Sunday, 27 January 2013

അവള്‍ വരും..

വാതിലിന്റെ വിടവിലൂടെ ഞാന്‍ ഒളിഞ്ഞു നോക്കി.വന്നിട്ടില്ല. പക്ഷെ വരും. ഉറപ്പായും വരും..ഞാന്‍ കൈയ്യിലിരുന്ന വടിയില്‍ മുറുകെ പിടിച്ചു.കാത് കൂര്‍പ്പിച്ചു. വൈകിയില്ല, കനത്ത ചിറകടി ഒച്ച കേള്‍ക്കാനായി. പറന്നു വന്ന്, ഒന്ന് വട്ടം ചുറ്റി തന്റെ സ്ഥാനത്ത് തന്നെ ഇരുപ്പുറപ്പിച്ചു.കറുത്ത ശരീരം കീഴ്ക്കാന്‍ തൂക്കായി ഇട്ടപ്പോള്‍ നന്നായി ഒന്ന് ആടി ഉലഞ്ഞു.ചോരക്കണ്ണ്കള്‍ , കൂര്‍ത്തമുഖം എല്ലാം ഒന്ന് വെട്ടിച്ചു.എല്ലായ്പ്പോഴും എന്ന പോലെ മുഖം ഇപ്പോഴും വാതിലിനു നേര്‍ക്ക് തന്നെ.അതായത് ഹാളില്‍ മറഞ്ഞു നില്‍ക്കുന്ന എനിക്ക് നേരെ.!

വീടിന്റെ തുറസ്സായ സിറ്റ്ഔട്ടിലെ മച്ചില്‍ ഉള്ള കാഴ്ച്ചയാണിത്.വന്നിരിക്കുന്നത് ഒരു വാവല്‍ (വവ്വാല്‍) ആണ്..തടിച്ച ഒരു കടവാവല്‍..!!സാധാരണ കൂട്ടം കൂട്ടമായി കാണുന്ന ഈ ജീവി ഇങ്ങു സിറ്റിയില്‍ എന്റെ വീടിന്റെ ഉമ്മറം തേടി എന്തിനു വരുന്നു എന്ന അതിശയമായിരുന്നു ആദ്യം.ത്രിസന്ധ്യ തുടങ്ങി നേരം ഇരുട്ടി വെളുക്കും വരെ ഈ ഇരുപ്പ് തുടരുന്നുണ്ട് .അത് ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങിയത്  ഈ അടുത്താണ് എന്ന് മാത്രം.രാത്രി കാലങ്ങളില്‍ വാതിലില്‍ ചിറകടിച്ച് ശല്യം ചെയ്യുന്ന പണി കൂടി ഇപ്പോള്‍ തുടങ്ങിയിട്ടുമുണ്ട്.

മരിച്ച് സ്വര്‍ഗവും നരകവും നഷ്ടപ്പെടുന്നവര്‍ കടവാവലുകള്‍ ആയി ഭൂമിയില്‍ ജീവിക്കും എന്നൊരു 'മുത്തശ്ശിനുണ' ഞാന്‍ വിശ്വസിച്ചിരുന്നു. അത് കൊണ്ട് തന്നെ ഈ വരവും ഇരുപ്പും എന്നില്‍ അല്പം ഭയം ഉണര്‍ത്താന്‍ തുടങ്ങിയിരുന്നു.കഴിയുന്നത്ര ആട്ടിപ്പായിച്ചിട്ടും പ്രയോജനം ഉണ്ടായില്ല.ഇന്ന് അതുണ്ടാവണം..അതിനാണ്  ഞാന്‍ ഇവിടെ പതുങ്ങി ഇരിക്കുന്നത്.കൈയ്യിലെ കുറുവടി ഞാന്‍ ഒന്നു കൂടി മുറുക്കി പിടിച്ചു.കഴിയുമെങ്കില്‍ തലയ്ക്ക് തന്നെ അടിക്കണം. പിന്നീട്  ഇങ്ങോട്ട് വരരുത്..നാശം..!

