Thursday, 4 August 2011

നിഴലായ്

ഒരു ഉത്തരേന്ത്യന്‍ ഗ്രാമപ്രദേശം..
 
നേരം പുലരാറാകുന്നു..അയാള്‍ നടന്നു വരികയാണ്.തോളില്‍ തൂങ്ങി കിടക്കുന്ന ഒരു ശരീരം,അതിന്റെ ഭാരം അലോസരപ്പെടുത്തുന്നു എങ്കിലും കാല് വലിച് നീട്ടി അയാള്‍ നടന്നു..തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നാണ് അയാളുടെ വരവ്..കൊയ്ത്തു കഴിഞ്ഞ ഗോതമ്പ് പാടങ്ങള്‍ക്ക് നടുവിലൂടെ നടന്ന്  അയാള്‍ പുതിയ ഗ്രാമത്തിലേക്ക് പ്രവേശിച്ചു.ആ ചുണ്ടില്‍ വല്ലാത്തൊരു ചിരി തെളിഞ്ഞു..ഒപ്പം തോളില്‍ കിടന്ന ശരീരം ഒന്നുകൂടെ ചേര്‍ത്ത് പിടിച്ചു..!സുഹൃത്തും ആ ഗ്രാമത്തിലെ വൈദ്യനുമായ ഭോലാരാമിന്റെ കുടില്‍ ലക്ഷ്യമാക്കി അയാള്‍ നടന്നു..!
ആ ഗ്രാമവും അയാളും..പുതിയ ഒരു പുലരിയിലേക്ക്..!
 
ആരായിരുന്നു അയാള്‍?
 
ആ ശരീരവും തോളിലേന്തി നടന്നു നീങ്ങിയ ആ ആള്--കാലു...കാലു ചരണ്‍ പരിഡ ..!
ഒരു ഗ്രാമത്തിലെ ജനങ്ങള്‍ മുഴുവന്‍ കറയറ്റ യജമാന ഭക്തി പുലര്‍ത്തിയിരുന്ന ജമീന്ദാര്‍ കുടുംബത്തിലെ വിശ്വസ്തനായ പണിക്കാരന്‍,ആ കുടുംബത്തിലെ ജോലിക്കാരായിരുന്നു പരമ്പരാഗതമായി കാലു ഉള്‍പ്പെടുന്ന പരിഡ കുടുംബം. യജമാനഭക്തിയുടെ തീവ്രതയിലായിരുന്നു ആ കുടുംബത്തിലെ ഓരോ അംഗത്തിന്റെയും സന്തോഷം. അഞ്ചാമത്തെ വയസില്‍ ഗോവിന്ദ് ചൌധരി എന്ന പത്തു വയസുകാരന്‍ ജമീന്ദാര്‍ പയ്യന്റെ നിഴലായി മാറിയതാണ് കാലു..പിതൃക്കളില്‍ നിന്നു കടം കൊണ്ട യജമാനഭക്തിയുടെ നിറവില്‍ ഒരു ജീവിതം തന്നെ ഉഴിഞ്ഞു വച്ചു..ആ മനുഷ്യന്‍..!
 
