Monday, 17 February 2014

രണ്ട് മെഴുകുതിരികൾ..

രാത്രികളിൽ കന്യാസ്ത്രീ മഠത്തിലെ വൈദ്യുതി വിളക്കുകൾ എല്ലാം അണഞ്ഞതിനു ശേഷം മെഴുതിരി കാലിൽ രണ്ടു മെഴുകുതിരികൾ കത്തിച്ചു വച്ചാണ് ആനി സിസ്റ്റർ സാധാരണ എഴുതാൻ ഇരിക്കാറ്. ജനലുകൾ ചേർത്തടച്ചാലും തണുത്ത കാറ്റ് ചൂളം കുത്തി വീശുന്നത് കേള്ക്കാം.മുറിയിലെ മേശമേൽ ചിതറി കിടക്കുന്ന വെളുത്ത് നനുത്ത കടലാസുകളിൽ നിറയെ പ്രണയമായിരുന്നു..ആനി സിസ്റ്റെർ ഈശോയ്ക്ക് വേണ്ടി എഴുതിയ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും വരികൾ.

മഷിപ്പേനയുടെ അടപ്പ് തുറന്ന് വച്ച് ,പുതിയ കടലാസിലേക്ക് നോക്കി അവൾ അവളുടെ പ്രിയനെ മനസിലേക്ക് വീണ്ടും വീണ്ടും ഓർത്തെടുക്കുമായിരുന്നു .അവനു വേണ്ടിയുള്ള വരികളാണ് അവള്ക്ക് എഴുതേണ്ടത്.അവനോടുള്ള പ്രണയം, ഭക്തി, ആദരവ്.. പിന്നെയും നിറഞ്ഞു നില്ക്കുന്ന എന്തൊക്കെയോ.. വാക്കുകള്ക്കും വരികള്ക്കും ഒതുങ്ങുന്നതല്ല അവനോടുള്ള പ്രണയം.കല്ലിലും മരത്തിലും ചിത്രങ്ങളിലും കണ്ട ജീവസുറ്റ രൂപങ്ങൾക്ക് പുറമേ ആനി സിസ്റ്റെറിന്റെ മനസിൽ അവന്,അവളുടെ ഈശോക്ക്..ജീവനുള്ള ശരീരവും തുടിക്കുന്ന ഹൃദയവും എല്ലാം ഉള്ള വ്യക്തമായ രൂപമുണ്ടായിരുന്നു..സ്വരമുണ്ടായിരുന്നു..അവന്റെ സ്പർശനത്തിന്റെ താപത്തിന്‌ പോലും അവൾടെ മനസിൽ അളവുകൾ ഉണ്ടായിരുന്നു.

ഓരോ വിശേഷ ദിവസങ്ങൾക്കനുസരിച്ച് പള്ളിയിലേക്ക് വേണ്ടുന്ന ക്വയർ ഗാനങ്ങളിൽ പലതും രചിച്ചിരുന്നത് ആനി സിസ്റ്റർ ആയിരുന്നു. കർത്താവിനോട് ഒടുങ്ങാത്ത പ്രണയമുള്ള മണവാട്ടി.അവളുടെ വരികളിൽ തെളിയുന്ന സ്നേഹം അത്രമേൽ തീവ്രമായിരുന്നു.ഭക്തിയുടെ പ്രണയത്തിന്റെ മൂർദ്ധന്യതയിൽ അവൾ ഒഴുകിയ ദിവസങ്ങളിൽ ഒന്നിൽ അത് സംഭവിച്ചു..

ആനി സിറ്റെർ നേരിട്ട് കണ്ടു- അവളുടെ ഈശോയെ..!!!

പ്രധാന പള്ളിയോട് ചേർന്ന ചെറിയ ചാപ്പലുകളിൽ ഒന്നിൽ മുട്ട് കുത്തി നിന്ന് പ്രാർത്ഥിച്ചിരുന്ന അവളുടെ ശ്രദ്ധ മുഴുവൻ ക്രൂശിത രൂപത്തിലായിരുന്നു.എന്നും വൈകുന്നേരങ്ങളിൽ പതിവുള്ളതാണിത്.കത്തുന്ന ഒരു മെഴുകുതിരി അവൾ കൈയ്യിൽ പിടിച്ചിരുന്നു.മെഴുക് ഉരുകി ഒലിച്ച് 
ആ കൈപ്പത്തിയെ പൊള്ളിച്ച്, കട്ട പിടിച്ചു കൊണ്ടിരുന്നു.ചിലപ്പോഴെല്ലാം അവ കൈയിലൂടെ ഒലിച്ച്  തറയിലേക്ക് വീണ് ചെറിയ പൂക്കൾ തീർത്തു.ആ വേദനയുടെ ലഹരിയിൽ അവൾ കൂടുതൽ നിറവോടെ അവനെ മനസിലേക്ക് ആവാഹിച്ചു.ഭക്തിയുടെ നിറവിൽ അവളുടെ കണ്ണ്കൾ നിറഞ്ഞു തുളുംബി.

പുറത്തേക്ക് ദൃഷ്ടി ഒന്ന് മാറ്റുമ്പോൾ അവൾ കണ്ടു-വെളുത്ത വസ്ത്രമണിഞ്ഞ് ചുവന്ന മേല്പ്പുതപ്പ് മൂടി,നീട്ടിയ ചെമ്പിച്ച തലമുടിയോടെ നേർത്ത താടി രോമങ്ങളോടെ, തവിട്ടു നിറമുള്ള കണ്ണുകളോടെ
ഒഴുകി നീങ്ങുന്ന അവൻ...."എന്റെ ഈശോ... " 
ആനി സിസ്റ്റർ ഏങ്ങലോടെ നിലവിളിയോടെ ബോധരഹിതയായി തറയിലേക്ക് വീണു.