എനിക്കതിനുള്ള ധൈര്യം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല..അറിഞ്ഞു കൊണ്ട് ഒന്നിനെയും..ഒരു ഉറുംബിനെ പോലും നോവിക്കണം എന്ന് എനിക്കില്ല.ഏത് സാധു മൃഗങ്ങളെയും പക്ഷികളെയും ഭയവുമാണ്.ചെറുപ്പത്തില്‍ ഒരിക്കല്‍ പത്തായപ്പുരയില്‍ സ്ഥിരതാമസമാക്കിയ ഒരു ബലിക്കാക്ക തലയില്‍ മാന്തിപ്പറന്നിട്ടുണ്ട്.അതിന്റെ ഭയപ്പാടില്‍ പനിയും ജ്വരവുമായി കിടന്നത് ഒരു മാസത്തോളമാണ് .ആ മുറിപ്പാട് ഇപ്പോഴും...ഞാന്‍ തലയിലൂടെ വിരല്‍ ഓടിച്ചു നോക്കി.മുടി വന്നു മൂടി എന്നെ ഉള്ളൂ..ആഴത്തില്‍ ആ പാട് ഇപ്പോഴും ഉണ്ട്.തെറ്റാലി കൊണ്ട് ആ കാക്കയെ അടിച്ച് കൊന്നത് പണിക്കു വരുന്ന ചെക്കനാണ്. ചത്ത കാക്കയെ കൊണ്ടു വന്ന് ജനാലയ്ക്കല്‍ കാണിക്കും വരെ എന്റെ പുറത്ത് ഇറങ്ങാനുള്ള പേടി തുടര്‍ന്നു. അങ്ങനെയുള്ള ഞാന്‍ ആണ് ഇപ്പോള്‍ ഈ സാഹസത്തിനു മുതിരുന്നത്.ഭയന്നിട്ട് കാര്യമില്ല, എന്റെ കുട്ടികള്‍ക്ക് കൂടി ഇപ്പോള്‍ സന്ധ്യ ആയാല്‍ മുറ്റത്തേക്ക്  ഇറങ്ങാന്‍ പേടി ആണ് .മാത്രമല്ല, ഞാന്‍ ഇപ്പൊ കുട്ടി ഒന്നും അല്ലല്ലോ ഭയപ്പെടാന്‍.!രണ്ടു കുട്ടികളുടെ അമ്മയല്ലേ.എനിക്ക് അല്പം ധൈര്യം ഒക്കെ ഉണ്ട്.ഇന്ന് അദ്ദേഹം കുട്ടികളെയും കൊണ്ട് സിനിമ കാണാന്‍ പോയത് നന്നായി.ഒച്ചയും ബഹളവും ഇല്ലാതെ എനിക്ക് കാര്യം നടത്താം.

ഞാന്‍ ഹാളിലെ വാതില്‍ മെല്ലെ തുറന്നു. സിറ്റൗട്ടിലായി, മച്ചിന്റെ ഒത്ത നടുവില്‍ കാലു ഉറപ്പിച്ച് തല കീഴായി തൂങ്ങി കിടക്കുന്ന രൂപത്തിലേക്ക് ഉന്നം പിടിച്ചു.രണ്ടു കൈകള്‍ കൊണ്ടും വടിയില്‍ ആഞ്ഞു പിടിച്ച് മുന്നോട്ട് ആയുന്നതിനിടയിലാണ്  അത് സംഭവിച്ചത്.ഞാന്‍ പുറത്തേക്ക് ഇറങ്ങിയ വാതിലിന്റെ ചെറുവിടവില്‍ കൂടി എന്നെ നടുക്കിക്കൊണ്ട് അത് വേഗത്തില്‍ വീടിനുള്ളിലേക്ക് പാഞ്ഞു കയറി.ഞാന്‍ അന്തിച്ചു പോയി.തലക്കുള്ളില്‍ പെരുപ്പ്‌ പാഞ്ഞു കയറി.ഉള്ളിലായി എന്തൊക്കെയോ വീണുടയുന്ന ശബ്ദം..ചെറുതും വലുതുമായ ഒച്ചകള്‍..ചിറകടി ശബ്ദം..ഗ്ലാസ്‌ ഉടയുന്ന ശബ്ദം...അഞ്ചാറു മിനുട്ടോളം ഇത് തുടര്‍ന്നു. അതിനു ശേഷം യാതൊരു അനക്കവും ഇല്ല.അല്പം അദികം സമയം ഞാന്‍ കാത്തു.. ഇല്ല..ഉള്ളില്‍ ഒരു അനക്കവും ഇല്ല..!

