Sunday, 30 July 2017

പാവക്കുട്ടിനീ കീ' തരുന്നതിനനുസരിച്ച് ഞാൻ അനുസരണയോടെ ആടാനും പാടാനും തുടങ്ങി.നിന്റെ കണ്ണുകൾ തിളങ്ങി. എന്തൊരു സ്നേഹമാണ് ആ കണ്ണിൽ വിരിയുന്നത്. എനിക്കും നിന്നോട് ഇഷ്ടം തോന്നി.നീ പറഞ്ഞു-'ഇനിയും ഇനിയും'..!കാലുകൾ കുഴയുമ്പോഴും തൊണ്ട ഇടറുമ്പോഴും എന്റെ വേദനകൾ മറന്നു ഞാൻ നിന്നെ പുഞ്ചിരിയോടെ അനുസരിച്ചു.എല്ലാ വേദനയിലും എനിക്ക് അഭിമാനം ഉണ്ടായിരുന്നു..നീയെന്റെ ഉടമയാണ്..നിനക്കെന്നോട് വലിയ സ്നേഹമാണ്..നിന്നെ മാത്രമേ എനിക്ക് അനുസരിക്കേണ്ടതുള്ളൂ..

സ്നേഹം കൂടുമ്പോഴെല്ലാം നീയെന്നെ ഒരുപാട് ഒരുപാട് ഓമനിച്ചു.കൂട്ടുകാര് ആരും കാണാതെ നീയെന്നെ ഒളിപ്പിച്ചു വച്ചു.ആർക്കുമെന്നെ പങ്കു വയ്ക്കാൻ നീ ഇഷ്ടപ്പെട്ടിരുന്നില്ല.അങ്ങനെ ഞാൻ കാണുന്ന..എന്നെ കാണുന്ന..കേള്ക്കുന്ന അറിയുന്ന..ഒരേ ഒരു ആൾ നീ മാത്രമായി.എന്റെ ലോകം തന്നെ നീയായി..എത്ര സന്തോഷകരമായിരുന്നു ആ നാളുകൾ..ഊണിലും ഉറക്കത്തിലും എല്ലാം നിന്റെ കൂടെ ഞാൻ..!സന്തോഷമുള്ള ദിവസങ്ങൾ !!

നിന്നിലെ മാറ്റങ്ങൾ വേഗം വേഗം ഞാൻ തിരിച്ചറിഞ്ഞു തുടങ്ങി.വേദന കൊണ്ട് ഞാൻ നീറാൻ തുടങ്ങി.എന്നോടുള്ള നിന്റെ ഇഷ്ടം എന്ത് കൊണ്ടോ കുറഞ്ഞു കുറഞ്ഞു വന്നു.എന്റെ പാവഹൃദയം നീറിപ്പിടഞ്ഞു.നിന്റെ വാക്കിനനുസരിച്ച് ആടാതെ പാടാതെ ഞാൻ നിന്നു.ചിലപ്പോഴെല്ലാം എന്റെ താളം തെറ്റി.. സ്വരം മാറി..അതോടെ നീയെന്നെ പലപ്പോഴും ദേഷ്യത്തിൽ വലിച്ചെറിഞ്ഞു.ഒരിക്കൽ ഞാൻ ചെന്ന് വീണത് പുറം ലോകത്തെക്കാണ്.നിന്റെ മുറിക്ക് പുറത്തേക്ക്.ആ കിടപ്പിൽ എന്റെ മേല് പലരും ചവുട്ടിക്കടന്നുപോയി.

അവിടം ഞാനാദ്യമായി കാണുകയായിരുന്നു..അറിയുകയായിരുന്നു.. നിന്റെ ചുറ്റും പലർ.നിന്നെ സ്നേഹിക്കാൻ.. കൂടെ നടക്കാൻ..ചിരിപ്പിക്കാൻ എന്തിനും ഏതിനും പലർ.പല മനുഷ്യർ!! നിന്നെ സ്വന്തമാക്കിയവരും നീ സ്വന്തമാക്കിയവരുമായ എല്ലാപേരെയും ഞാൻ കണ്ടു.നിന്റെ ലോകം വളരെ വലുതായിരുന്നുവെന്നു ഞാൻ തിരിച്ചറിഞ്ഞു.

എത്രനാൾ ഞാൻ അങ്ങനെ തറയിൽ പൊടി പിടിച്ച് കിടന്നു എന്നറിയില്ല. അർദ്ധ ജീവനായി കഴിഞ്ഞിരുന്നു ഞാൻ.ഒടുവിൽ ഒരു ദിവസം നീയെന്നെ  പൊടി തട്ടിയെടുത്ത്  മുറിയിൽ കൊണ്ട് വന്നു. 

നീയും ഞാനും മാത്രം..
നീ പറഞ്ഞു- 'മറ്റുള്ളതെല്ലാം മായയാണ്..ഇത് മാത്രമാണ് സത്യം..എന്റെ മനസിൽ ഞാനുമൊരു പാവയാണ്..നിന്നെ പോലെ കുഞ്ഞിക്കണ്ണ് ള്ള ഒരു കൊച്ചു പാവ..എനിക്കങ്ങനെ ആയാൽ മതി.'

പെട്ടന്ന് എന്റെ സങ്കടമെല്ലാം മാറി. എനിക്ക് പുതുജീവൻ വച്ചു.എല്ലാം മറന്നു ഞാൻ നിന്നെ കൂടുതൽ സ്നേഹിക്കാൻ തുടങ്ങി.പതിവിലും സ്നേഹം കാട്ടി എന്നെ സന്തോഷിപ്പിക്കാൻ നീയും ശ്രമിച്ചു.നിന്റെ കള്ളത്തരങ്ങൾ അറിയാഞ്ഞിട്ടല്ല, അറിഞ്ഞിട്ടും ഞാൻ നിന്നോട് ചേർന്നൊട്ടി നിന്നു.കാരണം എനിക്ക് നീയില്ലാതെ കഴിയില്ലായിരുന്നു.

പിന്നെയും ഒരുപാട് വട്ടം ദേഷ്യം വരുമ്പോഴെല്ലാം നീ എന്നെ തറയിലേക്ക് വലിച്ചെറിഞ്ഞു. നിന്റെ മുറിക്ക് പുറത്തേക്ക് പോകാതെ, വാതിലിനുപ്പുറം ഞാൻ നിരങ്ങി നീങ്ങി ദിവസങ്ങളോളം ഞാൻ കാത്ത് കിടന്നു.ആ കിടപ്പിലും ഇടയ്ക്കിടെ നീയെന്നെചവുട്ടി തെറിച്ചിരുന്നത് ഓർക്കുന്നുണ്ടോ ?നിനക്ക് ഇഷ്ടം വരുന്നതും..സ്നേഹിക്കാൻ സമയം കിട്ടുന്നതും കാത്തിരിക്കലായി പിന്നെ എന്റെ പൊടിപിടിച്ച നാളുകൾ.. 

ഇന്നും എനിക്കൊന്നിനും നിന്നോട് പരിഭവമില്ല.നിന്നോടുള്ള എന്റെ സ്നേഹവും ആത്മാർഥതയും കീഴടങ്ങലും മാത്രമായിരുന്നു  എന്റെ സന്തോഷം.

എന്നാൽ ഒരു ദിവസം എന്നെ കൈയിലെടുത്ത് നീ പറഞ്ഞു: 

'-നീ എന്നെ കാത്തിരിക്കണ്ട..സ്നേഹിക്കണ്ട...പോ ദൂരെ..'

'നിഷേധിക്കാൻ മാത്രം എന്റെ സ്നേഹം നിന്നോട് എന്ത് തെറ്റ് ചെയ്തു?'ചോദിക്കും മുന്നേ..എന്റെ ഞെട്ടൽ മാറും മുന്നേ.. നീയെന്നെ ജനാലയിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു..!!!

ദിവസങ്ങളോളം..ഞാൻ ഈ മണ്ണിൽ..മഴയും വെയിലുമേറ്റ് മനസും ശരീരവും തളർന്നു കിടന്നു.

ഇന്ന് നീ അതെ ജനാലയിലൂടെ ദേഷ്യത്തോടെ എന്റെ മുറിഞ്ഞ മുഖം നോക്കി പറയുന്നു..

"നീ സന്തോഷിക്ക്.... നീ സന്തോഷിക്ക്...അവിടെ കിടന്നു നീ സന്തോഷിക്ക് !!"

ശരിയാണ് എനിക്കിവിടെ വലിയ സന്തോഷമാണ്.. ആ ജനാലകൾ തുറന്നു കിടക്കുന്നത് വരെ എനിക്ക് ഇവിടെയും വലിയ സന്തോഷമാണ്. 

-അമ്മൂട്ടി  

Monday, 17 February 2014

രണ്ട് മെഴുകുതിരികൾ..

രാത്രികളിൽ കന്യാസ്ത്രീ മഠത്തിലെ വൈദ്യുതി വിളക്കുകൾ എല്ലാം അണഞ്ഞതിനു ശേഷം മെഴുതിരി കാലിൽ രണ്ടു മെഴുകുതിരികൾ കത്തിച്ചു വച്ചാണ് ആനി സിസ്റ്റർ സാധാരണ എഴുതാൻ ഇരിക്കാറ്. ജനലുകൾ ചേർത്തടച്ചാലും തണുത്ത കാറ്റ് ചൂളം കുത്തി വീശുന്നത് കേള്ക്കാം.മുറിയിലെ മേശമേൽ ചിതറി കിടക്കുന്ന വെളുത്ത് നനുത്ത കടലാസുകളിൽ നിറയെ പ്രണയമായിരുന്നു..ആനി സിസ്റ്റെർ ഈശോയ്ക്ക് വേണ്ടി എഴുതിയ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും വരികൾ.

മഷിപ്പേനയുടെ അടപ്പ് തുറന്ന് വച്ച് ,പുതിയ കടലാസിലേക്ക് നോക്കി അവൾ അവളുടെ പ്രിയനെ മനസിലേക്ക് വീണ്ടും വീണ്ടും ഓർത്തെടുക്കുമായിരുന്നു .അവനു വേണ്ടിയുള്ള വരികളാണ് അവള്ക്ക് എഴുതേണ്ടത്.അവനോടുള്ള പ്രണയം, ഭക്തി, ആദരവ്.. പിന്നെയും നിറഞ്ഞു നില്ക്കുന്ന എന്തൊക്കെയോ.. വാക്കുകള്ക്കും വരികള്ക്കും ഒതുങ്ങുന്നതല്ല അവനോടുള്ള പ്രണയം.കല്ലിലും മരത്തിലും ചിത്രങ്ങളിലും കണ്ട ജീവസുറ്റ രൂപങ്ങൾക്ക് പുറമേ ആനി സിസ്റ്റെറിന്റെ മനസിൽ അവന്,അവളുടെ ഈശോക്ക്..ജീവനുള്ള ശരീരവും തുടിക്കുന്ന ഹൃദയവും എല്ലാം ഉള്ള വ്യക്തമായ രൂപമുണ്ടായിരുന്നു..സ്വരമുണ്ടായിരുന്നു..അവന്റെ സ്പർശനത്തിന്റെ താപത്തിന്‌ പോലും അവൾടെ മനസിൽ അളവുകൾ ഉണ്ടായിരുന്നു.

ഓരോ വിശേഷ ദിവസങ്ങൾക്കനുസരിച്ച് പള്ളിയിലേക്ക് വേണ്ടുന്ന ക്വയർ ഗാനങ്ങളിൽ പലതും രചിച്ചിരുന്നത് ആനി സിസ്റ്റർ ആയിരുന്നു. കർത്താവിനോട് ഒടുങ്ങാത്ത പ്രണയമുള്ള മണവാട്ടി.അവളുടെ വരികളിൽ തെളിയുന്ന സ്നേഹം അത്രമേൽ തീവ്രമായിരുന്നു.ഭക്തിയുടെ പ്രണയത്തിന്റെ മൂർദ്ധന്യതയിൽ അവൾ ഒഴുകിയ ദിവസങ്ങളിൽ ഒന്നിൽ അത് സംഭവിച്ചു..

ആനി സിറ്റെർ നേരിട്ട് കണ്ടു- അവളുടെ ഈശോയെ..!!!

പ്രധാന പള്ളിയോട് ചേർന്ന ചെറിയ ചാപ്പലുകളിൽ ഒന്നിൽ മുട്ട് കുത്തി നിന്ന് പ്രാർത്ഥിച്ചിരുന്ന അവളുടെ ശ്രദ്ധ മുഴുവൻ ക്രൂശിത രൂപത്തിലായിരുന്നു.എന്നും വൈകുന്നേരങ്ങളിൽ പതിവുള്ളതാണിത്.കത്തുന്ന ഒരു മെഴുകുതിരി അവൾ കൈയ്യിൽ പിടിച്ചിരുന്നു.മെഴുക് ഉരുകി ഒലിച്ച് 
ആ കൈപ്പത്തിയെ പൊള്ളിച്ച്, കട്ട പിടിച്ചു കൊണ്ടിരുന്നു.ചിലപ്പോഴെല്ലാം അവ കൈയിലൂടെ ഒലിച്ച്  തറയിലേക്ക് വീണ് ചെറിയ പൂക്കൾ തീർത്തു.ആ വേദനയുടെ ലഹരിയിൽ അവൾ കൂടുതൽ നിറവോടെ അവനെ മനസിലേക്ക് ആവാഹിച്ചു.ഭക്തിയുടെ നിറവിൽ അവളുടെ കണ്ണ്കൾ നിറഞ്ഞു തുളുംബി.

പുറത്തേക്ക് ദൃഷ്ടി ഒന്ന് മാറ്റുമ്പോൾ അവൾ കണ്ടു-വെളുത്ത വസ്ത്രമണിഞ്ഞ് ചുവന്ന മേല്പ്പുതപ്പ് മൂടി,നീട്ടിയ ചെമ്പിച്ച തലമുടിയോടെ നേർത്ത താടി രോമങ്ങളോടെ, തവിട്ടു നിറമുള്ള കണ്ണുകളോടെ
ഒഴുകി നീങ്ങുന്ന അവൻ...."എന്റെ ഈശോ... " 
ആനി സിസ്റ്റർ ഏങ്ങലോടെ നിലവിളിയോടെ ബോധരഹിതയായി തറയിലേക്ക് വീണു.

'അനുഗ്രഹം' കിട്ടിയതോടെ അവൾ പൂർവാദികം സന്തോഷവതിയും ഉൽസാഹവതിയുമായി.അവളുടെ സാന്നിധ്യം പോലും ഒപ്പമുള്ളവർ അനുഗ്രഹമായി തന്നെ കരുതി.കിട്ടിയ 'അനുഗ്രഹം' ആശ്ചര്യമായും അബദ്ധ മായും ആനി സിസ്റ്റെറിനു മനസിലായത്  'ഈശോ' അവളെ കാണാൻ മഠത്തിൽ എത്തിയപ്പോൾ ആണ്. അവൾ പള്ളിയിലേക്കായി എഴുതിയ ഗാനങ്ങൾ ചിട്ടപ്പെടുത്താൻ സാധാരണ വന്നിരുന്ന ആളല്ല അന്ന് എത്തിയത്. തന്നെ കാത്തിരുന്ന ആളെ കണ്ടു അവൾ പകച്ചു.

"ഈശോ.." അർദ്ധബോധത്തിൽ അവൾ വിളിച്ചു.

ഗാനങ്ങൾ എഴുതിയ കടലാസ് വാങ്ങി, വലത് കൈ ഇടത് നെഞ്ചിൽ ചേർത്ത് പുഞ്ചിരിയോടെ അയാള് അവളോട് പറഞ്ഞു: 

  -"യോഹൻ.. ഫാദർ യോഹൻ എബ്രഹാം..നിങ്ങളുടെ പള്ളിയിലേക്ക് പുതിയ പാതിരിയാണ്..രണ്ടു ദിവസം മുന്പ് വന്നു." !!
 
ഒരല്പം സ്ത്രൈണത കലര്ന്ന സൌമ്യമായ മധുരമായ ശബ്ദം.അയാള് മറ്റൊന്നും പറഞ്ഞത് അവൾ കേട്ടില്ല..നടന്നകലുമ്പോൾ അവൾ പിന്നെയും പറഞ്ഞു.. "ഈശോ.. ഈശോ..ഈശോ.." !!!


ദിവസങ്ങൾ.. മാസങ്ങൾ.. ഓരോന്നും വേഗതയിൽ തന്നെ കഴിഞ്ഞു പോയി.
ഫാദർ യോഹന്റെ ഈണവും താളവും ആനി സിസ്റ്റെറുടെ ഒരുപാട് രചനകള്ക്ക്  ജീവൻ പകർന്നു. ക്വയരിനു പാടാൻ വന്ന പലരുടെയും ശബ്ധങ്ങളിലൂടെ അവ പള്ളിയങ്കണത്തിൽ മുഴങ്ങിക്കൊണ്ടേയിരുന്നു. 

ആനി സിസ്റ്ററുടെ മനസിൽ അവളുടെ ഈശോ എന്ന യോഹൻ നിറഞ്ഞു നിറഞ്ഞു വന്നു.അവൾ അവനെ കുറിച്ച് എഴുതുന്ന ഓരോ വരിയും വാക്കുകളും പ്രണയത്തിന്റെ ചൂടിലും തണുപ്പിലും പൊള്ളി.

ചിലപ്പോഴെല്ലാം അവൾ സ്വയം ചോദിച്ചു.പാപിയാണോ ഞാൻ?എന്റെ ചിന്തകള്? സ്നേഹം? ഇല്ല..യോഹനെ എനിക്കറിയില്ല..ഞാൻ പ്രണയിക്കുന്നത് എന്റെ ഈശോയെ തന്നെയാണ്.അവൻ യോഹനല്ല.എന്റെ ഈശോ.. ഈശോ.. എന്റെ മാത്രം ഈശോ..!!!അവനെക്കുറിച്ച് അവൾ എഴുതിയ വരികൾ അവൻ മൂളുമ്പോൾ അവൾ അനുഭവിക്കുന്ന സന്തോഷം അത്ര വലുതായിരുന്നു. ആ നിമിഷങ്ങളിൽ അവളുടെ മനസ്‌ നിശബ്ദമായി അവനോട് ചോദിച്ചു കൊണ്ടേ ഇരിക്കും- പ്രിയനേ.. നിനക്ക് മനസിലാവുന്നുണ്ടോ..?തിരിച്ചറിയുന്നുണ്ടോ നീ,എന്റെ സ്നേഹം? എന്റെ നിറഞ്ഞ സ്നേഹം? 

ആനി സിസ്റ്ററുടെ ദിവസങ്ങൾ ഭക്ഷണത്തിനോ ഉറക്കത്തിനോ പ്രാർത്ഥനകൾക്കോ സേവനങ്ങള്ക്കോ ഒന്നും സമയം തികയാത്ത വണ്ണം എഴുത്തിൽ മാത്രമായി.അവനെ പ്രകീർത്തിച്ചു കൊണ്ടുള്ള ,സ്നേഹിച്ചു കൊണ്ടുള്ള വരികൾ..കഥകൾ..കവിതകൾ.. ഗാനങ്ങൾ.അവ ഓരോന്നും തിരുത്തുവാനും 
അഭിപ്രായം പറയുവാനും അവള്ക്ക് അവന്റെ സാനിധ്യം ആവശ്യമായിരുന്നു. അല്ലങ്കിൽ അവന്റെ സാനിധ്യത്തിലേക്ക് എത്താൻ അവൾ എഴുത്ത് ഒരു കാരണമാക്കിക്കൊണ്ടേയിരുന്നു.

സ്നേഹപൂർണമായിരുന്നു അവന്റെ, ഫാദർ യോഹന്റെ പെരുമാറ്റം. എന്ന് കരുതി പ്രത്യേകമായി അവളോട് ഒരു താല്പര്യവും അവൻ കാണിച്ചിരുന്നില്ല. അവളെ ഒഴിവാക്കാൻ ശ്രമിച്ചതുമില്ല.

ചങ്ങലകൾക്ക്  കണ്ണും കാതും വയ്ക്കുവാൻ കാലതാമസം ഉണ്ടായിരുന്നില്ല. വിലക്കുകൾക്ക് മുൻപേ മഠത്തിൽ ചില അണിയറ വർത്തമാനങ്ങൾ തുടങ്ങിയിരുന്നു.അവളൊന്നും അറിഞ്ഞതേ ഇല്ല.അവളുടെ ദിവസങ്ങൾ അനിർവചനീയമാം വിധം സന്തുഷ്ടമായിരുന്നു.അത് കൊണ്ടാവണം ആദ്യമായി സൗമ്യ ഭാഷയിൽ കിട്ടിയ താക്കീത് അവൾ അത്ര കാര്യമാക്കിയില്ല. അവള്ക്ക് ആ അവസ്ഥയിൽ  നിന്ന് ഒരു മാറ്റം സാദ്ധ്യമായിരുന്നില്ല.താക്കീതിന്റെ നിറവും കടുപ്പവും മാറാൻ അത് കാരണമായി.കര്ശനമായ വിലക്കുകൾ അവള്ക്ക് മുന്നില് വന്നു. പള്ളിയിലേക്ക് ഉള്ള പോക്ക് വരവ് പോലും മഠത്തിൽ നിന്നുള്ള വിലക്കിൽ നിർത്തലാക്കി.മാസങ്ങളോളം അവൾ അവളുടെ ഈശോയെ കാണാൻ ആവാതെ പ്രാര്ത്ഥനയിൽ തന്നെ കഴിഞ്ഞു കൂടി. 

അന്നൊരു ക്രിസ്മസ് തലേന്ന് പാതിരാ കുർബാനയ്ക്ക് മഠത്തിൽ നിന്നുള്ള പ്രത്യേക സംഘത്തിൽ അവള്ക്കും പള്ളിയിലേക്ക് പോരാൻ പറ്റി.പ്രാര്ത്ഥനകൾക്ക് ഒടുവിലാണ് അവൾ അവനെ കണ്ടത്.അതിനു ശേഷം ചുറ്റുമുള്ള ആരെയും അവൾ കണ്ടില്ല..അവൻ... അവൻ മാത്രം..!! ആ മുന്നില് മുട്ട് കുത്തി നിന്ന് കൈയ്യിലടുക്കി പിടിച്ച ഒരു ചുവന്ന റോസാപ്പൂ അവനു നേരെ നീട്ടിക്കൊണ്ട് അവൾ ഇങ്ങനെ പറഞ്ഞു:

"എന്റെ ഈശോ..
ഇതെന്റെ ഹൃദയമായി കണ്ടു സ്വീകരിക്കണം 
നിന്നോടുള്ള പ്രണയത്താൽ ഞാൻ വിവശയാണ്..
എന്റെ സർവവും നീ മാത്രമാണ്.."

ഫാദർ യോഹൻ ആൾക്കൂട്ടത്തിൽ വച്ച് വല്ലാണ്ട് ഭയന്നു.
ആനി സിസ്റ്റർ അയാളുടെ കൈകൾ പിടിച്ച് ആ പൂവ് പിടിപ്പിക്കാൻ ശ്രമിച്ചു.
മുള്ളുകൾ കൊണ്ട് യോഹന്റെ കൈത്തലം മുറിഞ്ഞു..രക്തം പൊടിഞ്ഞു..

ആ കൈത്തലം മുഖത്ത് അമര്ത്തി പിടിച്ചു കൊണ്ട് അവൾ പിറുപിറുത്തു: 
'തിരു മുറിവുകൾ..' !!

അവളെ പിടിച്ച് മാറ്റിയത് ആരൊക്കെയാണെന്ന് ഫാദർ യോഹന് അറിയില്ല.
ആനി സിസ്റ്റെറിനു മനോവിഭ്രാന്തി ആണ് ഭ്രാന്താണ് എന്ന് വിളിച്ച് പറയുന്നവരുടെ സ്വരത്തിൽ അമർഷമോ പരിഹാസമോ അറപ്പോ വെറുപ്പോ ഒക്കെ ആയിരുന്നു.

അന്ന് രാത്രി തന്നെ മുതിര്ന്ന പാതിരിമാരുടെ കടുത്ത തീരുമാനത്തിൽ 
ഫാദർ യോഹൻ എബ്രഹാം സഭയുടെ റൂറൽ ഏരിയയിലേക്ക്  മാറ്റപ്പെട്ട് കൊണ്ടുള്ള ഉത്തവായി.രാത്രി തന്നെ പുറപ്പെടാൻ പ്രത്യേകം അറിയിപ്പുണ്ട്.