'അനുഗ്രഹം' കിട്ടിയതോടെ അവൾ പൂർവാദികം സന്തോഷവതിയും ഉൽസാഹവതിയുമായി.അവളുടെ സാന്നിധ്യം പോലും ഒപ്പമുള്ളവർ അനുഗ്രഹമായി തന്നെ കരുതി.കിട്ടിയ 'അനുഗ്രഹം' ആശ്ചര്യമായും അബദ്ധ മായും ആനി സിസ്റ്റെറിനു മനസിലായത്  'ഈശോ' അവളെ കാണാൻ മഠത്തിൽ എത്തിയപ്പോൾ ആണ്. അവൾ പള്ളിയിലേക്കായി എഴുതിയ ഗാനങ്ങൾ ചിട്ടപ്പെടുത്താൻ സാധാരണ വന്നിരുന്ന ആളല്ല അന്ന് എത്തിയത്. തന്നെ കാത്തിരുന്ന ആളെ കണ്ടു അവൾ പകച്ചു.

"ഈശോ.." അർദ്ധബോധത്തിൽ അവൾ വിളിച്ചു.

ഗാനങ്ങൾ എഴുതിയ കടലാസ് വാങ്ങി, വലത് കൈ ഇടത് നെഞ്ചിൽ ചേർത്ത് പുഞ്ചിരിയോടെ അയാള് അവളോട് പറഞ്ഞു: 

  -"യോഹൻ.. ഫാദർ യോഹൻ എബ്രഹാം..നിങ്ങളുടെ പള്ളിയിലേക്ക് പുതിയ പാതിരിയാണ്..രണ്ടു ദിവസം മുന്പ് വന്നു." !!
 
ഒരല്പം സ്ത്രൈണത കലര്ന്ന സൌമ്യമായ മധുരമായ ശബ്ദം.അയാള് മറ്റൊന്നും പറഞ്ഞത് അവൾ കേട്ടില്ല..നടന്നകലുമ്പോൾ അവൾ പിന്നെയും പറഞ്ഞു.. "ഈശോ.. ഈശോ..ഈശോ.." !!!


ദിവസങ്ങൾ.. മാസങ്ങൾ.. ഓരോന്നും വേഗതയിൽ തന്നെ കഴിഞ്ഞു പോയി.
ഫാദർ യോഹന്റെ ഈണവും താളവും ആനി സിസ്റ്റെറുടെ ഒരുപാട് രചനകള്ക്ക്  ജീവൻ പകർന്നു. ക്വയരിനു പാടാൻ വന്ന പലരുടെയും ശബ്ധങ്ങളിലൂടെ അവ പള്ളിയങ്കണത്തിൽ മുഴങ്ങിക്കൊണ്ടേയിരുന്നു. 

ആനി സിസ്റ്ററുടെ മനസിൽ അവളുടെ ഈശോ എന്ന യോഹൻ നിറഞ്ഞു നിറഞ്ഞു വന്നു.അവൾ അവനെ കുറിച്ച് എഴുതുന്ന ഓരോ വരിയും വാക്കുകളും പ്രണയത്തിന്റെ ചൂടിലും തണുപ്പിലും പൊള്ളി.

ചിലപ്പോഴെല്ലാം അവൾ സ്വയം ചോദിച്ചു.പാപിയാണോ ഞാൻ?എന്റെ ചിന്തകള്? സ്നേഹം? ഇല്ല..യോഹനെ എനിക്കറിയില്ല..ഞാൻ പ്രണയിക്കുന്നത് എന്റെ ഈശോയെ തന്നെയാണ്.അവൻ യോഹനല്ല.എന്റെ ഈശോ.. ഈശോ.. എന്റെ മാത്രം ഈശോ..!!!അവനെക്കുറിച്ച് അവൾ എഴുതിയ വരികൾ അവൻ മൂളുമ്പോൾ അവൾ അനുഭവിക്കുന്ന സന്തോഷം അത്ര വലുതായിരുന്നു. ആ നിമിഷങ്ങളിൽ അവളുടെ മനസ്‌ നിശബ്ദമായി അവനോട് ചോദിച്ചു കൊണ്ടേ ഇരിക്കും- പ്രിയനേ.. നിനക്ക് മനസിലാവുന്നുണ്ടോ..?തിരിച്ചറിയുന്നുണ്ടോ നീ,എന്റെ സ്നേഹം? എന്റെ നിറഞ്ഞ സ്നേഹം? 

ആനി സിസ്റ്ററുടെ ദിവസങ്ങൾ ഭക്ഷണത്തിനോ ഉറക്കത്തിനോ പ്രാർത്ഥനകൾക്കോ സേവനങ്ങള്ക്കോ ഒന്നും സമയം തികയാത്ത വണ്ണം എഴുത്തിൽ മാത്രമായി.അവനെ പ്രകീർത്തിച്ചു കൊണ്ടുള്ള ,സ്നേഹിച്ചു കൊണ്ടുള്ള വരികൾ..കഥകൾ..കവിതകൾ.. ഗാനങ്ങൾ.അവ ഓരോന്നും തിരുത്തുവാനും 
അഭിപ്രായം പറയുവാനും അവള്ക്ക് അവന്റെ സാനിധ്യം ആവശ്യമായിരുന്നു. അല്ലങ്കിൽ അവന്റെ സാനിധ്യത്തിലേക്ക് എത്താൻ അവൾ എഴുത്ത് ഒരു കാരണമാക്കിക്കൊണ്ടേയിരുന്നു.

സ്നേഹപൂർണമായിരുന്നു അവന്റെ, ഫാദർ യോഹന്റെ പെരുമാറ്റം. എന്ന് കരുതി പ്രത്യേകമായി അവളോട് ഒരു താല്പര്യവും അവൻ കാണിച്ചിരുന്നില്ല. അവളെ ഒഴിവാക്കാൻ ശ്രമിച്ചതുമില്ല.

