Tuesday, 2 August 2011

തെക്കേഅറ

കണ്ണടച്ചിരുന്നിട്ടും..കാറിലിരിക്കേ തറവാടിനോട്‌ അടുക്കുന്നത് നന്ദിനി അറിഞ്ഞു..കാറ്റിന് വല്ലാത്ത കുളിര്‍മ..കണ്ടം കഴിഞ്ഞു..പാലം പിന്നിട്ട്  കഷ്ടി ദൂരമേ ഉള്ളൂ..വലിച്ചടുപ്പിക്കും പോലെ ഒരു ആകര്‍ഷണം..കണ്ണു തുറന്നതും കാര്‍ നിന്നതും ഒരുമിച്ച്..മുറ്റം വരെ കാര്‍ ചെല്ലില്ല..പടിക്കെട്ടാണ്..16 പടികള്‍..കാറില്‍ നിന്നു ഇറങ്ങി ചുറ്റുമൊന്നു കണ്ണോടിച്ചു നന്ദ..3വര്‍ഷങ്ങള്‍ക്കു മുന്‍പേ അച്ഛന്‍ മരിച്ചപ്പോള്‍ ആണ് അവസാനമായി വന്നത്..പക്ഷെ ഇത്തവണത്തെ വരവിനു വ്യത്യാസം ഉണ്ട്..മടങ്ങി പോക്കില്ല ഇനി..!

"എന്താ കുട്ടി അവിടെ നിക്കണേ കേറി പോരൂ."
ഉണ്ണിയമ്മ എന്ന നന്ദയുടെ അമ്മ, പടിക്കെട്ടിനു മേലെ നിന്നു വിളിച്ചു..നന്ദ പെട്ടിയെടുക്കാന്‍ തുനിഞ്ഞതും..കുട്ടന്‍ നായര്‍ അത് ഏറ്റെടുത്തിരുന്നു..ഒരു മന്ദഹാസത്തില്‍ നന്ദി സൂചിപ്പിച് അവള്‍ പടിക്കെട്ട് കയറി..അമ്മ മകളെ ഒന്നു നോക്കി..10 വര്‍ഷത്തെ ദാമ്പത്യം..വിവാഹ ജീവിതം.. ഡല്‍ഹിയിലെ ഗോസായി കോടതിയില്‍ അവസാനിപ്പിച്ച് വന്നിരിക്കുന്നു.. അമ്മയാവാന്‍ കഴിയാത്തത് തടസമില്ലാത്ത മോചനകാരണം..ഒന്നു ചേര്‍ത്ത് പിടിച്ച്  കോട്ടണ്‍  സാരിയില്‍ പൊതിഞ്ഞ ഉദരത്തില്‍ ഉണ്ണി അമ്മ വേദനയോടെ തലോടി..മനസിലെ വേവ് മറ്റൊന്ന് ആണെങ്കിലും ചോദിച്ചത് ഇങ്ങനെ..