ആരോടും എതിർത്തൊന്നും പറഞ്ഞില്ല.പക്ഷെ, ഫാദർ യോഹന്റെ മനസ്‌ വല്ലാതെ നൊമ്പരപ്പെട്ടു..യാത്രക്കുള്ള ഒരുക്കങ്ങൾ എല്ലാം ചെയ്ത് പുറപ്പെടും മുന്നേ പള്ളിയുടെ  സമീപത്തെ ചെറിയ ചാപ്പലിലേക്ക് അയാള് ചെന്നു. ആനി ദിവസവും മുട്ട് കുത്തി, കൈകളിൽ മെഴുകുതിരി ചൂടേറ്റു പ്രാർത്ഥിക്കുന്ന ഇടത്ത് അയാള് മുട്ട് കുത്തി നിന്നു.ഇവിടെ ഇങ്ങനെ നിന്നാണ് ആനി ആദ്യം തന്നെ കണ്ടതും ബോധമറ്റ് വീണതും.അവളുടെ കൈകളിലൂടെ ഉരുകി ഒലിച്ച മെഴുതിരികൾ തറയിൽ തീർത്തിരുന്ന പൂക്കളിൽ അയാള് മെല്ലെ തലോടി.


ഈറനണിഞ്ഞ കണ്ണുകൾ ക്രൂശിത സ്നേഹരൂപത്തിലേക്ക് നീണ്ടു.അയാളുടെ ചുണ്ടുകൾ അവ്യക്തമായി പറഞ്ഞു തുടങ്ങി :

"നിസഹായതയുടെ.. വേദനയുടെ..ആഴങ്ങളിലാണ് ഞാൻ.എനിക്ക് നീ മാപ്പ് തരിക..എന്നേ ഞാൻ സ്വയം മാറി തുടങ്ങിയിരുന്നു.--ആനിയുടെ സ്വന്തം ഈശോ.!!അറിയാം, പ്രതിപുരുഷനാണ് ഞാൻ..ഒരിക്കലും അങ്ങാവില്ല..ഞാൻ അങ്ങയുടെ ദാസൻ..ഒരു നോക്ക് കൊണ്ട് പോലും പാപം ചെയ്യരുതേ എന്ന ചിന്തയിലും ഫാദർ യോഹനെ മാറ്റി നിർത്തി അവളുടെ ഈശോ ആയി, ആ സ്നേഹം മനസു കൊണ്ട് സ്വീകരിക്കുകയായിരുന്നു ഞാൻ..!! സന്യാസജീവിതം.. വ്രതം.. ചിട്ടകൾ.. സമൂഹം..എല്ലാം ഓർമയിലുണ്ട്.. എങ്കിലും, എന്ത് തന്നെ ആയാലും മനുഷ്യരല്ലെ..പച്ചയായ മനുഷ്യര്.!! രക്തവും മാംസവും മനസും തന്നു അങ്ങ് തന്നെ സൃഷ്ടിച്ച മനുഷ്യര്.!!എനിക്കറിയാം ഞാനും അവളും ഒറ്റപ്പെട്ടവരല്ല, ഇതേ വേദന അനുഭവിച്ച ഒരായിരം പേരുണ്ടാകാം ഞങ്ങളുടെ കൂട്ടത്തിൽ..!!അത് കൊണ്ട് തന്നെ നിനക്ക് മനസിലാകും ഞങ്ങളെ. ഉള്ളു കൊണ്ട് സ്നേഹിച്ചിരുന്നെങ്കിലും അതിര് വിട്ടു പോയിട്ടില്ല.എന്ത് ശിക്ഷയും ഏറ്റെടുക്കാൻ ഞാൻ ഒരുക്കമാണ്. എന്റെ രൂപത്തിൽ നിന്നെ കണ്ട അവള്ക്ക്.. ..അവള്ക്ക്...മാപ്പ് കൊടുക്കണേ..  "

കൈയിലെ മുറിവിലേക്ക് മുഖം അമർത്തി യോഹൻ പൊട്ടിക്കരഞ്ഞു. 

പുറത്തേക്ക് ഇറങ്ങി നടക്കുമ്പോൾ അയാള് ആരെയും ശ്രദ്ധിച്ചില്ല..ഒന്നും മിണ്ടിയില്ല..പിന്തിരിഞ്ഞു നോക്കിയില്ല..ആ കൈകളിലെ ചോര പൊടിയുന്നത് നിലച്ചിരുന്നു.എങ്കിലും, ഹൃദയത്തിൽ വീണ മുറിവിൽ നിന്ന് ഒരിക്കലും നിലയ്ക്കാത്ത രീതിയിൽ ചോര പൊടിഞ്ഞു കൊണ്ടേ ഇരുന്നു....!! 

- Ammutty..!!

Sunday, 30 June 2013

എന്റെ നിനക്ക്..
പ്രിയനേ നീ അറിയുന്നതിനപ്പുറം ചിലതുണ്ട്..
പറയുവാൻ ഞാൻ മടിക്കുന്ന ചിലത്..
ഞാൻ, ഞാനെന്ന ഭാവം വെടിഞ്ഞ് 
ചിലത് പറയട്ടെ നിന്നോട്..

പ്രിയനേ അനുനിമിഷം എന്റെ പ്രാണനിൽ കലരുന്ന
ജീവവായു..ശ്വാസം..എന്നത്തിൽ പോലും
ജീവന് ഊതിക്കയറ്റുന്ന ഒരു ചിന്തയുണ്ട്..
നീ നീ എന്ന ചിന്ത..

പ്രിയനേ നിന്റെ നീൽമിഴികൾ..അടക്കിയ പുഞ്ചിരി..
വിടര്ന്ന ചുണ്ടുകൾ.. ഇവ ഇത്ര മേല്
ഭംഗിയാർന്നത് എന്തിനാണ്?എത്ര സമയം നിന്നെ അമര്ത്തി
ഉമ്മ വയ്ക്കാതെ..നിയന്ത്രിച്ച്..നിയന്ത്രിച്ച്..
എനിക്ക് സ്നേഹിക്കാൻ ആകും?

പ്രിയനേ..എന്നെ നീ ഇങ്ങനെ നോക്കരുതേ..
ഞാൻ ഇത്രമേൽ വിശിഷ്ടമായ വസ്തുവാണ് എന്ന്
തിരിച്ചറിയപ്പെടുന്നു, നിന്റെ കണ്ണുകളിൽ.!
അതെന്നെ ഒരു പൂച്ചക്കുഞ്ഞിനെ പോലെ പതുക്കുന്നു..

പ്രിയനേ..നീ നിന്റെ ഭാവമാറ്റങ്ങൾ ശ്രദ്ധിച്ചു കൊള്ളുക..
എന്റെ ഹൃദയ ചലനങ്ങളെ നിയന്ത്രിക്കാൻ തക്ക വണ്ണം
അവ ശക്തമത്രേ..തീവ്രമത്രേ..
നിന്റെ സ്വന്തമായ ആ ഹൃദയം നിലയ്ക്കാതെ,
മൃദുഭാവങ്ങൾ കൊണ്ട് നീ ശ്രദ്ധിച്ചു കൊള്ളുക..

പ്രിയനേ..ഞാൻ എത്രമേൽ
നിന്നില് സ്വാര്ഥ എന്നറിയുക..
അത്രമേൽ നീ മറ്റുള്ളവരിൽ അകലം പാലിക്കുക..
നിന്റെ ഹൃദയം, സ്നേഹം, പരിഗണന, കോപം,താപം
തുടങ്ങി സർവവികാര വിചാരങ്ങല്ക്കും
ഉടമ ഞാൻ മാത്രമത്രേ..

പ്രിയനേ..നിന്നോട് പരിഭവിക്കുന്ന
ഓരോ നിമിഷവും എന്റെ ആത്മാവ് ഈ ശരീരം വിട്ടു
നിന്നിലേക്ക്‌ ഓടി അണയാൻ വെമ്പൽ കൊള്ളുന്നു..
നിന്നില് നിന്ന് അകന്നു നില്ക്കാൻ ശ്രമിക്കുന്ന എന്നെ,
എനിക്ക് പോലും വേണ്ടന്ന് നീ അറിയുക..!!

പ്രിയനേ..ഏതവസ്ഥയിലും നിന്റെ പ്രേമവായ്പ്പിൽ
പൂത്തുലയുന്ന ഒരു മരമാണ് ഞാൻ..!
നീ മെല്ലെ തലോടിയാൽ മതിയാകും..
ചില്ലകൾ താഴ്ത്തി അനുസരണയോടെ
തണലേകുവാൻ..
നിന്റെ മേൽ പൂക്കൾ ഉതിര്ത്തിടാൻ..
തേന് തുള്ളികൾ ചൊരിയാൻ..

പ്രിയനേ ഇനിയുമേറെ പറയണം എങ്കിലും
ഇത്രയും പറഞ്ഞു ഞാൻ നിർത്തട്ടെ,
എനിക്ക് എന്നിൽ ഉള്ള നിയന്ത്രങ്ങൾക്ക് അതീതമാണ് നീ.
നീ..നീയൊരു വ്യക്തിയല്ല,എന്റെ ജീവന്റെ സത്തയത്രേ..
അത്രമേൽ എന്റെ പ്രാണൻ ഉരുക്കുന്ന പ്രണയമത്രേ..

-അമ്മൂട്ടി..!!! 

Tuesday, 26 February 2013

എന്റെ മഞ്ചാടി


                                   (1)
"ലച്ചൂ ..വേഗം നടക്ക്..സാറ്‌ കയറിക്കാണും.." മുന്നിലേക്ക് കയറി നടന്ന രണ്ട് കൂട്ടുകാരികള്‍ ധിറുതി കൂട്ടി.നടപ്പിനും ഓട്ടത്തിനും ഇടക്കുള്ള വേഗത്തിലായിരുന്നു ഞാന്‍.പുതിയ ട്യൂഷന്‍ സെന്റെറില്‍ ചേര്‍ന്നത് എനിക്കത്ര ഇഷ്ടമുണ്ടായിട്ടൊന്നും അല്ല.അവരുടെ ക്യാന്‍വാസിങ്ങും  അമ്മയുടെ നിര്‍ബന്ധവും.പിന്നെ അടുത്ത കൂട്ടുകാരികള്‍ അവിടെ ഉണ്ട് എന്നത് മാത്രം എന്റെ ഉത്സാഹം കൂട്ടി.പത്താം ക്ലാസല്ലേ ട്യൂഷന്‍ ഒക്കെ ഒരു അലങ്കാരവും തന്നെ.പെണ്‍കുട്ടികള്‍ മാത്രമുള്ള ഒരു സ്കൂളില്‍ ആയിരുന്നു ഞാന്‍ പഠിച്ചിരുന്നത്.ഈ ട്യൂഷന്‍ സെന്റെര്‍ ആണെങ്കില്‍ മിക്സെഡും. തൊട്ടടുത്ത ബോയ്സ് സ്കൂളിലെ ചെക്കന്മാരും ഞങ്ങളും ഒരുമിച്ചാണ് അവിടെ കണക്കും സയന്‍സും ഫിസിക്സും മറ്റു വിഷയങ്ങളും പഠിക്കുന്നത്.ആ പ്രത്യേക സൈക്കോളജി വച്ച് തന്നെ അവിടെ പഠിക്കാന്‍ ചെന്നാല്‍ അല്‍പ സ്വല്പം നന്നായി പഠിക്കാനും എല്ലാത്തിനും മുന്നിലെത്താനും സകലരും ശ്രദ്ധിച്ചു.

ഏപ്രില്‍-മെയ് സമയത്തെ വെക്കേഷന്‍ ആയിരുന്നതിനാല്‍ ഫുള്‍ ഡേയ് ക്ലാസുകള്‍ ആയിരുന്നു തുടക്കം.ആദ്യ പിരീഡ് കഴിഞ്ഞതും ഒരു ചെറിയ ബ്രേക്ക്‌ വന്നു.ഞാന്‍ ഒന്ന് എഴുന്നേറ്റ് നിവര്‍ന്നിരുന്നു.വൈകുന്നേരം വരെ ഈ ഇരുപ്പ് ഇരിക്കണം.ഇനിയും കിടക്കുന്നു കുറെ പിരീഡുകള്‍.പോരാത്തതിന് കണക്കിന്റെ രണ്ടു പിരീഡും.എനിക്ക് അസ്വസ്ഥത തോന്നി.വീട്ടില്‍ ആയിരുന്നെങ്കില്‍ രണ്ടു മാസം വെറുതെ ഓരോന്ന് ചെയ്തു കൂട്ടി ഇങ്ങനെ നടക്കാമായിരുന്നു.പേരിന് ഒരു പുസ്തകവുമെടുത്ത് മേലെത്തൊടിയില്‍ തറയിലേയ്ക്ക് ചായ്ഞ്ഞു കിടക്കുന്ന പറങ്കി മാവിന്റെ മുകളില്‍ ഇരുന്നു വായിക്കുകയോ സ്വപ്നം കാണുകയോ ചെയ്യാമായിരുന്നു.നേര്‍ത്ത കാറ്റില്‍ വരുന്ന, തൊട്ടടുത്തുള്ള വയണ മരത്തിന്റെ  ഇലയുടെ ഗന്ധം ആസ്വദിക്കാമായിരുന്നു.അതിരില്‍ നട്ടിരിക്കുന്ന കൈതച്ചക്കയുടെ ചെടികളില്‍ കടും ചുവപ്പ് നിറമുള്ള കുഞ്ഞു കായ്കള്‍ അഴകോടെ നില്‍ക്കുന്നതില്‍ നോക്കിയിരിക്കാമായിരുന്നു.ഈ ഇടെ എന്തോ ഈ നോക്കി ഇരുപ്പും സ്വപ്നം കാണലും അല്പം കൂടുതല്‍ ആണ്.സന്ധ്യനേരത്തും നട്ടുച്ചക്കും ഒറ്റയ്ക്ക് പറമ്പില്‍ പോയിരിക്കുന്നതിനു വഴക്ക് കേള്‍ക്കാത്ത ദിവസങ്ങളില്ല .കാരണവന്മാരെ ഒക്കെ ദഹിപ്പിച്ചിരിക്കുന്നത് അടുത്തടുത്തായി അവിടെയാണ്.അവരൊക്കെ ഉപദ്രവിക്കും എന്ന അമ്മയുടെയോ അച്ഛമ്മയുടെയോ വാദം എനിക്കത്ര ദഹിച്ചിരുന്നില്ല.കുടുംബത്തിലെ ചെറിയ ഒരു കണ്ണിയെ ഉപദ്രവിച്ചാല്‍ അവര്‍ക്കെന്ത് ലാഭം?

ഓല മേഞ്ഞചുവരുകളും മേല്‍ക്കൂരയും ദുര്‍ബലമായ ബെഞ്ചും ഡെസ്കും.ഞാന്‍ ചുറ്റുമൊന്നു നോക്കി .ശ്വാസം മുട്ടുന്ന കുടുസു ക്ലാസില്‍ ആകെ കൂടെ ഒരു ദാരിദ്രം പിടിച്ച ഒരു അവസ്ഥ.അടുത്തിരിക്കുന്ന കൂട്ടുകാരികള് തമ്മില്‍ എന്തോ ‍വല്ലാത്ത അടക്കിപ്പറച്ചില്‍ ..ഞാന്‍ കാത്‌ കൂര്‍പ്പിച്ചു.ആ സമയം പ്രണയകഥകള്‍ക്കും പരീക്ഷയുടെ മാര്‍ക്കിന്റെ കാര്യത്തിലും മാത്രമേ അത്രക്ക് ചൂടേറിയ ചര്‍ച്ചകള്‍ ഉണ്ടാകാറുള്ളൂ.ഇവിടെ ക്ലാസില്‍ വന്നു കുറച്ചെ ആയുള്ളൂ എങ്കിലും എനിക്ക് ആകെയുള്ള  ആശ്വാസം ഇങ്ങനെ ഉള്ള ചര്‍ച്ചകളും തമാശകളും ആണ്.കാതിലേക്ക് വന്നു വീണ സംഭാഷണ ശകലങ്ങളില്‍ നിന്ന് മനസിലായി-ഈ ക്ലാസിലെ ആര്ക്കോ ആരോടോ പ്രണയമാണ്.അതെ, പ്രണയം..!!!അതേ പറ്റി ആണ് സംസാരം.

ആര്‍ക്കാ? ആരോടാ?ഞാന്‍ തൊട്ടടുത്ത് ഇരുന്നവളുടെ ചെവിയില്‍ പതിയെ ചോദിച്ചു.
"നീ ഇവിടെ പുതിയ ആളല്ലേ..ഇവിടെ ഒരു വിചിത്ര പ്രണയം ഉണ്ട്."
എന്റെ കണ്ണുകള്‍ മിഴിഞ്ഞു.ഞാന്‍ ഒന്ന് നിവര്‍ന്നു ഇരുന്നു.അന്നേരം ശക്തി ഇല്ലാത്ത ബഞ്ചും ഡിസ്കും ഒന്ന് ഉലഞ്ഞു.
"ആരാ ആരാ?ആരോടാ?"ഞാന്‍ തിടുക്കപ്പെട്ടു..അടുത്തിരുന്നവള്‍ മുന്നിലേയ്ക്ക്  വിരല്‍ ചൂണ്ടി.മൂന്ന് ബെഞ്ചിനു മുന്നില്‍ രണ്ടാമതായി ഇരിക്കുന്നവള്‍..സ്കൂളില്‍ എന്റെ ക്ലാസ് മേറ്റ്  കൂടിയായ ശ്രീലക്ഷ്മി.വെളുത്ത് മെലിഞ്ഞു വട്ടമുഖവും ശാലീനതയും ഉള്ള ,ഓവല്‍ ഷേയ്പ് കണ്ണട വച്ച സുന്ദരിക്കുട്ടി.
"മം..കൊള്ളാം കൊള്ളാം..ചെക്കന്‍ ആരാ?"ഞാന്‍ ആണ്‍കുട്ടികളുടെ സൈഡിലേക്ക് വേഗം നോട്ടമയച്ചു.അടുത്തത് ആരെയാണ് ചൂണ്ടുന്നത് എന്ന തിടുക്കത്തില്‍.അവള്‍ പിന്നെയും വിരല്‍ ചൂണ്ടി..ആണ്‍കുട്ടികളുടെ സൈഡിലേയ്ക്കല്ല..പെണ്‍കുട്ടികളുടെ സൈഡില്‍  തന്നെ.ഞാന്‍ എത്തി നോക്കി.ഞങ്ങളുടെതിന് രണ്ട് ബെഞ്ച്‌ മുന്നില്‍ ഒന്നാമതായി ഇരിക്കുന്ന ഒരു പെണ്‍കുട്ടി.എന്റെ സ്കൂളില്‍ വച്ച് എപ്പോഴോ  കണ്ടിട്ടുണ്ട്.എന്റെ ഡിവിഷന്‍ അല്ലായിരിക്കണം .
"ഈ കുട്ടിയെ ചൂണ്ടി കാട്ടിയത് എന്തിനാ ?"
"അതാണ്‌ മഞ്ചു..സ്കൂളില്‍ എ ഡിവിഷനിലാ..അവള്‍ക്കു നമ്മുടെ ശ്രീക്കുട്ടിയോട് പ്രേമം ആണ്.എന്തോ
സ്പെല്ലിംഗ് മിസ്റെക്..കുറെ നാളായി തുടങ്ങിയിട്ട്."

ഞാന്‍ ഞെട്ടി..പെണ്‍കുട്ടിക്ക് പെണ്‍കുട്ടിയോട് പ്രണയമോ?അതെന്ത് പ്രണയം?കൂടുതല്‍ എന്തോ അവളോട് ചോദിയ്ക്കാന്‍ തുനിഞ്ഞതും കണക്ക് മാഷ്‌ വന്നു. കണക്കെന്നല്ല ഒരു കാര്യവും ശ്രദ്ധിക്കാന്‍ ആവുന്ന അവസ്ഥയില്‍ ആയിരുന്നില്ല ഞാന്‍.പഠിപ്പിക്കുമ്പോഴും 'പ്രോബ്ലം'സോള്‍വ് ചെയ്യുമ്പോഴും ക്ലാസിലിരുന്നു സംസാരിച്ചാല്‍ വെളുത്ത റോസാപ്പൂ പോലെ ഉള്ള എന്റെ കൈത്തലം ചുവന്ന റോസാപ്പൂ  പോലെ ആക്കും, ചൂരലുമായി ക്ലാസില്‍ നില്‍കുന്ന മാഷ്‌ എന്നത്  കൊണ്ട് മാത്രം ഞാന്‍ എന്റെ നാവിനെ അടക്കി.നോട്ടു ബുക്കിലെ  പ്രോബ്ലെത്തിലേക്ക് കണ്ണ് നട്ട് ഇരിക്കുമ്പോഴും എന്റെ ഉള്ളില്‍ നേരത്തേ  കേട്ട പ്രോബ്ലം ഉത്തരം കിട്ടാതെ തികട്ടി വന്നു കൊണ്ടിരുന്നു. പെട്ടെന്ന് ഒരു തുണ്ട് പേപ്പര്‍ പിന്നില്‍ നിന്ന് എനിക്ക് പാസ് ചെയ്തു കിട്ടി.ക്ലാസില്‍ ഇത് പോലെ സംസാരിക്കാന്‍ ആകാത്ത സമയം കൂട്ടുകാര്‍ക്ക്, മാഷ്‌ കാണാതെ ഇങ്ങനെ ചില സന്ദേശങ്ങള്‍ ഞങ്ങള്‍ തുണ്ട് കടലാസില്‍ കൈമാറാറുണ്ടായിരുന്നു.

"വിവേക് നിന്നെ നോക്കി ഇരിക്കുന്നു."-തുണ്ട് കടലാസിലെ വാചകം വായിച്ച ഉടന്‍ ഞാന്‍  പേപ്പര്‍ കീറി എന്റെ ബാഗിലെയ്ക്ക് ഇട്ടു.എന്റെ ബെഞ്ചിന്റെ തൊട്ടു പിന്നിലായി ആണ്‍കുട്ടികളുടെ സൈഡില്‍  നിന്നാണ് ആ 'നോക്കി ഇരിക്കുന്ന' നോട്ടംവരുന്നത്.ഇതേ വാചകവുമായി തുണ്ട് കടലാസുകള്‍ പല സമയങ്ങളും എനിക്ക് കിട്ടാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ കുറച്ചായി.എന്റെയും അവന്റെയും ബെഞ്ചിന്  പിന്നില്‍ വേറെയും ബെഞ്ചുകള്‍  ഉണ്ടെന്നും, അതില്‍ ഇരിക്കുന്നവര്‍ മുന്നിലുള്ളവരെ നിരീക്ഷിക്കുകയാണെന്നും ചെക്കന്‍ അറിയുന്നുണ്ടാകില്ല.ഈ നോട്ടം കാരണം എനിക്ക് പ്രത്യകിച്ച് ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഈയിടെ ആയി സ്ഥിരം സ്കൂളില്‍ പോകുന്ന പോലെ ഓടിപ്പിച്ച് കുളിച്ച് റെഡി ആയി ഇങ്ങോട്ട് വരാന്‍ പറ്റുന്നില്ല.മുടി ചീകി പിന്നി ഇടുന്നതിലും അതില്‍ ഒരു പൂവ് പിന്‍ ചെയ്തു വയ്ക്കുന്നതിലും കണ്മഷി ഇടുന്നതിലും എന്തിന്‌ ചെറിയ ഒരു വട്ടപ്പൊട്ട് വയ്ക്കുന്നതില്‍ വരെ കൂടുതല്‍ ശ്രദ്ധ വേണ്ടി വരുന്നു.ഇവന്‍ നോക്കാതെ ഇരുന്നെങ്കില്‍ ഇതൊക്കെ വലിച്ച് വാരി ചെയ്ത് അത്രേം സമയം എനിക്ക് ലാഭിക്കാമായിരുന്നു.

ഞാന്‍ പതിയെ തല ചരിച്ച് നോക്കി..ഒരു പുരികം അല്പം ഉയര്‍ത്തി ഉള്ള എന്റെ നോട്ടം താങ്ങാതെ അവന്‍ പെട്ടന്ന് കണ്ണ് മാറ്റി.
-ഇല്ല, ഇന്നും നിനക്ക് കഴിഞ്ഞില്ല..എന്റെ കണ്ണുകളെ എതിരിടാനുള്ള ശക്തി ഉള്ള ഒരാളെയേ എനിക്ക് ഇഷ്ടപ്പെടാന്‍ പറ്റൂ.ഞാന്‍ കുസൃതിയോടെ ഉള്ളില്‍ ചിരിച്ച് കൊണ്ട് പതിവ് പോലെ എന്റെ നോട്ടം പിന്‍വലിച്ചു.
 