ചങ്ങലകൾക്ക്  കണ്ണും കാതും വയ്ക്കുവാൻ കാലതാമസം ഉണ്ടായിരുന്നില്ല. വിലക്കുകൾക്ക് മുൻപേ മഠത്തിൽ ചില അണിയറ വർത്തമാനങ്ങൾ തുടങ്ങിയിരുന്നു.അവളൊന്നും അറിഞ്ഞതേ ഇല്ല.അവളുടെ ദിവസങ്ങൾ അനിർവചനീയമാം വിധം സന്തുഷ്ടമായിരുന്നു.അത് കൊണ്ടാവണം ആദ്യമായി സൗമ്യ ഭാഷയിൽ കിട്ടിയ താക്കീത് അവൾ അത്ര കാര്യമാക്കിയില്ല. അവള്ക്ക് ആ അവസ്ഥയിൽ  നിന്ന് ഒരു മാറ്റം സാദ്ധ്യമായിരുന്നില്ല.താക്കീതിന്റെ നിറവും കടുപ്പവും മാറാൻ അത് കാരണമായി.കര്ശനമായ വിലക്കുകൾ അവള്ക്ക് മുന്നില് വന്നു. പള്ളിയിലേക്ക് ഉള്ള പോക്ക് വരവ് പോലും മഠത്തിൽ നിന്നുള്ള വിലക്കിൽ നിർത്തലാക്കി.മാസങ്ങളോളം അവൾ അവളുടെ ഈശോയെ കാണാൻ ആവാതെ പ്രാര്ത്ഥനയിൽ തന്നെ കഴിഞ്ഞു കൂടി. 

അന്നൊരു ക്രിസ്മസ് തലേന്ന് പാതിരാ കുർബാനയ്ക്ക് മഠത്തിൽ നിന്നുള്ള പ്രത്യേക സംഘത്തിൽ അവള്ക്കും പള്ളിയിലേക്ക് പോരാൻ പറ്റി.പ്രാര്ത്ഥനകൾക്ക് ഒടുവിലാണ് അവൾ അവനെ കണ്ടത്.അതിനു ശേഷം ചുറ്റുമുള്ള ആരെയും അവൾ കണ്ടില്ല..അവൻ... അവൻ മാത്രം..!! ആ മുന്നില് മുട്ട് കുത്തി നിന്ന് കൈയ്യിലടുക്കി പിടിച്ച ഒരു ചുവന്ന റോസാപ്പൂ അവനു നേരെ നീട്ടിക്കൊണ്ട് അവൾ ഇങ്ങനെ പറഞ്ഞു:

"എന്റെ ഈശോ..
ഇതെന്റെ ഹൃദയമായി കണ്ടു സ്വീകരിക്കണം 
നിന്നോടുള്ള പ്രണയത്താൽ ഞാൻ വിവശയാണ്..
എന്റെ സർവവും നീ മാത്രമാണ്.."

ഫാദർ യോഹൻ ആൾക്കൂട്ടത്തിൽ വച്ച് വല്ലാണ്ട് ഭയന്നു.
ആനി സിസ്റ്റർ അയാളുടെ കൈകൾ പിടിച്ച് ആ പൂവ് പിടിപ്പിക്കാൻ ശ്രമിച്ചു.
മുള്ളുകൾ കൊണ്ട് യോഹന്റെ കൈത്തലം മുറിഞ്ഞു..രക്തം പൊടിഞ്ഞു..

ആ കൈത്തലം മുഖത്ത് അമര്ത്തി പിടിച്ചു കൊണ്ട് അവൾ പിറുപിറുത്തു: 
'തിരു മുറിവുകൾ..' !!

അവളെ പിടിച്ച് മാറ്റിയത് ആരൊക്കെയാണെന്ന് ഫാദർ യോഹന് അറിയില്ല.
ആനി സിസ്റ്റെറിനു മനോവിഭ്രാന്തി ആണ് ഭ്രാന്താണ് എന്ന് വിളിച്ച് പറയുന്നവരുടെ സ്വരത്തിൽ അമർഷമോ പരിഹാസമോ അറപ്പോ വെറുപ്പോ ഒക്കെ ആയിരുന്നു.

അന്ന് രാത്രി തന്നെ മുതിര്ന്ന പാതിരിമാരുടെ കടുത്ത തീരുമാനത്തിൽ 
ഫാദർ യോഹൻ എബ്രഹാം സഭയുടെ റൂറൽ ഏരിയയിലേക്ക്  മാറ്റപ്പെട്ട് കൊണ്ടുള്ള ഉത്തവായി.രാത്രി തന്നെ പുറപ്പെടാൻ പ്രത്യേകം അറിയിപ്പുണ്ട്.

ആരോടും എതിർത്തൊന്നും പറഞ്ഞില്ല.പക്ഷെ, ഫാദർ യോഹന്റെ മനസ്‌ വല്ലാതെ നൊമ്പരപ്പെട്ടു..യാത്രക്കുള്ള ഒരുക്കങ്ങൾ എല്ലാം ചെയ്ത് പുറപ്പെടും മുന്നേ പള്ളിയുടെ  സമീപത്തെ ചെറിയ ചാപ്പലിലേക്ക് അയാള് ചെന്നു. ആനി ദിവസവും മുട്ട് കുത്തി, കൈകളിൽ മെഴുകുതിരി ചൂടേറ്റു പ്രാർത്ഥിക്കുന്ന ഇടത്ത് അയാള് മുട്ട് കുത്തി നിന്നു.ഇവിടെ ഇങ്ങനെ നിന്നാണ് ആനി ആദ്യം തന്നെ കണ്ടതും ബോധമറ്റ് വീണതും.അവളുടെ കൈകളിലൂടെ ഉരുകി ഒലിച്ച മെഴുതിരികൾ തറയിൽ തീർത്തിരുന്ന പൂക്കളിൽ അയാള് മെല്ലെ തലോടി.


ഈറനണിഞ്ഞ കണ്ണുകൾ ക്രൂശിത സ്നേഹരൂപത്തിലേക്ക് നീണ്ടു.അയാളുടെ ചുണ്ടുകൾ അവ്യക്തമായി പറഞ്ഞു തുടങ്ങി :