"മോള് ഒന്നും കഴിച്ചില്ലേ?"
"ഇല്ല്യ അമ്മെ..എനിയ്ക്ക് വിശപ്പില്യ..വിശപ്പെന്നല്ല ഒന്നുല്ല്യ എനിക്ക്..10 വര്‍ഷക്കാലത്തെ വീര്പുമുട്ടല്‍..അത് തീര്‍ന്ന സമാധാനം..അത്ര തന്നെ"  സ്വരചേര്‍ച്ച ഇല്ലായിരുന്നു രാമനാഥനും നന്ദയും തമ്മില്‍..എങ്ങനാ ഉണ്ടാകുക?..നാട്ടുമ്പുറത്ത് വളര്‍ന്നൊരു പെണ്ണും ദില്ലിയില്‍ വളര്‍ന്ന പരിഷ്കാരി പയ്യനും..ഉണ്ണിയമ്മ ഓര്‍ത്തു..ഒക്കെ നേരത്തെ ചിന്തിക്കാരുന്നു..നന്ദയ്ക്ക് അമ്മയാകാന്‍ കഴിയാത്തത് മറ്റൊരു കാരണം.. സുകൃതക്ഷയം.. അവള്‍ടെ വിധിയും..അല്ലാതെന്താ?..
"ഇതാണോ അമ്മയുടെ അപ്പു? നന്ദയുടെ ചോദ്യം കേട്ട്  ഉണ്ണിയമ്മ അങ്ങോട്ട് നോക്കി..
ഓടി വന്ന അപ്പു എന്ന 12 വയസുകാരന്‍..നന്ദയെ കണ്ടു ജാള്യതപ്പെട്ടു..
"അതെ..നീ ആദ്യം കാണ്വല്ലേ അപ്പുനെ..അതെങ്ങനെ 3 വര്ഷായിരിക്കുന്നു നീ ഇവിടെ വന്നിട്ട്..അപ്പുനെ ഇങ്ങട് കൂട്ടീട്ട് നീ പിന്നെ വന്നിട്ടില്ലല്ലോ..നിയ്ക്ക് ഒരു തുണ..സ്നേഹിക്കാനും കൊഞ്ചിക്കാനും ഒരാള് ..ഇല്ല്യേ അപ്പു?"
അപ്പു നാണത്തോടെ ചിരിച്ചു.
"എന്നെ അറിയുമോ?"നന്ദ തിരക്കി.
"ഉമ്മ്മം.."
"ആരാ?"
"നന്ദേടത്തി.."നന്ദ ചിരിച്ചു..അവന്റെ കവിളില്‍ ഒന്നു തൊട്ടു..
മാളിക കെട്ടിലേക്ക് കയറി നന്ദ.ഊണെടുത്തു വക്കാന്‍ ഉണ്ണിയമ്മ മാറിയ തക്കം നോക്കി അവള്‍ എട്ടു കെട്ട് ചുറ്റി.. തെക്കേ അറയ്ക്കരികിലേക്ക് ചെന്നു..ഹാന്‍ഡ്‌ ബാഗില്‍ നിന്ന്  ഒളിപ്പിച് വച്ച ഒരു പൊതിയെടുത്ത്‌ തുറന്നു..ചെറിയ കരിവളകള്‍..ജനലിന്റെ ചെറിയ വിടവിലൂടെ അത് ഓരോന്നായി ഉള്ളിലേക്കിട്ടു.....പെട്ടന്ന് കടന്നു വന്ന ഉണ്ണിയമ്മ അത് കണ്ടെങ്കിലും..കാണാത്തതായി നടിച്ചു..നന്ദ വേഗം ബാഗ് അടച്ചു..

************************************************************
സന്ധ്യനേരം..
മുകളിലെ അറയില്‍..നന്ദ കുളി കഴിഞ്ഞു നെറ്റിയില്‍ ഭസ്മക്കുറി ചാര്‍ത്തി..സിന്ദൂരം തൊട്ട വിരല്‍ നെറുക വരെ ചെന്നതാണ്.. പെട്ടെന്ന് ഓര്‍ത്തു..ഇനി അതിന്റെ ആവശ്യമില്ല..അവള്‍ക്കു വല്ലാത്ത ശാന്തത അനുഭവപ്പെട്ടു.
"കുട്ടിയേ...എന്തെടുക്കാ അവിടെ നീ"? ഉണ്ണിയമ്മയുടെ  സ്വരം.
"പടിക്കെട്ടു  കയറി കഷ്ടപ്പെടണ്ട അമ്മെ..ഞാന്‍ അങ്ങട്ട് വരാം.." നന്ദ വേഗം എഴുന്നേറ്റു..  അപ്പോഴേക്കും ഉണ്ണിയമ്മ മുറിയിലെത്തി കഴിഞ്ഞിരുന്നു..അമ്മയും മകളും..ഒരുപാട് നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞിരുന്നു..നന്ദയുടെ മനസ് നോവുന്ന ഒന്നും ഇടയ്ക്കു വീഴാതിരിക്കാന്‍ ഉണ്ണിയമ്മ പ്രത്യേകം ശ്രദ്ധിച്ചു.
 