അടുത്ത ഇന്റര്‍വെല്ലിനാണ് എനിക്ക് ആ 'വിചിത്ര പ്രണയത്തിന്റെ' വിശദാമ്ശങ്ങള്‍ കിട്ടിയത്.പ്രണയം എന്ന് വിളിക്കാമോ എന്ന് ശരിക്കും കുട്ടികള്‍ക്കറിഞ്ഞൂകൂടാ..ശ്രീയോട് മഞ്ചുവിന് അമിതമായ സ്നേഹമാണ്.അവര്‍ അടുത്ത കൂട്ടുകാരികള്‍ ഒന്നും അല്ല.ഒരേ സ്കൂള്‍ ആണെങ്കിലും രണ്ടു ഡിവിഷനില്‍ ആണ്.ട്യൂഷന്‍ ക്ലാസില്‍ വര്‍ഷങ്ങളായി ഒരുമിച്ചും.ശ്രീയോട് ആരെങ്കിലും കൂടുതല്‍ സ്നേഹം കാണിക്കുന്നതോ അടുക്കുന്നതോ മഞ്ചുവിന് ഇഷ്ടമല്ല.ആണ്കുട്ടികളോട് ശ്രീ എന്തെങ്കിലും മിണ്ടിപ്പോയാല്‍,മഞ്ചു ശ്രീയുടെ ഡെസ്കിനരികില്‍ കുറെ അധിക സമയം ചെന്ന് നിന്ന് പതിഞ്ഞ ശബ്ദത്തില്‍ അവളെ ശകാരിക്കും.ഒതുങ്ങിയ പ്രകൃതമുള്ള ശ്രീയ്ക്ക് ആണെങ്കില്‍ മഞ്ചുവിനെ അല്പം ഭയവും, അത് കൊണ്ട് തന്നെ അവള്‍ മുഖം വീര്‍പ്പിച്ച് കേട്ടു കൊണ്ട് ഇരിക്കുകയോ കരയുകയോ ആണ് പതിവ്.ഇതൊക്കെ കുറെ നാളായി നടക്കുന്നു. ഗുരുതരമായ പ്രശ്നങ്ങള്‍ ഒന്നും ഇത് വരെ നടക്കാത്തത് കൊണ്ട് എല്ലാപേരും ഇതൊരു തമാശ ആയി നിസാരമട്ടില്‍ കാണുന്നു.എങ്കിലും റോഡില്‍ വച്ച് ശ്രീയെ കമന്റടിച്ച  ഒരു പൂവാലനെ മഞ്ചു പരസ്യമായി ചീത്ത വിളിച്ച കഥ എന്നെ അത്ഭുതപ്പെടുത്തി.

ഞാന്‍ അന്ന് മുതല്‍ മഞ്ചുവിനെ ശ്രദ്ധിക്കാന്‍ തുടങ്ങി.പലപ്പോഴും അവളുടെ രണ്ടു കണ്ണുകളും(മുഴുവന്‍ ശ്രദ്ധ) ശ്രീയിലാണ്.ചിലപ്പോള്‍ മാത്രം ഒരു കണ്ണ്(പകുതി ശ്രദ്ധ) ശ്രീയില്‍ സൂക്ഷിക്കും.അങ്ങനെ ആ 'പലപ്പോഴും' 'ചിലപ്പോഴും' കൂട്ടിയും ഗുണിച്ചും നോക്കി 'എല്ലായ്പ്പോഴും' അവളുടെ ശ്രദ്ധ ശ്രീയിലാണ് എന്ന് ഞാന്‍ മനസിലാക്കി. അല്പം ആണ്‍കുട്ടികളുടെ പെരുമാറ്റ രീതികള്‍ തന്നെ ആണ് അവള്‍ക്ക്.എന്നും ക്ലാസില്‍ ഒരു നീളന്‍ ജാക്കെറ്റും ഫുള്‍ പാവാടയും ആയിരിക്കും ധരിക്കുക.ചിലപ്പോഴൊക്കെ ഒരു അയഞ്ഞ ചുരിദാര്‍.കറുപ്പിനോട് അടുത്ത ഇരുനിറം.മിക്കവാറും കുളിപ്പിന്നല്‍ ചെയ്ത എണ്ണ ഒട്ടിച്ച തലമുടി.കാതില്‍ ഒരു മൊട്ടു കമ്മല്‍ മാത്രമാണ് ആഭരണം.മറ്റു ചമയങ്ങള്‍ ഒന്നും ഇല്ല.വേഗത്തില്‍ ഉള്ള നടപ്പും ഇരുപ്പും.മറ്റുള്ളവരോട് ആവശ്യത്തിനു മാത്രം സംസാരം.ഇടക്ക് മാത്രം ക്ലാസിലെ തമാശകളില്‍ ഒരു ചിരി..ആ സമയം ആ മുഖം നിഷ്കളങ്കമാകുന്നത് പോലെ എനിക്ക് തോന്നി.സാമാന്യം നന്നായി പഠിക്കുന്ന കുട്ടിയാണ് അവള്‍ എന്നും ഞാന്‍ മനസിലാക്കി.അവളോട് ഒന്ന് സംസാരിക്കണം എന്നുണ്ടായിരുന്നെങ്കിലും ഉള്ളിലെ ഭയം കാരണം ഞാന്‍ അത് ഒതുക്കി.മറ്റൊന്നിനും അല്ല,അവള്‍ക്കു ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നുന്നതിലെ രഹസ്യം അറിയാന്‍ ഒരു വെമ്പല്‍.!

സ്കൂള്‍ വെക്കേഷന്‍ സമയത്താണ് നാട്ടുമുല്ല പൂക്കുന്നത്.മഴക്കാലത്ത് വീടിനു മുന്നില്‍ നട്ടിരുന്ന മുല്ലവള്ളികള്‍ എല്ലാം പൊക്കം കുറഞ്ഞ മാതള നാരങ്ങ മരത്തില്‍ പടര്‍ന്നു കയറി പൂത്തുലഞ്ഞു കിടന്നിരുന്നു.ചുവന്നമാതളപ്പൂക്കള്‍ക്കിടയിലുള്ള വെളുത്ത മുല്ലപ്പൂക്കള്‍ വല്ലാത്ത ചാരുത തന്നെ ആയിരുന്നു.പൂ വിടരുന്ന രാത്രി സമയം വീടിനുള്ളിലും പറമ്പിലും വലിച്ചടുപ്പിക്കുന്ന തരത്തില്‍ അവ ഗന്ധം പരത്തി.രാവിലെ അതെല്ലാം കോര്‍ത്തു കെട്ടി തലയില്‍ ചൂടി, പച്ചയില്‍ മെറൂണ്‍ ബോര്ഡര്‍  ഉള്ള പട്ടുപാവാടയും ജാക്കെറ്റും ഇട്ട് അല്പം വൈകിയാണ് അന്ന് ഞാന്‍ ക്ലാസില്‍ ചെന്നത്.ടീച്ചര്‍ ഉണ്ടായിരുന്നിട്ടും ക്ലാസില്‍ കയറിയതും വിവേക് വന്നിട്ടുണ്ടോ എന്ന് ഞാന്‍ പാളി നോക്കി.ചെക്കന്‍ കണ്ണ്  മിഴിച്ച് വച്ച് നോക്കി ഇരിക്കുന്നു.ഞാന്‍ ഇച്ചിരി ഗമ കൂട്ടി.പക്ഷെഎന്റെ ഇരിപ്പിടത്തിലെയ്ക് കണ്ണ് പായിച്ചപ്പോള്‍ വലിയ  ഒരു ഞെട്ടല്‍ ഉള്ളിലൂടെ പാഞ്ഞു പോയി.

അവിടെ അതാ എന്റെ ബെഞ്ചില്‍, ഒന്നാമതായി മഞ്ചു ആണ് ഇരിക്കുന്നത്.ശരിക്ക് പറഞ്ഞാല്‍ ഞാന്‍ എന്നും ഇരിക്കുന്ന  സ്ഥാനത്ത്. അതിനടുത്തേക്ക് പതുക്കെ ചെന്നതും അവള്‍ എഴുന്നേറ്റ്  മാറി തന്നു -എനിക്ക് രണ്ടാമതായി ഇരിക്കാന്‍.അവളുടെ ബെഞ്ചില്‍ 'റഷ് ' ആയതു കൊണ്ട് മാറി ഇരുന്നതാണ് എന്ന് എനിക്ക് മനസിലായി.ഇപ്പോള്‍  ഞാന്‍ കൂടി വന്നു ഇരുന്നപ്പോള്‍ ആ 'റഷ് ' എന്റെ ബെഞ്ചിലേയ്ക്ക് മാറി.

ടീച്ചര്‍ ക്ലാസെടുക്കുന്നു.ഇടക്ക് നോട്ട്സ് പറയുന്നു..മുട്ടി ഉരുമി ഇരിക്കുകയാണ് എല്ലാപേരും.അടുത്ത് ഒരു ആണ്‍കുട്ടി ഇരിക്കുന്നത് പോലെ ഉള്ള ആന്തല്‍ എന്റെ നെഞ്ചില്‍ നിന്ന് ഉയരാന്‍ തുടങ്ങി.നെറ്റിയില്‍ നിന്ന് വിയര്‍പ്പുചാലുകള്‍ എന്റെ കവിളിലേക്ക് പടര്‍ന്നു കയറി.നോട്സ് എഴുതുമ്പോള്‍ ചെറിയ വിറയല്‍ പോലെ.എഴുതുന്ന അവളുടെ കൈയ്യിലെയ്ക് ഞാന്‍ ഒളികണ്ണിട്ട് നോക്കി.മെലിഞ്ഞ ഉറപ്പുള്ള കൈകള്‍.ഞാന്‍ ഒന്ന് കൂടി മറു സൈടിലെക്ക് ഒതുങ്ങി ഇരുന്നു.എന്റെ പാവാട കണങ്കാല്‍ മറഞ്ഞാണ്‌ കിടക്കുന്നത് എന്നും ഉറപ്പാക്കുകയും ഒപ്പം ഉടുപ്പ്  ഒന്ന് കൂടി കഴുത്തിന്‌ മേലേയ്ക് വലിച്ച് ഇടുകയും ചെയ്തു.അല്പം കഴിഞ്ഞപ്പോള്‍ പുറത്തേയ്ക്ക് എന്ന മട്ടില്‍ ഞാന്‍ പതിയെ അവള്‍ടെ മൂക്കിനു താഴെ നോക്കി..ഒരു നിമിഷാര്‍ധം എങ്കിലും തീവ്രമായ ഒരു നോട്ടം..പുരുഷത്വത്തിന്റെ നേര്‍ത്ത ലക്ഷണം വല്ലതും??ഇല്ല..ഞാന്‍ പതിയെ കണ്ണുകള്‍ അവളുടെ കഴുത്തിനു താഴേക്ക് പായിച്ചു.മെലിഞ്ഞ ദേഹപ്രകൃതിയിലും കണ്ട പെണ്മയുടെ നേരിയ അടയാളം എനിക്ക് ആശ്വാസം തന്നു.ആ അടുത്ത് ഇരിക്കാന്‍ എനിക്കല്പംകൂടി ധൈര്യം കിട്ടി.എന്റെ ശ്വാസഗതി സാധാരണമാകുകയും ക്ലാസില്‍ ശ്രദ്ധിക്കുകയും ചെയ്തു.

അന്ന് മുഴുവന്‍ ഞാന്‍ അവളുടെ അടുത്ത് ഇരുന്നു.ഉച്ചയോടു കൂടി അവള്‍ എന്നോട് എന്തൊക്കെയോ പഠന കാര്യങ്ങള്‍ സംസാരിച്ചു.ഞാന്‍ മറുപടിയും പറഞ്ഞു.മെല്ലെ മെല്ലെ എന്റെ ഭയം കുറഞ്ഞു വന്നു.എന്റെ അച്ഛന്റെ തറവാട്ടു പേരും അമ്മാവന്മാരുടെ പേരുകളും എല്ലാം അവള്‍ക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നത് എന്നെ അത്ഭുതപ്പെടുത്തി.അവളുടെ അച്ഛന്‍, അതില്‍ ഒരു അമ്മാവന്റെ ഓയില്‍ മില്ലില്‍ കണക്കെഴുത്ത് ആയിരുന്നു എന്നും അച്ഛന്റെ മരണശേഷം അവളുടെ അമ്മയ്ക്ക് അവിടെ തന്നെ മറ്റെന്തോ ജോലി തരപ്പെടുത്തി കൊടുത്തു എന്നും വളരെ നന്ദിയോടെ എന്റെ കുടുംബക്കാരെ കുറിച്ച് അവള്‍ പറഞ്ഞു. മുതലാളിത്ത ജാഡകള്‍  ഉണ്ടായിരുന്ന എന്റെ  വല്യമ്മാവന്മാരോട് അന്ന് ആദ്യമായി എനിക്ക് ഒരല്പം ഇഷ്ടം തോന്നി.
കിട്ടിയ സ്വാതന്ത്ര്യം ഞാന്‍ പിന്നീട് അങ്ങോട്ട് പരമാവധി ഉപയോഗിക്കാന്‍ തുടങ്ങി.ഭയം മാറിയതോടെ പഴയ  ഇരിപ്പിടത്തിലേക്ക് അവള്‍ തിരിച്ചു പോയി ഇരുന്നിട്ടും അങ്ങോട്ട്‌ ചെന്ന് മിണ്ടാനും മറ്റും ഞാന്‍ താല്പര്യം കാണിച്ചു.കാരണം എനിക്ക് അവളോട ഒരു കാര്യം ചോദിയ്ക്കാന്‍ ഉണ്ട്.-അവള്‍ക്കെന്താ ഒരു പെണ്ണിനോട് പ്രണയം തോന്നിയത്?? ചിലപ്പോഴെല്ലാം എന്റെ കൈയിലെ വളകള്‍ ഊരി ഞാന്‍ അവളുടെ കൈയില്‍ ഇട്ട് എല്ലാപേരെയും ചിരിപ്പിക്കാന്‍ ശ്രമിച്ചു.മറ്റു ചിലപ്പോള്‍ നെറ്റിയിലെ പൊട്ട് ഇളക്കിയെടുത്ത് അവള്‍ അറിയാതെ ആ നെറ്റിയില്‍ പറ്റിച്ചു വച്ചു.പിന്നിലൂടെ ചെന്ന് ആ തലയില്‍ പൂവ് പിന്‍ ചെയ്തു വച്ചു..ഇതൊന്നും അവള്‍ക്ക് ഇഷ്ടമല്ലായിരുന്നിട്ടും കൂടി എന്റെ കുസൃതികള്‍ക്ക് വലിയ എതിര്‍പ്പൊന്നും കാണിച്ചില്ല.മറ്റുള്ളവരോട് ചേര്‍ന്ന് അവളും ചിരിച്ചു.എന്റെ ഉപദ്രവം ഏറുമ്പോള്‍ ചിലപ്പോഴെല്ലാം എന്നെ ശാസനയോടെ നോക്കി. ഞാന്‍ അവള്‍ക്ക് ഒരു പേരും കൂടി എന്റെ കണക്കില്‍ ഇട്ടു കൊടുത്തു."മഞ്ചാടി"..മഞ്ചു  എന്ന പേരില്‍ ഒരു ചെറിയ മാറ്റം.തരം പോലെ ഞാന്‍ അത് 'മരഞ്ചാടി' എന്നും മാറ്റി.എന്റെ വിളി കേട്ട് മറ്റു പലരും, എന്തിനു ചില അധ്യാപകരും ആ വിളി ഏറ്റെടുത്തു..മഞ്ചാടി..മഞ്ചാടി..!!
ഇടക്ക് എപ്പോഴൊക്കെയോ ശ്രീയുടെ പേര് വച്ച് ഞാന്‍ കളിയാക്കിയപ്പോള്‍ നാണം കലര്‍ന്ന ഒരു ചിരി ഞാന്‍ ആ മുഖത്ത് നിന്ന് വായിച്ചെടുത്തു.എന്റെ എല്ലാ കുരുത്തക്കെടിനും ഒടുവില്‍ സഹികെടുമ്പോള്‍  അവള്‍ തരുന്ന മറുപടി അതിനും തന്നു.."പോടെ..പോടെ"...എന്ന്.

                                                                                                            (2)

ഒരു കാര്യം പറയാന്‍ ഉണ്ട് എന്ന് ഇന്റര്‍വെല്‍ സമയം വിവേക് ഒറ്റയ്ക്ക് വന്നു പറഞ്ഞപ്പോള്‍ "ഇഷ്ടമാണെന്ന് '' പറയാന്‍ ആണെന്നാണ് ഞാന്‍ കരുതിയത്..ഒരാണ്‍കുട്ടി ഇഷ്ടമാണെന്ന് പറഞ്ഞാല്‍ തിരിച്ച് ഇഷ്ടപ്പെടുകയോ  ഇഷ്ടപ്പെടാതെ ഇരിക്കുകയോ ആവാം. പക്ഷേ ഇങ്ങോട്ട് പറഞ്ഞാല്‍ അതൊരു അന്ഗീകരിക്കലാണ്.ആത്മവിശ്വാസം കൂട്ടുന്ന കാര്യമാണ്.ഒരാള്‍ക്ക് ഇഷ്ടമാകുന്ന എന്തോ ചില ഗുണങ്ങള്‍ നമുക്ക് ഉണ്ട് എന്നതിന്റെ ഒരു അംഗീകാരം.കൂട്ടുകാരികള്‍ക്കിടയില്‍ അസൂയ ഉണ്ടാക്കുന്ന ഒന്ന്.അത് കൊണ്ട് തന്നെ എനിക്ക് സന്തോഷമായി.പക്ഷെ അവന്‍ പറഞ്ഞത് ഇങ്ങനെ.
"എനിക്കിഷ്ടമല്ല" അത് കേട്ട് ഞാന്‍ ഒന്ന് അമ്പരന്നു.
"എന്ത്"
" മഞ്ചുനോട് കൂട്ട് കൂടുന്നത്" അവന്‍ പറഞ്ഞു. ഒഹ്ഹ് ..അതാണ്‌ കാര്യം എനിക്ക് ചിരി വന്നു.
"എന്താ കുഴപ്പം കൂടിയാല്‍"
"അവള്‍ക്ക് പെങ്കുട്ട്യൊളെ ആണ് ഇഷ്ടം..അത് കൊണ്ട്"
"അത് കൊണ്ട്?"
"നിന്നെ അവള്‍ ഇഷ്ടപ്പെടണ്ട..നീ കൂടുകയും വേണ്ട "നിന്നെ ഞാന്‍ മാത്രം ഇഷ്ടപ്പെട്ടാല്‍ മതി എന്ന് അവന്‍ പറയാതെ പറഞ്ഞത് എനിക്ക് മനസിലായി.പക്ഷെ ഞാന്‍ വേഗം തിരിഞ്ഞു നടന്നു."..ലച്ചൂ..ലക്ഷ്മി പ്ലീസ്.."അവന്‍ വിളിച്ചു.ഞാന്‍ തിരിഞ്ഞു നോക്കിയില്ല.
"അഹങ്കാരി" -അവന്‍ അവസാനം ആ പറഞ്ഞത് ഞാന്‍ നന്നായി കേട്ടു.
പക്ഷെ അന്ന് ഞാന്‍ ഉറപ്പിച്ചു. ഇന്നവളോട് ചോദിക്കണം- എന്താ നിനക്ക് ഒരു പെണ്ണിനോട് പ്രണയം തോന്നിയത് എന്ന്.അതിനാണല്ലോ ഞാന്‍ അവളോട്‌ കൂടാന്‍ തുടങ്ങിയത് .കാര്യമായിട്ട് തന്നെ ചോദിക്കണം.ചോദിച്ചറിയണം.വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു ഇറങ്ങുമ്പോള്‍ ആകാം.ഞങ്ങള്‍ കുറച്ച് പേര് ഒരുമിച്ച് ഒരേ വഴിക്കാണ് വീട്ടിലേയ്ക്ക് പോകുന്നത്.അതില്‍ മഞ്ചുവും ഉണ്ട്.അവള്‍ കൂട്ടത്തില്‍ ഒന്നും കൂടില്ല ഒരല്പം മുന്നിലോ പിന്നിലോ മാറിയേ നടക്കൂ.ഞാന്‍ അവളുടെ കൂടെ കൂടി.ഓരോന്ന് ചോദിച്ച് ചോദിച്ച് അവളെ അടുപ്പിച്ച് കൊണ്ട് വന്നു. അവസാനം ഞാന്‍ കാര്യത്തിലേക്ക് കടന്നു.

 "പെണ്‍കുട്ട്യോള്‍ക്ക് സാധാരണ ആങ്കുട്ട്യൊളോടല്ലേ  ഇഷ്ടം തോന്നുക..തിരിച്ചും..പിന്നെന്താ മഞ്ചാടിക്ക് ശ്രീയോട്.."
ഞാന്‍ പകുതിക്ക് നിര്‍ത്തി ഒന്ന് ഏറു കണ്ണിട്ടു നോക്കി.എന്റെ വളഞ്ഞുള്ള വരവ് ഈ കാര്യത്തിലേക്കാണ് എന്ന് അവള്‍ ഊഹിച്ചു കാണണം,സാധാരണ കിട്ടുന്ന 'പോടെ പോടെ' യേക്കാള്‍  കടുപ്പിച്ച ഒരു "പോടീ" ആണ്‍ അന്നെനിക്ക് കിട്ടിയത്,അതും ഉറക്കെ..  മുഖത്തടിക്കും പോലെ..!!അവള്‍ വല്ലാത്ത ദേഷ്യത്തിലായി.കത്തുന്ന കണ്ണുകളോടെ എന്നെ ഒന്ന് നോക്കി. എന്നിട്ട് വളരെ വേഗം മുന്നോട്ട് നടന്നു പൊയ്ക്കളഞ്ഞു .ഞാന്‍ അപ്പോഴും ഞെട്ടലില്‍ തന്നെ ആയിരുന്നു.ചോദിക്കണ്ടായിരുന്നു.. ഒന്നും ചോദിക്കണ്ടായിരുന്നു..എന്റെ മനസ്‌ പിടഞ്ഞു.


പിന്നീട് എന്നില്‍ നിന്ന് അവള്‍ ഒഴിഞ്ഞു മാറി നടന്നു കളഞ്ഞു .എനിക്കും അതെപ്പറ്റി ചോദിയ്ക്കാന്‍ വല്ലാത്ത വൈമനസ്യം തോന്നി.മാസങ്ങള്‍ അങ്ങനെ കടന്നു പോയി.ഇതിനിടയില്‍ ഞങ്ങള്‍ പലപ്പോഴായി മിണ്ടിപ്പോന്നു.പക്ഷെ എന്തോ ഒരു ഊഷ്മളതക്കുറവ് അതില്‍ വന്നു ചേര്‍ന്നിരുന്നു.പത്താംതരം കഴിഞ്ഞ് പല വഴിക്ക് എല്ലാപേരും പിരിഞ്ഞു പോയി.മറ്റൊരു നഗരത്തില്‍ തുടര്‍ വിദ്യാഭ്യാസം ചെയ്യേണ്ടി വന്നു എനിക്ക്.പുതിയ മുഖങ്ങള്‍ ,ഓര്‍മ്മകള്‍, പഠന വിഷയങ്ങള്‍ എല്ലാം എന്റെ ജീവിതത്തിലും മാറി മാറി വന്നു.പഴയ ചിത്രങ്ങള്‍ക്ക് പലതിനും മങ്ങലേറ്റു.മനസും മനുഷ്യവികാരങ്ങളും ഇഷ്ടപ്പെട്ടിരുന്ന, അറിയാന്‍ ജിജ്ഞാസ പൂണ്ടു നടന്ന ഞാന്‍ പഠന വിഷയമാക്കിയത് സാങ്കേതികത ആയിരുന്നു.എന്തിനോടും വേഗം പൊരുത്തപെടുന്ന എന്റെ  മനസിന്റെ ഒരു പാതി വേഗം ഒരു ടെക്കി ആയി മാറി.മറുപാതിയില്‍ എവിടെയോ പഴയ കുസൃതികളും ചിന്തകളും ഒളിപ്പിച്ചു വച്ചു.വളര്‍ന്നു തികഞ്ഞ ഒരു പെണ്ണിലേയ്ക്ക് പൂര്‍ണമായി ഞാന്‍ മാറിക്കഴിഞ്ഞിരുന്നു. .പ്രണയത്തിന്റെ നിഷ്കളങ്കമായ സംശയങ്ങള്‍ക്ക് അപ്പുറം വൈകാരികതയുടെ തലങ്ങള്‍ വായിച്ചും കേട്ടും പക്വത നേടിയിട്ടും വിദേശീയര്‍ നിയമ വിധേയമാക്കിയ, ഇന്ത്യക്കാര്‍ നെറ്റി ചുളിക്കുന്ന 'ലെസ്ബിയന്‍' എന്ന വാക്കിന്റെ അര്‍ഥതലങ്ങളില്‍ ഒരിക്കലും, മഞ്ചാടിയെ എന്റെ മനസ്‌ ചേര്‍ത്ത് വച്ചില്ല..അത് ഒരു ഹോര്‍മോണ്‍ ഇമ്ബാലന്‍സ് എന്നോ നിഷ്കളങ്കമായ  സ്നേഹം എന്നോ കരുതാന്‍ ആയിരുന്നു എനിക്ക് ഇഷ്ടം..!

