Sunday 2 October 2011

മിനുമോളുടെ അമ്മ ഗായത്രി

ഞാന്‍ മിനുമോളുടെ അമ്മ..ഗായത്രി.പത്ത് വയസുള്ള എന്റെ മോള് പഠിക്കുന്നത് അഞ്ചാം ക്ലാസ്സില്‍.പഠനത്തില്‍ മാത്രമല്ല കേട്ടോ..അവള്‍ പാട്ടിലും ഡാന്സിലും മറ്റെല്ലാത്തിലും മിടുക്കി തന്നെ.മോള്ക്കിപ്പോ, കുറച്ച് ദിവസമായി നല്ല സുഖമില്ലായിരുന്നു..കണ്ടില്ലേ കിടക്കുന്നത്..വാടിയ പൂവ് പോലെ.അവളുറങ്ങട്ടെ..ഞാന്‍ ഒന്ന് പുതപ്പിച്ച് കിടത്തിയിട്ട് വരാം..
പുറത്ത് മഴ പെയ്യുന്നുണ്ട്.മഴത്തുള്ളി എന്ന്‌ പേരുള്ള എന്റെ വീടിനെ വാരിപുണര്‍ന്നു പെയ്യുന്ന മഴ..മഴയുള്ള ദിവസങ്ങളില്‍ സാധാരണ മോള് വേഗം പഠനംഅവസാനിപ്പിക്കാറാന് പതിവ്..എന്റെ മടിയില്‍ തല ചായ്ച് ജനാലയ്കലെക് നോക്കി കിടക്കും.എന്നും അവള്ക്ക് ഒരു കഥയെ കേള്‍ക്കണ്ടു..അച്ഛനും അമ്മയും ആദ്യമായി കണ്ട ആ മഴയുള്ള ദിവസം..ജോസഫ്‌ എന്ന എന്റെ ഇച്ചായനെ..മിനു മോള്‍ടെ അച്ഛനെ പറ്റി ഞാന്‍ പറഞ്ഞില്ലല്ലോ..
ഒരു ചങ്ങശേരിക്കാരന്‍ നസ്രാണി..ഉള്ളില്‍ നിറഞ്ഞ സ്നേഹവും പുറമേ ചൂടനുമായ ഒരു പാവം.ദൈവത്തിനു ഒരുപാട് ഇഷ്ടമുള്ളവരെ അല്ലേ നേരത്തെ ആ പക്കലേയ്ക് വിളിക്കുക.. മിനു മോള്‍ക്ക് ഏഴു വയസായിരുന്ന സമയം..ഒരു ദിവസം മിണ്ടാതെയും പറയാതെയും ആള് അങ്ങ് പോയി.ഒരിക്കലും വിട്ടുപിരിയില്ലെന്ന് വാക്ക് തന്നാ എന്നെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ട്‌ വന്നത്..ആ വാക്കൊക്കെ മറന്ന് ഒറ്റയ്ക്ക് പോയി.ഈ മഴത്തുള്ളിക്കുള്ളില്‍ എനിക്കും മോള്‍ക്കും കണ്ണീര്തുള്ളികള്‍ സമ്മാനിച്ച് കൊണ്ട്..
ഇച്ചായനോട് ഒത്തിരി പരിഭവം അതിന് തോന്നീട്ടുന്ടെങ്കിലും മോളുടെ വിടര്‍ന്ന കണ്ണുകളില്‍ കാണുന്ന ആ രൂപത്തിന്റെ സാമ്യം ആശ്വാസമായിരുന്നു.വിവാഹത്തിന് മുന്പ് തന്നെ ഏറെ കൊതിച്ചിരുന്നു ഒരു മകള്‍..എന്നേക്കാള്‍ ഒരുപാട് ആഗ്രഹം ഇച്ചായനായിരുന്നു.മൂന്നു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് എന്നില്‍ ആ കുരുന്നു ജീവന്‍ തുടിച്ചു തുടങ്ങിയത്. അവള്‍ ഉള്ളില്‍ വളരുംതോറും വല്ലാത്ത കരുതലായിരുന്നു ഞങ്ങള്‍ക്ക്..ഭക്ഷണത്തിനും മരുന്നിനും പുറമേ നല്ല പുസ്തകങ്ങള്‍ വായിച്ചും ചിന്തകളില്‍ പോലും ശ്രദ്ധ ചെലുത്തിയുമാണ് അവളെ ഞാന്‍ ഉദരത്തില്‍ പേറിയിരുന്നത്.ഉള്ളില്‍ അവളുടെ ചലനങ്ങള്‍ അറിയാന്‍ തുടങ്ങിയപ്പോള്‍ ഉള്ള സന്തോഷം..അത്ഭുതം..ഒന്നും പറഞ്ഞറിയിക്കാന്‍ വയ്യാ.