"നിസഹായതയുടെ.. വേദനയുടെ..ആഴങ്ങളിലാണ് ഞാൻ.എനിക്ക് നീ മാപ്പ് തരിക..എന്നേ ഞാൻ സ്വയം മാറി തുടങ്ങിയിരുന്നു.--ആനിയുടെ സ്വന്തം ഈശോ.!!അറിയാം, പ്രതിപുരുഷനാണ് ഞാൻ..ഒരിക്കലും അങ്ങാവില്ല..ഞാൻ അങ്ങയുടെ ദാസൻ..ഒരു നോക്ക് കൊണ്ട് പോലും പാപം ചെയ്യരുതേ എന്ന ചിന്തയിലും ഫാദർ യോഹനെ മാറ്റി നിർത്തി അവളുടെ ഈശോ ആയി, ആ സ്നേഹം മനസു കൊണ്ട് സ്വീകരിക്കുകയായിരുന്നു ഞാൻ..!! സന്യാസജീവിതം.. വ്രതം.. ചിട്ടകൾ.. സമൂഹം..എല്ലാം ഓർമയിലുണ്ട്.. എങ്കിലും, എന്ത് തന്നെ ആയാലും മനുഷ്യരല്ലെ..പച്ചയായ മനുഷ്യര്.!! രക്തവും മാംസവും മനസും തന്നു അങ്ങ് തന്നെ സൃഷ്ടിച്ച മനുഷ്യര്.!!എനിക്കറിയാം ഞാനും അവളും ഒറ്റപ്പെട്ടവരല്ല, ഇതേ വേദന അനുഭവിച്ച ഒരായിരം പേരുണ്ടാകാം ഞങ്ങളുടെ കൂട്ടത്തിൽ..!!അത് കൊണ്ട് തന്നെ നിനക്ക് മനസിലാകും ഞങ്ങളെ. ഉള്ളു കൊണ്ട് സ്നേഹിച്ചിരുന്നെങ്കിലും അതിര് വിട്ടു പോയിട്ടില്ല.എന്ത് ശിക്ഷയും ഏറ്റെടുക്കാൻ ഞാൻ ഒരുക്കമാണ്. എന്റെ രൂപത്തിൽ നിന്നെ കണ്ട അവള്ക്ക്.. ..അവള്ക്ക്...മാപ്പ് കൊടുക്കണേ..  "

കൈയിലെ മുറിവിലേക്ക് മുഖം അമർത്തി യോഹൻ പൊട്ടിക്കരഞ്ഞു. 

പുറത്തേക്ക് ഇറങ്ങി നടക്കുമ്പോൾ അയാള് ആരെയും ശ്രദ്ധിച്ചില്ല..ഒന്നും മിണ്ടിയില്ല..പിന്തിരിഞ്ഞു നോക്കിയില്ല..ആ കൈകളിലെ ചോര പൊടിയുന്നത് നിലച്ചിരുന്നു.എങ്കിലും, ഹൃദയത്തിൽ വീണ മുറിവിൽ നിന്ന് ഒരിക്കലും നിലയ്ക്കാത്ത രീതിയിൽ ചോര പൊടിഞ്ഞു കൊണ്ടേ ഇരുന്നു....!! 

- Ammutty..!!

67 comments:

 1. മോഹങ്ങളും സ്വപ്നങ്ങളും അടിച്ചമര്‍ത്താന്‍ വിധികപ്പെടവരുടെ കഥ ( അടുത്തിടെ ഇറങ്ങിയ വിശുദ്ധന്‍ എന്ന സിനിമയുടെ കഥ ഇ ജനുസ്സില്‍ പെടുന്നതാണേ?) ഇ കഥ വായിച്ചപ്പോള്‍ തോന്നിയത് എല്ലാവരും സ്നേഹിക്കുവാനും സ്നേഹിക്കപെടുവാനും കൊതിക്കുന്നവര്‍ അണ് എന്ന്,
  എഴുത്ത് തുടരുക്ക

  ReplyDelete
  Replies
  1. താങ്ക്സ് .... ഇതാണ് കഥ സത്യം. കഥയിൽ പറയുന്നതും ..!!
   (വിശുദ്ധൻ ഞാൻ കണ്ടതാണ്. അച്ഛനും സിസ്റ്റെരും ഉണ്ട് എന്നതിൽ ഉപരി കഥയുമായി ഒട്ടുമേ ബന്ധമില്ല)

   Delete
 2. എല്ലാം മനസ്സിലടക്കി ഉരുകിത്തീരുന്നവർ ! വെളിച്ചം ലഭിച്ചവർ മനസ്സിലാക്കുന്നില്ല അതിന്റെ ദുഖം. അവസാനം ഒന്നുമില്ലായ്മയിലേക്ക്. ചിലപ്പോൾ അലപം ചിത്രങ്ങൾ മാത്രം ഭാക്കിയാക്കി കൊണ്ട്!

  കൊള്ളാം അമ്മു...

  ReplyDelete
  Replies
  1. ഒരുപാട് സന്തോഷം... ഈ വരികൾ കഥയിൽ ചേർക്കാൻ വേണ്ടി ഞാൻ ഓർത്തതാണ്.കഥയ്ക്ക് മെഴുകുതിരികൾ എന്ന് പേരിട്ടതും ഇടക്ക് ചില ഭാഗങ്ങൾ തിരികളെ കുറിച് ചേർത്തതും ഇതേ ഉദേശത്തിൽ തന്നെ.. അന്നേരം നേരിട്ടുള്ള പറച്ചിൽ ഒഴിവാക്കി.വായനക്കാരൻ തന്നെ അത് ഇങ്ങൊട്ട് കമെന്റുമ്പോൾ പറയാനാകാത്ത സന്തോഷം..
   നന്ദി നന്ദി നന്ദി...

   Delete
 3. ആര്‍ക്കൊക്കയോ വേണ്ടി ഉരുകിത്തീരുന്ന ജന്മങ്ങള്‍ ..
  അതില്‍ വെന്തരിയുന്ന ഈയാംപാറ്റകളായി വേറെ ചില ജന്മങ്ങള്‍

  നല്ല ആശംസകള്‍
  @srus..

  ReplyDelete
  Replies
  1. thanks Asrukka... വായനക്കും ആശംസകൾക്കും നന്ദി

   Delete
 4. യേശുവോ ബൈബിളോ ബ്രഹ്മചര്യം ഉപദേശിക്കുന്നില്ല.
  ദൈവത്തിന് മനുഷ്യരുടെ സ്വഭാവം അറിയാതിരിക്കുമോ?

  ReplyDelete
  Replies
  1. അതെ...പക്ഷെ....???

   നന്ദി അജിത്തെട്ടാ... വായനക്ക്..