അറച്ച് അറച്ച് ഞാന്‍ വാതില്‍ക്കല്‍ എത്തി ഉള്ളിലേക്ക് നോക്കി..ഒന്നും കാണുന്നില്ല..വിരല്‍ ഉള്ളിലേക്ക് എത്തിച്ച് ഹാളിലെ ലൈറ്റ് ഞാന്‍ ഇട്ടു.ആ വിടവിലൂടെ തന്നെ ഉള്ളിലെ ഒരു ചെറിയ കാഴ്ചക്കീറ്‌ എനിക്ക് കിട്ടി.ചുവരിലായി പൊട്ടി പകുതി അടര്‍ന്നു വീഴാറായ ക്ലോക്ക്.അതിനു താഴെ ചിറകു പതിഞ്ഞ അടയാളം.പതിയെ വാതില്‍ തുറന്നു ഞാന്‍ അകത്തു കയറി. കൈയ്യിലെ വടി മുറുക്കെ തന്നെ പിടിച്ചു.ഷോകെയ്സിന്റെ ചില്ല് പൊട്ടിച്ചിതറി ഉള്ളില്‍ ഉള്ള സാധനങ്ങള്‍ തറയില്‍ വീണു കിടപ്പുണ്ട്.ചുവരിലെ ചില അലങ്കാരവസ്തുക്കള്‍ ,ഒരു  പെയിന്റിംഗ് അങ്ങനെ പലതും അടിച്ചിട്ടത് പോലെ തറയില്‍ പകുതിയോ മുഴുവനായോ കിടക്കുന്നു. ചുവരില്‍ വച്ചിടുന്ന LCD  ടിവിയില്‍ ആഴത്തില്‍ ചിറകുപതിഞ്ഞ അടയാളം.അത്രയും ഭാഗം കുഴിഞ്ഞു പോയിരിക്കുന്നു. ഹാളിലെ ഓരോ മൂലയിലും എന്റെ കണ്ണുകള്‍ പരതി.അതിനെ മാത്രം  കാണുന്നില്ല. ഹാളില്‍ നിന്ന് റൂമിലേയ്ക്കുള്ള വാതിലുകള്‍ എല്ലാം അടച്ചിട്ടുണ്ട്. ജനാലകളും..! പിന്നെ ഉള്ള ഒരേ ഒരു വഴി അടുക്കളയിലേക്കാണ്.പെട്ടന്നാണ് എന്റെ ചിന്തയിലൂടെ ഒരു മിന്നല്‍ പാഞ്ഞത്.ഞാന്‍ വേഗം മുറിയുടെ മുകളിലേക്ക്  നോക്കി.അതെ.. അവിടെ ഉണ്ട്..മുകളില്‍ മച്ചിലായി തല മറിഞ്ഞു കിടപ്പുണ്ട്.വൃത്തികെട്ട ആ രൂപത്തിന്  ചേരുന്ന മട്ടില്‍ ഒരു ശബ്ദം അത് പുറപ്പെടുവിച്ചു. ഭയപ്പെട്ട എന്റെ കൈയില്‍ നിന്ന് വടി ഊര്‍ന്നു പോയി.മച്ചില്‍ നിന്ന് ഊക്കില്‍,വാവല്‍  എന്റെ മുഖത്തിനു നേരെ പറന്നു വന്നു.ഞാന്‍ ശക്തമായി തല വെട്ടിച്ചതും പിന്നിലേക്ക്‌  മലര്‍ന്നു വീണതും ഒരുമിച്ചായിരുന്നു.