"മാധവേട്ടന്‍..മാധവേട്ടന്റെ വല്ല വിവരവും?" അമ്മയുടെ കണ്ണില്‍ നോക്കാതെ ഇടയ്ക്കു നന്ദ തിരക്കി.
"എപ്പോ വന്നാലും..വിളിച്ചാലും കുട്ടിക്കിതേ ചോദിക്കാനുള്ളൂ?" ഉണ്ണിയമ്മ നീരസപ്പെട്ടു.
"രാമനാഥന്‍ വേറെ വേളി തരായി അല്ലെ?" ഉണ്ണിയമ്മ വിഷയം മാറ്റി.
"ഉം..ഞാന്‍ ഒഴിയാന്‍ കാത്തിരിയ്ക്കാരുന്നു കൂടെ പഠിച്ച നോര്തിന്ത്യക്കാരി..അന്നേ ഉള്ള ബന്ധാ..ഇടക്കെപ്പോഴോ അവര്‍ ഒന്നകന്നപ്പോ ഇടയ്ക്കു കേറി വേളിയായി പോയതാ ഞാന്‍.."അവള്‍ ഒന്നു നിര്‍ത്തി..നെടുവീര്‍പോടെ...!
"എനിക്ക് കുട്ടിയുണ്ടാവില്ലാത്രേ..അങ്ങനെ ഒരു പഴി സ്ത്രീകളുടെ മേല്‍ എളുപ്പം ചാരാമല്ലോ..ഒരിക്കല്‍ നൊന്തു പ്രസവിച്ചതല്ലേ അമ്മെ ഞാന്‍ ഒരു കുഞ്ഞിനെ.. ആയുസുണ്ടായില്ലങ്കിലും..!!!!ആ എനിക്ക്..ഞാന്‍.."
"നന്ദെ പതുക്കെ" അവരെ കൂടാതെ മറ്റാരും അവിടെ ഇല്ലായിരുന്നിട്ടും ഉണ്ണിയമ്മ ഭയന്നു.
സുധീര്ഖമായ  മൌനം...
"വേലുപ്പിള്ള മരിച്ചിട്ടും മാധവേട്ടന്‍ വരവുണ്ടായില്ല ഇല്ല്യേ അമ്മെ?" അല്‍പനേരത്തെ  മൌനത്തിനു ശേഷം വീണ്ടും നന്ദ തിരക്കി..അവളുടെ ചിന്തകള്‍ അപ്പോഴും മാധവനെ ചുറ്റിപറ്റിയാണെന്ന് മനസിലാക്കിയ  ഉണ്ണിയമ്മ മിണ്ടിയില്ല..

***********************************************************
മാധവന്‍..
നന്ദയുടെ തറവാട്ടില്‍ കുട്ടന്‍ നായര്‍ക് മുന്നേ കാര്യസ്ഥന്‍ ആയി ഉണ്ടായിരുന്ന വേലുപ്പിള്ളയുടെ അകന്ന ബന്ധുക്കാരന്‍.7വയസില്‍ അനാഥനായ അവന്‍ വേലുപ്പിള്ളയുടെ വീട്ടില്‍ വളര്‍ന്നു.നന്ദയേക്കാള്‍ നാല് വയസിന് മുതിര്‍ന്നവന്‍..ഒരുമിച്ച് കളിച് വളര്‍ന്നവര്‍..വളര്ന്നപോള്‍ പ്രായത്തിനനുസരിച്ച് അടുപ്പത്തിനും നിറം മാറി മാധവന്റെ മനസില്‍..!നന്ദയെ ജീവനായിരുന്നു അവന്‌.നന്ദിനിക്ക് 18 വയസു മുതല്‍ വിവാഹ ആലോചനകള്‍ വരാന്‍ തുടങ്ങി.ഇനിയും കാത്തിരുന്നാല്‍..മാധവന്‍്‍ ഭയന്നു.മറച്ചു വച്ച പ്രണയം അറിയിക്കാന്‍ ചെന്ന അവനെ നന്ദ ആവുന്നതും കളിയാക്കി.ഒപ്പം താക്കീതും..പക്ഷെ വര്‍ഷങ്ങളായുള്ള സ്നേഹം..പ്രണയം നഷ്ടപെടാന്‍ അവന്‌ വയ്യായിരുന്നു..
 