   Delete
 5. നന്നായി.....
  ഇഷ്ടപ്പെട്ടു. ...
  ഒഴുക്കുള്ള ഭാഷ
  പ്രണയം ഒരു തരം ഭ്രാന്തു തന്നെയാണ്

  ReplyDelete
 6. അടിച്ചമര്ത്തപ്പെടുമ്പോള്‍ കൂടുതല്‍ കരുത്തോടെ പുറത്ത് ചാടാന്‍ വെമ്പല്‍ കൂട്ടുന്നതാണ് സ്നേഹം. സാമൂഹ്യചുറ്റുപാടുകളിലെ ചിട്ടകള്‍ പലപ്പോഴും പലതിലും ചില നോവുകള്‍ സമ്മാനിച്ച് മൌനമാകാറുണ്ട്.
  ലളിതമായ ആഖ്യാനം.

  ReplyDelete
  Replies
  1. എല്ലാ രചനകളിലും അങ്ങയുടെ പ്രോത്സാഹനം കിട്ടാറുണ്ട്.
   ഇത്തവണയും അതെ... ഒരുപാട് സന്തോഷം വായനക്കും അഭിപ്രായത്തിനും..
   തെറ്റുകൾ കണ്ടാൽ ചൂണ്ടിക്കാണിക്കുമല്ലോ..

   Delete
 7. കഥ നന്നായി...

  ReplyDelete
 8. വിശ്വാസത്തിന്‍റെ പേരില്‍ ജീവിതം ഹോമിക്കപ്പെടുന്ന അനേകായിരം സഹോദരിമാരുടെ മനസ്സ് ആരും കാണാതെപോകുന്നു .വിവാഹം നിഷേധിക്കുന്ന വിശ്വാസങ്ങള്‍ ആപല്‍ക്കരമാണ് .മരണാനന്തരം ജീവിതം ഉണ്ട് എന്ന് പറയുന്നതിന് എന്താണ് തെളിവ് .വിവാഹം കുടുംബം മക്കള്‍ അതൊക്കെയല്ലേ ജീവിതം .നല്ല കഥ

  ReplyDelete
 9. അമ്മൂട്ടാ നന്നായിട്ട് കഥ പറഞ്ഞു... എല്ലാ ആശംസകളും :)

  ReplyDelete
 10. പ്രതിപുരുഷനാണ് ഞാൻ..ഒരിക്കലും അങ്ങാവില്ല..ഞാൻ അങ്ങയുടെ ദാസൻ..ഒരു നോക്ക് കൊണ്ട് പോലും പാപം ചെയ്യരുതേ എന്ന ചിന്തയിലും ഫാദർ യോഹനെ മാറ്റി നിർത്തി അവളുടെ ഈശോ ആയി, ആ സ്നേഹം മനസു കൊണ്ട് സ്വീകരിക്കുകയായിരുന്നു ഞാൻ..!! സന്യാസജീവിതം.. വ്രതം.. ചിട്ടകൾ.. സമൂഹം..എല്ലാം ഓർമയിലുണ്ട്.. എങ്കിലും, എന്ത് തന്നെ ആയാലും മനുഷ്യരല്ലെ..പച്ചയായ മനുഷ്യര്.!! ... നല്ല കഥ..ആശംസകൾ

  ReplyDelete
  Replies
  1. താങ്ക്സ് ഉണ്ടേ..... കുറ്റവും കുറവും ഉണ്ടെങ്കിൽ പറയണേ... തുടർച്ചയായ എഴുത്ത് ഒന്നുമില്ല.. അതിന്റെ കുഴപ്പങ്ങൾ കാണും..ഹിഹിഹി

   Delete
 11. പ്രണയം തന്നെയാണ് ഈശ്വരനുമായി നമ്മെ അടുപ്പിക്കുന്നത്.

  ReplyDelete
 12. നല്ല കഥ.
  സി.വി ബാലകൃഷ്ണന്റെ ആയുസിറെ പുസ്തകം വായിച്ച ഹാന്ഗ്ഓവര്‍ മാറിയിട്ടില്ല. ഇപ്പോള്‍ ഇതും.

  ReplyDelete
  Replies
  1. ഒരുപാട് സന്തോഷം... ഈ കുഞ്ഞു കഥ നിങ്ങളെ പോലെ ഒരുപാട് വായിക്കുന്ന നല്ല വിമർശകരുടെ പ്രീതി നേടിയതിൽ... സന്തോഷം..!

   Delete
 13. ബഹുമാനവും ആദരവും ഭക്തിയും എല്ലാം കൂടുതല്‍ ആയപ്പോള്‍ അത് കൈ വിട്ട് മറ്റൊരു തലത്തിലേക്ക് പോയി. പച്ചയായ മനുഷ്യര്‍ക്ക്‌ പറ്റാവുന്ന ഒന്ന് തന്നെയാണ് ഇത്...

  എഴുത്ത് തുടരുക ..

  സ്നേഹത്തോടെ സതീഷ്‌

  ReplyDelete
  Replies
  1. നന്ദി,,, വായനയ്ക്കും ഇഷ്ടത്തിനും വിലയിരുത്തലിനും...

   Delete
 14. This comment has been removed by the author.

  ReplyDelete
 15. വളരെ ഇഷ്ടപ്പെട്ടു അമ്മൂട്ടീ ഈ എഴുത്ത്. സ്നേഹം അത് പ്രകടിപ്പിക്കപ്പെടുമ്പോള്‍ മാത്രമാണ് പൂര്‍ണ്ണത നേടുന്നത്. അതിന് ഒരു ജീവനുള്ള രൂപം കൂടിയേ തീരൂ. ഇവിടെ അടക്കപ്പെട്ട സ്നേഹം ഒരു വിങ്ങലായി മാറുന്നു. പക്ഷെ അപ്പോഴും ഒരു ദിവ്യാനുഭൂതി അവശേഷിക്കുന്നു.

  ReplyDelete
  Replies
  1. എഴുതിയത് പൂര്ണമായി ഉള്ക്കൊണ്ടുള്ള വായന.. വിലയിരുത്തൽ... നന്ദി തുമ്പി..
   നന്ദി....