എന്താണ് പറ്റിയത്?വീണു കിടന്ന കിടപ്പില്‍ ഓര്‍ക്കാന്‍ നോക്കി.കാലുകള്‍ അനക്കാന്‍ പറ്റുന്നില്ല.ചാടി എഴുന്നേല്‍ക്കാന്‍  നോക്കിയിട്ടും കഴിയുന്നില്ല.ഇടുപ്പെല്ലില്‍ ഒരു തരിപ്പ് മാത്രം അറിയാന്‍ പറ്റുന്നുണ്ട്.ഞാന്‍ എന്റെ അവസ്ഥ മറന്ന് അതേ കിടപ്പില്‍ തന്നെ തല രണ്ടു സൈഡിലേയ്ക്കും ചരിച്ച് നോക്കി.എന്റെ വലത് ഭാഗത്തായി അത്.. വാവല്‍ ..ഒരു ശ്വാസത്തിന് അപ്പുറം..ഞാന്‍ കണ്ണുകള്‍ അടച്ചു.അടുത്ത നിമിഷം എന്ത് തന്നെ സംഭവിച്ചേക്കില്ല എന്ന് ഓര്‍ത്തു.പക്ഷിയുടെതോ മൃഗത്തിന്റെതോ എന്ന് തിരിച്ചറിയാന്‍ വയ്യാത്ത രൂക്ഷ ഗന്ധം.. ചീഞ്ഞ ശവത്തിന്റെ പോലെ ഒരു ഗന്ധം എന്റെ മൂക്കിലേയ്ക്ക് തുളച്ചു കയറി.കവിളിലായി നേര്‍ത്ത നനവ് തോന്നിയപ്പോള്‍ ഞാന്‍ കണ്ണ് തുറന്നു.അതിന്റെ പരന്ന മൂക്ക് എന്റെ കവിളില്‍ തൊട്ടിരിക്കുന്നു.എനിക്ക് ഓക്കാനം വന്നു.കൂര്‍ത്ത പല്ലുകള്‍ ഉണ്ടാകുമോ?അത് ആഴത്തില്‍ എന്റെ കവിളുകള്‍കടിച്ച് പറിക്കുമോ?


അടുത്ത നിമിഷം എന്നെ ഞെട്ടിപ്പിച്ചു കൊണ്ട് വാവല്‍ സംസാരിക്കാന്‍ തുടങ്ങി.അതിന്റെ ശബ്ദത്തില്‍..എനിക്കത് തിരിച്ചറിയാന്‍ കഴിയുന്നു എന്ന് അത്ഭുതത്തോടെ ഞാന്‍ മനസിലാക്കി.

 "അക്ഷരം പഠിക്കാന്‍ തുടങ്ങിയ അന്ന് തന്നെ തുടങ്ങി, നീയുമായുള്ള സൗഹൃദം.. കളിച്ചും ചിരിച്ചും പിന്നെയും വര്‍ഷങ്ങള്‍.മറന്നു പോയോ നീ ആ നശിച്ച ദിവസം?ദേഷ്യം പിടിച്ചു നീ എന്നെ പിന്നിലേക്ക് പിടിച്ചു തള്ളിയത്.അന്നേ വല്യ ദേഷ്യക്കാരിയായിരുന്നല്ലോ.. തല കല്ലില്‍ തട്ടി ചോരവാര്‍ന്നു ഞാന്‍ കിടക്കുമ്പോള്‍, നീ ഭയന്ന് വീട്ടിലേക്ക് ഓടിപ്പോയി.ആരോടും ഒന്നും പറഞ്ഞില്ല..വൈകുന്നേരം ജീവനറ്റ എന്റെ ശരീരം കണ്ടെടുത്തിട്ടും നീ മിണ്ടിയില്ല.എനിക്കിപ്പോഴും അതേ ഏഴു വയസ്സാണ്.ഭൂമി വിട്ടു പോകാന്‍ എനിക്ക് നിന്നെയും വേണം, എന്റെ കൂടെ..! ബലിക്കാക്കയുടെ രൂപത്തില്‍ എനിക്കതിന്  കഴിഞ്ഞില്ല.അന്നും നീ കാരണം ആണ് ഞാന്‍ ശരീരം വെടിഞ്ഞത്.. ഇപ്പോഴും നീ എന്നെ ആക്രമിക്കുന്നു..പക്ഷെ നിന്നെ..നിന്നെ വിടില്ല."