പ്രധാനമായും കൃഷിയെ ആശ്രയിച് ജീവിക്കുന്ന പാവപ്പെട്ട ജനങ്ങളും, ആ ദേശത്തിന്റെ തന്നെ അധികാരികളും കൃഷി ഉടമകളുമായിരുന്ന ജമീന്ദാര്‍ കുടുംബവും-അതായിരുന്നു അയാളുടെ ഗ്രാമത്തിന്റെ മുഖചിത്രം.വിദ്യാഭ്യാസ ചിന്തകള്‍ ഒന്നും അക്കാലത്തു ആ ഗ്രാമത്തില്‍ ആരുടേയും ചിന്താമണ്ഡലങ്ങളില്‍ പോലും വന്നിട്ടില്ല.ഭാഗീകമായി ഒരു ഉഷ്ണപ്രദേശമായിരുന്നു അത് .ഗോതമ്പും ചോളവും പിന്നെ വിരളമായി കാണപ്പെട്ട നീര്‍തടങ്ങല്‍ക്കരികില്‍  ഉള്ളിയും കൃഷി ചെയ്യപ്പെട്ടിരുന്നു.വല്ലാതെ നേര്‍ത്ത പൊടിമണ്ണ് നിറഞ്ഞതായിരുന്നു ഭൂമി.ഇടയ്ക്കിടെ തല ഉയര്‍ത്തി നില്‍ക്കുന്ന പനകള്‍, പാടങ്ങള്‍ക്കിടയിലെ തണല്‍ വിരിപ്പുകളായി. ഗ്രാമീണര്‍ ധാന്യങ്ങള്‍ വിളവ്‌ ചെയ്യുന്നതിലും സംഭരിക്കുന്നതിലും കൊയ്ത്ത്‌ ഉത്സവങ്ങളിലും സന്തുഷ്ടരായി ജീവിച്ച് പോന്നു. എന്നാല്‍ ചുരുട്ടും പാനും പനംകള്ളും ചിലരുടെ എങ്കിലും ദൌര്‍ബല്യങ്ങളായി.
 
കാലുവിന്റെ ബാല്യ-കൌമാര-യൌവ്വന ദശകള്‍ മാറ്റം വരുത്തിയത് അവന്റെ ശരീരത്തിനെ  മാത്രമായിരുന്നു.മനസ് പാകപ്പെട്ടത് ഒരേ ഒരു ഭാവത്തിലും-കറയറ്റ യജമാന ഭക്തി! അവന്റെ ദിനചര്യകള്‍ എല്ലാം തന്നെ വളര്ന്നതും മാറ്റങ്ങള്‍ വന്നതും പത്ത് വയസുകാരന്‍ യജമാനന്റെ വളര്‍ച്ചക്കും താല്പര്യങ്ങള്‍ക്ക് അനുസരിച്ചായിരുന്നു. കാലപ്രവാഹത്തില്‍ കുടുംബത്തിന്റെയും ദേശത്തിന്റെയും അധികാരം തന്റെ യജമാനന്റെ കൈയില്‍ വന്നു ചേര്‍ന്നതോടെ മറ്റു ജോലികാര്‍ക്കിടയില്‍ കാലുവിന്റെ മതിപ്പും ഉയര്‍ന്നു.ഒരു കുടുംബജീവിതം പോലും മറന്ന് കാലു യജമാനപരിചരണത്തില്‍ മുഴുകി.
 
നാലര വെളുപ്പിന് ഉണര്‍ന്നു യജമാനസേവ ആരംഭിക്കും കാലു.ഗോവിന്ദ് ചൌധരി എന്ന ചൌധരി സാബിന് എന്തിനും ഏതിനും അവന്റെ തുണ ആവശ്യമാണ്.രാവിലെ താന്‍ ഉറക്കറ വിട്ട് ഇരുപ്പു മുറിയിലേക്ക് വരുമ്പോള്‍ തന്നെ കാലു അവിടെ ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമായ കാര്യം.വെളുത്ത കുര്‍ത്തയും ധോത്തിയും ധരിച്ച് രണ്ടു കാതിലും കടുക്കനുമിട്ട് പറ്റെ വെട്ടിയ മുടിയുമുള്ള ആ ചെറുപ്പക്കാരന്‍  അവിടെ അതനുസരിച്ച് കാത്തു നില്‍പ്പുണ്ടാകും.പിന്നെ എല്ലാ ആവശ്യങ്ങള്‍ക്കും നിഴല്‍ പോലെ ഒപ്പം കാണുകയും ചെയ്യും. സ്വന്തം ഭാര്യക്ക്‌ പോലും അദ്ദേഹത്തിന്റെ മേല്‍ അത്രയ്ക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നുവോ എന്ന്‌ സംശയം തോന്നും.
 