   Delete
 16. എഴുത്ത് വളരെ നന്നായിരുന്നു.അനുഭവങ്ങളീൽ നിന്ന് എഴുതിയതാണെന്ന് വായിക്കുമ്പോൾ മനസ്സിലാവുന്നുണ്ട്. ഇതിൽ നിന്ന് വ്യത്യസ്ഥമായി കോൺവെന്റ് സ്കൂളിലെ കന്യാസ്ത്രീകളൂടെ മൂശട്ട സ്വഭവം ഞാൻ കണ്ടിട്ടുണ്ട്.. സ്നേഹപൂർവമായ പെരുമാറ്റവും കണ്ടിട്ടുണ്ട്.. സ്വന്തം ഇഷ്ടപ്രകാരമല്ലാതെ കന്യാസ്ത്രീ(?) ആവേണ്ടി വന്നതിലുള്ള ദേഷ്യവും അടക്കിവച്ചിട്ടുള്ള മനുഷ്യവികാരങ്ങൾ എല്ലാം കൂടെ ഒരു വൃത്തികെട്ട സ്വഭാവമാക്കി മറ്റുള്ളവരോട് റഫ് ആയി പെരുമാറും... ഇതും താൻ കണ്ടിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു....

  ReplyDelete
  Replies
  1. അതെ... കൃത്യമായ ഊഹം..കോണ്‍ വെന്റ് പഠനം ആയിരുന്നു..
   അനുഭവങ്ങളും പള്ളിയും ചാപെലും എല്ലാം അതെ...!! പറഞ്ഞത് പോലെയും അല്ലാതെയും ഉള്ള സന്യസിനിമാരെ കണ്ടിട്ടും ഉണ്ട് ... വായനക്കും അഭിപ്രായത്തിനും നന്ദി..

   Delete
 17. സ്നേഹം തടങ്കലുകളുടെ വീർത്ത കമ്പികൾ പൊട്ടിച്ച് വാനിൽ ഉയർന്ന് പറക്കട്ടെ..........

  സന്ന്യാസം എന്ന ചിന്തയേ ശെരിയല്ല എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ, ദൈവത്തെ വിശ്വസിക്കണം , അത് ജീവിച്ച്കൊണ്ടായിരിക്കുണം , അങ്ങനെ നന്മ ചെയ്യാനാണ് എല്ലാ മതങ്ങളും പറഞ്ഞിട്ടുള്ളത്,........
  ReplyDelete
  Replies
  1. yes...agree with you........... and, thanks....

   Delete
 18. കഥ വായിച്ചപ്പോൾ ഓർമ്മ വന്നത് സിസ്റ്റർ ജെസ്മിയെയാണ്. ഈശോയാടാണ് തന്റെ പ്രണയം എന്ന് പ്രഖ്യാപിച്ചതിന്റെ പേരിൽ സന്യാസിനി സഭയിൽ നിന്ന് പുറത്താക്കപ്പെട്ടവരാണവർ. ( തന്റെ പ്രണയത്തിനെതിരെ നിൽക്കുന്നവരോട് അവർ ശണ്ഠ കൂടി എന്നതും സത്യം ) . സിസ്റ്റർമാരെ കർത്താവിന്റെ മണവാട്ടിമാരായി വിശേഷിപ്പിക്കുമ്പോൾ തന്നെ, ആ പ്രണയം പരസ്യമായി പ്രഖ്യാപിച്ചാൽ, ആ പ്രണയത്തിലലിഞ്ഞ് ജീവിച്ചാൽ ആ സിസ്റ്റർക്ക് വട്ടാണെന്നും സഭ പറയും.

  സിസ്റ്റർമാരെ സംബന്ധിച്ച്, അങ്ങനെയൊരു കാമുക സങ്കല്പവുമെങ്കിലും അനുവദിക്കപ്പെടുന്നുണ്ടെന്ന് കരുതാം. പക്ഷേ അച്ഛന്മാർ ആരുടെ മണവാളനാണ് എന്ന് എവിടെയും കണ്ടിട്ടില്ല.

  സഭയ്ക്ക് സ്വത്ത് ആർജ്ജിക്കണം, സംരക്ഷിക്കണം എന്ന ചിന്ത നിലനിൽക്കുന്നിടത്തോളം കാലം ഈ മെഴുകുതിരികൾ ഇങ്ങനെ ഉരുകി കൊണ്ടേയിരിക്കും.

  കഥ ഇഷ്ടപ്പെട്ടു.

  ReplyDelete
  Replies
  1. മനോജ്‌ ഭായ്...ശരിയായ നിരീക്ഷണം..!!ജെസ്മിയുടെ 'ആമേൻ' ഞാൻ വായിച്ചതാണ്.ഒപ്പം മറ്റു പല ലേഖനങ്ങളും. താങ്കള് പറഞ്ഞത് പോലെ പരസ്യ പ്രണയ പ്രസ്താവനക്ക് മുതിരാറില്ല പല 'ജെസ്മി'മാരും.. താങ്കളെ പോലെ ഒരു കഥാകാരന് എന്റെ ഈ കുഞ്ഞു കഥ ഇഷ്ടമായതിൽ ഒരുപാട് സന്തോഷം.

   Delete
 19. പ്രണയത്തില്‍ നിന്നാരും മുക്തരല്ല.. ഒരു മതവും മതഗ്രന്ഥവും അതിനെതിരുമല്ല.. പക്ഷെ സമൂഹം ഇങ്ങനെയൊക്കെയാണ്.. കഥ നന്നായി.. ഇഷ്ടപ്പെട്ടു..

  പിന്നെ ഇമ്മാതിരി കഥകള്‍ ആര് എഴുതിയാലും സിസ്റ്റെറിന്റെ പേര് ആനി എന്ന് തന്നെയായിരിക്കും.. അതെന്താ അങ്ങനെ.. ? :) :)

  ReplyDelete
  Replies
  1. ഹിഹിഹി... ഡോക്, വിലക്കുകൾ പ്രണയത്തിനു ആക്കം കൂട്ടുന്നു അല്ലെ ..."unconditional love" ആണ് ഞാൻ വിശ്വസിക്കുന്നത്. പിന്നെ എനിക്കും തോന്നി ആ പേര് ഒരു ക്ലീഷേ ആണെന്ന്. പക്ഷെ, ഈ പറഞ്ഞത് പോലെ സിസ്റെരാണ് എന്നതിലേക്ക് എളുപ്പം റിലെട്ടു ചെയ്യട്ടെ എന്ന ഒരു ചിന്ത കൊണ്ട് അതന്നെ അങ്ങ് ഇട്ടു.താങ്ക്സ് ..