". ......." ആ പേര് എന്റെ തൊണ്ടയോളം വന്നു പക്ഷെ , എന്റെ ബോധം മറഞ്ഞു പോയി.എത്ര നേരം അതേ കിടപ്പ് കിടന്നു എന്ന് അറിയില്ല.ആ കിടപ്പില്‍ ഞാന്‍ എന്ന വാശിക്കാരിയായ ഏഴുവയസുകാരിയെ കണ്ടു.ഒപ്പം എന്റെ കൂടെ തുള്ളിക്കളിച്ച് നടക്കുന്ന മറ്റൊരു പെണ്‍കുട്ടിയേയും.അവള്‍ പൊട്ടിച്ചിരിച്ചു കൊണ്ടാണ് എന്നോട് സംസാരിക്കുന്നത് .എന്റെ കണ്ണില്‍ തെളിഞ്ഞു കാണുന്നത് ഒരല്പം അസൂയ ആണ്.എന്റെ മനസില്‍ കൂട്ടുകാരിയെ എങ്ങനെ ഉപദ്രവിക്കാം എന്ന ചിന്ത മാത്രമാണ് .അവളുടെ വെളുത്ത ഉടുപ്പില്‍, തലയില്‍ ചൂടി ഇരിക്കുന്ന റോസാപ്പൂവില്‍,മുത്തുകള്‍ ഭംഗിയായി കോര്‍ത്ത മാലയില്‍ ഒക്കെ നോക്കുമ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത അസൂയ തോന്നിയിരിന്നു. അദികം ബഹളങ്ങള്‍ ഇല്ലെങ്കിലും  പഠിപ്പിലും കളികളിലും എന്ന് വേണ്ട എല്ലാത്തിലും ഒന്നാമത് അവളായിരുന്നു .അവളിപ്പോള്‍ പറയുന്നത് വെള്ളയില്‍ ചുവന്ന പൂക്കള്‍ തുന്നിയ അവളുടെ പുതിയ ഫ്രോക്കിനെ പറ്റിയാണ് .അവളുടെ അമ്മ തുന്നിയതാണത്രേ.ഞാന്‍ ആ ഉടുപ്പിലേക്ക്‌ പിന്നെയും പിന്നെയും നോക്കി.എന്തൊരു ഭംഗിയാണ് അതിന് .അവള്‍ക്കു നന്നായി ചേരുന്നുണ്ട്.ഉടന്‍ തന്നെ പിന്നോക്കം പിടിച്ച് ഒന്ന് തള്ളാന്‍ ആണ് തോന്നിയത് .ആ ഉടുപ്പിലും ദേഹത്തും അല്പം ചെളി പുരളണം എന്നേ വിചാരിച്ചുള്ളൂ..വീണു കിടക്കുന്ന അവളുടെ തലയില്‍ നിന്ന് രക്തം ചീറ്റിത്തെറിച്ചപ്പോള്‍ ഞാന്‍ ഭയന്ന് പോയി. വീട്ടിലേക്ക് ഓടി ആരോടും ഒന്നും മിണ്ടാതെ ഇരുന്നു. അവള്‍ മരിച്ചു എന്ന് അച്ഛന്‍ വീട്ടില്‍ പറയുന്നത്  കേട്ട നിമിഷം മുതല്‍ പിന്നെ ഞാന്‍ മിണ്ടിയിട്ടെ ഇല്ല.അന്ന് മുതല്‍ ഇന്നേക്ക് ഇരുപത്  വര്‍ഷമായി മിണ്ടിയിട്ടേ ഇല്ല.ഒരുപാട്  ശ്രമിച്ചിട്ടും എനിക്കതിന്  കഴിഞ്ഞിട്ടില്ല.കൂട്ടുകാരി പോയ വിഷമം..ഷോക്ക്.. ആണെന്ന് വീട്ടുകാരും നാട്ടുകാരും എന്തിന്  ഡോക്റെര്‍മാര് അടക്കം കരുതി.അത് ശരിയുമാണ്, പക്ഷെ മറ്റൊരു അര്‍ഥത്തില്‍.!!