പ്രഭാതത്തോടെ യജമാനനോടൊപ്പം വയലിലൂടെ ഒരു സവാരി..അവിടെ തുടങ്ങും ഓരോ ദിവസവും..വീട്ടിലെത്തി സാബ് പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞു വന്നാലുടന്‍ ആഹാരകാര്യങ്ങള്‍ കാലു മേശമേല്‍ ഒരുക്കിയിരിക്കും..അതിനു മുന്പ് വരെ അടുക്കള ജോലിക്കാര്‍ക്കിടയില്‍ തിക്ക് മുട്ടി നിന്നു എല്ലാം നോക്കിയും രുചിച്ചും നോക്കും. മേന്മയുള്ളതും രുചികരവുമായ ഭക്ഷണവസ്തുക്കള്‍ മാത്രമേ ആ തീന്മേശയില്‍ യജമാനന് വേണ്ടി നിരത്തുവാന്‍ കാലു അനുവധിച്ചിരുന്നുള്ളൂ. യജമാനത്തി സാബിന് ഭക്ഷണം വിളമ്പി കൊടുക്കുമ്പോള്‍, അടുക്കളയില്‍ നിന്നു കൊണ്ടു തന്നെ പ്രഭാത ഭക്ഷണം അയാള്‍ കഴിക്കും.മോട്ടോര്‍ ജീപ്പില്‍  അകമ്പടി സേവിക്കും. കൊയ്ത്തു നടക്കുന്ന പാടത്തേക്കോ പട്ടണത്തിലേക്കോ വിരുന്നിനോ എവിടെയുമാകട്ടെ കുടയും പാന്പെട്ടിയും കൈയ്യിലേന്തി കാലു അനുഗമിക്കും.ആ മനോഗതം എന്ത് തന്നെ ആയാലും അത് ശരിയായി ഗ്രഹിക്കുന്ന സേവകന്‍..!
 
രാത്രി നേരങ്ങളില്‍  കൂട്ടുകാരോട് ഒത്തുള്ള ആഘോഷം പതിവാണ്  ചൌധരി സാബിന്.
പനംകള്ള് നുരഞ്ഞു പൊന്തുന്ന ആ വേളകളില്‍ യജമാനത്തി പോലും ഭര്‍ത്താവിനെ വിവരങ്ങള്‍ ധരിപ്പിക്കാന്‍ ആശ്രയിച്ചിരുന്നത് കാലുവിനെ ആണ്.കൂട്ടുകാരെ പരിചരിക്കാന്‍  മറ്റു പരിചാരകരെ സേവക്കു വയ്ക്കുമ്പോള്‍,തനിക്കല്ലാതെ മറ്റാര്‍ക്കും കാലു പരിചരണം ചെയ്യുന്നത് ചൌധരി സാബ് ഇഷ്ടപ്പെട്ടിരുന്നില്ല.. ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന് ഉറക്കറയില്‍ കുടിക്കാനുള്ള ചൂടുവെള്ളം കരുതി വയ്ക്കുന്നതോടെ കാലുവിന്റെ  ഒരു ദിവസം പൂര്‍ണമാകും.
 
ഒരിക്കല്‍ പോലും കാലുവിനെ ശാസിക്കുകയോ  ശകാരിക്കുകയോ ചെയ്യണ്ട ആവശ്യം യജമാനന് വന്നിട്ടില്ല.അധികം വാക്കുകള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം..ചൌധരി സാബിന്റെ പല വിധത്തിലുള്ള നോട്ടങ്ങള്‍..ചിലപ്പോള്‍ അര്ഥപൂര്‍ണമായ ചില മൌനങ്ങള്‍..ചില മൂളലുകള്‍..അത്രമാത്രം.അതില്‍ ദേഷ്യമോ വിലക്കോ സമ്മതമോ അങ്ങനെ എന്തെങ്കിലും ഒരു ഭാവം..കാലുവിനത് ഗ്രഹിക്കാന്‍ നിമിഷങ്ങള്‍ തന്നെ ധാരാളം.സത്യത്തില്‍ യജമാനന്‍ ഭൃത്യനെ ആണോ ആശ്രയിച്ചിരുന്നത് എന്ന്‌ തോന്നിപ്പോകും ചില നേരങ്ങളില്‍.അത്രയ്ക്ക് ഇഴയടുപ്പമുള്ള ബന്ധം. 
 