.                                                               (3)


ഐടി നഗരത്തില്‍ നിന്ന് പിശുക്കി കിട്ടുന്ന അവധി ദിവസങ്ങളുമായി ഓടി വീട്ടില്‍ എത്തുമ്പോള്‍ അച്ഛനുമൊത്ത് ചില കറക്കങ്ങള്‍ പതിവാണ്.ആ ഉപദേശങ്ങള്‍ ,അനുഭവങ്ങള്‍,ചിലപ്പോഴൊക്കെ ഉള്ള തര്‍ക്കങ്ങള്‍ ഞങ്ങള്‍ മാത്രമുള്ള ഡ്രൈവില്‍ സാധാരണം.പുറമേ ഉള്ള റോഡോ ആള്‍ക്കാരോ ഒന്നും ഞാന്‍ അന്നേരം ശ്രധിക്കാറേ ഇല്ല.അച്ഛന്‍ പറയുന്ന കഥകള്‍..അതിലായിരിക്കും എന്റെ പൂര്‍ണ ശ്രദ്ധ.

അന്ന് പക്ഷെ എങ്ങനെയെന്നറിയില്ല, ഒരു പ്ലാസ്റിക് കവറും  തൂക്കി, സാരി വലിച്ച് വാരിച്ചുറ്റി വേഗത്തില്‍ നടന്നു പോകുന്ന ഒരു സ്ത്രീയില്‍ എന്റെ കണ്ണുകള്‍ ഉടക്കി.ആ നടത്തം അതിന്റെ വേഗത..അതെന്നെ വേഗം ആകര്ഷിച്ചു എന്ന് പറയുന്നതാണ് ശരി.
മഞ്ചാടി....ഏഴെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍...!!!ഞാന്‍ അച്ഛനോട് പറഞ്ഞ് വണ്ടി നിര്‌ത്തിച്ചു.


ഓടി അടുത്ത് ചെല്ലുമ്പോള്‍ അവള്‍ക്കാദ്യം എന്നെ മനസിലായില്ല.വെയിലേറ്റു വിയര്‍ത്തു കുളിച്ചിരുന്നു അവള്‍.സാരിയുടെ തലപ്പ്‌ വലിച്ച് മുഖവും കഴുത്തും തുടച്ചു കൊണ്ട് അത്ഭുതത്തോടെ എന്നെ നോക്കി."ലച്ചു..ലച്ചു ആണ് ഞാന്‍, ലക്ഷ്മി.."സന്തോഷത്തോടെ ഞാന്‍ അറിയിച്ചു.ആ മുഖം തിരിച്ചറിവില്‍ വിടര്‍ന്നു.വളരെ അദികം നിര്‍ബന്ധിച്ചാണ് ഞാന്‍ അവളെ കാറിലേക്ക് ലിഫ്റ്റ്‌ ഒഫെര്‍ ചെയ്ത് വലിച്ചു കയറ്റിയത്.AC യുടെ തണുപ്പില്‍ ആ മുഖത്ത് ആശ്വാസം പടരുന്നത് ഞാന്‍ കണ്ടു.ഒരല്പം വിശേഷം പറച്ചില്‍.എന്റെ അച്ഛന്‍ ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്നത് അവളെ ജാള്യതപ്പെടുത്തുന്നുണ്ടായിരുന്നു.സഞ്ചരിക്കുന്ന ദൂരം കുറഞ്ഞ് കുറഞ്ഞു വന്നത് എനിക്ക് വിഷമം ഉണ്ടാക്കി.എന്തൊക്കെയോ കുറെ പറയണം..ചോദിക്കണം..അവളോട്. പക്ഷെ ഒന്നും അങ്ങോട്ട്‌ മിണ്ടാന്‍ ആകുന്നില്ല.കുറച്ച് ദൂരം അങ്ങനെ പോയി.വഴി രണ്ടായി തിരിയുന്ന ഒരിടത്ത് എന്റെ ഇളയച്ഛന്  ഒരു ഫര്‍ണിച്ചര്‍ ഷോപ്പ് ഉണ്ടായിരുന്നു. അവിടെ വണ്ടി നിര്‍ത്തി
"ഇപ്പൊ വരാം "എന്ന് പറഞ്ഞ് അച്ഛന്‍ കാറില്‍ നിന്ന് ഇറങ്ങിപ്പോയി.


ഞാന്‍ അവളുടെ കൈ പിടിച്ച് എന്ത് ചെയ്യുന്നു ?വീട്ടില്‍ ആരോകെ ഉണ്ട്?എന്ന് തുടങ്ങി കുറെ ചോദ്യങ്ങള്‍ തൊടുത്തു വിട്ടു.ഒരു സ്ടിച്ചിംഗ് സെന്ററില്‍ തയ്യലാണ് അവള്‍ക് ജോലി എന്ന് പറഞ്ഞു.വീട്ടിലെ  സാഹചര്യം കാരണം പഠിക്കാന്‍ ആയില്ല എന്നും.
"ഇപ്പോള്‍ വീട്ടില്‍..വീട്ടില്‍..മോളും മോളുടെ അച്ഛനും ഉണ്ട് .."അത് പറയുമ്പോള്‍ അവളുടെ മുഖത്ത് ഒരു ചമ്മല്‍..നാണം..പറയാന്‍ പറ്റാത്ത മറ്റെന്തൊക്കെയോ..


അത് കണ്ട് ഞാന്‍ എല്ലാം മറന്നു പൊട്ടിച്ചിരിച്ചു.
"ആഹാ..കല്യാണം ഒക്കെ കഴിഞ്ഞല്ലേ???ഞാന്‍ കരുതി നീ ഒരു "പെണ്ണ്" കെട്ടുമെന്ന്."
ഇത് പറഞ്ഞു ഞാന്‍ പിന്നെയും ചിരിച്ചു.
"നിനക്ക് ഒരു മാറ്റവും ഇല്ല.കാണാന്‍ ഒരുപാട് വ്യത്യാസംണ്ട്..ന്നാലും ഈ നാക്ക്..."
ഒരു പോടെ പോടെ ഞാന്‍ പ്രതീക്ഷിച്ചെങ്കിലും അവള്‍ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞത് ഇങ്ങനെയാണ്.
"അല്ല, മോളെ ആരാ പ്രസവിച്ചേ ?നീയോ മോള്‍ടെ അച്ഛനോ?"ഞാന്‍ പിന്നെയും വിട്ടില്ല.
" മുടിയൊക്കെ മുറിച്ചു കളഞ്ഞല്ലേ?പക്ഷെ നല്ല തിളക്കം.."വിഷയത്തില്‍ നിന്ന് തെന്നി,അവള്‍ എന്റെ തല മുടിയില്‍ പതിയെ തൊട്ടു നോക്കി.
"ങും..ഹെയര്‍ സിറം എന്നൊരു സാധനം പുരട്ടിയിട്ടുണ്ട്..അതാ തിളങ്ങുന്നെ..അത് വിട്...അപ്പൊ നീ പെണ്ണ് തന്നെ ആയിരുന്നല്ലേ???"ഞാന്‍ കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു.അവള്‍ എന്റെ കൈയില്‍ പതിയെ ഒരു അടി അടിച്ചു.

അവളെ അധികം ബുദ്ധിമുട്ടിക്കാതെ ഞാന്‍ മറ്റു ചില വിഷയങ്ങള്‍ കൂടെ എടുത്തിട്ടു സംസാരിച്ചു.അച്ഛന്‍ തിരികെ എത്താന്‍ ഒരല്പം വൈകുന്നത്  നന്നായി എന്ന് എനിക്ക് തോന്നി.പക്ഷെ അവള്‍ക്ക് പോകാന്‍ ധിറുതി ഉണ്ടായിരുന്നു.
"മോള്‍ നര്സറിയില്‍ നിന്ന് വന്നു കാണും..എന്നെ കണ്ടില്ലങ്കില്‍ വിഷമിക്കും വീടിന്റെ താക്കോല്‍ എന്റെ കൈയ്യിലാ.
ഇനിയിപ്പോ ഒരു വളവു തിരിഞ്ഞാല്‍ നിങ്ങള്‍ക്ക് തിരിഞ്ഞു പോകണം.എനിക്ക് നേരെ അല്ലെ പോകേണ്ടത്.ഞാന്‍ ഇവിടെ ഇറങ്ങാം..
പെട്ടന്ന് നടന്നു എത്താവുന്നതല്ലേ ഉള്ളൂ.."
ഇത്  പറയുമ്പോള്‍ അവളുടെ മുഖത്ത് ഒരു അമ്മയുടെ ആധി എനിക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞു.ഞാന്‍ പതിയെ ഡോര്‍ തുറന്നു കൊടുത്തു.അവള്‍ ഇറങ്ങുമ്പോള്‍ എന്റെ പര്സില്‍ നിന്ന് കുറച്ച കാശെടുത്ത് ഞാന്‍ കൈയ്യില്‍ പിടിപ്പിച്ചു."മോള്‍ക്ക് മിട്ടായി വാങ്ങാന്‍ " എന്ന് പറഞ്ഞ്.അത് വാങ്ങാന്‍ കുറച്ച് നിര്‍ബന്ധിക്കേണ്ടിയും വന്നു.

എന്നെ നോക്കി 'ശരി' എന്ന് പറഞ്ഞു നടക്കാന്‍ തുനിഞ്ഞതും ഞാന്‍ ഒന്ന് കൂടെ വിളിച്ചു..
"ഡീ..മഞ്ചാടി..സത്യത്തില്‍ അന്ന് നിനക്ക് എന്തായിരുന്നു ആ ശ്രീയോട്?"
അവളുടെ മുഖം ഒന്ന് മാറി.ഞാന് ശരിക്കും ഒന്ന് പേടിച്ചു.പക്ഷെ മാറിയത് പോലെ വലിയ ഒരു ചിരി അവിടെ വിടര്‍ന്നു.
എപ്പോഴും എന്നെ ഒതുക്കിയിരുന്ന മറുപടി അവിടെ നിന്ന് കേട്ടു ."പോടെ പോടെ..." അത് പറയുന്നതിനൊപ്പം
കാറിനുള്ളില്‍ ഇരുന്ന എന്റെ കവിളില്‍ കൈ എത്തിച്ച് അവള്‍ ഒന്ന് നുള്ളി.തലയാട്ടിക്കൊണ്ട് തിരിഞ്ഞു വേഗത്തില്‍
നടന്നു നീങ്ങി..

എന്റെ മനസ്‌ ,ഹോര്‍മോണ്‍ ഇമ്ബാലന്സുകളെയും നിഷ്കളങ്ക സ്നേഹത്തെയും
വ്യക്തി ആരാധനയും എല്ലാം കൂട്ട് പിടിച്ച് ആശ്വസിച്ചു.ഉത്തരം തരാത്ത ചോദ്യവുമായി അവള്‍ നടന്നു നീങ്ങി..
എന്റെ മഞ്ചാടി..!!!

-Ammutty.

 (ചിത്രം:ഗൂഗിള്‍ )


Sunday, 27 January 2013

അവള്‍ വരും..

വാതിലിന്റെ വിടവിലൂടെ ഞാന്‍ ഒളിഞ്ഞു നോക്കി.വന്നിട്ടില്ല. പക്ഷെ വരും. ഉറപ്പായും വരും..ഞാന്‍ കൈയ്യിലിരുന്ന വടിയില്‍ മുറുകെ പിടിച്ചു.കാത് കൂര്‍പ്പിച്ചു. വൈകിയില്ല, കനത്ത ചിറകടി ഒച്ച കേള്‍ക്കാനായി. പറന്നു വന്ന്, ഒന്ന് വട്ടം ചുറ്റി തന്റെ സ്ഥാനത്ത് തന്നെ ഇരുപ്പുറപ്പിച്ചു.കറുത്ത ശരീരം കീഴ്ക്കാന്‍ തൂക്കായി ഇട്ടപ്പോള്‍ നന്നായി ഒന്ന് ആടി ഉലഞ്ഞു.ചോരക്കണ്ണ്കള്‍ , കൂര്‍ത്തമുഖം എല്ലാം ഒന്ന് വെട്ടിച്ചു.എല്ലായ്പ്പോഴും എന്ന പോലെ മുഖം ഇപ്പോഴും വാതിലിനു നേര്‍ക്ക് തന്നെ.അതായത് ഹാളില്‍ മറഞ്ഞു നില്‍ക്കുന്ന എനിക്ക് നേരെ.!

വീടിന്റെ തുറസ്സായ സിറ്റ്ഔട്ടിലെ മച്ചില്‍ ഉള്ള കാഴ്ച്ചയാണിത്.വന്നിരിക്കുന്നത് ഒരു വാവല്‍ (വവ്വാല്‍) ആണ്..തടിച്ച ഒരു കടവാവല്‍..!!സാധാരണ കൂട്ടം കൂട്ടമായി കാണുന്ന ഈ ജീവി ഇങ്ങു സിറ്റിയില്‍ എന്റെ വീടിന്റെ ഉമ്മറം തേടി എന്തിനു വരുന്നു എന്ന അതിശയമായിരുന്നു ആദ്യം.ത്രിസന്ധ്യ തുടങ്ങി നേരം ഇരുട്ടി വെളുക്കും വരെ ഈ ഇരുപ്പ് തുടരുന്നുണ്ട് .അത് ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങിയത്  ഈ അടുത്താണ് എന്ന് മാത്രം.രാത്രി കാലങ്ങളില്‍ വാതിലില്‍ ചിറകടിച്ച് ശല്യം ചെയ്യുന്ന പണി കൂടി ഇപ്പോള്‍ തുടങ്ങിയിട്ടുമുണ്ട്.

മരിച്ച് സ്വര്‍ഗവും നരകവും നഷ്ടപ്പെടുന്നവര്‍ കടവാവലുകള്‍ ആയി ഭൂമിയില്‍ ജീവിക്കും എന്നൊരു 'മുത്തശ്ശിനുണ' ഞാന്‍ വിശ്വസിച്ചിരുന്നു. അത് കൊണ്ട് തന്നെ ഈ വരവും ഇരുപ്പും എന്നില്‍ അല്പം ഭയം ഉണര്‍ത്താന്‍ തുടങ്ങിയിരുന്നു.കഴിയുന്നത്ര ആട്ടിപ്പായിച്ചിട്ടും പ്രയോജനം ഉണ്ടായില്ല.ഇന്ന് അതുണ്ടാവണം..അതിനാണ്  ഞാന്‍ ഇവിടെ പതുങ്ങി ഇരിക്കുന്നത്.കൈയ്യിലെ കുറുവടി ഞാന്‍ ഒന്നു കൂടി മുറുക്കി പിടിച്ചു.കഴിയുമെങ്കില്‍ തലയ്ക്ക് തന്നെ അടിക്കണം. പിന്നീട്  ഇങ്ങോട്ട് വരരുത്..നാശം..!

എനിക്കതിനുള്ള ധൈര്യം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല..അറിഞ്ഞു കൊണ്ട് ഒന്നിനെയും..ഒരു ഉറുംബിനെ പോലും നോവിക്കണം എന്ന് എനിക്കില്ല.ഏത് സാധു മൃഗങ്ങളെയും പക്ഷികളെയും ഭയവുമാണ്.ചെറുപ്പത്തില്‍ ഒരിക്കല്‍ പത്തായപ്പുരയില്‍ സ്ഥിരതാമസമാക്കിയ ഒരു ബലിക്കാക്ക തലയില്‍ മാന്തിപ്പറന്നിട്ടുണ്ട്.അതിന്റെ ഭയപ്പാടില്‍ പനിയും ജ്വരവുമായി കിടന്നത് ഒരു മാസത്തോളമാണ് .ആ മുറിപ്പാട് ഇപ്പോഴും...ഞാന്‍ തലയിലൂടെ വിരല്‍ ഓടിച്ചു നോക്കി.മുടി വന്നു മൂടി എന്നെ ഉള്ളൂ..ആഴത്തില്‍ ആ പാട് ഇപ്പോഴും ഉണ്ട്.തെറ്റാലി കൊണ്ട് ആ കാക്കയെ അടിച്ച് കൊന്നത് പണിക്കു വരുന്ന ചെക്കനാണ്. ചത്ത കാക്കയെ കൊണ്ടു വന്ന് ജനാലയ്ക്കല്‍ കാണിക്കും വരെ എന്റെ പുറത്ത് ഇറങ്ങാനുള്ള പേടി തുടര്‍ന്നു. അങ്ങനെയുള്ള ഞാന്‍ ആണ് ഇപ്പോള്‍ ഈ സാഹസത്തിനു മുതിരുന്നത്.ഭയന്നിട്ട് കാര്യമില്ല, എന്റെ കുട്ടികള്‍ക്ക് കൂടി ഇപ്പോള്‍ സന്ധ്യ ആയാല്‍ മുറ്റത്തേക്ക്  ഇറങ്ങാന്‍ പേടി ആണ് .മാത്രമല്ല, ഞാന്‍ ഇപ്പൊ കുട്ടി ഒന്നും അല്ലല്ലോ ഭയപ്പെടാന്‍.!രണ്ടു കുട്ടികളുടെ അമ്മയല്ലേ.എനിക്ക് അല്പം ധൈര്യം ഒക്കെ ഉണ്ട്.ഇന്ന് അദ്ദേഹം കുട്ടികളെയും കൊണ്ട് സിനിമ കാണാന്‍ പോയത് നന്നായി.ഒച്ചയും ബഹളവും ഇല്ലാതെ എനിക്ക് കാര്യം നടത്താം.

ഞാന്‍ ഹാളിലെ വാതില്‍ മെല്ലെ തുറന്നു. സിറ്റൗട്ടിലായി, മച്ചിന്റെ ഒത്ത നടുവില്‍ കാലു ഉറപ്പിച്ച് തല കീഴായി തൂങ്ങി കിടക്കുന്ന രൂപത്തിലേക്ക് ഉന്നം പിടിച്ചു.രണ്ടു കൈകള്‍ കൊണ്ടും വടിയില്‍ ആഞ്ഞു പിടിച്ച് മുന്നോട്ട് ആയുന്നതിനിടയിലാണ്  അത് സംഭവിച്ചത്.ഞാന്‍ പുറത്തേക്ക് ഇറങ്ങിയ വാതിലിന്റെ ചെറുവിടവില്‍ കൂടി എന്നെ നടുക്കിക്കൊണ്ട് അത് വേഗത്തില്‍ വീടിനുള്ളിലേക്ക് പാഞ്ഞു കയറി.ഞാന്‍ അന്തിച്ചു പോയി.തലക്കുള്ളില്‍ പെരുപ്പ്‌ പാഞ്ഞു കയറി.ഉള്ളിലായി എന്തൊക്കെയോ വീണുടയുന്ന ശബ്ദം..ചെറുതും വലുതുമായ ഒച്ചകള്‍..ചിറകടി ശബ്ദം..ഗ്ലാസ്‌ ഉടയുന്ന ശബ്ദം...അഞ്ചാറു മിനുട്ടോളം ഇത് തുടര്‍ന്നു. അതിനു ശേഷം യാതൊരു അനക്കവും ഇല്ല.അല്പം അദികം സമയം ഞാന്‍ കാത്തു.. ഇല്ല..ഉള്ളില്‍ ഒരു അനക്കവും ഇല്ല..!

അറച്ച് അറച്ച് ഞാന്‍ വാതില്‍ക്കല്‍ എത്തി ഉള്ളിലേക്ക് നോക്കി..ഒന്നും കാണുന്നില്ല..വിരല്‍ ഉള്ളിലേക്ക് എത്തിച്ച് ഹാളിലെ ലൈറ്റ് ഞാന്‍ ഇട്ടു.ആ വിടവിലൂടെ തന്നെ ഉള്ളിലെ ഒരു ചെറിയ കാഴ്ചക്കീറ്‌ എനിക്ക് കിട്ടി.ചുവരിലായി പൊട്ടി പകുതി അടര്‍ന്നു വീഴാറായ ക്ലോക്ക്.അതിനു താഴെ ചിറകു പതിഞ്ഞ അടയാളം.പതിയെ വാതില്‍ തുറന്നു ഞാന്‍ അകത്തു കയറി. കൈയ്യിലെ വടി മുറുക്കെ തന്നെ പിടിച്ചു.ഷോകെയ്സിന്റെ ചില്ല് പൊട്ടിച്ചിതറി ഉള്ളില്‍ ഉള്ള സാധനങ്ങള്‍ തറയില്‍ വീണു കിടപ്പുണ്ട്.ചുവരിലെ ചില അലങ്കാരവസ്തുക്കള്‍ ,ഒരു  പെയിന്റിംഗ് അങ്ങനെ പലതും അടിച്ചിട്ടത് പോലെ തറയില്‍ പകുതിയോ മുഴുവനായോ കിടക്കുന്നു. ചുവരില്‍ വച്ചിടുന്ന LCD  ടിവിയില്‍ ആഴത്തില്‍ ചിറകുപതിഞ്ഞ അടയാളം.അത്രയും ഭാഗം കുഴിഞ്ഞു പോയിരിക്കുന്നു. ഹാളിലെ ഓരോ മൂലയിലും എന്റെ കണ്ണുകള്‍ പരതി.അതിനെ മാത്രം  കാണുന്നില്ല. ഹാളില്‍ നിന്ന് റൂമിലേയ്ക്കുള്ള വാതിലുകള്‍ എല്ലാം അടച്ചിട്ടുണ്ട്. ജനാലകളും..! പിന്നെ ഉള്ള ഒരേ ഒരു വഴി അടുക്കളയിലേക്കാണ്.പെട്ടന്നാണ് എന്റെ ചിന്തയിലൂടെ ഒരു മിന്നല്‍ പാഞ്ഞത്.ഞാന്‍ വേഗം മുറിയുടെ മുകളിലേക്ക്  നോക്കി.അതെ.. അവിടെ ഉണ്ട്..മുകളില്‍ മച്ചിലായി തല മറിഞ്ഞു കിടപ്പുണ്ട്.വൃത്തികെട്ട ആ രൂപത്തിന്  ചേരുന്ന മട്ടില്‍ ഒരു ശബ്ദം അത് പുറപ്പെടുവിച്ചു. ഭയപ്പെട്ട എന്റെ കൈയില്‍ നിന്ന് വടി ഊര്‍ന്നു പോയി.മച്ചില്‍ നിന്ന് ഊക്കില്‍,വാവല്‍  എന്റെ മുഖത്തിനു നേരെ പറന്നു വന്നു.ഞാന്‍ ശക്തമായി തല വെട്ടിച്ചതും പിന്നിലേക്ക്‌  മലര്‍ന്നു വീണതും ഒരുമിച്ചായിരുന്നു.