ഓര്‍മയുടെ മിന്നലുകള്‍ പിന്നെയും മാറി മാറി അടിച്ചു .അവസാനം ,അടച്ചിട്ട ഒരു മുറിയില്‍ എത്തി..വാവല്‍ എന്നെ കടിച്ച്  പറിക്കുകയാണ്.ചിറകുകള്‍ വീശി എന്റെ മുഖത്ത് ആഞ്ഞടിക്കുന്നുണ്ട്.ഞാന്‍ അലറിക്കരഞ്ഞു കൊണ്ടേ ഇരുന്നു.ഒരു വേള അത് പറന്ന് വന്ന് എന്റെ കഴുത്തില്‍ കടിച്ചു.ഒരു തുള പോലെ അവിടെ നിന്ന് മാംസം വേര്‍പെട്ട് തൂങ്ങി.പൊട്ടിയ ഞരമ്പുകളില്‍ കൂടി ചോര കുതിച്ച് ഒഴുകി.വല്ലാത്ത ഏക്കത്തോടെ ഞാന്‍ ഞെട്ടി ഉണര്‍ന്നു.

റൂമിലെ കിടക്കയിലാണ് ഞാന്‍.കഴുത്തില്‍ വേഗം തൊട്ടു നോക്കി.ഒന്നും പറ്റിയിട്ടില്ല.പക്ഷെ വയ്യ..അനങ്ങാന്‍ വയ്യ..ഇടുപ്പെല്ലില്‍ അതേ തരിപ്പ്. കാലുകളില്‍ മരവിപ്പ്. റൂമില്‍ വെളിച്ചമില്ല.പുറത്ത് എന്റെ കുട്ടികളുടെ ഒച്ച ഞാന്‍ കേട്ടു.റൂമിലെ അറ്റാച്ച്ഡ്‌ ബാത്റൂം തുറന്നു അവരുടെ അച്ഛന്‍ പുറത്തേക്ക് ഇറങ്ങി.കണ്ണ് തുറന്നു കിടക്കുന്ന എന്നെ നോക്കി ചിരിച്ചു. "എപ്പോ എഴുന്നേറ്റു?" റൂമിലെ ലൈറ്റ് ഓണ്‍ ചെയ്തുകൊണ്ട് അദ്ദേഹം ചോദിച്ചു."ഇപ്പോള്‍" എന്ന് ഞാന്‍ വിരലുകള്‍ കൊണ്ട് ആന്ഗ്യം കാട്ടി. "എന്താ ഉണ്ടായത്" എന്ന ചോദ്യത്തിന്‌ വാവലിനെ ഞാന്‍ അടിച്ചോടിക്കാന്‍ ശ്രമിച്ചത് മുതല്‍ അത് എന്നോട് സംസാരിക്കും മുന്പ് വരെ ഉള്ള കാര്യങ്ങള്‍ ഞാന്‍ അംഗ വിക്ഷേപങ്ങള്‍  കൊണ്ട് വിവരിച്ചു.ഞങ്ങള്‍ എത്തുമ്പോള്‍ താന്‍ ബോധമില്ലാതെ ഹാളില്‍ കിടക്കുകയായിരുന്നു എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം മൊബൈല്‍ എടുത്ത് ഡയല്‍ ചെയ്യാന്‍ തുടങ്ങി."അനങ്ങാന്‍ വയ്യല്ലോ ഇയാള്‍ക്ക്.. ഫ്രാക്ചര്‍ വല്ലോം ഉണ്ടാകും..താന്‍ ഉണര്‍ന്നിട്ടു ഹോസ്പിറ്റലില്‍ വിളിച്ച് അപ്പോയ്ന്മെന്റ് എടുക്കാം എന്ന് കരുതി." എന്ന് പറഞ്ഞു ജനാലയ്ക്കലേക്ക് നീങ്ങി.