വര്‍ഷങ്ങള്‍ പലതു കടന്നു പോയി..
കാര്യങ്ങള്‍ എല്ലാം ഒരേ താളത്തില്‍ ഒരേ വേഗത്തില്‍ അതോടൊപ്പം നീങ്ങി- ചൌധരി സാബ്‌ പക്ഷാഘാതം വന്നു കിടപ്പിലാകും വരെ...!അതിനു ശേഷം കാര്യങ്ങള്‍ വളരെ വേഗമാണ് കീഴ്മേല്‍ മറിഞ്ഞത്.രാധാഭായ് എന്ന കുലീന സ്ത്രീ..യജമാനത്തി... ചൌധരി സാബിന്റെ ഭാര്യ ..അധികാരിയും അഹമ്ഭാവിയുമായി. നിനച്ചിരിക്കാതെ കിട്ടിയ സ്വാതന്ത്ര്യവും അധികാരവും വഴി വിട്ട പല ചെയ്തികളിലും ചെന്നെത്തി.അവരില്‍ സ്വഭാവവ്യത്യാസങ്ങള്‍ ജനിപ്പിക്കാന്‍ ജോലിക്കാരുല്പ്പെടെ പലരും തിടുക്കപ്പെട്ടു.എല്ലാപേര്‍ക്കും അവരുടെതായ സ്വാര്‍ഥലാഭങ്ങള്‍ ഉണ്ടായിരുന്നു.!
 
അപ്പോഴും കാലു സേവകനും പരിചാരകനുമായി തുടര്ന്നു..
ജമീന്ദാര്‍ ഭവനത്തില്‍,ആ ചലനമറ്റ അവസ്ഥയില്‍,യജമാനന് വേണ്ട ഭക്ഷണം മുറിയിലെത്തിക്കാനും..പ്രാഥമികാവശ്യങ്ങള്‍ക്ക് സഹായിക്കാനും മറ്റാരെയും അയാള്‍ അനുവദിച്ചില്ല.എല്ലാം സ്വയം ഏറ്റെടുത്തു ചെയ്യാന്‍ തുടങ്ങി.ഭാര്യയുടെ അവഗണനയിലും തന്റെ വിധിയിലും മനം നൊന്ത് ഒഴുകിയിരുന്ന യജമാനന്റെ കണ്ണുകള്‍  അയാള്‍ വൃത്തിയുള്ള തൂവാലകള്‍ കൊണ്ടു ഒപ്പി മാറ്റി. ഭക്ഷണത്തിനുള്ള നിഷേധം മാത്രം കാലു അദ്ദേഹത്തിന് അനുവദിച്ച്  കൊടുത്തില്ല.
 
ഒരു മുറിയിലേക്ക്  മാത്രമായി ഒതുങ്ങി, ചൌധരി സാബിന്റെ ലോകം.ആ സമയം മറ്റാരെയും കാണാന്‍ പോലും അദ്ദേഹം ഇഷ്ടപെട്ടിരുന്നില്ല.കാലു തന്റെ കടമകള്‍ പൂര്‍വാധികം ഭംഗി ആക്കുന്നതില്‍ മുഴുകി.പലപ്പോഴായി മുറിയില്‍ കടന്നു വന്നിരുന്ന ഭാര്യ ഉള്‍പെടുന്ന ബന്ധു ജനങ്ങള്‍ വാക്കാല്‍ ഏല്‍പ്പിക്കുന്ന മുറിവുകള്‍ മാത്രം എങ്ങനെ പരിചരിക്കണം എന്നറിയാതെ അയാള്‍ കുഴങ്ങി.ആ സമയങ്ങളില്‍ അയാള്‍ വല്ലാതെ അലോസരപ്പെട്ടു.നോവുന്ന മനസിന്‌ മരുന്നായി യജമാനന്‍ മദ്യം
ആവശ്യപെടുമ്പോള്‍ വേദനയോടെ അത് പകര്‍ന്നു നല്‍കി.

