Thursday 21 July 2011

അന്നത്തെ ദിവസം

"അന്നക്കുട്ടിയേ..."
ചാറ്റല്‍ മഴയത്ത് നിന്ന് ഓടിക്കയറി വന്ന് വര്‍ക്കിച്ചന്‍ വിളിച്ചു..
"എന്തോ...ദാ..ഇവിടെ ഉണ്ട് ഇച്ചായാ...." പറമ്പില്‍ നിന്നു അവള്‍ നീട്ടി വിളികേട്ടു...
"ഈ മഴയത്ത് നീ എന്നാ എടുക്കുവാ അവിടെ?"..ചോധ്യതോടൊപ്പം വര്‍ക്കിച്ചനും അങ്ങോട്ട് ചെന്നു.
 
10 സെന്റ്‌ വീടും പറമ്പും താഴേക്ക് 30 സെന്റ്‌ കൃഷിഭൂമിയും വീടിനു മുകളില്‍ 50 സെന്റ്‌ റബ്ബറും ആണ് വര്‍ക്കിച്ചന് സ്വന്തം..മലയോര പ്രദേശം..അതില്‍ വീടിരിക്കുന്നത് 10 സെന്റിന്റെ അവസാന ഭാഗത്താണ്...മുന്നിലെക്കുള്ള നീണ്ട മുറ്റം, ഇടവഴിയിലെക്കുള്ള വേലിക്കലാണ് ചെന്ന് അവസാനിക്കുന്നത്‌.ആ മുറ്റം രണ്ടായി തിരിച്ചിരിക്കുന്നു.അതാണ്‌ അന്നക്കുട്ടിയുടെ പച്ചക്കറിതോട്ടം... വീട്ടിലേക്ക് കയറി വരാനുള്ള നടപ്പാത നടുവില്‍..തിരിവിന്റെ ഒരു ഭാഗം ചീരയും വെണ്ടയും പലതരം മുളകും തക്കാളിയും കത്തിരിക്കയും  ഒക്കെ ആണ് വേര്തിരിച് നട്ടിരിക്കുന്നത്.മറ്റേ ഭാഗത്ത്‌ പടരുന്ന പച്ചക്കറികളും.പാവയ്ക്കാ, പടവലം,കോവക്ക, പലവിധം പയര്, എല്ലാം പന്തല് കെട്ടി പടര്തിയിരിക്കുന്നു..മുന്നിലെ ഇടവഴിക്ക് താഴേക്ക് തട്ടുതട്ടായിട്ടാണ് 30 സെന്റ്‌ കൃഷി ഭൂമിയുടെ കിടപ്പ്.അതില്‍ തടമിട്ട് നട്ടിരിക്കുന്നത് വാഴയാണ്.പലതരം വാഴകള്‍  ഓരോ തട്ടിലും... ഏത്തനും,ഞാലിപൂവനും,കണ്ണനും,കപ്പയും എന്ന്‌ വേണ്ട എല്ലാ ഇനം വാഴയും തഴച്ച് കുലച്ച് നില്‍ക്കുന്ന വാഴത്തോട്ടം..വീടിനു പുറകിലായി ആണ് വര്‍ക്കിച്ചന്റെ റബ്ബര്‍ തോട്ടം ആരംഭിക്കുന്നത് , പിന്നിലേക്ക് 50 സെന്റ്‌. വാഴതോട്ടതിന്റെയും റബ്ബെരിന്റെയും മേല്‍നോട്ടം വര്‍ക്കിച്ചന് തന്നെ. വീടിന്നു പിന്നില്‍ റബ്ബര്തോട്ടത്തില്‍ കമ്പി വേലി കെട്ടി തടവില്‍ ഇട്ടിരിക്കുന്നത് നാല്പ്പത്തെഴ്‌ കോഴികളെയാണ് . പിന്നെ മരകൂട്ടില്‍ പത്തു പതിനഞ്ചു ആടുകളെയും..പോരാത്തതിന് മകള്‍ ഒന്നാം ക്ലാസുകാരി കിങ്ങിണിക്കുട്ടിയുടെ സംരക്ഷണയില്‍ കഴിയുന്ന നാലഞ്ചു റോസചെടികളും മണിയന്‍ പൂച്ചയും ചിക്കു തത്തയും..
 
