശ്രധിക്കാനാവുന്നില്ല.അവന്റെ മുഖം വാക്കുകള്‍ ചിരി എല്ലാം വെറുതെ ഓര്മ വരികയാണ്.കുഴക്കുന്ന പ്രശ്നങ്ങള്‍  വരുമ്പോള്‍ എപ്പോഴുംചെയ്യുന്ന പോലെ ഞാന്‍ കണ്ണാടിയ്ക്ക് മുന്നില്‍ ചെന്നു.എന്റെ കണ്ണിലെയ്ക്ക് നോക്കി.യെസ്-ആം ഡിസ്ടര്ബെഡ് ...!!!


രണ്ടു ദിവസമായി പലവട്ടം അഭിയുടെ ഫോണ്‍ സ്വിച് ഓഫ്‌ ആണ്.സോറി മെസേജുകള്‍ പലതവണ പലവട്ടം അയച്ചു.
ഓരോ തവണയും എന്റെ മൊബൈല്‍ റിംഗ് ചെയ്യുമ്പോല്‍.. മെസേജ് വരുമ്പോള്‍..ഈ രണ്ടു ദിവസവും വല്ലാത്ത ആവേശത്തില്‍ ആണ് എടുത്തത്.ഫലം നിരാശ ആയിരുന്നെങ്കില്‍  പോലും..!ഈ സമയം കൊണ്ട് തന്നെ ഞാന്‍ സ്വയം എപ്പോഴോ അംഗീകരിച്ചു-ഞാന്‍ അവനെ പ്രണയിക്കാന്‍ തുടങ്ങിരിക്കുന്നു..!എങ്ങനെ എപ്പോള്‍ എന്ന് കൃത്യമായി പറയാന്‍ ഒരു നിമിഷമില്ല..!പക്ഷെ നിര്‍വചിക്കനാകാതെ ഒരു നീറ്റലായി, വേദനയായി..പടരുന്നത് പ്രണയമാണ്..!


ഹൃധയത്ത്തിനു ഭാരം വയ്ക്കുക എന്ന അവസ്ഥ ശരിക്ക് ഞാന്‍ രണ്ടു ദിവസം കൊണ്ട് മനസിലാക്കി.നെഞ്ചിലെ മിടിപ്പുകള്‍ക്ക് വല്ലാത്ത വേഗത.ഇനി വയ്യ..എല്ലാ ലിമിറ്റും കഴിഞ്ഞു..മൂന്നാമത്തെ ദിവസം വൈകുന്നേരം,അവന്റെ  ഓഫീസിന് പുറത്ത് കാത്തു നില്‍ക്കുമ്പോള്‍ എനിക്ക് വല്ലാത്ത ടെന്‍ഷന്‍ തോന്നി.പലഷിഫ്ടിലുള്ള ആള്‍ക്കാര്‍ ജോലി കഴിഞ്ഞു ഇറങ്ങി തുടങ്ങി..എന്റെ നെഞ്ഞിടിപ്പ്‌ വര്‍ദ്ധിച്ചു.കമ്പനി ലോഞ്ചിനു സമീപം പല തരം കച്ചവടക്കാര്‍ പലതും കൊണ്ട് നടന്നു വില്ക്കുന്നുണ്ട്.ഒരു ചെറിയ ബോക്സ്‌ നിറച്ചു ചുവന്നു പഴുത്ത സ്ട്രോബെറി പഴങ്ങളുമായി ഒരു  ചെറിയ പെണ്‍കുട്ടി എന്റെ അടുത്തെത്തി..ആ ടെന്ഷനിടയിലും അവളുടെ നുണക്കുഴി വിരിയുന്ന ചിരിയും കണ്ണുകളില്‍ അത് വാങ്ങാന്‍ ഉള്ള അപേക്ഷയും എനിക്ക് കണാതിരിക്കാനായില്ല.അത്  വാങ്ങി കാശ് കൊടുക്കുമ്പോള്‍ കണ്ടു,പുറത്തേക്ക് വരുന്ന അഭി.