എട്ടു കെട്ടും തറവാട്ടില്‍  ഉള്ളവരും ഞെട്ടിയത് നന്ദ ഗര്‍ഭം ധരിച്ചപ്പോഴാണ്. അപ്പോഴേക്കും ഒരുപാട് വയ്കിപ്പോയിരുന്നു.ആളെ അറിഞ്ഞ് അറുത്ത്  കൊല്ലാന്‍ തയാറായി,തിരുവായ്ക്ക് എതിര്‍ വായ്‌ ഇല്ലാത്ത തറവാട്കാരണവന്മാര്‍..!
 
മാധവന്റെ പേര് മാത്രം മിണ്ടിയില്ല നന്ദ.അവനെ കൊന്നു കളയും എന്ന്‌ അറിയാമായിരുന്നു.എന്തോ അതവള്‍ ഇഷ്ടപ്പെട്ടില്ല..അവന്‍ ഇഷ്ടം അറിയിച്ചപ്പോള്‍  ആദ്യം തമാശയായും..നിര്‍ബധമായപ്പോള്‍ ശല്യമായും തോന്നി..മറ്റാരുമില്ലായിരുന്ന ഒരു ദിവസം വാല്യക്കാരന്‍ ചെക്കന്റെ കയില്‍ കീഴടങ്ങേണ്ടി വന്ന നിസ്സഹായതക്ക് ഒടുവില്‍, അടങ്ങാത്ത ദേഷ്യവും വെറുപ്പുമായി അവനോട്‌..!അന്ന്..അന്നവള്‍ കരഞ്ഞില്ല പകരം അവന്‍ കരഞ്ഞു.."എന്നോട് പൊറുക്കണം..നഷ്ടപെടാന്‍ വയ്യ..അതാ ഇങ്ങനെ..!!"

തറവാടിനുള്ളിലെ അടച്ചിട്ട മുറിയില്‍ പുറം ലോകമറിയാതെ തടവിലാക്കപ്പെട്ട ഗര്‍ഭകാലം..! "കൂടെ വരണം എവിടെയെങ്കിലും പോയി ജീവിക്കാന്‍" -ആ സമയം മാധവന്‍ ആവശ്യപ്പെട്ടു.അവനതിന്‌ ഇപ്പോള്‍ യോഗ്യതയുണ്ട്.മറ്റെല്ലാ അയോഗ്യതകളും ഒരൊറ്റ തെറ്റ് കൊണ്ടു അവന്‍ മായ്ച്ചു കളഞ്ഞിരിക്കുന്നു..
"കുഞ്ഞുണ്ടായിട്ട്..ഇരുപത്തെട്ടാമത്തെ ദിവസം..അന്ന് നമ്മള്‍ പോകുന്നു ഈ ദേശം വിട്ട്‌..."- അവന്‍ അറിയിച്ചു.നന്ദ മറിച്ചൊന്നും പറഞ്ഞില്ല.
 