   Delete
 20. അമ്മൂസേ കഥ വായിക്കാൻ ഇപ്പഴാ സമയം കിട്ടിയേ.......
  ഒരുപാട് ഇഷ്ടമായി .........
  ഇനിയും എഴുത്ത് തുടരുക..........
  അഭിനന്ദനങ്ങൾ..........

  ReplyDelete
 21. hehehhe thank you !! thank you...............!!

  ReplyDelete
 22. സ്നേഹാ . കഥ വായിച്ചു.ഒന്നല്ല രണ്ട് പ്രാവശ്യം..പ്രണയകഥകള്‍ ഒരുപാട് വായിച്ചും കേട്ടും കണ്ടൂം പരിചയിച്ച വായനക്കാര്‍ക്ക് രണ്ട് മെഴുകുതിരികള്‍ വേറിട്ടൊരനുഭവമായിരിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഏറെക്കാലത്തിനു ശേഷമാണ് സ്നേഹയുടെ ഒരു എഴുത്ത് വായിക്കുന്നത്. എന്നും തന്‍റെ എഴുത്തില്‍ എന്തെങ്കിലും വ്യത്യസ്ഥകള്‍ കൊണ്ടു വരുന്ന കഥാകാരി ഇപ്പോഴും അത് തെറ്റിച്ചില്ല. പ്രമേയം ഏറെ ചര്‍ച്ചയ്ക്ക് പാത്രമാവുമെങ്കിലും അവതരണം സൂപ്പറായി എന്ന് പറയാതെ വയ്യ. ഒത്തിരി നാളുകള്‍ക്ക് ശേഷമുള്ള ഈ തിരിച്ച് വരവ് മനോഹരമായ ഒരു പ്രണയകഥയുമായിട്ടായതില്‍ ഏറെ സന്തോഷം. ഇനിയും എഴുതുക. വായനക്കാര്‍ക്ക് സ്നേഹ എന്ന എഴുത്തുകാരിയെയും രചനകളെയും ഇനിയും ആവശ്യമുണ്ട്. അഭിനന്ദനങ്ങള്‍ ......

  ReplyDelete
  Replies
  1. ഹിഹിഹി ... നാച്ചിക്കാ താങ്ക്സ്...തുടര്ച്ചയായി എഴുതാത്തതിന്റെ കുറവുകൾ ഉണ്ട്.മുന്പത്തെ പോലെ തെറ്റുകൾ തിരുത്തി തരിക... നന്നായി ,വാലിഡ്‌ ആയി വിമർശിക്കാൻ കഴിയുന്ന നിങ്ങളെ പോലെ കുറച്ച് പേരിലാണ് പ്രതീക്ഷ.. എഴുതുന്നതും അങ്ങനെ കുറച്ച് വേണ്ടി മാത്രമാണ്.. എന്നും ഒപ്പം ഉണ്ടാവുക ഈ പ്രോത്സാഹനവുമായി...

   Delete
 23. മികച്ച നിരീക്ഷണമുള്ള എഴുത്താണ് നിങ്ങളുടേത് . സമൂഹത്തിന്റെ സ്ഥിരം ക്ലീഷേകളിൽ വീഴാതെയുള്ള ഈ ആശയത്തിന് നൂറ് മാർക്ക് . കുഞ്ഞു നാളുതൊട്ടു പള്ളിയും , പട്ടക്കാരനും , കന്യാസ്ത്രീ മഠവും അതിന്റെ ചുട്ടുവട്ടവുമൊക്കെയായി ജീവിച്ച എനിക്കും എന്നെപ്പോലെ അനേകം കൂട്ടുകാർക്കും അറിയാം , അറിഞ്ഞോ അറിയാതെയോ ആരോപിക്കപ്പെടുന്ന ഇത്തരം ''ആനി'' സിസ്റ്റർമാരെയും , ''യോഹൻ'' അച്ചന്മാരെയും . ചില കണ്ണുകളിൽ ആ ''പ്രണയം '' ദിവ്യമാണ് . ചില കണ്ണുകളിൽ നിഷിധ്യവും . അറിയാതെ ക്രൂശിക്കപ്പെടുന്നവരും നിരവധി . ആശയത്തിന് , അതിന്റെ നിറവാർന്ന ആഖ്യാനത്തിന് അദ്ദ്യ പത്തിൽ ഒരു എട്ടു മാർക്ക് നൽകാം .
  ഇനിയുള്ള കഥയുടെ ഒഴുക്കിനെക്കുറിച്ചു പറഞ്ഞാൽ അമ്മൂട്ടിയുടെ മറ്റു കഥകൾക്ക് കിട്ടിയ അയത്ന ലളിതമായ ഒഴുക്ക് ഈ കഥക്ക് കിട്ടിയിട്ടില്ല എന്നേ തോന്നുകയുള്ളൂ . വസ്തുതകൾ നിരീക്ഷണ വിധേയമായിട്ടുണ്ട് , പക്ഷെ എന്തോ ഒരു അമിതാവേശം ഫീൽ ചെയ്യുന്നപോലെ . കഥാഖ്യാനം ഇതിലും മികച്ചതാക്കാൻ താങ്കൾക്ക് കഴിയുമായിരുന്നു എന്ന് തോന്നുന്നു . സാധാരണയുള്ള കഥയെഴുത്തിന്റെ റെഫറൻസ് ഇവിടെ നടത്തിയിട്ടില്ല എന്ന് വേണം കരുതാൻ . കഥയുടെ ഒഴുക്ക് വേണം എന്ന് നിർബന്ധ ബുദ്ധിയോടെ പറഞ്ഞു കൊള്ളട്ടെ .

  ഇത്രയൊക്കെ പറയാൻ മ്മളാളല്ല , എങ്കിലും ഇനിയും മികച്ചത് നിങ്ങളിൽ നിന്നും ഉണ്ടാവട്ടെ എന്നാഗ്രഹിച്ചുകൊണ്ട് . ഹൃദയം നിറഞ്ഞ ആശംസകൾ .