പക്ഷാഘാതം വന്നു തളര്‍ന്ന ശരീരത്തില്‍ വസൂരി പൊന്തിയത് വിധിയുടെ മറ്റൊര് വിളയാട്ടം.അക്കാരണം കൊണ്ട് യജമാനന്‍ വീട്ടില്‍ നിന്നും പുറം തള്ളപ്പെട്ടത് ഭാര്യാതീരുമാനം.രാധാഭായിക്ക് സഹായത്തിന് ആളുണ്ടായിരുന്നു-കരുത്തരായ അവളുടെ ബന്ധുക്കള്‍.സ്വത്ത് വകകളുടെ അധികാരം പിടിച്ചടക്കാനും ഒപ്പം നിഷ്പ്രയാസം ഭര്‍ത്താവിനെ വലിച്ചെറിയാനും ആ സ്ത്രീക്ക് കഴിഞ്ഞു.ഗ്രാമീണരെ ഭയത്തിന്റെ ചങ്ങലയില്‍ പൂട്ടിയിടാന്‍,ശക്തമായ മര്‍ദ്ദനമുറകളും..തീ തുപ്പുന്ന തോക്കിന്‍ കുഴലുകളും ധാരാളമായിരുന്നു..പാടത്തിനടുത്തെ ചെറിയ വീട്ടില്‍ സ്വസ്ഥമായ ചികിത്സക്ക് എന്ന പേരില്‍ ചൌധരി സാബിനെ അവര്‍ പുറംതള്ളി. ഭൃത്യന്‍ ,യജമാനനെ ഏറ്റെടുക്കേണ്ടി വന്ന അത്യപൂര്‍വമായ സാഹചര്യം അവിടെ വന്നു ചേര്ന്നു. ഒന്നിനും ഒരു കുറവ് വരുത്താതെ യാതൊരു ഭയവുമില്ലാതെ കാലു പരിചരിച്ചു-
വസൂരി വന്നു പൊട്ടിയ  ആ ശരീരവും മുറിവേറ്റ മനസും..!
 
വേപ്പെണ്ണയും നാടന്‍ മരുന്നുകളും മണക്കുന്ന ആ കൊച്ചു വീട്ടിലേക്ക് നടുക്കുന്ന മറ്റൊര് വാര്‍ത്ത വന്നു ചേര്ന്നു.രാധാഭായി പുനര്‍വിവാഹം ചെയാന്‍ പോകുന്നു.ആചാരപ്രകാരം ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോള്‍ പാടില്ലാത്ത കാര്യം.ഗ്രാമനിയമങ്ങള്‍ക്ക് എതിരായ കാര്യം. എന്നാല്‍ രോഗിയായ ഭര്‍ത്താവിന്റെ മരണം കൊണ്ട് എളുപ്പത്തില്‍ സാധൂകരിക്കാവുന്ന ഒന്ന്..! ബന്ധുക്കള്‍ അക്കാര്യത്തിന് പണവുമായി സമീപിച്ചതോ..കാലുവിനെ തന്നെ.!അത് കേട്ട അയാള്‍  ഒരു ഭ്രാന്തമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നു..യജമാനന്റെ മരണം-ആ ഒരു വെറും ചിന്ത പോലും അയാള്‍ക്ക് സഹിക്കാനായില്ല.
അവരെ നിരസിക്കുംപോള്‍ ഒന്ന് അയാള്  തീരുമാനിച്ചു.-കൊല്ലണം ഒരാളെ..മറ്റാരെയുമല്ല യജമാനത്തിയെ..!ഇല്ലെങ്കില്‍ അദ്ദേഹത്തിന്റെ  ജീവന് ആപത്താണ്.അന്ന് രാത്രി തന്നെ ആ ജമീന്ദാര്‍ ഭവനത്തില്‍ സര്‍വ സ്വാതന്ത്ര്യമുണ്ടായിരുന്ന കാലു അതിനു ശ്രമിച്ചു...!ഗ്രാമത്തിലെ ചതിയന്മാര്‍ക്കുള്ള ശിക്ഷ-കഴുത്തരുത്ത് കൊല,അതിനാണ് അവന്‍ ശ്രമിച്ചത്.ശ്രമം പാളി പിടിക്കപ്പെടുമ്പോള്‍ ജീവന്‍ തിരിച്ചു കിട്ടുമെന്ന് അവന്‍ കരുതിയതേ ഇല്ല...!  
 