ഉള്ളില്‍ വളരുന്ന കുഞ്ഞിനൊപ്പം അവള്‍ടെ മനസ്സില്‍  അവനോടുള്ള വെറുപ്പ്‌ കുറഞ്ഞു വന്നു.മുകളിലെ മുറിക്കുള്ളില്‍ അടച്ചിട്ട പിഴച്ച പെണ്ണ് , അവനൊഴികെ മറ്റുള്ളവര്‍ക്ക് അറപ്പും വെറുപ്പും ചതുര്ധിയുമായിരുന്നു..ആ മുറിയുടെ ജനാലയ്കല്‍ നിന്നാല്‍ കാണാന്‍ പാകത്തില്‍ മാധവന്‍ തന്റെ പുറംപണികള്‍ അങ്ങോട്ടേക്ക് മാറ്റും..അവന്റെ ചിരി ,നോട്ടം, സ്നേഹം ഒക്കെ ക്രമേണ കുഞ്ഞിനോടൊപ്പം അവള്‍ടെ മനസിലും വളരാന്‍ തുടങ്ങി.ഇടയ്ക്കിടെ കുഞ്ഞ് വളരുന്ന കാണാന്‍ അവന്‍ എന്തേലും കാരണമുണ്ടാക്കി തറവാടിനുള്ളില്‍ കയറിപ്പറ്റും.അവള്‍ക്കു വേണ്ടി ഇഷ്ടമുള്ളതെന്തെങ്കിലും ആ കൈയില്‍ കരുതിയിട്ടുമുണ്ടാകും.... ! തുലാം മാസത്തില്‍ കുഞ്ഞിന്റെ വരവ് കണക്ക് കൂട്ടി..28ന്‌ പുറപ്പെടാന്‍ അവളും മനസോരുക്കി..
 
************************************************************
തുലാം മാസത്തിലെ ഒരു പ്രഭാതം..
കണ്ണു തുറന്ന നന്ദ കണ്ടത് വേവലാതി പൂണ്ട അമ്മയെ മാത്രമാണ്..ഒരു രാവുമുഴുവന്‍ നീണ്ടു നിന്ന പേറ്റുനോവ്..കിടക്കുന്നതിന്റെ ഇടതുവശത്തും പിന്നെ വലതുവശത്തും അവള്‍ കൈ പരതി..ചോദ്യം പൂണ്ട കണ്ണുകളോടെ അവള്‍ ഉണ്ണിയമ്മയെ നോക്കി..
"വിധിച്ചില്ല മോളെ..കന്യാവ് ആയി.."
നന്ദിനി നടുങ്ങി പോയി..കുഞ്ഞു മരിച്ചിരിക്കുന്നു!തളര്ച്ചയുടെയും തകര്ച്ചയുടെയും ദിവസങ്ങളായിരുന്നു അവള്‍ക്ക് പിന്നീട്..
തറവാടിനുള്ളില്‍ തെക്കേഅറയുടെ തറയില്‍ ചുവരിനോട് ചേര്‍ത്ത് ആണ് കുഞ്ഞിനെ അടക്കം ചെയ്തിരിക്കുന്നത് എന്ന്‌ നന്ദയെ അറിയിച്ചു..പ്രാചീനമായ ആചാരം..നവജാത ശിശുക്കള്‍ ദുര്മരണപ്പെട്ടാല്‍ "കന്യാവ്" എന്നാ പറയുക..അവരെ വീടിനുള്ളിലാണത്രേ  അടക്കം ചെയ്യുക..പുറമേ ആയാല്, ദുര്മന്ത്രവാദികള്‍ ഉള്ള കാലം-അവര്‍ ദുരാചാരങ്ങള്‍ക്കും ദുഷ്ക്രിയകള്‍ക്കും കുഞ്ഞുങ്ങള്‍ടെ ശരീരം എടുത്ത്  ഉപയോഗിച്ച് കളയും.അത്കൊണ്ടാണ് വീടിനുള്ളില്‍ , തെക്കേ അറയില് തന്നെ അടക്കി, മുറി എന്നെന്നേക്കുമായി താഴിട്ടു പൂട്ടിയത് ..
 