എന്റെ ചിന്ത വാവലിന്റെ അടുത്തേക്ക് ഓടി. എവിടെ അത്?പറന്നു പോയോ?അയ്യോ..എന്റെ കുഞ്ഞുങ്ങള്‍ പുറത്ത് കളിക്കുന്നുണ്ടാകും അവരെ ഉപദ്രവിക്കുമോ?അത് എന്നോട് പറഞ്ഞ കാര്യങ്ങള്‍ ..എന്റെ തോന്നലായിരുന്നോ ?? എല്ലാം അദ്ദേഹത്തോട് എങ്കിലും തുറന്നു പറഞ്ഞാലോ.. ചെറുപ്പത്തില്‍ പറ്റിയ ആ ഒരു തെറ്റ് ഉള്‍പ്പെടെ?പക്ഷെ ഈ ബലിക്കാക്ക ആയി, വാവലായി അവള്‍ എന്നെ പിന്തുടരുന്നത്...അതെന്നെ അറിയിച്ചത്...അതൊക്കെ പറഞ്ഞാല്‍..ആരും വിശ്വസിക്കില്ല ..!!  ബോധം മറയും മുന്നേ എന്റെ ഉള്ളിന്റെ ഉള്ളിലെ കുറ്റബോധം കൊണ്ട് എനിക്ക് തോന്നിയതാണോ വാവല്‍ പറഞ്ഞതായി തോന്നിയ കാര്യങ്ങള്‍..???????തല പൊട്ടുന്ന പോലെ..ഞാന്‍ മുടി ഇഴകളില്‍ ചുറ്റി പിടിച്ചു.അറിഞ്ഞും അറിയാതെയും ഞാന്‍ കാരണം ആയുസറ്റ ഓരോ ജീവികളെയും ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.അതില്‍ തലയിലെ ഒരു കുഞ്ഞു പേന്‍ മുതല്‍ തമാശക്ക് ചൂണ്ട ഇട്ടു പിടിച്ച് ഉപേക്ഷിച്ച് പോന്ന മത്സ്യങ്ങള്‍, ഒരിക്കല്‍ എയര്‍ ഗണ്ണില്‍ ഏട്ടനോപ്പം ഉന്നം പരീക്ഷിച്ച് കൊന്ന ചാര നിറമുള്ള പ്രാവ്,എന്റെ അസുഖം മാറാന്‍  ചാത്തന് നേര്‍ച്ച വെട്ടി അര്‍പ്പിച്ച ചുവന്ന പൂവന്‍ ,എന്റെ രക്തം ഊറ്റിയ കൊതുകുകള്‍ ,വീട്ടില്‍ അതിക്രമിച്ച് വന്ന പാറ്റകള്‍.എന്ന് തുടങ്ങി അനേകായിരം ജീവികള്‍ വന്നു നിരന്നു.പക്ഷെ കേട്ട പഴങ്കഥകളില്‍ നിന്നൊക്കെ അവളുടെ മരണവുമായി ബന്ധപ്പെടുത്താന്‍ എന്റെ മനസിന്‌ കഴിഞ്ഞത് ആ ബാലിക്കാക്കയേയും ഈ വാവലിനെയും മാത്രം.മനസ്‌ അങ്ങനെ ആണ് അസ്വസ്തമായാല്‍ കയറി വരുന്ന ചിന്തകള്‍ക്ക് ഒരു അന്തവും കാണില്ല.സഞ്ചരിക്കാത്ത വഴികളില്‍ കൂടി ഒക്കെ കയറി പാഞ്ഞു കയറിക്കളയും...ഒന്നുമില്ല എല്ലാം തോന്നലായിരുന്നു...തോന്നലായിരുന്നു...ഞാന്‍ കണ്ണുകള്‍ അടച്ചു .എന്നാലും വാവല്‍ എവിടെ ??