  ReplyDelete
  Replies
  1. ഞാൻ കഥ സസിൽ ഇട്ടിട്ട് സണ്ണി ഏട്ടനോട് വായിക്കാൻ പറയണം എന്ന് കരുതി ഇരിക്കുകയായിരുന്നു. എന്തായാലും സന്തോഷം.. ഇവിടെ എന്റെ തട്ടകത്തിൽ ഈ കമെന്റ് കാണുമ്പോൾ... വളരെ ശരിയായ നിരൂപണം ആണ് സണ്ണി ഏട്ടന്റെത്.എനിക്ക് തന്നെ സ്വയം അറിയാം കുറച്ച് കൂടെ സബ്ജെറ്റിവ് ആക്കി ഡീറ്റൈൽസ് കൊടുത്ത് എഴുതാമായിരുന്നു. അതാണ്‌ എന്റെ മുന് എഴുത്തിന്റെ ഒക്കെ ഒഴുക്ക് ഭംഗി ഫീൽ ചെയ്യാത്തത്. ഒരു സൈറ്റുകാർ വളരെ പെട്ടന്ന് ചോധിച്ചപ്പോൾ രണ്ടു മണിക്കൂറിൽ അങ്ങ് എഴുതി. ഇത്രേം തന്നെ വിവാദം ആയി.ഹിഹിഹി അപ്പോഴാണ്‌ ഒന്നൂടെ കടത്തി വിശദമായി തന്നെ എഴുതാമായിരുന്നു എന്ന വിഷമം തോന്നിയത്.സദാചാര മണ്ടകൾ കുറച്ച് അദികം പുകക്കാമായിരുന്നു..
   ഒരുപാട് നന്ദി... തുറന്ന അഭിപ്രായ പ്രകടനത്തിന്.. വാക്കുകൾ ഹൃദയത്തിലേക്ക് സ്വീകരിക്കുന്നു

   Delete
 24. സ്നേഹൂ മനോഹരമായ കഥ ... അവസാനം ആ അച്ചന് ആ സിസ്റ്റര്‍ നേ കൂടെ കൊണ്ടാവാരുന്നുട്ടോ

  ReplyDelete
  Replies
  1. ഹിഹിഹി,,, ഇതന്നെ ആർക്കും അങ്ങൊട്ട് സുഖിച്ചിട്ടില്ല ശ്രീയെ... പിന്നെ..
   ഇങ്ങനെ പിരിയുന്നവരാണ് അദികവും...പാവം ല്ലേ?

   Delete
 25. ഇപ്പോഴാ കഥ വായിക്കാന്‍ പറ്റിയത് .. കൊള്ളാം നല്ല കഥ ;)

  ReplyDelete
  Replies
  1. oho.... mm... thalkkalam kshamikkunu.. melal avarthikkaruth... heheheh

   Delete
 26. നന്നായി എഴുതിയിട്ടുണ്ട് ആശംസകൾ

  ReplyDelete
 27. കൊള്ളാം അമ്മുട്ടി.!!! അഭിനന്ദനങ്ങൾ.!!!

  ReplyDelete
 28. പ്രണയത്തിന്റെ ജ്വാലയില്‍ സ്വയം ഉരുകിത്തീരുന്ന ജീവിതങ്ങള്‍ .
  നല്ല കഥ... ഇഷ്ടപ്പെട്ടു

  ReplyDelete
 29. ആ സിസ്ടരുടെ പോയിന്റ്‌ ഓഫ് വ്യൂവില്‍ തന്നെ കഥ നിര്‍ത്തിയിരുന്നെങ്കില്‍ കുറച്ചു കൂടി തീവ്രമായേനെ എന്ന് തോന്നുന്നു ...
  കൊള്ളാം ... ഇഷ്ടപ്പെട്ടു

  ReplyDelete
  Replies
  1. ആദ്യം അങ്ങനെ ആണ് എഴുതാൻ ഉദ്ധേശിച്ചത്... എഴുതി വന്നപ്പോൾ ഇങ്ങനെ അങ്ങ് ആയി.. ഹിഹിഹി..താങ്ക്സ്.. വായനക്കും... സജെഷനും.. !!

   Delete
 30. അമ്മൂട്ടി കഥ ഒക്കെ കൊള്ളാം പക്ഷെ നീ എവിടെയാ പോയെ രണ്ടു ദിവസം ആയല്ലോ കണ്ടിട്ട് ഈ കമെന്റ് കാണുന്നുണ്ടെങ്കില്‍ റിപ്ല്യ്‌ തരാന്‍ അപേക്ഷ :(

  ReplyDelete
 31. സ്നേഹം മനസ്സില്‍ അടക്കി ജീവിക്കാന്‍ വിഥിക്കപ്പെട്ടവരാണ് നമ്മളില്‍ പലരും... കാരണങ്ങള്‍ വ്യത്യസ്ഥമായിരിക്കുമെന്ന് മാത്രം..
  നന്നായിരിക്കുന്നു.... ആശംസകള്‍

  ReplyDelete
 32. നന്നായിട്ടുണ്ട്, ആശംസകൾ ്

  ReplyDelete
 33. eda nannayittundetto..njanum kandirunnu vishudhan movie..bt athumaayi yathoru bandhavumillarunnu..kure naalinu shesha njanippo vaayikkunne...so am very happy..pinne oru kaaryam enikithinu athra finishing thonniyillaatto..smthng missing there...ayaal pokunu sory theerunnu.... may be ...njan kurachu koodi pratheekshichakondakaam ....anyhw nannayittundu.....iniyum vaayiikkan njan varam...goodluck....nalla nalla blog kal vaayikkan tharanam..okey...thank you...

  ReplyDelete
 34. AMMUTTIYE
  നന്നായിട്ടുണ്ട്, ആശംസകൾ

  ReplyDelete
 35. This comment has been removed by the author.

  ReplyDelete
 36. നല്ല കഥ.. :) ശെരിയാണ് തീവ്രമായ പ്രണയം ഒരു തരം ഭ്രാന്ത് ആണ്.. I think you are very joyful and charming.. കഥകളിലും ആ സൗന്തര്യം ഉണ്ട്.. Keep it up.. :)

  ReplyDelete

എഴുതുന്നത് എന്റെ ഇഷ്ടം..അഭിപ്രായങ്ങള്‍ നിങ്ങളുടെയും..