പിറ്റേ ദിവസം ബന്ധിതനായ അവനെ ഗ്രാമസഭയിയില്‍ ഹാജരാക്കി.തനിക്കെതിരെ ഉന്നയിച്ച തെറ്റായ കുറ്റാരോപണം കേട്ട് കാലു പുളഞ്ഞു പോയി-ഗ്രാമത്തിന്റെ ഇപ്പോഴത്തെ അധികാരിയായ രാധാഭായിയെ ശാരീരികമായി കടന്നാക്രമിക്കാന്‍ ശ്രമിച്ചു!!!!!!!!!സ്ത്രീകളുടെ മാനാഭിമാനത്തിന് ഗ്രാമീണര്‍ക്കിടയില്‍ ഉണ്ടായിരുന്ന മൂല്യം വളരെ മതിക്കത്തക്കതായിരുന്നു. തല്‍ക്ഷണം ശിക്ഷ പ്രഖ്യാപിക്കപ്പെട്ടു-ഭ്രാന്തനെന്നു മുദ്രകുത്തി ഗ്രാമത്തില്‍ നിന്നു ഭ്രഷ്ട്ട്. ആ ഗ്രാമം വിട്ടു അയാള്‍ മറ്റു ഗ്രാമങ്ങളില്‍ എവിടെ എങ്കിലും പൊയ്ക്കോളണം.കാലുവിനെ അകറ്റിയാല്‍ പിന്നെ ചൌധരി സാബിന്റെ കാര്യത്തില്‍ അവര്‍ക്കെന്തും നിഷ്പ്രയാസം സാധിക്കാം.അങ്ങനെ ആരുടെ ഒക്കെയോ ആസൂത്രണ ചിന്തകള്‍ അങ്ങനെ അയാളുടെ വിധി എഴുതി..

അധികം ആരോടും സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല കാലു.ഒരു നിസംഗനായ മനുഷ്യന്‍.വാക്കിനേക്കാള്‍ പ്രവര്‍ത്തിയില്‍ വിശ്വസിക്കുന്നവന്‍. ചൌധരി സാബ്‌ ആയിരുന്നു അയാളുടെ ലോകത്തിന്റെ കേന്ദ്രം.അതിനെ ചുറ്റി  മാത്രം സഞ്ചരിക്കാന്‍ ശേഷിയുള്ള ഒരു മനുഷ്യന്‍.ശിക്ഷാവിധി കേട്ട് അയാള്‍ തളര്‍ന്നിരുന്നു.സ്വന്തം നാട്ടുകാരും കുടുംബക്കാരും പോലും അയാളെ വല്ലാണ്ട് അവിശ്വസിച്ചിരിക്കുന്നു.ഗ്രാമം വിട്ടു പോകുക എന്ന്‌ വച്ചാല്‍ യജമാനനെ വിട്ടു പോകുക എന്നതാണ്.ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് ചുട്ടു നീറി.അദ്ദേഹത്തെ ഈ അവസ്ഥയില്‍ വിട്ടു പോകാനാകില്ല..ആ ജീവന് വേണ്ടിയാണ് വിറയ്ക്കുന്ന കൈകളില്‍ കത്തിയേന്തിയത്.എന്നിട്ടും..നേരം ഇരുട്ടും വരെ അയാള്‍ ഒരേ ഇരുപ്പ് ഇരുന്നു.കുനിഞ്ഞു മുട്ടിന്മേല്‍ മുഖമണച്ച് ഒരേ ഇരുപ്പ്.
 