എന്താണ് പറ്റിയത്?വീണു കിടന്ന കിടപ്പില്‍ ഓര്‍ക്കാന്‍ നോക്കി.കാലുകള്‍ അനക്കാന്‍ പറ്റുന്നില്ല.ചാടി എഴുന്നേല്‍ക്കാന്‍  നോക്കിയിട്ടും കഴിയുന്നില്ല.ഇടുപ്പെല്ലില്‍ ഒരു തരിപ്പ് മാത്രം അറിയാന്‍ പറ്റുന്നുണ്ട്.ഞാന്‍ എന്റെ അവസ്ഥ മറന്ന് അതേ കിടപ്പില്‍ തന്നെ തല രണ്ടു സൈഡിലേയ്ക്കും ചരിച്ച് നോക്കി.എന്റെ വലത് ഭാഗത്തായി അത്.. വാവല്‍ ..ഒരു ശ്വാസത്തിന് അപ്പുറം..ഞാന്‍ കണ്ണുകള്‍ അടച്ചു.അടുത്ത നിമിഷം എന്ത് തന്നെ സംഭവിച്ചേക്കില്ല എന്ന് ഓര്‍ത്തു.പക്ഷിയുടെതോ മൃഗത്തിന്റെതോ എന്ന് തിരിച്ചറിയാന്‍ വയ്യാത്ത രൂക്ഷ ഗന്ധം.. ചീഞ്ഞ ശവത്തിന്റെ പോലെ ഒരു ഗന്ധം എന്റെ മൂക്കിലേയ്ക്ക് തുളച്ചു കയറി.കവിളിലായി നേര്‍ത്ത നനവ് തോന്നിയപ്പോള്‍ ഞാന്‍ കണ്ണ് തുറന്നു.അതിന്റെ പരന്ന മൂക്ക് എന്റെ കവിളില്‍ തൊട്ടിരിക്കുന്നു.എനിക്ക് ഓക്കാനം വന്നു.കൂര്‍ത്ത പല്ലുകള്‍ ഉണ്ടാകുമോ?അത് ആഴത്തില്‍ എന്റെ കവിളുകള്‍കടിച്ച് പറിക്കുമോ?


അടുത്ത നിമിഷം എന്നെ ഞെട്ടിപ്പിച്ചു കൊണ്ട് വാവല്‍ സംസാരിക്കാന്‍ തുടങ്ങി.അതിന്റെ ശബ്ദത്തില്‍..എനിക്കത് തിരിച്ചറിയാന്‍ കഴിയുന്നു എന്ന് അത്ഭുതത്തോടെ ഞാന്‍ മനസിലാക്കി.

 "അക്ഷരം പഠിക്കാന്‍ തുടങ്ങിയ അന്ന് തന്നെ തുടങ്ങി, നീയുമായുള്ള സൗഹൃദം.. കളിച്ചും ചിരിച്ചും പിന്നെയും വര്‍ഷങ്ങള്‍.മറന്നു പോയോ നീ ആ നശിച്ച ദിവസം?ദേഷ്യം പിടിച്ചു നീ എന്നെ പിന്നിലേക്ക് പിടിച്ചു തള്ളിയത്.അന്നേ വല്യ ദേഷ്യക്കാരിയായിരുന്നല്ലോ.. തല കല്ലില്‍ തട്ടി ചോരവാര്‍ന്നു ഞാന്‍ കിടക്കുമ്പോള്‍, നീ ഭയന്ന് വീട്ടിലേക്ക് ഓടിപ്പോയി.ആരോടും ഒന്നും പറഞ്ഞില്ല..വൈകുന്നേരം ജീവനറ്റ എന്റെ ശരീരം കണ്ടെടുത്തിട്ടും നീ മിണ്ടിയില്ല.എനിക്കിപ്പോഴും അതേ ഏഴു വയസ്സാണ്.ഭൂമി വിട്ടു പോകാന്‍ എനിക്ക് നിന്നെയും വേണം, എന്റെ കൂടെ..! ബലിക്കാക്കയുടെ രൂപത്തില്‍ എനിക്കതിന്  കഴിഞ്ഞില്ല.അന്നും നീ കാരണം ആണ് ഞാന്‍ ശരീരം വെടിഞ്ഞത്.. ഇപ്പോഴും നീ എന്നെ ആക്രമിക്കുന്നു..പക്ഷെ നിന്നെ..നിന്നെ വിടില്ല."


". ......." ആ പേര് എന്റെ തൊണ്ടയോളം വന്നു പക്ഷെ , എന്റെ ബോധം മറഞ്ഞു പോയി.എത്ര നേരം അതേ കിടപ്പ് കിടന്നു എന്ന് അറിയില്ല.ആ കിടപ്പില്‍ ഞാന്‍ എന്ന വാശിക്കാരിയായ ഏഴുവയസുകാരിയെ കണ്ടു.ഒപ്പം എന്റെ കൂടെ തുള്ളിക്കളിച്ച് നടക്കുന്ന മറ്റൊരു പെണ്‍കുട്ടിയേയും.അവള്‍ പൊട്ടിച്ചിരിച്ചു കൊണ്ടാണ് എന്നോട് സംസാരിക്കുന്നത് .എന്റെ കണ്ണില്‍ തെളിഞ്ഞു കാണുന്നത് ഒരല്പം അസൂയ ആണ്.എന്റെ മനസില്‍ കൂട്ടുകാരിയെ എങ്ങനെ ഉപദ്രവിക്കാം എന്ന ചിന്ത മാത്രമാണ് .അവളുടെ വെളുത്ത ഉടുപ്പില്‍, തലയില്‍ ചൂടി ഇരിക്കുന്ന റോസാപ്പൂവില്‍,മുത്തുകള്‍ ഭംഗിയായി കോര്‍ത്ത മാലയില്‍ ഒക്കെ നോക്കുമ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത അസൂയ തോന്നിയിരിന്നു. അദികം ബഹളങ്ങള്‍ ഇല്ലെങ്കിലും  പഠിപ്പിലും കളികളിലും എന്ന് വേണ്ട എല്ലാത്തിലും ഒന്നാമത് അവളായിരുന്നു .അവളിപ്പോള്‍ പറയുന്നത് വെള്ളയില്‍ ചുവന്ന പൂക്കള്‍ തുന്നിയ അവളുടെ പുതിയ ഫ്രോക്കിനെ പറ്റിയാണ് .അവളുടെ അമ്മ തുന്നിയതാണത്രേ.ഞാന്‍ ആ ഉടുപ്പിലേക്ക്‌ പിന്നെയും പിന്നെയും നോക്കി.എന്തൊരു ഭംഗിയാണ് അതിന് .അവള്‍ക്കു നന്നായി ചേരുന്നുണ്ട്.ഉടന്‍ തന്നെ പിന്നോക്കം പിടിച്ച് ഒന്ന് തള്ളാന്‍ ആണ് തോന്നിയത് .ആ ഉടുപ്പിലും ദേഹത്തും അല്പം ചെളി പുരളണം എന്നേ വിചാരിച്ചുള്ളൂ..വീണു കിടക്കുന്ന അവളുടെ തലയില്‍ നിന്ന് രക്തം ചീറ്റിത്തെറിച്ചപ്പോള്‍ ഞാന്‍ ഭയന്ന് പോയി. വീട്ടിലേക്ക് ഓടി ആരോടും ഒന്നും മിണ്ടാതെ ഇരുന്നു. അവള്‍ മരിച്ചു എന്ന് അച്ഛന്‍ വീട്ടില്‍ പറയുന്നത്  കേട്ട നിമിഷം മുതല്‍ പിന്നെ ഞാന്‍ മിണ്ടിയിട്ടെ ഇല്ല.അന്ന് മുതല്‍ ഇന്നേക്ക് ഇരുപത്  വര്‍ഷമായി മിണ്ടിയിട്ടേ ഇല്ല.ഒരുപാട്  ശ്രമിച്ചിട്ടും എനിക്കതിന്  കഴിഞ്ഞിട്ടില്ല.കൂട്ടുകാരി പോയ വിഷമം..ഷോക്ക്.. ആണെന്ന് വീട്ടുകാരും നാട്ടുകാരും എന്തിന്  ഡോക്റെര്‍മാര് അടക്കം കരുതി.അത് ശരിയുമാണ്, പക്ഷെ മറ്റൊരു അര്‍ഥത്തില്‍.!!

ഓര്‍മയുടെ മിന്നലുകള്‍ പിന്നെയും മാറി മാറി അടിച്ചു .അവസാനം ,അടച്ചിട്ട ഒരു മുറിയില്‍ എത്തി..വാവല്‍ എന്നെ കടിച്ച്  പറിക്കുകയാണ്.ചിറകുകള്‍ വീശി എന്റെ മുഖത്ത് ആഞ്ഞടിക്കുന്നുണ്ട്.ഞാന്‍ അലറിക്കരഞ്ഞു കൊണ്ടേ ഇരുന്നു.ഒരു വേള അത് പറന്ന് വന്ന് എന്റെ കഴുത്തില്‍ കടിച്ചു.ഒരു തുള പോലെ അവിടെ നിന്ന് മാംസം വേര്‍പെട്ട് തൂങ്ങി.പൊട്ടിയ ഞരമ്പുകളില്‍ കൂടി ചോര കുതിച്ച് ഒഴുകി.വല്ലാത്ത ഏക്കത്തോടെ ഞാന്‍ ഞെട്ടി ഉണര്‍ന്നു.

റൂമിലെ കിടക്കയിലാണ് ഞാന്‍.കഴുത്തില്‍ വേഗം തൊട്ടു നോക്കി.ഒന്നും പറ്റിയിട്ടില്ല.പക്ഷെ വയ്യ..അനങ്ങാന്‍ വയ്യ..ഇടുപ്പെല്ലില്‍ അതേ തരിപ്പ്. കാലുകളില്‍ മരവിപ്പ്. റൂമില്‍ വെളിച്ചമില്ല.പുറത്ത് എന്റെ കുട്ടികളുടെ ഒച്ച ഞാന്‍ കേട്ടു.റൂമിലെ അറ്റാച്ച്ഡ്‌ ബാത്റൂം തുറന്നു അവരുടെ അച്ഛന്‍ പുറത്തേക്ക് ഇറങ്ങി.കണ്ണ് തുറന്നു കിടക്കുന്ന എന്നെ നോക്കി ചിരിച്ചു. "എപ്പോ എഴുന്നേറ്റു?" റൂമിലെ ലൈറ്റ് ഓണ്‍ ചെയ്തുകൊണ്ട് അദ്ദേഹം ചോദിച്ചു."ഇപ്പോള്‍" എന്ന് ഞാന്‍ വിരലുകള്‍ കൊണ്ട് ആന്ഗ്യം കാട്ടി. "എന്താ ഉണ്ടായത്" എന്ന ചോദ്യത്തിന്‌ വാവലിനെ ഞാന്‍ അടിച്ചോടിക്കാന്‍ ശ്രമിച്ചത് മുതല്‍ അത് എന്നോട് സംസാരിക്കും മുന്പ് വരെ ഉള്ള കാര്യങ്ങള്‍ ഞാന്‍ അംഗ വിക്ഷേപങ്ങള്‍  കൊണ്ട് വിവരിച്ചു.ഞങ്ങള്‍ എത്തുമ്പോള്‍ താന്‍ ബോധമില്ലാതെ ഹാളില്‍ കിടക്കുകയായിരുന്നു എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം മൊബൈല്‍ എടുത്ത് ഡയല്‍ ചെയ്യാന്‍ തുടങ്ങി."അനങ്ങാന്‍ വയ്യല്ലോ ഇയാള്‍ക്ക്.. ഫ്രാക്ചര്‍ വല്ലോം ഉണ്ടാകും..താന്‍ ഉണര്‍ന്നിട്ടു ഹോസ്പിറ്റലില്‍ വിളിച്ച് അപ്പോയ്ന്മെന്റ് എടുക്കാം എന്ന് കരുതി." എന്ന് പറഞ്ഞു ജനാലയ്ക്കലേക്ക് നീങ്ങി.


എന്റെ ചിന്ത വാവലിന്റെ അടുത്തേക്ക് ഓടി. എവിടെ അത്?പറന്നു പോയോ?അയ്യോ..എന്റെ കുഞ്ഞുങ്ങള്‍ പുറത്ത് കളിക്കുന്നുണ്ടാകും അവരെ ഉപദ്രവിക്കുമോ?അത് എന്നോട് പറഞ്ഞ കാര്യങ്ങള്‍ ..എന്റെ തോന്നലായിരുന്നോ ?? എല്ലാം അദ്ദേഹത്തോട് എങ്കിലും തുറന്നു പറഞ്ഞാലോ.. ചെറുപ്പത്തില്‍ പറ്റിയ ആ ഒരു തെറ്റ് ഉള്‍പ്പെടെ?പക്ഷെ ഈ ബലിക്കാക്ക ആയി, വാവലായി അവള്‍ എന്നെ പിന്തുടരുന്നത്...അതെന്നെ അറിയിച്ചത്...അതൊക്കെ പറഞ്ഞാല്‍..ആരും വിശ്വസിക്കില്ല ..!!  ബോധം മറയും മുന്നേ എന്റെ ഉള്ളിന്റെ ഉള്ളിലെ കുറ്റബോധം കൊണ്ട് എനിക്ക് തോന്നിയതാണോ വാവല്‍ പറഞ്ഞതായി തോന്നിയ കാര്യങ്ങള്‍..???????തല പൊട്ടുന്ന പോലെ..ഞാന്‍ മുടി ഇഴകളില്‍ ചുറ്റി പിടിച്ചു.അറിഞ്ഞും അറിയാതെയും ഞാന്‍ കാരണം ആയുസറ്റ ഓരോ ജീവികളെയും ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.അതില്‍ തലയിലെ ഒരു കുഞ്ഞു പേന്‍ മുതല്‍ തമാശക്ക് ചൂണ്ട ഇട്ടു പിടിച്ച് ഉപേക്ഷിച്ച് പോന്ന മത്സ്യങ്ങള്‍, ഒരിക്കല്‍ എയര്‍ ഗണ്ണില്‍ ഏട്ടനോപ്പം ഉന്നം പരീക്ഷിച്ച് കൊന്ന ചാര നിറമുള്ള പ്രാവ്,എന്റെ അസുഖം മാറാന്‍  ചാത്തന് നേര്‍ച്ച വെട്ടി അര്‍പ്പിച്ച ചുവന്ന പൂവന്‍ ,എന്റെ രക്തം ഊറ്റിയ കൊതുകുകള്‍ ,വീട്ടില്‍ അതിക്രമിച്ച് വന്ന പാറ്റകള്‍.എന്ന് തുടങ്ങി അനേകായിരം ജീവികള്‍ വന്നു നിരന്നു.പക്ഷെ കേട്ട പഴങ്കഥകളില്‍ നിന്നൊക്കെ അവളുടെ മരണവുമായി ബന്ധപ്പെടുത്താന്‍ എന്റെ മനസിന്‌ കഴിഞ്ഞത് ആ ബാലിക്കാക്കയേയും ഈ വാവലിനെയും മാത്രം.മനസ്‌ അങ്ങനെ ആണ് അസ്വസ്തമായാല്‍ കയറി വരുന്ന ചിന്തകള്‍ക്ക് ഒരു അന്തവും കാണില്ല.സഞ്ചരിക്കാത്ത വഴികളില്‍ കൂടി ഒക്കെ കയറി പാഞ്ഞു കയറിക്കളയും...ഒന്നുമില്ല എല്ലാം തോന്നലായിരുന്നു...തോന്നലായിരുന്നു...ഞാന്‍ കണ്ണുകള്‍ അടച്ചു .എന്നാലും വാവല്‍ എവിടെ ??

ഞാന്‍ കൈ തട്ടി ഉറക്കെ ശബ്ദം ഉണ്ടാക്കി.അത് കുട്ടികളെ വിളിക്കുന്നതാണെന്ന് അവര്‍ക്കറിയാം.അപ്പോള്‍ തന്നെ രണ്ടാളും മുറിയിലേക്ക് ഓടിപ്പാഞ്ഞു വന്നു.മമ്മയുടെ ദേഹത്ത് ചാടിക്കയറരുത് എന്ന് അദ്ദേഹം ആദ്യമേ വിലക്കിയത് കൊണ്ട് കട്ടിലിനരികെ ചേര്‍ന്ന് നിന്നു.എങ്ങനെ ഉണ്ട് ?വേദന ഉണ്ടോ? എന്നൊക്കെ ഉള്ള കുഞ്ഞി കുഞ്ഞി ചോദ്യങ്ങളില്‍ അവര്‍ എന്റെ അവസ്ഥ ചോദിച്ചറിഞ്ഞു.
"മമ്മയ്ക് ഒരു സര്‍പ്രൈസ് ഉണ്ട് "എന്ന് പറഞ്ഞ്  മോന്‍ പുറത്തേക് ഓടിപ്പോയി.തിരികെ വന്ന അവന്റെ കൈയില്‍ ഒരു പഴയ കീറച്ചാക്ക്..അത് തറയില്‍ നിവര്‍ത്തി വച്ചു ..അതിനുള്ളില്‍ കറുത്ത ഒന്ന്..ഞാന്‍ സൂക്ഷിച്ചു നോക്കി..ദൈവമേ വാവല്‍...

 "ദാ..മമ്മയെ തള്ളിയിട്ട വാവല്‍...മമ്മ വീണു കിടന്നതിന്റെ അടുത്ത് ഇരിക്കുകയായിരുന്നു. ഡാഡ ഒരൊറ്റ അടിക്ക് കൊന്നു...!!!!  ഇനി ഇതിന്റെ ശല്യമുണ്ടാകില്ല ..." അവന്‍ സന്തോഷത്തോടെ അറിയിച്ചു.
ഞാന്‍ അദ്ദേഹത്തെ ഒന്ന് നോക്കി.
 "ഇനി മുതല്‍ ഇയാള്‍ രാത്രി സമാധാനമായിട്ട് കിടന്നു ഉറങ്ങുമല്ലോ.."എന്നെ നോക്കി ചിരിച്ച് കൊണ്ടാണ് നോട്ടത്തിനു മറുപടി തന്നത്.
"കൊല്ലണ്ടായിരുന്നു..."സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഈ വാക്കുകള്‍ എന്നില്‍ നിന്ന് അന്നേരം പുറത്ത് വന്നേനെ.

അപ്പോഴേക്കും എന്റെ കാലുകളില്‍ നിന്ന് ഒരു തണുപ്പ് പതുക്കെ അരിച്ചു മുകളിലേക്ക് കയറി തുടങ്ങിയിരുന്നു.വല്ലാത്ത ഒരു ശക്തിക്ഷയം അനുഭവപ്പെട്ടു.അവളുടെ ചലനമറ്റ ശരീരം അന്ന് കണ്ടപ്പോള്‍ ,ചത്ത ബലിക്കാക്കയെ കണ്ടപ്പോള്‍ ഒക്കെ ഉള്ള മനസ് ആയി എനിക്ക്. കണ്ണുകള്‍ അടയുമ്പോള്‍ ചിന്തകളുടെ മറ്റൊരു ലോകം അത് തുറന്നു.എല്ലാം പിന്നെയും ആവര്ത്തിക്കപ്പെട്ടിരിക്കുന്നു .വാവല്‍ സംസാരിച്ചത് എന്റെ തോന്നല്‍ മാത്രം ആയിരുന്നില്ല.അവളുടെ സാമീപ്യം തന്നെ ആയിരുന്നു. ഇനി ഏത് രൂപമെടുത്ത് ആയിരിക്കും അവള്‍ എന്നെ തേടി വരുന്നത്???? പക്ഷെ, അവള്‍ വരും.എന്റെ ചിതറിയ ചിന്തകള്‍ പാപബോധത്തോടൊപ്പം ചേര്‍ന്ന് എന്നോട് ഉറപ്പിച്ച് തന്നെ പറഞ്ഞു  .-വരും...വരും..അവള്‍ ഉറപ്പായും..പുതിയ ഒരു രൂപത്തില്‍  ഇനിയും വരും..!

Saturday, 25 August 2012

ഈ കണ്ണുകള്‍..

ഐ ചെക്കപ്പിനു പോയി.വൈകുന്നേരം ഏട്ടന്റെ കൂടെ.മുന്‍പൊക്കെ പോയിട്ടുണ്ടെങ്കിലും ഇവിടെ(ബാന്‍ഗ്ലൂര്‍) വന്നിട്ട് ആദ്യമായി ആണ് ചെക്ക്‌ ചെയ്യുന്നത്.ഹോസ്പിടലിന്റെ ഒന്നാമത്തെ നില ഐ ഡിപ്പാര്‍ട്ട്മെന്റ് ആയിരുന്നു. അവിടെ റിസപ്ഷനില്‍ നിന്ന് അപ്പോയിന്മെന്റ് എടുത്ത് ഞങ്ങള്‍ ഒരു സെറ്റിയില്‍ ചെന്നിരുന്നു.അധികം തിരക്ക് ഒന്നും ഇല്ല.നല്ല രീതിയില്‍ ഇന്റീരിയര്‍ ചെയ്ത, മനോഹരമായി ഫര്‍ണിഷ് ചെയ്ത ഹാള്‍..അവിടെ നിന്നും പല ഡോക്റെര്സ്
റൂമിലേക്കും സര്‍ജെറി റൂമിലെക്കും ഉള്ള വാതിലുകള്‍.ഇരുപ്പായ ഉടന്‍ ഞാന്‍ ചിന്തിച്ചു -അല്‍പസമയം എടുക്കും പേര് വിളിക്കാന്‍. മുന്‍ കരുതലായി ഒരു പുസ്തകം ബാഗില്‍ വച്ചത് നന്നായി..!! പക്ഷെ വായിക്കാനായി അതെടുത്ത് തുറന്നതും നിറഞ്ഞ ചിരിയുമായി ഒരു മാലാഖ(നേര്സ്) വന്നു.'കം വിത്ത്‌ മി' എന്ന്‌ സ്വീറ്റ് ആയി പറഞ്ഞു.

അനുസരണയോടെ പുസ്തകം അടച്ച് ഞാന്‍ ആ കൂടെ ചെന്നു.വിശാലമായ മുറി.ആജാനബാഹു ആയ ഡോക്റെര്‍.എന്റെ കണ്ണിനെ പറ്റി സായിപ്പിന്റെ ഭാഷയില്‍ ഒഴുക്കോടെ കുറെ ചോദ്യങ്ങള്‍.ഐ കാന്‍ ആള്‍സോ ടോക്ക് ഇന്‍ ഇംഗ്ലീഷ് എന്ന്‌ പറയും പോലെ ഞാനും എന്റെ കണ്ണിന്റെ സ്വഭാവം, ഗുണങ്ങള്‍ ഒക്കെ മറുപടിയായി പറഞ്ഞു.

ഒരു ഈസി ചെയറിലേക്ക് എനിക്ക് പ്രൊമോഷന്‍ കിട്ടി.പിന്നെ അവരുടെ സ്ഥിരം നമ്പര്‍.ഒരു കണ്ണ് അടപ്പിച് മിററില്‍ കാണുന്നത് വായിപ്പികുക.എന്നെ പോലും അത്ഭുതപ്പെടുത്തി ഞാന്‍ എല്ലാം മണി മണി ആയി വായിച്ചു.ഹോ..അഭിമാനം കൊണ്ട് തുളുംബിപ്പോയി ഞാന്‍...! കണ്ണുകളിലേക്ക് ചുണ്ടുകള്‍ അടുപ്പിക്കാന്‍ പറ്റിയിരുന്നെങ്കില്‍ അപ്പോള് ഒരുമ്മ കൊടുത്തേനെ എന്റെ കണ്ണില്‍..! പല തരത്തില്‍ ലയിറ്റൊക്കെ അടിച്ച് നോക്കി.ലെഫ്റ്റ് ലുക്ക്‌.. റൈറ്റ് ലുക്ക്‌.. മേലേക്ക് ലുക്ക്.. താഴേക്ക് ലുക്ക് എല്ലാം ഞാന്‍ ചെയ്തു.എല്ലാം ഓക്കേ.അയാള്‍ പോയി പേപ്പറില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു.അതും ഇടത് കൈ കൊണ്ട് സ്പീഡില്‍ നല്ല ചരിഞ്ഞ റണ്ണിംഗ് ഇംഗ്ലീഷ് ലെട്ടെര്സ്..അതെനിക്കിഷ്ടപ്പെട്
ടില്ല.പലവട്ടം.. പലപ്രാവശ്യം ഇടത്ത് കൈ കൊണ്ട് എഴുതി പഠിക്കാന്‍  ശ്രമിച്ച് പരാജയപ്പെട്ടതിന്റെ അനര്‍ഗളനിര്‍ഗളമായ അസൂയ ഞാന്‍ അടക്കി..!!!...പോരാന്‍ തിരിഞ്ഞപ്പോള്‍  പറഞ്ഞു-"ഇപ്പോള്‍ ഒരു ഐ ഡ്രോപ്പ് ഒഴിക്കും.അത് കഴിഞ്ഞ് ഒന്നൂടെ ചെക്ക്‌ ചെയ്യണം..റെറ്റിന ചെക്ക്‌ ആണ്..റിസപ്ഷനില്‍ ഇരുന്നോ"എന്ന്‌.അവിടെ ചെന്ന് ഇരുന്നപ്പോള്‍ പിന്നേം മാലാഖ വന്നു.ആ കൈയ്യില്‍ ഒരു ചെറിയ കുപ്പി."മാഡം ഐ ഡ്രോപ്പ്..."എന്ന്‌ പറഞ്ഞു.ഞാന്‍ ഒന്ന് നിവര്‍ന്ന് ഇരുന്ന്‌ കണ്ണ് പൊസിഷന്‍ ചെയ്യുന്ന നേരം, അവര്‍ ഒരു അഞ്ചാറ് ടിഷ്യു പേപ്പര്‍ എനിക്ക്‌ തന്നു.ഞാന്‍ വേണ്ടാന്ന് പറയാം എന്ന്‌ വച്ചതാ..പിന്നെ കരുതി ഫെയിസൊക്കെ ഒന്ന് തുടയ്ക്കാം..ഇരിക്കട്ടെ!