രണ്ടു മഴ പെയ്തപ്പോള്‍ ഇളക്കം വന്ന മണ്ണില്‍ കാലു പുതച്ച് , ചട്ടയുടെ മുണ്ട് വലിച്ച്  ഇടുപ്പിലേക്ക് കുത്തി, കൈയിലിരിക്കുന്ന കത്തി കൊണ്ട് ശ്രദ്ധയോടെ ചീരയുടെ മുകല്തലപ്പ് മുറിച് പാത്രത്തില്‍ അടുക്കുകയാണ് അന്നക്കുട്ടി..
"എടി..പെമ്പിളേ..ഇങ്ങനെ മഴ നനയാതെ...ഈ ചാറ്റല് നിന്നിട്ട് നമുക്ക് ഒന്നിച് ഒതുക്കാം.." വര്‍ക്കിച്ചന്‍ പറഞ്ഞു.
"പറ്റത്തില്ല ഇച്ചായാ ഈ മഴ കനക്കും..എന്റെ അധ്വാനം മുഴുവന്‍ വെള്ളത്തില്‍ പോകും.. നമുക്ക് ഒന്നു ആഞ്ഞു ഉത്സാഹിച്ചാല്‍ ഇത് മുഴുവന്‍ ഇന്ന് തീര്‍ക്കാം.വൈകിട്ട് മഴയ്ക്ക് മുന്‍പേ അങ്ങാടിയില്‍ എത്തിക്കുകേം ചെയ്യാം.അവറാച്ചന്‍ പീടിക അടച്ചാല്‍ ഇന്ന് കൊടുക്കാന്‍ പറ്റത്തില്ല.നാളെ കൊണ്ടു ചെല്ലുമ്പോ ഒരു ദിവസത്തെ പഴക്കത്തിനു അയാള് കണക്കു പറഞ്ഞ് കാശു കുറയ്ക്കും.എനിക്കത് കേള്‍ക്കുമ്പോഴാ.... !അന്നക്കുട്ടി മുഖം കൊണ്ട് ഒരു ആന്ഗ്യം കാട്ടി.വര്‍ക്കിച്ചന്‍ പൊട്ടിച്ചിരിച്ചു. അവള്‍ക്കരികില്‍  ഇരിക്കുന്ന കുട്ടയില്‍ നിറയെ ഇളം വെണ്ടയ്ക്ക പറിച് വച്ചിരുന്നു.അത് തട്ടി മറിക്കാതെ വര്‍ക്കിച്ചന്‍ ചാടി കടന്നു മൂത്ത കത്തിരിക്ക നോക്കി ശ്രദ്ധയോടെ പറിച്ചെടുക്കാന്‍ തുടങ്ങി..
 