നേരം ഇരുട്ടിയതും പതിയെ നടന്നു അയാള്‍ പാടവക്കത്തെ ആ കൊച്ചു വീട്ടിലെത്തി..
ശരീരം പൊട്ടി പിളരുന്ന പോലെ വേദനിക്കുന്നുണ്ടായിരുന്നു അയാള്‍ക്ക്.തലേന്ന് കിട്ടിയ മര്‍ദ്ദനത്തിന്റെ ബാക്കിയിരുപ്പുകള്‍ ശരീരത്തെ വേദനിപ്പിച്ച് രസിക്കുന്നു!ഒറ്റ മുറി വീട്ടില്‍ ഒത്തനടുക്കായി യജമാനനെ കിടത്തിയ കട്ടില്‍.ഔഷധങ്ങള്‍ നിറച്ച മെത്തയില്‍ ആ രൂപം..ജനാലയില്‍ നിന്നുള്ള നിലാവിന്റെ വെളിച്ചം അദ്ദേഹത്തിന്റെ വസൂരിപ്പാടുള്ള മുഖം കൃത്യമായി കാണിച്ചു തരുന്നു..
 
എല്ലാം മറന്ന് കാലു വേഗം അടുപ്പ് കൂട്ടി..ആഹാരം തയാറാക്കി..അദ്ദേഹത്തെ കഴിപ്പിച്ചു..അവര്‍ പരസ്പരം ഒന്നും ഉരിയാടിയില്ല.തലേന്ന്  രാത്രിയിലെ കാലുവിന്റെ ശ്രമമോ..ഇന്ന് മുഴുവന്‍ അയാള്‍ അനുഭവിച്ച യാതനകളോ ഭ്രഷ്ടോ ഒന്നും ചൌധരി സാബ്‌ അറിഞ്ഞിരുന്നില്ല.പക്ഷെ അദ്ദേഹത്തിന്റെ മുഖവും മ്ലാനമായിരുന്നു.കാലുവിന്റെ മുഖഭാവത്തില്‍ നിന്ന് അവന്‍ ദുഃഖിതനാണ് എന്ന്‌  ഊഹിച്ചെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നേക്കാം..!
 
ഭക്ഷണശേഷം യജമാനന്റെ ദേഹം ചൂട് വെള്ളം കൊണ്ട്‌ തുടച്ചെടുത്തു.കയ്ക്കുന്ന മരുന്നുകള്‍ കഴിപ്പിച്ച ശേഷം, പതിവുപോലെ നാവിലേക്ക് തേന്‍ ഇറ്റിച്ച് കൊടുത്തു. ചൂടുവെള്ളം കുടിപ്പിച്ചു.ഉറങ്ങാന്‍ കിടത്തിയ ശേഷം കാലു ആ മുഖത്തേക്ക് ഒന്ന് കൂടി നോക്കി..ആ കണ്ണിലേക്ക്-"നാളെ മുതല്‍ ഞാനില്ല..കല്പന അനുസരിച് എനിക്ക്‌ ഇവിടം വിട്ടു പോയെ തീരു..പക്ഷെ ഉപേക്ഷിച് പോകാന്‍ ആകില്ല എനിക്ക്‌ " ആ മനസ് ഇങ്ങനെ എന്തൊക്കെയോ നിസഹായതയോടെ പറഞ്ഞു..! പക്ഷെ വാക്കുകള്‍ പുറത്തേക്ക് വന്നില്ല..
 