കണ്ണ് തുറന്നു പിടിച്ച് മാലാഖ കണ്ണിലേക്ക് ഇറ്റിച്ചു-രണ്ട് തുള്ളി ഡോസ്..ന്റെ അമ്മോ..ഞാന്‍ സീറ്റില്‍  നിന്ന് ഉയര്‍ന്നു പൊങ്ങി..റൂഫും പൊളിച്ച് ആകാശത്ത് പോയി ഭൂമി, സ്വര്‍ഗം, നരകം, ബുധന്‍, ശുക്രന്‍, ചന്ദ്രന്‍, പിന്നേം കുറെ ഗ്രഹങ്ങള്‍ നക്ഷത്രങ്ങള്‍ ഒക്കെ ഒന്ന്‍ ചുറ്റി വന്നു.അമ്മാതിരി വേദന...ആ സമയം കൊണ്ട് എന്റെ ഏട്ടന്‍ എന്നെ പിടിച്ച്  വച്ചു കൊടുക്കുകയും മാലാഖ മറ്റേ കണ്ണിലും മരുന്ന് ഒഴിച്ച് എനിക്ക്‌ മേല്‍പ്പറഞ്ഞ പോലെ ഒരു ട്രിപ്പ് കൂടെ തരപ്പെടുത്തി തരികയും ചെയ്തു.തന്ന ടിഷ്യു മുഴുവന്‍ കണ്ണിലെ വെള്ളത്തില്‍ കുതിര്‍ന്നു.ഒന്നും കാണാന്‍ വയ്യാത്തോണ്ട് അത് വെള്ളമാണോ  ചോരയാണോ വന്നത് എന്ന്‌ വരെ എനിക്ക്‌ സംശയം തോന്നി."വെള്ള ഉടുപ്പിട്ട ദുഷ്ടേ..ഇതിനായിരുന്നു അല്ലേ ഒരു കൈ നിറച്ച് ടിഷ്യു ആദ്യമേ കൊണ്ട്‌ തന്നത്????????????'''' എന്ന്‌ ശബ്ദമില്ലാതെ ഞാന്‍ മനസില്‍ അലറി..!!ഉടന്‍ മാലാഖ മൊഴിഞ്ഞു .അരമണികൂര്‍ കണ്ണ് തുറക്കരുത് ഇതിനിടയ്ക്ക് പതിനഞ്ചു മിനിറ്റ് കഴിഞ്ഞു ഇത് പോലെ ഒന്നൂടെ ഡോസ് എടുക്കണം..!!

ഞാന്‍ പതിയെ സെറ്റിയിലേക്ക് ചാരി കിടന്നു.കണ്ണ് നീറി പുകയുന്നു.തലയും വേദന എടുക്കുന്നു.പുസ്തകം വായിച്ച് തരണോ മോളെ എന്ന ഏട്ടന്റെ ചോദ്യത്തിനു വേണ്ട എന്ന്‌ മറുപടി പറഞ്ഞു..കമ്പ്ലീറ്റ് ടെസ്പ്..!.ആദ്യത്തെ  ഒരു പത്ത് മിനിറ്റ് അങ്ങനെ  പോയി..പിന്നെ എനിക്ക് ബോറടിക്കാന്‍ തുടങ്ങി.15 മിനിറ്റ് ആയപ്പോള്‍ പിന്നേം കണ്ണില്‍ ഒന്നൂടെ മരുന്ന് ഒഴിച്ചു.ആദ്യത്തെ അത്ര വേദന ഇല്ല..കണ്ണിനു കാര്യം മനസിലായി കാണും.ചാരി ഇരുന്നു.ഏട്ടന്‍ പതിയെ പറഞ്ഞു-ഉറക്കം വരുന്നു..നല്ല തണുപ്പും നേര്‍ത്ത മ്യുസിക്കും..എനിക്കാണെങ്കില്‍ ബോറടിച്ചിട്ട്‌ പാടില്ല.ആകെ ഇരുട്ട് മാത്രം കണ്ടു ഇങ്ങനെ ഒരേ ഇരുപ്പ്..ആ സമയം കുറെ തത്വ ചിന്തകള്‍ വലിഞ്ഞു കേറി വന്നു മനസില്‍.ജീവിതം ക്ഷണികമാണ്..എത്ര അഹങ്കരിച്ചാലും കേവലം രണ്ട് കണ്ണില്ലെങ്കില്‍ തീര്‍ന്നു സകലതും എന്നതൊക്കെ.

അങ്ങനെ കാത്തിരുന്ന സമയം വന്നെത്തി.അരമണിക്കൂര്‍ ആയപ്പോള്‍ കണ്ണ് തുറക്കാന്‍ പറഞ്ഞു- ഞാന്‍ മെല്ലെ...മെല്ലെ...കണ്ണ് തുറന്നു..ആകെ ഒരു മൂടല്‍..കണ്ണടച്ചു പിന്നേം തുറന്നു..രക്ഷയില്ല എന്തോ ഒരു മൂടല്‍ മാത്രമേ കാണുന്നുള്ളൂ..ചെറുതല്ലാത്ത രീതിയില്‍ ഒരു പകുതി നിലവിളിയോടെ ഞാന്‍ ഏട്ടനെ നോക്കി-എടാ..ഒന്നും കാണുന്നില്ലടാ..കണ്ണ് അടിച്ച് പോയെടാ..എന്ന്‌ വെപ്രാളത്തില്‍ പറഞ്ഞു.എന്റെ വെപ്രാളം കണ്ട് ആദ്യം വന്ന മാലാഖ വന്ന്‌ പറഞ്ഞു-ഒരു ഗ്ലെയര് കാണും കുറച്ച് നേരം..എത്ര നേരം എന്ന്‌ ചോദിച്ചപ്പോള്‍ വെറും നാല് മണികൂര് എന്ന്‌.ഹും..

പിന്നേം എന്നെ പിടിച്ച് കൊണ്ട്‌ പോയി കണ്ണില്‍ ലയിറ്റടിപ്പിച്ച് നോക്കി.റെറ്റിന 916 ആണെന്ന് പറഞ്ഞു.ഡോക്ടറോട് താങ്ക്സും പറഞ്ഞു പതുക്കെ ഇറങ്ങി. എനിക്കാണെങ്കില്‍ ഒന്നും കാണാന്‍ വയ്യ.കൈ കൊണ്ട്‌ തപ്പി തപ്പി ആണ് നടപ്പ്.നമ്മുടെ മാലാഖ പിടിച്ചിട്ടുണ്ടെങ്കിലും, മ്മ്ട സേഫ്റ്റി മ്മള്‍ തന്നെ നോക്കണമല്ലോ..


കുറച്ച് നേരം കൂടെ അവിടെ ഇരുന്നിട്ട് ഇറങ്ങി..വണ്ടിക്കരികിലെയ്ക് നടന്ന് വന്നപ്പോള്‍ ഒരു കൊതിപ്പിക്കുന്ന കോഫിയുടെ മണം.ഒന്നാമത് ഞാന്‍ കോഫി ഫാന്‍..ആ കൂടെ കണ്ണും തലയും വേദന..മണം മൂക്കില്‍ വന്നപ്പോഴേ-ഏട്ടാ ഏതാ കോഫി ഷോപ്പ് എന്ന്‌ ചോദിച്ചു കഴിഞ്ഞു.കോഫി ഷോപ്പല്ലടി "ആനന്ദ ഭവന്‍ ഹോട്ടല്‍..വെജ് ഫേമസ് രെസ്ടോരെന്റ്റ് "എന്ന്‌ ലവന്‍. ഞാന്‍ ആ ഭാഗത്തേയ്ക്ക് കണ്ണ് വലിച്ച് പിടിച്ച് നോക്കി.കുറെ സ്റെപ്പുകള്‍ ഉണ്ട് ആ കടയിലേയ്ക്ക് കേറാന്‍..ഹോ..കണ്ണ് കരെക്ടായിരുന്നെങ്കില്‍ സ്റെപ്സ്‌ കേറി കഴിഞ്ഞിട്ടേ എനിക്ക് കോഫി വേണം എന്ന്‌ ചേട്ടന്‍ മനസിലാകൂ.ഇതിപ്പോ..ഡേയ് അങ്ങോട്ട് കേറാം അല്ലേ എന്നൊകെ ചോദിച്ച്  അവന്റെ കൈ പിടിച്ച്.. പിച്ച.. പിച്ച...പിച്ചക്കാരി അല്ല...പിച്ച വച്ച് കേറി എന്ന്‌.ടേബിളില്‍ സ്ഥലം പിടിച്ചു.കോഫിയ്ക്ക് ഒരു കൂട്ടിന്‌ മസാല ദോശ കൂടെ ഓര്‍ഡര്‍ ചെയ്തു.

മസാല ദോശ എത്തി..കോഫി എത്തി..മൂടല്‍ പോലെയേ എനിക്ക്‌ കാണാവൂ..സാധാരണ ഭക്ഷണം എന്നാല്‍..ആദ്യം കാഴ്ച..പിന്നെ മണം.. പിന്നെ രുചി..അതാണ്‌ അതിന്റെ ഒരിത്..ഏത്..അത് ..!! ദോശയും അതില് പല കളറില്‍ കറിയും ഞാന്‍ കണ്ണൊക്കെ തുറിപ്പിച്ച് നോക്കി.ഓറഞ്ച്, പച്ച, വെള്ള, പിന്നെ ഒരു ബ്രൌണ്‍ കളറ് കറിയും നിരത്തി വച്ചിരിക്കുന്നു.ഞാന്‍ ഓരോന്നായി തൊട്ട് നാവില്‍ വച്ചു. ഓറഞ്ച് കളറില്‍ തേങ്ങ ചട്ണി, വെള്ള കളറില്‍ കപ്പലണ്ടി കൊണ്ടുള്ള ചട്ണി..പച്ച കളറില്‍ പുതിന ചട്ണി..ബ്രൌണ്‍ കളറില്‍ സാമ്പാറും..രുചി ..ഒടുക്കത്തെ രുചി..!!! രുചി കൂടിയപ്പോള്‍ തിന്നുന്ന സാധനം കാണാന്‍ ആകാത്ത വിഷമവും കൂടി വന്നു.കണ്ണ് ശരി ആയിട്ട് ഒന്നു കൂടെ വന്നു സെയിം മെനു കഴിക്കണം എന്ന്‌ ഞാന്‍ സ്വയം സമാധാനിപ്പിച്ചു.എല്ലാം പോട്ടെ ..കഴിക്കുന്നതിനിടയ്ക്ക് അടുത്ത ടെബിളില്‍ ഇരിക്കുന്ന ഒരു പഞ്ചാബി പെണ്ണിനെ കാണിച്ച് എന്റെ ഏട്ടന്‍ ചോദിക്കുവാ- എടി ആ പെണ്ണ് കാണാന്‍ എങ്ങനെ ഉണ്ടെന്ന്..കണ്ണില്ലാത്ത ഈ എന്നോട്..ഹും..

അങ്ങനെ വീട്ടില്‍ എത്തി..ഞാന്‍ ഗേറ്റ് അടച്ച് ചെല്ലും മുന്നേ ഏട്ടന്‍ ഓടിച്ചെന്നു അനിയനോട് എന്റെ കണ്ണ് ഗ്ലെയറടിച്ച വാര്‍ത്ത വിളമ്പി.ഞാന്‍ കേറി ചെന്നതും പൊട്ടക്കണ്ണി..ആലിലക്കണ്ണി  തുടങ്ങിയ വിളികള്‍ കോറസ് ആയി വരുന്നത് ഞാന്‍ അങ്ങ് കേട്ടില്ലാന്നു നടിച്ചു.അല്ലപിന്നെ നമുക്കും ഇല്ലെ വാശി.(വേറെ ഒന്നും അല്ല, മൈന്‍ഡ് ആക്കാന്‍ നിന്നാല്‍ അവന്‌ കളിയാക്കാന്‍  ഒരു പ്രത്യേക എനെര്‍ജി കൂടുന്നതായി ഞാന്‍ ആ ഇടെ കണ്ടു പിടിച്ചതേ ഉള്ളായിരുന്നു)

ഞാന്‍ എന്തിനോ വന്ന്‌ എന്റെ കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരുന്നു.ഓണ്‍ ആക്കിയിട്ട് കാര്യം ഒന്നും ഇല്ല.സൊ ചുമ്മാ ഇരുന്നു..മൊബൈലില്‍ ഒരു പാട്ട് വച്ചു."മൌനം സ്വരമായ്..'എന്റെ ഫേവറിറ്റ് പാട്ടാ..അത് കേട്ട്  ഇങ്ങനെ അലിഞ്ഞ്‌ ഇരിക്കാന്‍ ഒരു സുഖമാണ്.ആത്മാവിന്റെ സ്നേഹവും നൊമ്പരവും വിരഹവും നിറഞ്ഞ ആ പാട്ട് അത്രയ്കും ഇഷ്ടമാണ് എനിക്ക്‌.. അല്‍പ നേരം കഴിഞ്ഞു കാണും..അമ്പലത്തിന്ന് എഴുന്നള്ളത്ത് വരുമ്പോള്‍ കൊട്ടുന്ന പോലെ ഒരു കൊട്ടും മേളവും കേട്ടു.ഞാന്‍ ജനാലയില്‍ കൂടെ എത്തി വലിഞ്ഞ് നോക്കി..

ഞങ്ങളുടെ ക്രോസില്‍ കൂടി എന്തോ ഒരു ആള്‍കൂട്ടം വരുന്നുണ്ട്..നാല് പേര് ചേര്‍ന്ന് ഒരു വിഗ്രഹം ചുമന്നിട്ടുണ്ട്...മുന്നേ നടക്കുന്നവര്‍ പൂവ് അതിലേക് വാരി എറിയുന്നുണ്ട്...മുന്നില്‍ നടക്കുന്ന ആള്‍ അഥവാ മെയിന്‍ പൂജാരി മൊട്ട അടിച്ചിട്ടുണ്ട് അയാള്‍ടെ കൈയില്‍ ഒരു ചെറിയ കുടം ഉണ്ട്..ഇത്രേം ഞാന്‍ കഷ്ടപ്പെട്ട് കണ്ടു മനസിലാക്കി.
ഏട്ടനേം അനിയനേം വിളിച്ച് കാര്യം പറഞ്ഞു.അവന്മാരും വന്ന്‌ എത്തി നോക്കി..
ഏട്ടന്‍ പറഞ്ഞു-"വാ ..നമുക്ക് ടെറസില്‍ പോയി ക്ലിയറായിട്ട് കാണാം അമ്മു.."എന്ന്‌..
ഞാനും കരുതി അതാ നല്ലത് ഒന്നാമത് കണ്ണ് നേരേ കാണുന്നില്ല..
പക്ഷെ കൊട്ടും പാട്ടും കൊള്ളാം..മുകളില്‍ പോയി നോക്കാം.

അങ്ങനെ മൂന്നാളും കൂടി മുകളില്‍ എത്തി. കെട്ടുകാഴ്ച നമ്മുടെ മുന്നില്‍ എത്തി..എനിക്ക്‌ വിഗ്രഹം ഒന്നും ക്ലിയറായി കാണുന്നില്ല..ആകെ മൂടലെ ഉള്ളു.ഏട്ടനും അനിയനും ഒരേ സ്വരത്തില്‍ പറഞ്ഞു "നോക്കി നില്‍ക്കാതെ തൊഴുത് പ്രാര്ധിക്കെടി.." ഭക്തിയുടെ കാര്യത്തില്‍ ഞാന്‍ ഒരു മോഡേണായ അന്തവിശ്വാസി ആണെന്ന് ആണ് ഏട്ടന്‍ പറയുക..ഏത് കുറ്റിക്കല്ല് റോഡില്‍ കണ്ടാലും അറിയാതെ ഒരു കൈ നെറ്റീലും നെഞ്ചിലും തൊട്ട് ഒരു കണ്ണടച്ച് പ്രാര്‍ഥന ഉണ്ട്.സംഗതി ഒരു സെക്കന്റില്‍ തീരും ആരേം ബുദ്ധിമുട്ടിക്കാതെ.അത് പോലെ ജപിച്ച ചരട് ,ഏലസ് , നാട്ടിലെ പല പല അമ്പലങ്ങളിലെ ചന്ദനങ്ങള്‍ ഇവ ഒക്കെ വീക്നെസ് എന്നല്ല വീക്കോട് വീക്ക്നെസ്സാ.."എടാ ദേവന്‍ ആണോ ദേവി ആണോ? "ഞാന്‍ സൈഡില്‍ നിന്ന അനിയനോട് ചോദിച്ചു."ദേവനാ..നല്ലോണം പ്രാര്ധിച്ചോ" എന്ന്‌ അവന്‍ എന്റെ ചെവിയില്‍ പറഞ്ഞു..ഞാന്‍ ഭക്തിപുരസരം കൈ കൂപ്പി പ്രര്ധിച്ച് താഴേക്ക് നോക്കി.എന്റെ നില്‍പ്പ് കണ്ടു ആ കൂട്ടത്തിലെ പലരും എന്നെ നോക്കുന്നത് മൂടല് പോലെ കണ്ടു എങ്കിലും ഞാന്‍ അങ്ങ് അവഗണിച്ചു.ആകെ മേളം..ഇടയ്ക്ക് പടക്കം പൊട്ടിക്കുന്നു..ബാന്റ് മേളം മുഴങ്ങുന്നു.. കുന്തിരിക്കം... പുക.. പൂവ് എറിയല്‍..കൊട്ട്.. പാട്ട്.. ഡാന്‍സ്..!!
എന്റെ മനസ്‌ ആകെ ഭക്തിമയമായി.. ഒന്ന് കൂടി മനസുരുകി ഞാന്‍ പ്രാര്‍ഥിച്ചു-"പഹവാനെ..കാത്തോ
ണേ.."

കെട്ടുകാഴ്ച അകന്ന് അകന്ന് പോയപ്പോള്‍ എന്റെ രണ്ട് സൈഡിന്നും അതിനേക്കാള്‍ ശബ്ദത്തില്‍ പൊട്ടിച്ചിരി ഞാന്‍ കേട്ടു..കാര്യം ചോദിച്ചിട്ട് ഏട്ടനും അനിയനും പറയാനുള്ള ഗ്യാപ് പോലും കിട്ടുന്നില്ല..ചിരിയോട് ചിരി..അവസാനം പറയുവാ..അവിടെ എങ്ങാണ്ട് കട നടത്തുന്ന "ഹൊന്നപ്പ" മരിച്ചു പോയി അയാള്‍ടെ ഡെഡ് ബോഡിയും കൊണ്ട്‌ നാട് ചുറ്റിക്കുന്ന പരിപാടി ആണ് ഇപ്പൊ പോയത് എന്ന്‌.വിഗ്രഹം എന്ന്‌ ഞാന്‍ വിചാരിച്ച ഐറ്റം സാക്ഷാല്‍  "ഹൊന്നപ്പ" ആയിരുന്നെന്ന്‌. (തമിഴ്നാട്ടിലെ പോലെ കന്നടക്കാര്‍ക്കും ഈ പരിപാടി ഉണ്ട്) അവന്മാരുടെ ചിരി പിന്നേം സഹിക്കാം..എന്റെ തൊഴുതു പിടിച്ചുള്ള നില്‍പ്പും നോക്കി പോയ ആള്‍കൂട്ടത്തെ കുറിച്ച് ഓര്‍ത്തപ്പോള്‍ എനിക്ക് തല കറങ്ങിപ്പോയി.
എന്നിട്ടും തോല്‍ക്കാന്‍ എന്റെ അഭിമാനം അനുവധിച്ചില്ല-"ഹോ..പാവം എത്ര തവണ അയാള്‍ടെ കടേന്ന് സാധനം വാങ്ങിയതാ" എന്ന്‌ ഞാന്‍ ഒരു കാച്ച്  കാച്ചി നോക്കി.-"അതിന് അയാള്‍ക്ക്  "തലമുടി വെട്ടു കട"(ബാര്‍ബര്‍ ഷോപ്പ്)ആയിരുന്നെടി" എന്നുള്ള ഡയലോഗും പൂര്‍വാധികം ശക്തിയില്‍ ഉള്ള ചിരിയും കേട്ടു ഞാന്‍ പിന്നേം കൃതാര്ധയായി...

അപ്പൊ പറഞ്ഞു വന്നത് എന്താച്ചാല്‍..കണ്ണ്..അതന്നെ..കണ്ണ്.., 

കണ്ണിന്റെ വില അറിയണമെങ്കില്‍ കണ്ണില്ലാതെ ആകുക ഒന്നും വേണ്ട..ചുമ്മാ..ഒരു അരമണിക്കൂര്‍ ഒരു കണ്ണടച്ചിരുന്നു നോക്കൂ..ഹിഹിഹി..
                                                                                                                                  

Thursday, 3 May 2012

നിലാവിന്റെ രാജകുമാരന്‍


ആദ്യമായി ആണ് ഞാന്‍ ഈ പാര്‍ക്കിലേയ്ക്ക് വരുന്നത്.പുലര്‍ച്ചെ ആയതിനായാല്‍ ജോഗിംഗ് ചെയ്യാന്‍ വരുന്നവരുടെ തിരക്ക് ഏറെയുണ്ട്.എല്ലാപേരും നടക്കുന്ന നടപ്പാതയിലൂടെ ഞാനും വെറുതെ നടന്നു.പുലര്‍ച്ചയുടെ മങ്ങിയ വെളിച്ചത്തില്‍ തന്നെ മനസിലായി ഈ പാര്‍ക്ക്,ഇത് നഗരത്തില്‍ പുതുതായി ഉണ്ടാക്കിയ ഒന്നല്ല.ചുരുങ്ങിയത് ഒന്ന് ഒന്നര ഏക്കര്‍ വരും.പലഭാഗത്ത് നിന്ന് ഉള്ളിലേയ്ക്ക് എന്ട്രന്‍സ് ഉണ്ട്..എവിടെ നിന്നോക്കെയോ ആള്‍ക്കാര്  ജോഗിംഗ് എന്ന പേരില്‍ ഇവിടെ കയറുന്നു..ഇഷ്ടമുള്ള നടപ്പാതകളില്‍ നീളനേയോ കുറുകനേയോ വട്ടത്തിലോ ഒക്കെ വേഗത്തില്‍ നടക്കുന്നു..ചിലര്‍ താളത്തില്‍ ഓടുന്നു.കൂറ്റന്‍ വൃക്ഷങ്ങള്‍ നിരവധിയാണ്.പാര്‍ക്കിന്റെ കാലപ്പഴക്കത്തെ ഒരു നൂറ്റാണ്ട് പിന്നിലേക്ക് ചിന്തിപ്പിക്കുന്ന വലുപ്പം...അവിടവിടെ ആയി ഉള്ള ഇരിപ്പിടങ്ങളും കൌതുക വസ്തുക്കളും.എല്ലാം പഴഞ്ചന്‍ തന്നെ.ചില ഭാഗങ്ങള്‍ പൊട്ടി പൊളിഞ്ഞത് പോലെയാണ് കിടക്കുന്നത്.പുതുതായി മോടി പിടിപ്പിച്ച പാര്‍ക്കുകളുടെ 'പുത്തന്‍ ഭംഗി' ഇല്ലെങ്കിലും പൂക്കളും കായ്കളും നിറഞ്ഞ വന്‍ വൃക്ഷങ്ങളുടെ കാഴ്ച തന്നെയാണ് ഇവിടുത്തെ മുഖ്യആകര്‍ഷണം.കുറച്ച് അധികം ദൂരം ഞാന്‍ നടന്നു.എന്റെ ശ്രദ്ധയെ, ഒരു ഗര്‍ഭിണിയെ ഓര്‍മിപ്പിക്കുന്ന വിധം കുടവയര്‍ ഉള്ള മദ്ധ്യവയസ്കനും ഷോട്സ് ഇട്ട ഒരു പെണ്‍കുട്ടിയും അവളെ ശ്രദ്ധിക്കുന്ന ചെറുപ്പക്കാരനും വാക്കിംഗ് സ്ടിക്ക്  ഏന്തിയ ഒരു വല്യമ്മയും ഒക്കെ ആകര്‍ഷിച്ചു-പിന്നെ ചെറിയ മരങ്ങളില്‍ നിറഞ്ഞു നിന്ന പേരറിയാ പൂക്കളും.ഒരു പ്രത്യേക ഭാഗത്ത് എത്തിയപ്പോഴാണ് വളരെ ഭംഗിയുള്ള ഒരു പൂമരം ഞാന്‍ കണ്ടത്.അധികം പൊക്കമില്ലാതെ നിറച്ച് കടുത്ത നീലപ്പൂക്കള്‍ നിറഞ്ഞ ഒരു മരം.പൂക്കള്‍, സാധാരണ വെള്ളയോ മഞ്ഞയോ ചുവപ്പോ ഒക്കെ ആകാറാന് പതിവ്.ഇത് പക്ഷെ അതിശയിപ്പിക്കുന്ന ഒരു പ്രത്യേക നീല വര്‍ണ്ണം.അവിടെന്ന് ഞാന്‍ നോട്ടം താഴ്ത്തിയത് ഒരാളുടെ കണ്ണുകളിലേയ്ക്കാണ്.രണ്ട് നീലക്കണ്ണുകള്‍..! മുകളില്‍,പൂക്കളില്‍ കണ്ട നിറം എന്റെ കണ്ണുകളെ മൂടിയതാണോ എന്നെനിക്ക് ഒരു നിമിഷം തോന്നി.തിരിച്ച് അയാളും ശ്രദ്ധിക്കുന്നത് കണ്ട ഞാന്‍ വേഗം കണ്ണ് മാറ്റി.മുന്നോട്ടുള്ള കാല്‍ വെയ്പ്പുകള്‍ക്ക് വേഗം കൂട്ടി.