ഉച്ചയായത്തോടെ അവരുടെ ഏകദേശ പണികഴിഞ്ഞു.
വീടിനു പുറകുവശം ചുറ്റി വന്ന അന്നക്കുട്ടി ഉത്തരതിലായി വച്ചിരുന്ന പ്ലാസ്റിക് പാത്രം വലിച്ചെടുത്തു. അതുമായി കോഴികളെ ഇട്ടിക്കുന്ന കമ്പി വലക്കകത്ത് കയറി... പലനിറങ്ങളിലായി തടിച് കൊഴുത്ത സുന്ദരിക്കോഴികള്.ഇടയ്ക്കു സുന്ദരന്മാരും ഉണ്ട്.അവള്‍ പത്തു പന്ത്രണ്ട് മുട്ടകള്‍ പെറുക്കി പാത്രത്തിലടുക്കി. അപ്പോഴാണ് അത് സംഭവിച്ചത്...ഓടി വന്ന കറുമ്പിക്കോഴി അവളുടെ കാലില്‍ ഒറ്റ കൊത്ത്.. ! "ഹആവു"അന്നക്കുട്ടി വേദന കൊണ്ടു  പുളഞ്ഞു..കണ്ണില്‍ നിന്നു വെള്ളം ചാടി..കണ്ട് വന്ന വര്‍ക്കിച്ചന്‍ ഒട്ടും താമസിച്ചില്ല.. വലക്കുള്ളിലേക്ക് ചാടിക്കടന്നു കറുംബിയെ ഒറ്റ പിടിയും  കഴുത്ത് ഒറ്റ തിരിപ്പും..വെട്ടി വിറച് കറുമ്പി സ്വര്‍ഗം പൂകി.
 
ഈ പ്രവര്‍ത്തി കണ്ട് അന്ന ഭര്‍ത്താവിനെ ഉറ്റു നോക്കി.' ഒരു നിമിഷം കൊണ്ട് ഇവിടെ  ഇതിനുമാത്രം എന്താ ഇവിടെ സംഭവിച്ചേ?' എന്നമട്ടില്‍.. വര്‍ക്കിച്ചന്‍ അന്നക്കുട്ടിയേം നോക്കി..'നിനക്ക് വേണ്ടി ഒരു കൊലപാതകം വരെ ഞാന്‍ ചെയ്യും!' എന്ന മട്ടില്‍..രണ്ടുപേരും പൊട്ടിച്ചിരിച്ചു..
 
"ഇതിപ്പോ അച്ചായന്‍ എനിക്ക്‌ പണി ഉണ്ടാക്കി വച്ചല്ലോ..ഇനീപ്പോ ഇതിനെ ചട്ടിയിലാക്കണ്ടേ?" അന്നക്കുട്ടി കോഴിയെ നോക്കി പറഞ്ഞു.
 
"കളയെടി..ഇവള്ക്കിച്ചിരി അഹംകാരം കൂടുതലായിരുന്നു..കണ്ടില്ലേ ആ പൂവനെ പോലും അവള് കൊത്തിപറത്തും.ഇന്നലെ കൊച്ചിനെ കൊത്താന്‍ വന്നപോഴേ ഞാന്‍ നോട്ടം വച്ചതാ, ഇവളെ കറിച്ചട്ടിയിലാക്കണം എന്ന്‌.നല്ല മഴയല്ലേ നമുക്ക് പച്ചക്കുരുമുളക് ഇട്ടു വയ്കാമെടി..."അതും പറഞ്ഞു വര്‍ക്കിച്ചന്‍ കോഴിയേം തൂക്കി റബ്ബര്‍ തോട്ടത്തിന് നേരേ നടന്നു.
 