ആ ദിവസങ്ങളില്‍ ഞാന്‍ എന്നും ഇച്ചായനോട് ചോദിക്കും..'പെണ്‍കുട്ടി തന്നെ ആയിരിക്കും അല്ലേ ഇച്ചായാ?'. ചോദ്യത്തിന് മറുപടി എന്നും ഒരു കള്ളച്ചിരി ആയിരുന്നു. മോളുണ്ടായ ദിവസം മയക്കം വിട്ട്‌ ഉണര്‍ന്നപ്പോള്‍ ആണ് അതിനുള്ള മറുപടി എനിക്ക്‌ തന്നത്-'പെണ്‍കുട്ടി ആണ്..മാലാഖ പോലെ ഒരു പെണ്‍കുട്ടി..'!കണ്ണെഴുതിച്ച് പൊട്ടു കുത്തിച്ച് അണിയിച്ചൊരുക്കി ശലഭത്തെ പോലെ ഞങ്ങള്‍ അവളെ കൊണ്ട്‌ നടന്നു. പ്രണയത്തിന്റെയും മതത്തിന്റെയും വേലിക്കെട്ടിനപ്പുറം കടന്ന്‌ ജീവിച്ചവര്‍ ആയതു കൊണ്ട് മറ്റാരും തന്നെ തുണ ഇല്ലായിരുന്നു.മഴത്തുള്ളി എന്ന വീടും ഞങ്ങള്‍ മൂന്നു പേരും മാത്രം..
മിനുമോള് പുസ്തകങ്ങളുടെ വലിയ ആരാധിക ആയിരുന്നു.നന്നായി വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന മിടുക്കിക്കുട്ടി.അത്ഭുതപ്പെടുത്തി കൊണ്ടാണ് ഇച്ചായന്റെ എഴുത്ത് ശീലം കൂടി അവള്‍ കാണിച്ച് തുടങ്ങിയത്.കൂട്ടുകുടുംബത്തില്‍ ജനിച്ച് വളര്‍ന്ന എന്റെ കുട്ടിക്കാലം കഥകളായി പറഞ്ഞു ഞാന്‍ അവള്‍ടെ കുഞ്ഞിക്കണ്ണുകളില്‍ അത്ഭുതത്തിന്റെ തിരയിളക്കം സൃഷ്ടിച്ചു.അച്ഛന്റെ കഥകളില്‍ നിറഞ്ഞ് നിന്നിരുന്ന കത്തോലിക്ക കുടുംബവും ആചാരങ്ങളും അവളില്‍ കൌതുകമുണര്ത്തി.രണ്ട് മതത്തിന്റെയും ആഘോഷങ്ങള്‍ അവള്‍ ആസ്വദിച്ചു. വിശ്വാസം,ഭക്തി അതിന് ഉപരിയായി എല്ലാത്തിനും മേലെയുള്ള പരസ്പര സ്നേഹം..എല്ലാം അറിയിച്ചും പഠിപ്പിച്ചും അവളെ വളര്‍ത്തി.
ഇച്ചായന്‍ പോയത് അവള്‍ക്ക് വല്ലാത്ത നടുക്കമായി ,എനിക്കും..
എങ്കിലും അവള്‍ ആ സംഭവത്തോടെ, ചെറുപ്രായത്തില്‍ വല്ലാത്ത പക്വത ആര്‍ജ്ജിച്ചതായി എനിക്ക് തോന്നി.അവളുടെ കുഞ്ഞിക്കൈകള് എന്റെ കണ്ണുകള്‍ ഒപ്പുംപോള്‍, അവ വീണ്ടും നനയാതെ ഇരിക്കാന്‍ ഞാന്‍ നന്നേ ശ്രദ്ധിച്ചു.എന്നെ സന്തോഷിപ്പിക്കാന്‍ അവള്‍ കാണിക്കുന്ന കുസൃതികളും കുറുംമ്പുകളും..ഒരു വാശിയും നിര്‍ബന്ധവും അതിന് ശേഷം അവള്‍ കാണിച്ചിട്ടേ ഇല്ല.പിന്നീട് ഒരിക്കലും ഒന്നിനും എന്റെ മോള് എന്നെ ബുദ്ധിമുട്ടിപ്പിച്ചതേ ഇല്ല,എന്നു പറയുന്നതാകും ശരി.