കുഞ്ഞുണ്ടായ ദിവസം മുതല്‍ മാധവനെ കാണാന്‍ ഇല്ല.!!!നാട് വിട്ടു പോയതായി നന്ദിനിയ്കറിയാന്‍  കഴിഞ്ഞു..കുഞ്ഞു നഷ്ടപെട്ട സങ്ക്ടമാകുമോ എന്നവള്‍ സംശയിച്ചു..എന്നാലും തന്നോട് ഒരു വാക്ക് പറയാതെ പോയത്..?വടക്ക് എങ്ങോ ശമ്പളം ഉള്ള ജോലി തരായെന്ന് കാര്യസ്തന്‍ വേലുപ്പിള്ളയും അറിയിച്ചു.അമ്മയോടെങ്കിലും എല്ലാം തുറന്നു പറയാതിരുന്നതില്‍ അവള്‍ക്ക് അപ്പോള് വിഷമം തോന്നി.അവന്‍ തന്നെ മനപൂര്‍വം ഒഴിവാക്കി പോയതാണോ ???നന്ദ തീര്‍ത്തും നിസ്സഹായ ആയിരുന്നു..എന്നിട്ടും 2 വര്‍ഷത്തോളം ആ എട്ടുകെട്ടിനുള്ളില്‍ അവള്‍ കാത്തിരുന്നു..തെക്കേഅറയില്‍ കന്യാവായി ഉറങ്ങുന്ന കുഞ്ഞിന്‌ കരിവളയും ചാന്തും കണ്മഷിയും വാങ്ങി ജനാലയുടെ വിടവിലൂടെ മുറിക്കുള്ളിലേക്ക് ഇട്ടു-ഒതുക്കിയ വേദനയോടെ..!
2 വര്‍ഷക്കാലവും..മാധവന്‍ വന്നില്ല..!
ദില്ലിയില്‍ പഠിച്ച വളര്‍ന്ന രാമനാഥന്റെ ആലോചന വന്നപ്പോ നന്ദിനിക്ക് എതിര്‍ത്തു നില്‍ക്കാനായില്ല..എല്ലാം മറച്ച് വച്ച്  ധിറുതി പിടിച്ചൊരു കല്യാണം... അതാണിപ്പോ  അവസാനിച്ചിരിക്കുന്നത്.
 
************************************************************
 
"അമ്മയെന്താ മിണ്ടാത്തത്?"കട്ടിലിലേക്ക് ഒന്ന് കൂടി ചാരി ഇരുന്നു കൊണ്ട് നന്ദ ചോദിച്ചു.ഉണ്ണിയമ്മയുടെ മനസ് വല്ലാത്ത ചിന്തയിലാണെന്ന് നന്ദയ്ക്ക് തോന്നി. മാധവേട്ടന്റെ കാര്യം ചോദിച്ചാല്‍ എപ്പൊഴും അത് പതിവാണ്.അമ്മ ചിന്തകളില്‍ മൂടി ഇരിക്കും."സത്യം പറയമ്മേ മാധവേട്ടന്‍ ഒരിക്കലെങ്കിലും വന്നിരുന്നോ?ഞാന്‍ ഡല്‍ഹിയിലായിരുന്ന ഈ 10 വര്‍ഷത്തിനിടെ?"
 
ഉണ്ണിയമ്മ വീര്‍പ്പുമുട്ടി.."അമ്മക്കറിയാം എല്ലാം..ഈ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന്റെ അര്‍ഥം.."അവര്‍ അര്ധവത്തായി മകളെ നോക്കി.നന്ദിനി ഞെട്ടി.ഈ നിമിഷം വരെ ആരോടും പറഞ്ഞിരുന്നില്ല..അവര്‍ക്കിടയില്‍ എന്താണ് ഉണ്ടായതെന്ന്.അമ്മയോട്‌ പോലും..!!എന്നിട്ടും ഇതെങ്ങനെ?
"മാധവേട്ടന്‍ വന്നിരുന്നോ അമ്മെ?അമ്മയോട്  പറഞ്ഞോ?" അവള്‍ വിറച്ചു..

മകളുടെ മുഖത്ത് നിന്നും മച്ചിലേക്ക് ഉണ്ണിയമ്മ മിഴി പായിച്ചു.നേര്യതിന്റെ തുംബാല്‍ ഒന്ന് മുഖം തുടച്ചു...ഇനി എന്തിനാണ് എല്ലാം മറച്ചു വച്ചിട്ട്?ആര്‍ക്ക് എന്തു നേട്ടം?-ഒരു മാത്റ അവര്‍ ചിന്തിച്ചു.പിന്നെ പതിഞ്ഞ സ്വരത്തില്‍  പറഞ്ഞു:- 