കോഴിയെ പപ്പും പൂടയും പറിച് വച്ചു.അന്നക്കുട്ടി എടുത്തു കൊടുത്ത ഒരു ഉണങ്ങിയ ഓലമടല്‍ കത്തിച്ചു കോഴിയെ അതിന്റെ മീതേക്ക്‌ തലങ്ങും വിലങ്ങും പിടിച്ചു.ചെറിയ തൂവലുകള്‍ കരിഞ്ഞു പോകാന്‍.അതിനു ശേഷം  പലകയും  കത്തിയുമെടുത്ത്  കറുംബിയെ കഷണങ്ങളാക്കാന്‍ തുടങ്ങി..കുളിപ്പുരക്ക് പുറകിലായി നില്‍ക്കുന്ന കമുകില്‍ പടര്‍ത്തിയ കുരുമുളക് വള്ളിയില്‍ നിന്ന് അന്നക്കുട്ടി ഏതാനും എണ്ണം പറിച്ചെടുത്തു.സമീപത്തായി ഇളകിക്കിടന്ന മണ്ണില്‍ കാല്‍ വിരല്‍ കൊണ്ടു മെല്ലെ ഒന്നു ഇളക്കിയപ്പോള്‍ തന്നെ ഇഞ്ചിയുടെ ചെടി മറിഞ്ഞു പോവുകയും അടിഭാഗം പൊങ്ങി വരുകയും ചെയ്തു. അടര്‍ത്തിയെടുത്ത കുരുമുളകും കുഞ്ഞുള്ളിയും ഇഞ്ചിയും ചേര്‍ത്ത് അവള്‍ അരക്കാന്‍  തുടങ്ങി..വര്‍ക്കിച്ചന്‍ കൈയും കാലും കഴുകി വന്നപ്പോഴേക്കും കറുബികോഴി കുരുമുളകില്‍ തിളയ്ക്കുന്ന സുഖിപ്പിക്കുന്ന മണം അവിടെ പരന്നു..
 
ചോറുണ്ട് കഴിഞ്ഞ് ഉച്ചമയക്കത്തിന്റെ ആലസ്യത്തിലേക്ക് ആ ചെറിയ വീടും വീടുകാരും മുഴുകി.ഉച്ചതിരിഞ്ഞ് ,അന്നയുടെ കൈയ്യിലെ ആവിപറക്കുന്ന കട്ടന്‍ കാപ്പി വര്‍ക്കിച്ചനെ വിളിച്ചുണര്‍ത്തി..കൂട്ടില്‍ നിന്നിറക്കി മാറ്റി കെട്ടിയ ആടുകളെ ഓരോന്നിനെ കറന്നെടുത്തു. ആടിന്റെ കാലു കൂട്ടിപ്പിടിക്കുന്നത് അന്നയാണ്.കറക്കുന്നത്‌ വര്‍ക്കിച്ച്ചനും.അതുകൊണ്ട് തന്നെ  ആടിന്റെ ചവിട്ട് അന്നക്കുട്ടിക്ക് ഇപ്പോള്‍ പുത്തരിയല്ല. മഴക്കാര് വരുന്നതെ ഉള്ളു... പാല് വാങ്ങാന്‍ പല വീടുകളില്‍ നിന്ന് ആളെത്തും..അതും ഒരു വരുമാനമാണ്. ഇടയ്ക്കു ആടിനെയും കോഴിയെയും ആവശ്യക്കാര്‍ക്ക് കൊടുക്കാറുണ്ട്.പാലും മുട്ടയും വിറ്റു കിട്ടുന്ന കാശ്  വര്‍ക്കിച്ചന്‍  ചോദിക്കാറില്ല.അത് അന്നക്കുട്ടി മണ്‌കുടുക്കയിലോ ചിട്ടിയിലോ ഒക്കെ സൂക്ഷിച്ചു കൊളളും.ഭേദപ്പെട്ട തുക ആകുമ്പോള്‍ അത് പൊന്നിന്റെ തിളക്കമായി മൂന്നുപേരില്‍ ആരുടെയെങ്കിലും ദേഹത്ത് വരും.ഇടയ്ക്ക് വര്‍ക്കിച്ചന് കാശിനു മുട്ടുവന്നാല്‍ കൈവായ്പ്പക്ക് മറ്റാരെയും ആശ്രയിക്കേണ്ട കാര്യവുമില്ല.
 