ഞാന്‍ കൈ തട്ടി ഉറക്കെ ശബ്ദം ഉണ്ടാക്കി.അത് കുട്ടികളെ വിളിക്കുന്നതാണെന്ന് അവര്‍ക്കറിയാം.അപ്പോള്‍ തന്നെ രണ്ടാളും മുറിയിലേക്ക് ഓടിപ്പാഞ്ഞു വന്നു.മമ്മയുടെ ദേഹത്ത് ചാടിക്കയറരുത് എന്ന് അദ്ദേഹം ആദ്യമേ വിലക്കിയത് കൊണ്ട് കട്ടിലിനരികെ ചേര്‍ന്ന് നിന്നു.എങ്ങനെ ഉണ്ട് ?വേദന ഉണ്ടോ? എന്നൊക്കെ ഉള്ള കുഞ്ഞി കുഞ്ഞി ചോദ്യങ്ങളില്‍ അവര്‍ എന്റെ അവസ്ഥ ചോദിച്ചറിഞ്ഞു.
"മമ്മയ്ക് ഒരു സര്‍പ്രൈസ് ഉണ്ട് "എന്ന് പറഞ്ഞ്  മോന്‍ പുറത്തേക് ഓടിപ്പോയി.തിരികെ വന്ന അവന്റെ കൈയില്‍ ഒരു പഴയ കീറച്ചാക്ക്..അത് തറയില്‍ നിവര്‍ത്തി വച്ചു ..അതിനുള്ളില്‍ കറുത്ത ഒന്ന്..ഞാന്‍ സൂക്ഷിച്ചു നോക്കി..ദൈവമേ വാവല്‍...

 "ദാ..മമ്മയെ തള്ളിയിട്ട വാവല്‍...മമ്മ വീണു കിടന്നതിന്റെ അടുത്ത് ഇരിക്കുകയായിരുന്നു. ഡാഡ ഒരൊറ്റ അടിക്ക് കൊന്നു...!!!!  ഇനി ഇതിന്റെ ശല്യമുണ്ടാകില്ല ..." അവന്‍ സന്തോഷത്തോടെ അറിയിച്ചു.
ഞാന്‍ അദ്ദേഹത്തെ ഒന്ന് നോക്കി.
 "ഇനി മുതല്‍ ഇയാള്‍ രാത്രി സമാധാനമായിട്ട് കിടന്നു ഉറങ്ങുമല്ലോ.."എന്നെ നോക്കി ചിരിച്ച് കൊണ്ടാണ് നോട്ടത്തിനു മറുപടി തന്നത്.
"കൊല്ലണ്ടായിരുന്നു..."സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഈ വാക്കുകള്‍ എന്നില്‍ നിന്ന് അന്നേരം പുറത്ത് വന്നേനെ.

അപ്പോഴേക്കും എന്റെ കാലുകളില്‍ നിന്ന് ഒരു തണുപ്പ് പതുക്കെ അരിച്ചു മുകളിലേക്ക് കയറി തുടങ്ങിയിരുന്നു.വല്ലാത്ത ഒരു ശക്തിക്ഷയം അനുഭവപ്പെട്ടു.അവളുടെ ചലനമറ്റ ശരീരം അന്ന് കണ്ടപ്പോള്‍ ,ചത്ത ബലിക്കാക്കയെ കണ്ടപ്പോള്‍ ഒക്കെ ഉള്ള മനസ് ആയി എനിക്ക്. കണ്ണുകള്‍ അടയുമ്പോള്‍ ചിന്തകളുടെ മറ്റൊരു ലോകം അത് തുറന്നു.എല്ലാം പിന്നെയും ആവര്ത്തിക്കപ്പെട്ടിരിക്കുന്നു .വാവല്‍ സംസാരിച്ചത് എന്റെ തോന്നല്‍ മാത്രം ആയിരുന്നില്ല.അവളുടെ സാമീപ്യം തന്നെ ആയിരുന്നു. ഇനി ഏത് രൂപമെടുത്ത് ആയിരിക്കും അവള്‍ എന്നെ തേടി വരുന്നത്???? പക്ഷെ, അവള്‍ വരും.എന്റെ ചിതറിയ ചിന്തകള്‍ പാപബോധത്തോടൊപ്പം ചേര്‍ന്ന് എന്നോട് ഉറപ്പിച്ച് തന്നെ പറഞ്ഞു  .-വരും...വരും..അവള്‍ ഉറപ്പായും..പുതിയ ഒരു രൂപത്തില്‍  ഇനിയും വരും..!