"വന്നിരുന്നു..ഇപ്പോഴൊന്നുമല്ല..നിനക്ക് ആ കുഞ്ഞു പിറന്ന അന്ന്.!അന്ന് രാത്രി..നിന്റെ അച്ഛന്‍ വിളിപ്പിച്ചിട്ട്..! പേറ്റുനോവ്‌ കൊണ്ട് പുളഞ്ഞ നേരത്തെപ്പോഴോ ബോധമില്ലാതെ നീ അവന്റെ പേര് ചൊല്ലി വിളിച്ചു..വാല്യക്കാരി പെണ്ണുങ്ങളാ..അച്ഛനെയും അമ്മാവന്മാരേയും വിവരമറിയിച്ചേ..അപ്പൊ തന്നെ മാധവനെ വിളിപ്പിച്ചു...ആ രാത്രിയില് ..."
 
ഉണ്ണിയമ്മ ഒന്ന്‍ നിര്‍ത്തി...
 
"അമ്മയ്ക്ക് ഒന്നും ചെയ്യാനോ പറയാനോ കഴിയില്ലായിരുന്നല്ലോ..അന്നത്തെ കാലം..എല്ലാരും കൂടെയാ നടുത്തളത്തില്‍..അവനെ..അവനെ..തച്ചു കൊന്നത്.." ഉണ്ണിയമ്മ ആ കാഴ്ച്ചയുടെ നടുക്കത്തോടെ പറഞ്ഞു..
 
നന്ദ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടി..അമ്മയുടെ കൈയില്‍ വല്ലാതെ അമര്ത്തി പിടിച്ചു...ഒന്ന് കരയാന്‍ പോലും മറന്ന്‌ അവിശ്വസനീയതയോടെ അവളിരുന്നു കുറെ നേരം.."നീറി നീറി ജീവിച്ച പത്തു പന്ത്രണ്ട് വര്ഷം മുഴുവന്‍ എന്റെ മനസില്‍..ആ കുഞ്ഞും മാധവേട്ടനും മാത്രായിരുന്നു..ഇല്ലാണ്ടാക്കിയതാ അല്ലേ എല്ലാപേരും കൂടി ?" ഇടര്‍ച്ചയോടെ പറയുന്നതിനൊപ്പം അവള്‍  ശക്തിയായി ഒന്നു തേങ്ങി.. ഉണ്ണിയമ്മയുടെ ഉള്ളു പിടച്ചു.
 
"നിന്‍റെ കുഞ്ഞ്..അവന്‍..ജീവനോടെ ഇരിപ്പുണ്ട്..മിടുക്കനായിട്ട്..നിനക്കിനി തരാന്‍ അമ്മയുടെ കൈയില്‍ അവനെ ഉള്ളൂ..നീ ക്ഷമിക്കണം..ചെയ്തവരും ചെയ്യിച്ചവരും ഒക്കെ ദുര്മരണപ്പെട്ടില്ലേ ?നിന്റെ അച്ഛന്‍ ഉള്‍പ്പെടെ..!ക്ഷമിക്കണം നീ..പിതൃക്കളോടും കാരണവന്മാരോടും..!ഗതികിട്ടാതെ അലയുവാ എല്ലാം..!"  ഉണ്ണിയമ്മ കണ്ണു തുടച്ചു.. 
"നിന്റെ കുഞ്ഞാ അവന്‍..അപ്പു..നിന്റെ അച്ഛന്റെ  കാലു പിടിച്ചാ ഞാന്‍ അകലെ ഒരിടത്ത്  വളര്ത്യെ..അദേഹത്തിന്റെ കാലശേഷം ഇങ്ങട് കൂട്ടി..അവനെ ഞാന്‍ ഒന്നും ഇതുവരെ അറിയിച്ചിട്ടില്ല എന്നാലും ഒരു കുറവും ഇല്ലാണ്ട്  തന്നെയാ വളര്‍ത്തിയെ.."-
 