 
പച്ചക്കറികള്‍ ഒരു ചാക്കിലെടുത്ത്, സൈക്കിളിന്റെ പുറകില്‍ വച്ചു കെട്ടി വര്‍ക്കിച്ചന്‍ ഇറങ്ങി.വരും വഴി കിങ്ങിണി മോളെ സ്കൂളിന്നു വിളിക്കണം. അതാണ് പതിവ്.അന്നക്കുട്ടി പാല് വിതരണത്തിലും തോട്ടത്തില്‍ തടമെടുക്കുന്നതിലും മുഴുകി.മഴക്കാലമായത് കൊണ്ട് കിണറ്റിന്നു വെള്ളം കോരി നനയ്ക്കുന്ന ജോലി ഇല്ല.മഴ വീണു മണ്ണിലേയ്ക്കു ചാഞ്ഞ തക്കാളി ചെടികള്‍ക്കെല്ലാം താങ്ങ് വച്ചു കെട്ടി, ചുവട്ടിലെ മണ്ണ് കാലു കൊണ്ടു ചവുട്ടി ഉറപ്പിച്ചു കൊടുത്തു.
 
തിരിച്ചെത്തിയ അപ്പനും മകളും താഴെക്കുന്നിനു സമീപം ഉള്ള പുഴയില്‍ കുളിക്കാന്‍ പോകാന്‍ വട്ടം കൂട്ടി..ഇടയ്ക്കത് പതിവാണെങ്കിലും അന്ന് അന്നക്കുട്ടി വിലക്കി.മഴയും അടി ഒഴുക്കും ഉണ്ട്.പുഴയില്‍ മലവെള്ളം കുത്തനെ വരുന്നത് ഊഹിക്കാന്‍ പോലുമാവില്ല.. കിങ്ങിണി ഉടുപ്പൂരി എറിഞ്ഞു സൈക്കിളില്‍ കയറി ഇരിപ്പായി..ഇനി രക്ഷയില്ലന്ന് അപ്പനും അമ്മയ്ക്കും അറിയാം.അവരെ പറഞ്ഞയച്ച് വീട്ടിലിരുന്നു വിഷമിക്കാന്‍ വയ്യാതെ അന്നക്കുട്ടിയും കൂടെ ഇറങ്ങി.അലക്കാനുള്ള തുണികളും വാരി എടുത്തു. സൈക്കിളിന്‌ മുന്നിലായി കിങ്ങിണിയും പിന്നില്‍ വാരികെട്ടിയ തുണികളും പിടിച്ച് അന്നയും.വര്‍ക്കിച്ചന്‍ പുതഞ്ഞു കിടക്കുന്ന മണ്ണ് റോഡിലൂടെ സൈക്കിള്‍ ഓടിച്ചു..ചുണ്ടില്‍ മൂളിപ്പാട്ടുമായി..
 
ആര്‍ത്തലച്ച് ഒഴുകുന്ന പുഴ..മഴക്കാലത്തെ ഒഴുക്കും..വര്‍ക്കിച്ചന്‍ ഒരു ചൂണ്ട കൊരുത്ത് വെള്ളത്തിലേക്കിട്ടു.അതിന്റെ അറ്റം അടുത്ത് നിന്ന മരത്തില്‍ കെട്ടി ഉറപ്പിച്ചു. അപ്പനും മകളും വെള്ളത്തില്‍ തിമിര്‍ത് കുളിച്ചു. പടിക്കെട്ടിലെ കല്ലില്‍ തുണി ഉലക്കുമ്പോഴും അന്നക്കുട്ടി ഓരോ നിമിഷവും അവരെ ശാസിച്ച് കൊണ്ടേ ഇരുന്നു..അതിനനുസരിച് അവര്‍ അവളുടെ മേല്‍ വെള്ളം തെറിപ്പിച്ച് ചിരിച്ചു..ഒരൊറ്റ നിമിഷത്തിന്റെ വേഗത്തിലാണ് അത് സംഭവിച്ചത്..നീന്തുന്ന വര്‍ക്കിച്ചന്റെ പുറത്ത് പിടിച്ച്  ഇരുന്ന കുട്ടിയുടെ കൈവിട്ടുപോയി.ശക്തമായ അടിഒഴുക്ക്.വര്‍ക്കിച്ചന്‍ വെട്ടി തിരിയുന്നതിനിടയില്‍ അന്നക്കുട്ടിയും കരയില്‍ നിന്നത് കണ്ടു..ഒഴുകി പോകുന്ന കുഞ്ഞ്..!!തൊണ്ടയില്‍ കുരുങ്ങിയ നിലവിളി പുറത്തേക്ക് വന്നില്ല,തരിച്ച് നിന്നു പോയി അവള്‍... വര്‍ക്കിച്ചന്‍ കുട്ട്യേ നീന്തി പിടിച്ചതുമാണ്...പക്ഷെ വീണ്ടും രണ്ടാളും ഒഴുക്കിലേക്ക് കുതിക്കുന്നതാണ് അന്നക്കുട്ടി കണ്ടത്..അവളുടെ ബോധം മറഞ്ഞു താഴേക്കു വീണു..!!
 