ഒന്ന് കറങ്ങി തിരിഞ്ഞു വന്നപ്പോള്‍ ഒരു പ്രത്യേക ഭാഗത്ത്, നടപ്പാതയുടെ പിന്നിലേയ്ക്ക്..മരങ്ങളുടെ ഇടയില്‍..ചെടികള്‍ പടര്‍ത്തിയ വേലിക്ക് അരികിലായി ഒരു ഇരിപ്പിടം കണ്ടു-ഒരു സ്ടോണ്‍ ബെഞ്ച്‌..!ഉണങ്ങിയ പൂക്കളും ഇലകളും മണ്ണും തട്ടി മാറ്റി ഞാന്‍ അവിടെ ഇരുന്നു.അല്പം ഉയരം കൂടിയ സ്ഥലമായത് കൊണ്ട് പാര്‍ക്കിന്റെ കുറെ അദികം ഭാഗങ്ങള്‍ കാണാന്‍ കഴിയും.പെട്ടന്ന് ആരുടേയും കണ്ണില്‍ പെടാത്ത ഒരിടം.
"ഇവിടെ ഇരിക്കാന്‍ പറ്റില്ല.."
ആ സ്വരം കേട്ട ഇടത്തേക്ക് ഞാന്‍ വെട്ടിത്തിരിഞ്ഞ് നോക്കി.നീലക്കണ്ണുകളില്‍ ദേഷ്യത്തിന്റെ തിരയിളക്കം.ഇയാള്‍ എന്റെ പിന്നാലെ വരികയായിരുന്നോ?എനിക്ക്‌ അത്ഭുതം തോന്നി.ഇവിടെ ഇരിക്കണ്ട എന്ന്‌ പറയാന്‍ മാത്രം ആരാ ഇയാള്‍?അല്പം സ്വസ്ഥതയാണ് വേണ്ടത്.അത് കൊണ്ടാണ് ഈ ഒഴിഞ്ഞ ഇടത്ത് വന്നിരുന്നതും..എനിക്കും ദേഷ്യം വന്നു.കേള്‍ക്കാത്ത ഭാവത്തില്‍ ഞാന്‍ അവിടെ തന്നെ ഇരുന്നു.
"എഴുന്നേറ്റ് പൊയ്ക്കോ..അവിടെ ധാരാളം ഇരിപ്പിടം വേറെ ഉണ്ട്."


അയാള്‍ ദൂരേയ്ക്ക് ചൂണ്ടി.ഭംഗിയുള്ള മുഖത്തിനു ചേരുന്ന ദേഷ്യം! ചെക്കന്‍ കൊള്ളാലോ..ഇവിടെന്ന് എണീറ്റ്‌ മാറുന്ന പ്രശ്നമില്ല എന്ന ഭാവത്തില്‍ ഞാന്‍ അവിടെ തന്നെ ഇരുന്നു.പിന്നെയും അവന്‍ എന്തൊക്കെയോ പറഞ്ഞു-എന്നെ പറഞ്ഞയക്കാന്‍.ഞാന്‍ അത് ശ്രദ്ധിക്കാത്ത വണ്ണം നീളമുള്ള പാവാടയുടെ ഞൊറികളില്‍ വിരലോടിച്ച് കൊണ്ടേ ഇരുന്നു..ബെഞ്ചിന്റെ ഓരത്തായി, പറഞ്ഞ് സഹികെട്ട മട്ടില്‍ അവസാനം അവന്‍ ഇരുന്നപ്പോള്‍ എനിക്കല്പം അതിശയം തോന്നി.പതിയെ തല ചരിച്ച് ഒന്ന് നോക്കി..എന്റെ ആ നോട്ടം കണ്ടിട്ടാകണം അവനും ഒന്ന് നോക്കി..കണ്ണുകളില്‍ ദേഷ്യത്തിന്റെ വലിയ അലകള്‍..മെല്ലെ ആ മുഖം എന്റെ അടുത്തേയ്ക്ക് ഒന്ന് ചായ്ച്ച് ഒരു രഹസ്യം പോലെ അവന്‍ പറഞ്ഞു-


"മര്യാദയ്ക്ക് പറയുന്നത് അനുസരിച്ചോളൂ..നീ കരുതും പോലെ ഒരാള്‍ അല്ല ഞാന്‍.ഞാന്‍..ഞാന്‍ ഒരു ആത്മാവാണ്..നിങ്ങളുടെ ഭാഷയില്‍ ഒരു പ്രേതാത്മാവ്..ഇത്രയും സമയം ഞാന്‍ പറഞ്ഞിട്ട് നീ അനുസരിച്ചില്ല.ഇനി എന്നെ അനുസരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലല്ലോ.. ഉം..പോക്കോളൂ.."
ഞാന്‍ ഒന്ന് പതറി.എങ്കിലും എന്റെ മുഖത്ത് ഒട്ടുംഭയം ഇല്ല എന്നത് അവനെ അതിശയിപ്പിച്ചിരിക്കണം."വിശ്വാസമായില്ല അല്ലേ?"അവന്‍ പതിയെ മുഖമുയര്‍ത്തി,ചുണ്ട് കൂര്‍പ്പിച്ച് മുകളിലേക്ക് ഒന്ന് ഊതി..ചുണ്ടില്‍ നിന്നും കാറ്റിന്റെ ചെറിയ ഒരു അല ഉയര്‍ന്ന്..ശക്തി പ്രാപിച്ച്..മുകളിലെ മരത്തിന്റെ തലപ്പില്‍ ചെന്ന് തൊട്ടു.കാറ്റില്‍ ശക്തിയായി ഉലഞ്ഞ ചില്ലയില്‍ നിന്ന് മഞ്ഞിന്‍ കണങ്ങള്‍ പറ്റിയ ചുവന്ന പൂക്കള്‍ താഴേക്ക് ഉതിര്‍ന്നു വീണു.ഇപ്പോള്‍ വിശ്വാസമായോ എന്ന മട്ടില്‍ ആ കണ്ണുകള്‍ എന്റെ മുഖത്ത് പതിഞ്ഞു.
"ഓ..ആ പൂക്കള്‍ ഉതിര്‍ന്നത് കാണാന്‍ നല്ല ഭംഗി.."ഞാന്‍ പറഞ്ഞു.
"നിനക്ക് വിശ്വാസമായില്ല അല്ലേ?"നീലക്കണ്ണുകളില്‍ നിരാശ നിറഞ്ഞു.ആ കൈത്തലം എന്റെ നേരേ നീട്ടി.
"തൊട്ടു നോക്കു..നിനക്ക് തൊടാന്‍ ആകില്ല എന്നെ.നിന്‍റെ കൈകള്‍ വായുവില്‍ ഉഴലുകയെ ഉള്ളൂ..അപ്പോള് വിശ്വാസമാകും തൊട്ടു നോക്കൂ.." അവന്‍ കൈ വീണ്ടും നീട്ടി.
"വേണ്ട..എനിക്ക്‌ വിശ്വാസമാണ് ".ഞാന്‍ പെട്ടന്ന് പറഞ്ഞു.എന്റെ കണ്ണുകള്‍ ആ സമയം അവന്റെ പാദങ്ങളില്‍ ആയിരുന്നു.തറയില്‍ സ്പര്‍ശിക്കാതെ, ഇത്രയും നേരം ഭൂമിയില്‍ നിന്ന് തെല്ലുയര്‍ന്നു നിന്ന അവന്റെ പാദങ്ങളില്‍.
"ഭയം തോന്നുന്നില്ലേ?"നീലക്കണ്ണുകള്‍ അത്ഭുതം കൊണ്ട്‌ വിടര്‍ന്നു.ചെറിയ പതര്ച്ചയിലും ഇല്ലെന്ന മട്ടില്‍ ഞാന്‍ പുഞ്ചിരിച്ചു. പക്ഷെ പിന്നീട് എന്തോ എനിക്ക്‌ അവിടെ ഇരിക്കാന്‍ തോന്നിയില്ല..

"ഞാന്‍ പോകുവാ.." -പറഞ്ഞിട്ട് വേഗം എഴുന്നേറ്റു പുറത്തേയ്ക്ക് നടന്നു.ഇതിനൊക്കെ ഇടയിലും എന്റെ കണ്ണുകള്‍ മറ്റൊരാളെ തിരയുകയായിരുന്നു-ഇല്ല..ഇന്ന് കണ്ടില്ല.നാളെ?

************************************          (2)                            

പുലര്‍ച്ചേ അതേ സ്ടോണ്‍ ബെഞ്ചില്‍ ഇരിക്കുകയായിരുന്നു ഞാനും അവനും.കുറച്ചു ദിവസമായി ഞങ്ങള്‍ കൂട്ടുകാരായിട്ട്.കണ്ടു മുട്ടിയ നാള് മുതല്‍ എന്റെ പ്രഭാതങ്ങളില്‍ അല്‍പ സമയം ഇപ്പോള്‍ അവന്റെ കൂടെ ആണ്.

"ഞാന്‍ എങ്ങനെയാണ്  മരണപ്പെട്ടത് എന്നറിയാന്‍  നിനക്ക് താല്പര്യമില്ലെ?"അവന്‍ ചോദിച്ചു.പൊതുവായ കാര്യങ്ങള്‍ക്ക് അപ്പുറം ഇത്തരം കാര്യങ്ങള്‍ ഞാന്‍ ചോദിച്ചിരുന്നില്ല.
"അവിടെ നോക്കു..ആ കടലാസ് പൂക്കള്‍ നിറഞ്ഞു മൂടിക്കിടക്കുന്ന കെട്ടിടം കണ്ടോ?അതിനുള്ളില്‍ ആണ് ഞാന്‍ മരണപ്പെട്ടത്.ഈ പാര്‍ക്കിന്റെ സൂക്ഷിപ്പുകാരനായിരുന്നു ഞാന്‍.എപ്പോള്‍ എന്നറിയുമോ?നീ അതിശയിക്കും..എഴുപത്തിആറ്‌ വര്‍ഷങ്ങള്‍ക്കു മുന്പ്..അന്നെനിക്ക് ഇരുപത്തി ആറ്‌ വയസ് പ്രായം.ഇന്നും അതേ..ശരീരത്തിനല്ലേ പ്രായം..ആത്മാവ് ഇപ്പോഴും ഇങ്ങനെ.."
ആ കണ്ണുകളില്‍ അല്പം നിരാശ പടര്‍ന്നുവോ?എനിക്ക്‌ വല്ലായ്മ തോന്നി.പാവം..!!

"എങ്ങനെയായിരുന്നു...?അത്..?

"ഞാന്‍ കാട്ടിയ ആ കെട്ടിടം കണ്ടില്ലേ..അവിടെ നിന്ന് ആണ് പാര്‍ക്കിലെ മുഴുവന്‍ കരെന്റിന്റെയും ലൈറ്റുകളുടെയും എല്ലാം കണെക്ഷന്‍ പോകുന്നത്.എല്ലാ സ്വപ്നങ്ങളോടെയും ജീവിച്ച, ഇവിടെ എല്ലാം ഓടി നടന്നു പരിപാലിച്ച ഒരു ചെറുപ്പക്കാരനായിരുന്നു ഞാന്‍.ആ നശിച്ച  ദിവസം മഴയത്ത് അതിന്റെ ഉളളിലെ ഏതൊക്കെയോ ലൈന്‍ പൊട്ടി വീഴുകയും അതിലേയ്ക്ക് വെള്ളം ഒഴുകി ഇറങ്ങുകയും ചെയ്തത് ഞാന്‍ അറിഞ്ഞില്ല.രാത്രിയില്‍ പാര്‍ക്കില്‍ ചില ഇടങ്ങളില്‍ വെളിച്ചം ഇല്ലാതെ ആയതു കണ്ട്‌ നോക്കാന്‍ ചെന്നതായിരുന്നു ഞാന്‍. ശരിക്ക് പറഞ്ഞാല്‍ ഒരൊറ്റ നിമിഷം കൊണ്ട് എന്റെ പ്രാണന്‍ തല്ലി കെടുത്തി കളഞ്ഞു,തറയിലെ വെള്ളത്തില്‍ നിന്ന് ശരീരത്തിലേയ്ക്ക് പടര്‍ന്ന കറെന്റ്റ്..!പുലരും വരെ ഞാന്‍ ഒന്നും മനസിലാകാതെ എന്റെ ശരീരത്തിലേയ്ക്ക് തന്നെ നോക്കി ഇരുന്നു.പതിയെ മനസിലായി ഞാന്‍ അതില് നിന്ന്  വേര്‍പെട്ടു കഴിഞ്ഞു എന്ന്‌.എന്റെ മരണം അന്നൊക്കെ എനിക്ക് തന്നെ ഉള്‍ക്കൊള്ളാന്‍ ആയില്ല.കലുഷിതനായ ഒരു ആത്മാവ് ആയിരുന്നു ഞാന്‍.അതിന്റെ ഫലം ഞാന്‍ ചുറ്റും ജീവിച്ചിരിക്കുന്നവരോട് തന്നെ കാണിക്കാന്‍ തുടങ്ങി..നിനക്കറിയുമോ അതിന് ശേഷം ഈ പാര്‍ക്കിന്റെ എല്ലാ വാതില്‍ക്കലും, പുറത്തേയ്ക്ക് പോകാന്‍ ആകാത്ത വിധം എന്നെ ബന്ധിച്ചിരിക്കുകയാണ്.ഇവിടെ നിന്ന് പുറം ലോകത്തേക് പോകാന്‍ എനിക്ക്‌ കഴിയില്ല.ഇപ്പോള്‍ ഇവിടെ ആണ് എന്റെ സ്വര്‍ഗം.ഞാന്‍ അത് ഇഷ്ടപ്പെടുന്നു...അത് പോട്ടെ നിന്നെ പറ്റി പറയു.."അവന്‍ വിഷയം മാറ്റി.

"എന്തു പറയാന്‍?"

"എന്നോട് സംസാരിക്കുമ്പോഴും അസ്വസ്ഥമാണ് നിന്‍റെ മനസ്‌..എനിക്കത് അറിയാന്‍ കഴിയുന്നുണ്ട്.എന്താ അത്?"
"ഒന്നുമില്ല..എനിക്ക്‌ പോകാന്‍ സമയമായി.."ഞാന്‍ എഴുന്നേറ്റു നടന്നു.
അപ്പോഴാണ്‌ കണ്ടത് പ്രധാന വാതിലിന് സമീപം ഞാന്‍ തിരയുന്ന ആള്.. ജോഗിംഗ് വേഷത്തില്‍..എന്നില്‍ സന്തോഷത്തിന്റെ ഒരു കുതിപ്പ് ഉണ്ടായി..അല്പം ദൂരെ അവന്‍..-എന്റെ പ്രിയപ്പെട്ടവന്‍!!


************************************           (3)          
                
പിറ്റേന്ന് രാവിലെ വളരെ ഉത്സാഹത്തിലാണ് ഞാന്‍ പാര്‍ക്കില്‍  എത്തിയത്.നേരം പുലര്‍ന്നു വരുന്നതെ ഉള്ളു.എത്ര ദിവസമായി ഞാന്‍ ഇവിടെ പ്രതീക്ഷിക്കുന്നു.ഇങ്ങോട്ടേയ്ക് താമസം മാറിയപ്പോള്‍ ജോഗിങ്ങിന്  ഇവിടം തന്നെ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചു.എന്നിട്ടും കാണാതെ ആയപ്പോള്‍ മനസ്‌ പിടഞ്ഞിരുന്നു.

"എന്താ ഇന്ന് മുഖത്ത് ഇത്ര സന്തോഷം ?"നീലക്കണ്ണുകളുമായി എന്റെ കൂട്ടുകാരന്‍ അരികില്‍ എത്തി .
"സന്തോഷം ഉണ്ട്..ഞാന്‍ ഇന്ന് ഒരാളെ കാണിച്ച്  തരും..ഇയാള്‍ക്ക്  ഒരു സര്‍പ്രൈസ്.."
എന്നോടൊപ്പം അവനും പ്രധാന വാതില്‍ക്കലേയ്ക്ക് നോക്കി നിന്നു.

"അതാ അവിടെ.." ഞാന്‍ ഉത്സാഹത്തോടെ വിരല്‍ ചൂണ്ടി.കറുത്ത ടീഷര്‍ട്ടും ഷോട്ട്സും ഇട്ട മങ്കി ക്യാപ് വച്ച വെളുത്ത സുന്ദരനായ യുവാവില്‍ അവന്റെ നീലക്കണ്ണുകള്‍ പതിഞ്ഞു.


"ആരാ അത് എന്ന്‌ ഞാന്‍ പറയട്ടെ..?അവനെ കണ്ടപ്പോള്‍ നിന്‍റെ മുഖം നിലാവ് ഉദിച്ചത് പോലെ ആണ് വിടര്‍ന്നത്..ഹിഹിഹി..അവന്‍- നിന്‍റെ രാജകുമാരന്‍..ഈ നിലാവിന്റെ രാജകുമാരന്‍ അല്ലേ?അല്ലേ നിലാ?"
സ്വരത്തില്‍ അല്പം നാടകീയത വരുത്തി പറഞ്ഞിട്ട് അവന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു.

എനിക്ക്‌ നാണം തോന്നി-"അതേ..നിലാവിന്റെ രാജകുമാരന്‍ " ഞാനും ചിരിച്ചു.


"എന്നിട്ട് എന്താണ് നീ ഇവിടെ തന്നെ നില്‍ക്കുന്നത് അങ്ങോട്ടേയ്ക്ക് പോകുന്നില്ലേ?എനിക്ക്‌ പ്രണയിക്കുന്നവരെ വളരെ ഇഷ്ടമാണ് നിലാ..! ഈ പാര്‍ക്കില്‍ അന്നൊക്കെ എന്നും വരുന്നത് അവരായിരുന്നു.കാണുന്നതും സന്തോഷം..! ബ്രിട്ടീഷുകാരുടെ കാലമായിരുന്നു അന്ന് എന്ന്‌ ഓര്‍ക്കണം.ഈ പാര്‍ക്ക് ഉണ്ടാക്കിയത് അവരാണ്.ആദ്യകാലത്തെ പ്രണയിതാക്കളും അവരായിരുന്നു.പിന്നെ നിന്നെ ആദ്യം ഭയപ്പെടുത്താന്‍ നോക്കിയതില്‍ എനിക്ക് ഇപ്പോള്‍ ഒരുപാട് വിഷമം തോന്നുന്നു.പോയി അവനെ കൂടി വരൂ..നിങ്ങള്‍ ഒരുമിച്ച് ഈ സ്ടോണ്‍ ബെഞ്ചില്‍ ഇരിക്കുന്നത് എനിക്ക്‌ കാണണം.അന്നത്തെ പോലെ ഈ മരത്തിലെ ചുവന്ന പൂക്കള്‍ എനിക്ക്‌ നിങ്ങളുടെ മേല്‍ പൊഴിയ്ക്കണം."
വളരെ ഉത്സാഹത്തില്‍ അവന്‍ മരത്തിനു മുകളിലേയ്ക് നോക്കി.

"വേണ്ട ..നമുക്ക് മാറി നില്‍ക്കാം.."ഞാന്‍ പറഞ്ഞു.
അവന്‍ ചോദ്യഭാവത്തില്‍ എന്നെ നോക്കി.
"എന്താ? എന്തു പറ്റി? രണ്ട് പേരും പിണക്കത്തിലാണോ?"
ഞാന്‍ ഒന്നും പറഞ്ഞില്ല.സ്ടോണ്‍ ബെഞ്ചിലേക്കായി ഇരുന്നു.


"പിണക്കം..ആണോ എന്ന്‌ ചോദിച്ചാല്‍..ഉം..ഇപ്പോള്‍ ഇങ്ങനെ മതി. അവന്‍ എന്നെ കാണണ്ട..എന്നാല്‍ എനിക്കവനെ കാണാതെ വയ്യ.ഒരു നിമിഷം പോലും..!അതാ ഇങ്ങനെ അവനറിയാതെ പിന്നാലെ പോകുന്നത്..അവന്‍ പോകുന്ന ഇടത്തൊക്കെ..എനിക്ക്‌ ചെല്ലാന്‍ സാധിക്കുന്ന ഇടത്ത് ഒക്കെ..! "
അവന്‍ എന്റെ സമീപത്ത് ഇരുന്നു."അത്രയ്ക്ക് ഇഷ്ടാ?"
"ഉം.." ഞാന്‍ മിഴികള്‍ അടച്ചു.


"ആദ്യം ഈ ബെഞ്ചില്‍ നീ വന്ന് ഇരുന്നപ്പോള്‍ ഞാന്‍ കയര്ത്തില്ലേ?അതെന്താണെന്ന് അറിയുമോ?എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ എന്നും വൈകുന്നേരങ്ങളില്‍ വന്ന്‌ ഇരിക്കുന്ന ഇടമായിരുന്നു ഇത്.എന്നെ പോലെ നീലക്കണ്ണുകള്‍ ഉള്ള ഒരു പെണ്‍കുട്ടി.നമ്മുടെ നാട്ടുകാരിയല്ല..ഒരു ഇന്ഗ്ലീഷുകാരിക്കുട്ടി..ഭാഷയുടെ വേലിക്കെട്ടിനപ്പുറം മനസിന്റെ ഭാഷ ആയിരുന്നു ഞങ്ങള്‍ക്കിടയില്‍..ഇഷ്ടം അറിയിച്ചിട്ടൊന്നും ഇല്ല.എങ്കിലും ആഴത്തില്‍ ഉണ്ടായിരുന്നു,ഉള്ളില്‍ -അവള്‍ക്കും..!! ആ സമയത്ത് തന്നെയാണ് ഞാന്‍..-ഒന്നിനും കഴിഞ്ഞില്ല..ഒന്നിനും.!! നിലാ..നിനക്ക് എന്നെ ഇങ്ങനെ കാണാന്‍ സാധിക്കുന്നത് പോലും നമ്മുടെ ഉള്ളില്‍ നാം സൂക്ഷിക്കുന്ന പ്രണയത്തിന്റെ സാമ്യം കൊണ്ട്‌ ആകാം അല്ലേ?"പിന്നെയും എന്തൊക്കെയോ അവന്‍ പറഞ്ഞു.എന്റെ മുഖം മ്ലാനമായിരുന്നു.
"സമയം ഏറെ ആയി..ദേ നിന്‍റെ രാജകുമാരന്‍ പുറത്തേക്ക് ഇറങ്ങുന്നു നിലാ.."
ഞാന്‍ ഞെട്ടി പിടിച്ച് എഴുന്നേറ്റു.
"നാളെ കാണാം പോകുവാ.."ഇത്രയും പറഞ്ഞു ധിറുതിപ്പെട്ട് ഞാനും പാര്‍ക്കിന് പുറത്തേക്കുള്ള വാതിലിനു നേരേ ചെന്നു.