ചെറിയ തുന്നല്‍ പണികള്‍ ചെയ്തും ഇച്ചായന്റെ ഇന്‍ഷുറന്‍സ് തുകയുമായി ഒതുങ്ങിയ ഒരു ചെറിയ ജീവിതമായിരുന്നു പിന്നീട് ഞങ്ങളുടേത്.മോളുടെ പഠിപ്പിനു മാത്രം ഒരു ഉപേക്ഷയുമില്ലാതെ പണം ചെലവാകി.പുസ്തകങ്ങള്‍ ഒഴികെ ഒരു കളിപ്പാട്ടമോ ആഡംബരമോ മോളും ആവശ്യപ്പെട്ടിട്ടില്ല.വലിയ വലിയ സ്വപ്നങ്ങളായിരുന്നു എനിക്ക്‌ അവളെപ്പറ്റി..എന്റെ ബാല്യം അവളിലൂടെ ഞാന്‍ കണ്ട് ആസ്വദിച്ചു..ഞങ്ങള്‍ നല്ല അമ്മയും മകളുമായി..അതിനപ്പുറം കൂട്ടുകാരികളെ പോലായി.അവള്‍ക്കായി പത്ത് വയസിലേക്ക് ഞാന്‍ ഇറങ്ങി ചെല്ലുകയായിരുന്നോ..അതോ എനിക്ക്‌ വേണ്ടി പക്വമായ ശീലങ്ങള്‍ അവള്‍ വളര്ത്തുകയായിരുന്നോ?അറിയില്ല!ശാന്തമായി ഒഴുകി ഞങ്ങളുടെ ജീവിതം..ആ നശിച്ച ദിവസം വരെ..!
ആ ദിവസം..അന്ന് സ്കൂളില്‍ നിന്നു വന്ന എന്റെ മോള്‍ എന്നോടൊന്നും മിണ്ടിയതേ ഇല്ല.ആകെ ക്ഷീണിച്ച മട്ടിലാണ് അവള്‍ അന്ന് വന്നത്. അല്‍പനേരം കഴിഞ്ഞപ്പോള്‍ പൊള്ളുന്ന മട്ടില്‍ പനിക്കാന്‍ തുടങ്ങി..
പനിച്ചു വിറയ്കുന്നതിനിടയില്‍ വിളിച്ചു പറഞ്ഞ പരസ്പര ബന്ധമില്ലാത്ത വാക്കുകള്‍..അതിന്റെ അര്‍ഥം..പലവട്ടം പേടിയോടെ അലറി വിളിച്ച ഒരു അധ്യാപകന്റെ പേര്..എന്റെ പൊന്നു മോളുടെ ദേഹത്ത് പതിഞ്ഞിരുന്ന കാമത്തിന്റെ വിരല്‍പാടുകള്‍.. മുറിവുകള്..വെറും പത്ത് വയസുള്ള മാലാഖക്കുഞ്ഞായിരുന്നു എന്റെ മോള്..വയസറിയിച്ച് വളര്ച്ചയിലേക്കെത്താത്ത കുരുന്ന്‌.വിദ്യ പകരുന്ന അധ്യാപകന്റെ ചിത്രം ഇങ്ങനെ ആയിരുന്നില്ല എന്റെ മോള്‍ക്ക്‌ ഞാന്‍ പകര്‍ന്നു കൊടുത്തിരുന്നത്.ഗുരു ഈശ്വരന് തുല്യനാണ് എന്ന്‌ പഠിപ്പിച്ചു കൊടുത്തപ്പോള്‍ അതിലും ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ ഉണ്ടെന്ന് ആ കുഞ്ഞ് മുഖത്ത് നോക്കി അവളെ ധരിപ്പിക്കാന്‍ ഞാന്‍ മറന്നു പോയി! ..