നന്ദയുടെ കണ്ണില്‍ നിന്ന്‌ നീര്‍മുത്തുകള്‍ ധാരയായി ഒഴുകി..
"അപ്പൊ തെക്കേ അറയില്‍?"
ഉണ്ണിയമ്മ ഒന്നു പിടഞ്ഞു..തൊണ്ടയനക്കി..
"അത്..മാ...മാധവനെ..അവിടാ.."
നന്ദ അലറി കരഞ്ഞു..ഉപേക്ഷിച്ച്  പോയതിന് പലപ്പോഴും ശപിച്ചിട്ടുണ്ട്...ചതിച്ചുന്നു കരുതിയിട്ടുണ്ട്...മറ്റൊര് വിവാഹം ചെയ്തത് പോലും ആ ചിന്തയിലാ..എന്നിട്ടും മനസ്സില്‍ കാത്തിരുന്നു..ഒരു നോക്ക് ഒന്നു കാണാന്‍..ഉള്ളിലെ തീയായിരുന്നു അവന്‍ എന്നും..
 
വിറയ്ക്കുന്ന കൈകളോടെ നന്ദ തെക്കേ അറ തുറന്നു..പൊടിയും ചിലന്തി വലയും നിറഞ്ഞ അറ..വര്‍ഷങ്ങള്‍ക്കു മുന്പ് അവളെ അവന്‍ സമ്മതമില്ലാതെ സ്വന്തമാക്കിയ തെക്കേ അറ..അവളുടെ കുഞ്ഞിനെ അടക്കം ചെയ്തെന്ന്  അവള്‍ വിശ്വസിച്ച അറ..പലപ്പോഴായി കുഞ്ഞിനിട്ട കരിവളകള്‍ പലതും പൊട്ടിയും അല്ലാതെയും ചിതറി കിടന്നിരുന്നു.. തുരുംബെടുത്ത ഒരു കൈക്കോട്ട് ചാരി വച്ച നിലയില്‍..അതിനപ്പുറം ചുമരിനോട് ചേര്‍ത്ത് ആറടി തറയോട് ഇളക്കി മാറ്റി കുഴി വെട്ടി മൂടിയിരിക്കുന്നത് കാണാം..ആ മണ്കൂന യുടെ ഒരറ്റത്ത് അവള്‍ ഒന്നു തൊട്ടു..അവന്റെ കാല്‍പാദമാണോ ശിരസ്സാണോ എന്ന് നിശ്ചയമില്ലാതെ... അവളുടെ കണ്ണില്‍ നിന്ന് അടര്‍ന്നു വീണ കണ്ണുനീരില്‍ ആ മണല്‍തരികള്‍ ഉരുകി..
 
************************************************************
കറുത്ത വാവ്..
അപ്പു ബലി അര്‍പ്പിക്കുകയാണ്..മരിച്ചു പോയ അച്ഛനും.. അതേ അച്ഛനെ മരണത്തിലേക്കയച്ച മുത്തശ്ശനും വല്യമ്മാവന്മാര്‍ക്കും വേണ്ടി.. കുടുംബത്തിലെ ഏകആണ്‍തരി ആണ് അവന്‍.മാധവന്റെയും നന്ദിനിയുടെയും മകന്‍..!
അവന്‍ നല്‍കുന്ന ,ഒരു പിടി ബലിചോറിനായി ഒരു കൂട്ടം ആത്മാക്കള്‍ ആര്‍ത്തിയോടെ ചുറ്റും കാത്തു നിന്നു-ഭൂമിയില്‍ ചെയ്തുപോയ പാപത്തിന്റെ  ഓര്മയോടെ..!

2 comments:

  1. Comment idaan mathram kazhivulla oraalalla njaan..
    ente aswadana reethiyil "Nannaayittund.." Oru novelinulla valuppamundallo kadhakk.. keep it up..

    ReplyDelete
  2. വായിച്ചപോള്‍ മനസ്സിനകത്ത് ഒരു വിങ്ങല്‍

    ReplyDelete

എഴുതുന്നത് എന്റെ ഇഷ്ടം..അഭിപ്രായങ്ങള്‍ നിങ്ങളുടെയും..