എനിക്കും അവനും ഇടയില്‍ ഒരു ചെറിയ നടപ്പിനുള്ള ദൂരം.അവന്‍ ഒരുപാട് സുന്ദരനാണെന്ന് എനിക്ക് തോന്നി.ആ വിടര്‍ന്ന കണ്ണുകളില്‍ പരിഭവം ഉണ്ടെങ്കിലും അതിനെക്കാള്‍ സ്നേഹവും ഉണ്ടെന്ന് എനിക്ക് മനസിലായി.ദിവസത്തില്‍ ഒരായിരം വട്ടം അവന്‍ പറയാറുണ്ടായിരുന്ന ഒരു വാചകം ഒരു ആത്മാര്‍ദ്ധമായ മാപ്പിന് ശേഷം ഞാന്‍ അവനോട്  പറയാന്‍ ആയി മനസ്സില്‍ ഒരുക്കി വച്ചു.-ലവ്  യു  ലോട്സ് ..!


അടുത്തെത്തി,ചോദ്യ ഭാവത്തില്‍ എന്റെ മുഖത്തേക് മിഴികള്‍ ഊന്നി നിന്നു, അവന്‍.എനിക്ക്  ശരിക്കും വാക്കുകള്‍ നഷ്ടമായി.കുറച്ച് നിമിഷങ്ങള്‍..ഒരേ നില്‍പ്പ്..ആ തിരക്കിലും, ചുറ്റും ആരുമില്ല..ഒരു ആണും ഒരു പെണ്ണും മാത്രം!
""മം?" എന്താ എന്നാ അര്‍ഥത്തില്‍ അവന്‍ ഒന്ന് മൂളി..
"സോറി" അടഞ്ഞ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു.എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നോ?
അവന്‍ ഒന്ന് ചിരിച്ചു.ജീവിതത്തില്‍ ആദ്യമായി എനിക്ക് വല്ലാത്ത നാണം വന്നു.മുഖം കുനിച്ച് ഒരു കൈത്തലം ഞാന്‍ നെറ്റിയില്‍ ചേര്‍ത്തു.
"'ഇതെന്താ കൈയില്‍?ചുവന്ന റോസപ്പൂക്കള്‍ക്ക് പകരം ചുവന്ന സ്ട്രോബെറി പഴങ്ങള്‍"'അവന്‍ ചോദിച്ചു
എന്റെ മറുകൈയ്യിലെ  ചെറിയ കണ്ണാടി ബോക്സിലെക്കാന്  നോട്ടം..
"റോസാപ്പൂക്കള്‍  ഇല്ല..എന്റെ പ്രണയം ഈ തുടുത്ത സ്ട്രോവ്ബേരി പഴങ്ങള്‍ പോലെയാണ്..മൊട്ടിടുമ്പോള്‍
കയ്പ്പും..പിന്നീട് പുളിപ്പും..പഴുത്ത് പാകമായാല്‍ മധുരവും..!!
സന്ദര്ഭത്തിനൊത്ത് ഉയര്‍ന്ന എന്റെ വാചകം കേട്ട് അവന്‍ പൊട്ടിച്ചിരിച്ചു..ഞാനും..!
"ലവ് യു ലോട്സ്"- ചിരിക്ക് ഒടുവില്‍ പതിഞ്ഞ സ്വരത്തില്‍ ഞാന്‍ പറഞ്ഞു.
ഒപ്പം ആ ബോക്സ്‌ തുറന്ന് ഞാന്‍ അവന് നേരെ നീട്ടി..അത് മുഴുവനായി വാങ്ങി, സ്ട്രോബെരി ഒരെണ്ണം എടുത്ത്  ചുണ്ടോട് ചേര്‍ത്ത് അവന്‍ പറഞ്ഞു-
"ശരിയാണ്..ഇപ്പോള്‍ ഇതിന് പ്രണയത്തിന്റെ വല്ലാത്ത മധുരം.."!!!!!
പ്രണയത്തിന്റെ ഒരു സ്ട്രോബെരിക്കാലം അവിടന്ന് മുന്നിലേക്ക്..!!


 -SNEHA...