************************************          (4)          
 
അടുത്ത ഒരു ദിവസം, രാവിലെ..
"നിലാ..നീ എന്താണ് ചിന്തിക്കുന്നത്?"
"ഒന്നുമില്ല..ഞാന്‍ അവനെ നോക്കി ഇരിക്കുവല്ലേ?ആ കൂടെ ഉള്ളത് കൂട്ടുകാരന്‍ ആയിരിക്കണം.അവരെന്താണ് പറയുന്നത് എന്ന്‌ കേള്‍ക്കാന്‍ ആയെങ്കില്‍..അവന്‍ അടക്കിപ്പിടിച്ച് ചിരിക്കുമ്പോള്‍ ഒരു പ്രത്യേക ഭംഗി ഇല്ലെ?ഹിഹിഹി..എന്നോട് സംസാരിക്കുമ്പോള്‍ പണ്ടും അങ്ങനെ ആണ്.എനിക്ക് മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ പലതും സംസാരിക്കും എന്നിട്ട് മുഖം വളരെ ഗൌരവത്തില്‍ വക്കും.അടക്കിപിടിച്ച് ചിരിക്കും.ആ പറയുന്നത് കേട്ട് ഞാന്‍ പൊട്ടിപൊട്ടി ചിരിക്കും.അവന്‌ ഒരുപാട് ഇഷ്ടമാണ് എന്റെ ചിരിക്കുന്ന മുഖം കാണാന്‍.അന്നേരം ഒത്തിരി ഒത്തിരി ഇഷ്ടം തോന്നും..എന്ന്‌ പറയും ""നിന്‍റെ ചിരിക്ക് എന്തോ ഒരു പ്രത്യേകത ഉണ്ട് നിലാ..അത് ശരിയാണ്..അത് കാണുമ്പോള്‍ പെട്ടന്ന്‍ ഒരു ഇഷ്ടം തോന്നും നിന്നോട്.വളരെ ഒതുങ്ങിയ പ്രണയം ആയിരുന്നോ നിങ്ങളുടെത് ?"
ഞാന്‍ അല്പം ചിന്തിച്ചു.


"അങ്ങനെ പറയാന്‍ ആകില്ല.നീ ഇപ്പോള്‍ എന്റെ വളരെ അടുത്ത ആള്‍ ആയത് കൊണ്ട് പറയാം.പ്രണയത്തില്‍..ഞങ്ങള്‍ക്ക്, ഞങ്ങളുടെതായ ശരികള് ഉണ്ടായിരുന്നു.മറ്റുള്ളവര്‍ക്ക് അതെങ്ങനെ തോന്നും എന്നറിയില്ല.ഞങ്ങള്‍ക്ക് ഇഷ്ടമുള്ളതെന്തും ഞങ്ങള്‍ ആസ്വദിക്കും.പ്രണയം തികച്ചും ഞങ്ങളുടെ സ്വകാര്യമായ സ്വത്ത് ആയിരുന്നു.എന്റെ മനസില്‍ അവനുള്ള സ്ഥാനം മറ്റൊരാള്‍ക്കും റീപ്ലെയ്സ്  ചെയ്യാന്‍ ആകില്ല.തിരിച്ചും..!!എല്ലാത്തിനും ഉപരി ഒരേതരം സ്വഭാവ രീതികള്‍ ആയിരുന്നു ഞങ്ങള്‍ക്ക്.പുറമേ ഉള്ള കാര്യങ്ങളില്‍ ഒരേ നിലപാട് ഉണ്ടാകുമ്പോള്‍ ചിലപ്പോഴൊക്കെ സ്നേഹത്തിന്റെ കാര്യത്തില്‍ ഒരല്പം വ്യത്യാസം ഉണ്ടാകും.എന്റെ സ്നേഹം പെരുമഴ പോലെ ആര്‍ത്തലച്ച് പെയ്യുന്നതായിരുന്നു-പ്രകടിപ്പിക്കുന്ന തരം..!അവന്‍ നനുത്ത ചാറ്റല്‍ മഴ പോലെ..എന്നാല്‍ ദീര്ഘനേരം-പ്രകടിപ്പിക്കാത്ത വിധം!മനസ്സില്‍ വിഷമം വരുമ്പോള്‍ കെട്ടിപ്പിടിച് കരയാനും ദേഷ്യം വന്നാല്‍ കൈ വീശി അടിക്കാനും സന്തോഷം വന്നാല്‍ ഒരുമിച്ച് ഇരുന്നു കള്ളുകുടിക്കാനും വരെ ഒരു ആണിനും പെണ്ണിനും ഒരുപോലെ ഇഷ്ടമുണ്ടാകുക എന്ന്‌ പറഞ്ഞാല്‍.."

ഞാന്‍ അവനെ..എന്റെ കൂട്ടുകാരനെ..ഒന്ന് നോക്കി."കള്ള് കുടിക്കാനും..? അപ്പോള് നീ..? ഹഹഹഹ്ഹ"അവന്‍ പൊട്ടിച്ചിരിച്ചു.
"കള്ള്കുടി എന്ന്‌ വച്ചാല്‍ വയര് നിറയെകുടിച്ച് സൈഡില്‍ ശര്ദ്ധിച്ച് കിടക്കുക എന്നതല്ല..ഹിഹിഹി..ഒരു ലിമിറ്റിലുള്ള ലഹരി ഞരമ്പുകളെ ഉണര്‍ത്തുകയും ഒരു പ്രത്യേക റിലാക്സില്‍ എത്തിക്കുകയും ചെയ്യും.പഴച്ചാറിന്റെ മധുരത്തില്‍ പൊതിഞ്ഞ ലഹരി ആണ് എനിക്ക്‌ ഇഷ്ടം.ലിമിറ്റഡ് ആള്കഹോളിക്..ഞങ്ങള്‍ ഒരുമിച്ച് ഉള്ളപ്പോള്‍ മാത്രം!! അവനിഷ്ടമാണ്,അന്നേരം എന്റെ കണ്ണുകളിലേയ്ക്ക് നോക്കി ഇരിക്കാന്‍...എനിക്കും..!!!!"


"മം..എനിക്ക്‌ മനസിലാകുന്നുണ്ട്..നിങ്ങളുടെ ശരിയും തെറ്റും സ്നേഹപ്രകടനങ്ങളും നിങ്ങളുടെ മാത്രം സ്വന്തമാണെന്ന്."
ഒരു കാര്യം കൂടി ചോദിക്കട്ടെ?എന്നോട് പിണങ്ങില്ലെങ്കില്‍?"


"എനിക്ക്‌ ഊഹിക്കാന്‍ ആകുന്നുണ്ട് ആ ചോദ്യം.എങ്കിലും ചോദിക്കൂ.."
"നിങ്ങള്‍ തമ്മില്‍ മാനസികമായ അടുപ്പത്തിനപ്പുറം?" അവന്‍ അറച്ചറച്ച് അവിടെ നിര്‍ത്തി.

"ഒരുപാട് സമയം ഞങ്ങള്‍ ഒരുമിച്ച് ചിലവഴിച്ചിട്ടുണ്ട്.ഒരുപാട് അവസരങ്ങള്‍ വന്നിട്ടുണ്ട്.എന്ന്‌ വച്ച് എല്ലായ്പോഴും അതൊരു ആവശ്യമായി തോന്നിയിട്ടില്ല.അതിന് വേണ്ടി മാത്രം മനപൂര്‍വം ഒരു സാഹചര്യം ഉണ്ടാക്കിയിട്ടും ഇല്ല.പക്ഷെ,ഒരു പുരുഷന്‍ അവന്റെ പെണ്ണിനോടും അവള്‍ തിരിച്ചും..ഉള്ള സ്നേഹം പ്രകടിപ്പിക്കുന്നതിന്റെ മാക്സിമം പോലെ അത് സംഭവിച്ചിട്ടുണ്ട്."

തൊട്ടടുത്ത് നിന്ന റോസാ ചെടിയില്‍ നിന്ന് ഒരു ഇതള്‍ കൊഴിഞ്ഞ്‌ തറയിലേക്ക് വീണത് ഞാന്‍ കണ്ടു."അത് നോക്കൂ.. ആ കൊഴിഞ്ഞ്‌ വീണ ഇതള്‍ കണ്ടോ..ആ ഇതള്‍ തന്നെ അവിടെ ചേര്‍ന്നാലേ ആ പൂവിനു പൂര്‍ണത ഉണ്ടാകൂ..ഈ തോട്ടത്തില്‍ ഇതിനെക്കാള്‍ ഭംഗി ഉള്ളതോ സുഗന്ധം ഉള്ളതോ ആയ എത്രയോ പൂക്കള്‍ ഉണ്ടാകാം..പക്ഷെ ആ പൂവിനോട് ഏതെങ്കിലും ഒന്ന് പോര..ആ കൊഴിഞ്ഞ്‌ വീണ ഇതള്‍ തന്നെ ചേരണം,അതിന് പരിപൂര്‍ണത ഉണ്ടാകാന്‍.
അത് പോലെ എനിക്ക്‌ അവന്‍ എന്റെ തന്നെ ഒരു പാര്‍ട്ട്‌ ആണ്.ഒറ്റൊന്നിനും പകരം വയ്ക്കാന്‍ ആകാത്ത ഒന്ന്.എല്ലാ അര്‍ഥത്തിലും എന്റെ പൂര്‍ണത അവനോട്‌ കൂടെ ആണ്.ഇതെന്റെ മാത്രം ശരി ആയിരിക്കാം..പക്ഷെ -തെറ്റ് എന്ന്‌ പറയാന്‍ മാത്രം,ആ സ്ഥാനത്ത് മറ്റൊരാള്‍ ഉണ്ടാകില്ല..എന്നും അവന്‍..അവന്‍ മാത്രം!!"ഇത് കേട്ടതും നീലക്കണ്ണുകളില്‍ വിടര്‍ന്ന വിസ്മയം ഞാന്‍ ശ്രദ്ധിച്ചു.ഒപ്പം വെറുതെ ഒന്ന് ചിരിച്ചു.


പെട്ടന്നാണ് എന്നെ അതിശയപ്പെടുത്തിയ ഒരു കാഴ്ച ഞാന്‍ കണ്ടത്,ഞങ്ങളുടെ മുന്നില്‍ ഉള്ള മരത്തിനരികിലേയ്ക്ക് അവന്‍,എന്റെ പ്രിയപ്പെട്ടവന്‍..നടന്നു വരികയാണ്.കൈയില്‍ ഉയര്‍ത്തി പിടിച്ച മൊബൈല്‍ ഫോണ്‍.മരത്തില്‍ പൂത്തു നില്‍കുന്ന ചുവന്ന പൂക്കളെ അവന്‍ ഫോക്കസ് ചെയ്യുന്നു.ഞാന്‍ വേഗം മരത്തിന്റെ പിന്നിലേയ്ക്ക് മാറി-മറഞ്ഞ് നിന്ന് മെല്ലെ നോക്കി..ഭംഗിയുള്ള വിടര്‍ന്ന കണ്ണുകള്‍ആ പൂക്കളിലേയ്ക്ക് മാത്രമാണ്.ഇടതൂര്‍ന്ന കണ്പീലികള്‍ ഇമ ചിമ്മാതെ തുറന്നു പിടിച്ചിരിക്കുന്നു.ചെറിയ മരത്തിന്റെ മറവ് ഉണ്ടെങ്കിലും എന്നോട് വളരെ അടുത്ത് ആണ് അവന്‍.ഞാന്‍ മരത്തിന്റെ പിന്നിലേയ്ക്ക് ഒന്ന് കൂടി പറ്റിച്ചേര്‍ന്നു നിന്നു നോക്കി.ഓടിച്ചെന്ന് അവന്റെ മുഖം പിടിച്ച് താഴ്ത്തി ആ നെറ്റിയില്‍ ചുണ്ടമര്ത്താന്‍ തോന്നിയെങ്കിലും ഞാന്‍ അടക്കിപ്പിടിച്ചു.ഫോട്ടോ എടുത്ത ശേഷം അവന്‍ തിരിഞ്ഞു നടന്നു.പെട്ടന്ന് വീണ്ടും ഒന്ന് കൂടി തിരിഞ്ഞു നോക്കിയത് എന്നെ അതിശയിപ്പിച്ചു.-'നീ അടുത്ത് ഇല്ലെങ്കിലും മിണ്ടിയില്ലെങ്കിലും, കണ്ണടച്ചാല്‍ നിന്‍റെ ഗന്ധം എന്റെ മൂക്കില്‍ വന്നു നിറയും..ശരിക്കും ഐ ക്യാന്‍ ഫീല്‍ യു.. !!!!'  -വഴക്കിട്ട് ഇട്ടു പിണങ്ങിയ ശേഷം ഇണങ്ങുമ്പോള്‍ ഉള്ള അവന്റെ എന്നത്തേയും വാചകം..!!!!
എന്നെ ഇപ്പോള്‍ ഫീല്‍ ചെയ്തു കാണുമോ അവന്‌ ???

എന്റെ ഈ ഒളിച്ചുകളികള്‍ കണ്ടു കൊണ്ട് മറ്റൊരാള്‍ ഇരിക്കുന്നു എന്ന കാര്യം ഞാന്‍ മറന്നു.നീലക്കണ്ണിലേയ്ക് നോക്കിയപ്പോള്‍ എനിക്കല്പം ജാള്യത തോന്നി.ആ സമയം വെളിച്ചം പാര്‍ക്കിനുള്ളില്‍ നന്നായി തെളിഞ്ഞിരുന്നു.അത് അപൂര്‍വമാണ്.ഈ വന്മരങ്ങളുടെ ഇടയിലൂടെ ഇതിനുള്ളില്‍ പ്രവേശിക്കാന്‍ അല്പം പ്രയാസം തന്നെ, പുലര്‍ച്ചെ ഉള്ള പ്രകാശത്തിന്.


"ഞാന്‍ പോകുവാ നീലക്കണ്ണാ..നാളെ വരാം.."


കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ, അവന്റെ മുഖഭാവം ശ്രദ്ധിക്കാതെ ഞാന്‍ ഇറങ്ങി-എന്റെ രാജകുമാരന് കുറച്ച് പിന്നിലായി.


*****************************
            (5)             **********************************  

പിറ്റെന്നാള്‍ രാവിലെ കാണുമ്പോള്‍ അവന്‍ വല്ലാത്ത ദേഷ്യത്തില്‍ ആയിരുന്നു.


"എന്താണ് നീ ആ മുന്നിലേയ്ക്ക് പോകാത്തത്?എനിക്കറിയാം നിനക്ക് അവന്‍ എത്ര പ്രിയപ്പെട്ടതാണെന്ന്.പിന്നെ എന്തിനാണ് ഇത്രയ്ക്ക് വാശി?നീ പറഞ്ഞത് പോലെ അവന്‍ നിന്‍റെ തന്നെ പാര്‍ട്ട്‌ ആണെങ്കില്‍ നീ നിന്നോട് തന്നെ ആണ് ഈ യുദ്ധം ചെയ്യുന്നത്.ചെല്ല്..ഇന്ന് നീ അവനോട്‌ മിണ്ടണം..അല്ലാതെ ഞാന്‍ സമ്മതിക്കില്ല"


"വേണ്ട..അത്..അത്..ഇപ്പോള്‍..പറ്റില്
ല..വേണ്ട.."

"ഇത്ര മാത്രം വാശി പിടിക്കാന്‍ എന്തു തെറ്റാണ് അവന്‍ ചെയ്തത് നിന്നോട്?പറയു എനിക്കത് അറിയണം.ഇങ്ങനെ മറഞ്ഞ് നിന്നു സ്നേഹിക്കാന്‍ മാത്രം നിന്നെ തീരുമാനിപ്പിക്കുന്ന രീതില്‍ എന്താണ് ഉണ്ടായത് നിങ്ങള്‍ക്കിടയില്‍..?നിനക്കെന്താ പറ്റിയേ?അവനില്‍ നിന്ന് അകന്ന് നിന്ന് ഇങ്ങനെ സ്വയം വേദനിക്കുന്നത് എന്തിനാ?ഇത്രയും എന്നോട് പറയാമെങ്കില്‍..അതും ആകാം..പറയ്‌..പറയാന്‍.."


നീലക്കണ്ണുകളില്‍ ദേഷ്യം ഇരച്ചു വരുന്നത് കണ്ടു..!


"ഒന്നും പറയാന്‍ ഇല്ല..ഞാന്‍ പോകുവാ.."ഞാന്‍ ബെഞ്ചില്‍ നിന്നും മെല്ലെ എഴുന്നേറ്റു.
"പോകുവാണല്ലേ?പറയണ്ട..നീ പറയണ്ട..എന്താണ് നിങ്ങള്‍ക്കിടയില്‍ സംഭവിച്ചത് എന്ന്‌ നീ എന്നോട് പറയണ്ട..
നിന്നെ ഞാന്‍ എന്റെ നല്ല  സുഹൃത്തായി കണ്ടു.പക്ഷെ നീ അങ്ങനെ അല്ല..എല്ലാം പറഞ്ഞിട്ടും പറയേണ്ട ഒന്ന്-അത് നീ മറയ്ക്കുന്നു."ദേഷ്യം കൊണ്ട്‌ വിറച്ചപ്പോള്‍ ശരിക്കും അവന്‍ ഒരു ആത്മാവ് മാത്രമായത് പോലെ എനിക്ക്‌ തോന്നി.ആഗ്രഹിക്കുമ്പോള്‍
അതീന്ദ്രിയമായ ശക്തികള്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്ന ഒരു പ്രേതാത്മാവ്.അത്തരത്തില്‍ അവന്‍ എന്തെങ്കിലും പ്രവര്ത്തിച്ചേക്കുമോ എന്ന്‌  ഞാന്‍ ഭയന്നു.


പ്രതീക്ഷിച്ച പോലെ പെട്ടന്ന് അവന്‍ വായുവില്‍ ഒരല്പം ഉയര്‍ന്നു പൊങ്ങി.


ആ ഭാവം എന്നില്‍ വല്ലാത്ത ഭയം ഉണ്ടാക്കി..ഒരിക്കല്‍ കൂടി അവന്‍ എന്നോട് ചോദിച്ചു.
-"നീ ആ പക്കലേയ്ക് പോകുന്നുണ്ടോ?"
"ഞാന്‍.. എനിക്ക്‌.."

"എനിക്കറിയാം നിന്നെ അവനരികിലെയ്ക്ക് എത്തിക്കാന്‍.അത് നോക്കു..നിന്‍റെ രാജകുമാരന്‍..'-അവന്‍ ഒരല്പം അകലേയ്ക്ക് കൈ ചൂണ്ടി.ഞാന്‍ ഞെട്ടലോടെ അങ്ങോട്ട്‌ നോക്കി.നടപ്പാതയിലൂടെ വേഗത്തില്‍ നടക്കുന്ന എന്റെ ആള്‍ പെട്ടന്ന് തട്ടി വീഴുന്നതാണ് ഞാന്‍ കണ്ടത്.ആ വീഴ്ച്ച, എന്റെ കൂടെ നിന്ന ആളിന്റെ വിരലിന്റെ ചലനങ്ങള്‍ക്കനുസരിച്ച് കാറ്റില്‍ വന്ന മാറ്റം കൊണ്ടാണെന്ന് എനിക്ക്‌ മനസിലായി.


വീണ് പോയ അവന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയാണ്.ഞാന്‍ എല്ലാം മറന്ന് ആ അരികത്തേയ്ക്ക് ചെന്നു.താങ്ങി എടുക്കാന്‍,ചുറ്റി പിടിക്കാന്‍..ശ്രമിച്ചു.എന്റെ കൈകള്‍ അന്തരീക്ഷത്തില്‍ വെറുതെ കിടന്നു വട്ടം ചുറ്റി.അവന്റെ നെറ്റിയില്‍ കണ്ട ചോരപ്പടര്‍പ്പിലേയ്ക് ഞാന്‍ തൊടാന്‍ ശ്രമിച്ചു. എന്റെ പരിമിതികള്‍ ആ സമയം ഞാന്‍ ഓര്‍ത്തില്ല..എന്റെ വിരലുകള്‍ അന്തരീക്ഷത്തില്‍ പിന്നെയും ഉഴറി.വീണ്ടും വീണ്ടും ഞാന്‍ ശ്രമിച്ചു,ആയില്ല..തൊടാനായില്ല..!ആ നിസഹായവസ്ഥയില്‍ ശക്തമായ ഒരു തേങ്ങല്‍ എന്റെ തൊണ്ടയില്‍ മുറുകി.


ആരൊക്കെയോ അങ്ങോട്ടേക്ക് അവനരികില്‍ ഓടികൂടി.


"നിലാ..." എന്റെ അരികില്‍ ഞാന്‍ വീണ്ടും കണ്ടു-ആ നീലക്കണ്ണുകള്‍..


"നിലാ..നീ..നീയും..എന്നെ പോലെ.." ആ കണ്ണുകള്‍..ആദ്യമായി, ഭൂമിയില്‍ നിന്ന് അല്പം ഉയര്‍ന്നു നിന്ന എന്റെ പാദങ്ങള്‍  ശ്രദ്ധിക്കുന്നത് ഞാന്‍ കണ്ടു.ഒരായിരം ചോദ്യങ്ങള്‍ അവിടെ തിങ്ങി നില്‍ക്കുന്നു.


ഞാന്‍ പാര്‍ക്കിന്റെ പ്രധാന വാതില്‍ക്കലേയ്ക്കു നോക്കി.മുറിവേറ്റ ആളിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാന്‍ ഒരുങ്ങുന്നു ചിലര്‍.ഞാന്‍ വേഗം അങ്ങോട്ട് കുതിച്ചു. 


പുറത്ത് എത്തി അവര്‍ക്ക് പിന്നാലെ തിടുക്കത്തില്‍ പായുമ്പോള്‍ ഞാന്‍ ഒന്ന് കൂടി തിരിഞ്ഞു നോക്കി..


ഗേറ്റിനരികില്‍ പുറത്തേയ്ക്ക് വരാനാകാതെ ആ നീലക്കണ്ണുകള്‍..


"നിലാ.."കൈ ഉയര്‍ത്തി അവന്‍ ഒന്ന്  കൂടി വിളിച്ചു.


ഞാന്‍ മുഖം തിരിച്ചു കൊണ്ട് അത് അവഗണിച്ചു..മുന്നോട്ടു തന്നെ നീങ്ങി...ഇല്ല..ഇനി കാണില്ല..ആ നീലക്കണ്ണുകള്‍ ഇനി കാണണ്ട എനിക്ക്.നീ ഇപ്പോള്‍ മുറിവേല്‍പ്പിച്ചത് എന്റെ പ്രിയപ്പെട്ടവനെ ആണ്.എന്റെ സാമീപ്യം കൊണ്ട്..ഓര്‍മ്മകള്‍ കൊണ്ട് പോലും നോവിക്കരുത് എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നവനെ..!എന്നെ കുറിച്ച് കൂടുതല്‍ ഒന്നും ഇനി നീ അറിയുകയും വേണ്ട.എന്റെ പ്രണയത്തില്‍ എന്ത് സംഭവിച്ചെന്നോ ഞാന്‍ എങ്ങനെ നിന്റെ ലോകത്തേയ്ക് എത്തിയെന്നോ ഒന്നും.എന്റെ നിസ്വാര്ഥമായ സ്നേഹത്തില്‍ കൈ കടത്തിയത് ഞാന്‍ ക്ഷമിക്കുന്നു..ഒപ്പം നിന്നില്‍ നിന്നും മറച്ചു വച്ച,ഇപ്പോള്‍ മറച്ചു വയ്ക്കുന്ന എല്ലാത്തിനും വേണ്ടി മാപ്പ്..!


ഞാന്‍ ഒന്ന് കൂടി മേല്പ്പോട്ട് ഉയര്‍ന്നു..വേഗത്തില്‍ മുന്നോട്ട് പാഞ്ഞു-നീലക്കണ്ണില്‍ തെളിഞ്ഞ നിലാവിന്റെ,രാജകുമാരന്റെ അരികിലേയ്ക്ക്.!!

-അമ്മൂട്ടി.