വാരി വലിച്ചെടുത്ത്‌ അവളെ ആശുപത്രിയില്‍ കൊണ്ട് ഓടുമ്പോള്‍ ഞാന്‍ അനുഭവിച്ച വേദന..ഒരമ്മയ്ക്കല്ലാതെ മറ്റാര്‍ക്കും ഊഹിക്കാന്‍ പോലുമാവില്ല.ഉറങ്ങാതെ എന്റെ കുഞ്ഞ് കരയുന്ന രാത്രികളില്‍ അവളെയും തോളത്തിട്ട് ഞാന്‍ നടന്നു, ആശുപത്രി വരാന്തയിലൂടെ..അവള്‍ക്കായി ആശ്വാസവാക്കുകള്‍ തേടി ഞാന്‍ എന്റെ ചിന്തകളില്‍ അലഞ്ഞു..കൌന്സെലിങ്ങിന്റെ പല സിറ്റിങ്ങുകളിലും അവള്‍ ആദ്യം സഹകരിച്ചില്ല.അവസാനം എന്റെ മടിയിരുന്നു അവള്‍ ആ ദിവസം വിവരിച്ചത് കേട്ട്  ബോധം മറഞ്ഞ എനിക്ക്, രണ്ട് ദിവസം സംസാരശേഷി തന്നെ ഉണ്ടായില്ല. കണ്ണിന്റെ മുന്നില്‍ സ്പെഷ്യല്‍ ക്ലാസിന് ശേഷം ക്ലാസ് റൂമില്‍ അധ്യാപകനൊപ്പം ഒറ്റയ്കായി പോയ എന്റെ മോളും..അവളുടെ നിലവിളികളും മാത്രം..
ആരെയും പൊരുതി തോല്‍പ്പിക്കാനുള്ള കഴിവെനിക്കില്ല.ഒരു സാധുവായ അമ്മയാണ് ഞാന്‍..എന്റെ മോളുടെ ശരീരത്തിലെ മുറിവുകള്‍ ഉണങ്ങിയിട്ടും മനസിലെ മുറിവുകളില്‍ ചോര ഒഴുകുന്നതെനിക്ക് കാണാം.പഴയ ജീവിതത്തിലേക്ക് അവളിനി തിരികെ വരുമോ? അറിയില്ല..വന്നാലും ആ മനസിനേറ്റ പോറലുകള്‍ മായുമോ?ഇനി അവള്‍ സുരക്ഷിതയായിരിക്കുമോ? അറിയില്ല...!അവളെ ഇനിയും ഈ ലോകത്തേക് ഇറക്കി വിടാന്‍ എനിക്ക്‌ ധൈര്യമില്ല.അതുകൊണ്ട്, അതുകൊണ്ടു മാത്രം..ഞാന്‍ അവളെയും കൊണ്ട്‌ പോകുന്നു.അദ്ധേഹത്തിന്റെ അടുത്ത്..ആരോടും പരാതിയും പരിഭവവുമില്ലാതെ..
ഈ മഴത്തുള്ളി വീട്ടില്‍ ഒരു മഞ്ഞുതുള്ളി പോലെ ഞാന്‍ മയക്കി കിടത്തിയ എന്റെ കുഞ്ഞിനെ കണ്ടോ..ഒത്തിരി പുതപ്പിച്ചിട്ടും ആ ശരീരത്തില്‍ തണുപ്പ് വല്ലാണ്ട് അരിച്ച് കയറാന്‍ തുടങ്ങിയിരിക്കുന്നു.പപ്പയുടെ അടുത്തെത്തി കാണും അവള്.ഇനിയൊന്നും ഒന്നും..പേടിക്കാനില്ല..എന്റെ കുഞ്ഞിനു സമീപം എനിക്കും ഉറങ്ങണം..ശാന്തമായ ഉറക്കം.ഉറക്കത്തിനൊടുവില്‍ പപ്പയുടേയും മോള്ടെയും അടുത്തായിരിക്കും ഞാന്‍ ഉണരുക.അവളെല്ലാം പപ്പയെ ധരിപ്പിചിരിക്കും.എന്നെ ഏല്‍പ്പിച് പോയ മുത്തിനെ കാക്കാന്‍ എനിക്ക് കഴിഞ്ഞില്ല.എന്തു സമാധാനം പറയും ഞാന്‍ ഇച്ചായനോട്? അറിയില്ല..എനിക്കറിയില്ല..
ഇതൊരു ആത്മഹത്യക്കുറിപ്പല്ല..അരക്ഷിതമായ ഈ ലോകത്തില്‍ നിന്ന് എന്റെ കുഞ്ഞിനേയും കൊണ്ട്‌ ഞാന്‍ രക്ഷപ്പെട്ട് പോകുന്നു..അത് ഈ സമൂഹത്തെ ഒന്ന് അറിയിക്കുന്നു.. അത്രമാത്രം..!! 
-മിനുമോളുടെ അമ്മ ഗായത്രി.