നിറഞ്ഞ മൌനത്തിന് ഒടുവില്‍,കാലുവിന്റെ കയ്യില്‍ ചൌധരി സാബ്‌ അമര്ത്തിപിടിച്ചു. ആ കണ്ണുകള്‍ വല്ലാതെ നിറഞ്ഞിരുന്നു..അത്രയും മതിയായിരുന്നു ആ സേവകന്. അദ്ദേഹത്തിന്റെ  നിറഞ്ഞ കണ്ണിലെ ആ ഭാവം..അതിന്റെ അര്‍ഥം..ഹൃദയത്തിന്റെ ഭാഷയില്‍ അയാള്‍ ഗ്രഹിച്ചെടുത്തു.
 
കാലു പിന്നെ ഒന്നും ചിന്തിച്ചില്ല..ഒരു നിമിഷം വൈകിയില്ല.. തന്റെ യജമാനനെ എടുത്തു തോളിലേക്കിട്ടു.ഇരുട്ടിലേക്ക് ഇറങ്ങി നടന്നു..ഉറച്ച കാല്‍വെപ്പുകളോടെ..അടുത്ത ഗ്രാമത്തിലേക്ക്..! അയാള്‍ ചെന്നെത്തിയതും ശരിയായ ലക്ഷ്യത്തിലേക്ക് തന്നെ!(സുഹൃത്തും വൈദ്യനുമായ ഭോലാറാമിന്റെ അരികില്‍) അതിനുള്ള കരുത്ത്  അയാളില്‍  നിറച്ചത് തന്റെ യജമാനനോടുള്ള ഭക്തി..സ്നേഹം..അകമഴിഞ്ഞ സമര്‍പ്പണം ഇതൊക്കെ ആകാം..അവര്‍ക്കിടയിലുള്ള ബന്ധം എന്തുതന്നെ ആയാലും,അത് പറിച്ചെറിയുവാനാകാത്ത ഒരു ആത്മബന്ധം തന്നെ..സംശയമില്ല!
 
ഇത് പോലെ മറ്റൊരു പുലരിയില്‍ രോഗവിമുക്തനായ യജമാനനോടൊപ്പം സ്വഗ്രാമത്തില്‍ അയാള്‍ വീണ്ടും തിരിച്ചെത്തിയേക്കാം..അവരുടെ ജീവിതതാളം പഴയ ക്രമത്തിലുമായേക്കാം..പുതിയ ഗ്രാമത്തിലെത്തിയ അവര്‍  അത്തരം പുതിയ പ്രതീക്ഷകളിലാണ്..കാരണം, എന്തിനുമുള്ള ഉള്‍ക്കരുത്ത് പകരാന്‍ അവര്‍ക്ക് പരസ്പരം കഴിയുമെന്നുള്ളത്  കൊണ്ട്‌ തന്നെ!

5 comments:

 1. കൊള്ളാം..
  പക്ഷേ എനിക്കിതില്‍ രണ്ടു സന്ദര്‍ഭങ്ങള്‍ അവിശ്വസനീയമായി തോന്നി..
  1. പെട്ടെന്ന് അധികാരം കയ്യില്‍ വന്നപ്പോള്‍ അതു വരെ കുലീനയായിരുന്ന സ്ത്രീ പെട്ടെന്നു നിക്രിഷ്ടയായത്..
  2. ഒരു സ്ത്രീയെ പീഡിപ്പിച്ചതിനു "ഭ്രാന്തന്‍" എന്നു മുദ്ര കുത്തിയത്‌..

  ഈ രണ്ടു സന്ദര്‍ഭങ്ങളിലും അല്പം വിശ്വസനീയമായ കാരണങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇതൊന്നൂടെ നന്നായേനെ..

  Take the comments in lighter side.. OK ;)

  ReplyDelete
 2. panjithundu caseil panjikkitta aadyathe kathaakaaran avaanulla shramam aano?

  ReplyDelete
 3. @karma-yogi:welcome..
  panjithundu pole parannu nadakkan ishtamaanu enikk..sramam nallathalle????

  ReplyDelete
 4. നന്നായിരിക്കുന്നു,

  ReplyDelete

എഴുതുന്നത് എന്റെ ഇഷ്ടം..അഭിപ്രായങ്ങള്‍ നിങ്ങളുടെയും..