വര്‍ഷങ്ങള്‍ക്കു ശേഷം..
 
"മോളെ..."ഒരു ഞെട്ടലോടെ അന്നാമ്മ എന്ന അന്നക്കുട്ടി ഉറക്കത്തില്‍ നിന്നു ഞെട്ടി ഉണര്‍ന്നു.ഹോം നേഴ്സ് ഓടി വന്നു.
"എന്നതാ അമ്മാമ്മേ പറ്റിയേ?"
"എടി കൊച്ചെ നീ ആ ഫോണെടുത് അമേരിക്കക്കൊന്നു കുത്ത്..."
ഹോം നേര്സിനു അറിയാം ആരെയാണ് അമ്മാമ്മക്ക് വേണ്ടതെന്ന്.
അവള്‍ ഡോക്ടര്‍ 'ക്രിസ്റ്റിന' മാഡത്തിന്റെ  നമ്പര്‍ ഡയല്‍ ചെയ്ത് അന്നമ്മയുടെ കാതില്‍ വച്ചു കൊടുത്തു.
"ഹലോ...അമ്മച്ചി.."
"നിനക്ക് കുഴപ്പോന്നുമില്ലല്ലോ കിങ്ങിണി??"
"ഇല്ലാ അമ്മച്ചിയെ.. ഞാനും കെട്ടിയോനും മക്കളും ഒക്കെ സുഖായിരിക്കുന്നു..ഞങള്‍ അങ്ങ് വരുവല്ലിയോ അടുത്തമാസം.. പിന്നെ എങ്ങും പോണില്ല..പോരെ?ഇന്നും അതന്നെ സ്വപ്നം കണ്ടല്ലേ??രാവിലെ വിളിച്ചപോഴേ തോന്നി..അപ്പച്ചന്‍..."അവളൊന്നു നിര്‍ത്തി..
അപ്പോഴേക്കും ഫോണ്‍ കട്ടായി.
 
അന്നമ്മ ഒന്നു നെടുവീര്‍പ്പിട്ടു.എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ..എത്ര വര്ഷം കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഒരു ഞെട്ടലാണ്..മറക്കാനാകുന്നില്ല ആ ദിവസം....
പുഴയും.. മോളും.. പിന്നെ ഇച്ചായനും..
 
"അന്നക്കുട്ടിയെ.."  ഒരു വിളി..
അന്ന് മഴയത്ത്ന്ന്  ഓടി വന്നു വര്‍ക്കിച്ചന്‍ വിളിച്ച അതേ വിളി പോലെ തോന്നി അന്നമ്മക്ക്..
 
അന്നമ്മ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കും മുന്നേ വിളിച്ച ആള് മുറിയിലെത്തി.. 
"ഇന്നും അന്നത്തെ സംഭവം തന്നെ സ്വപ്നം കണ്ടു ഇല്ലിയോടി?
നേഴ്സ് കൊച്ചു പറഞ്ഞു. ഒന്നു ഒഴുക്കില്‍ പെട്ടെങ്കിലും  ഞാന്‍ മോളേം കൊണ്ടു തിരിച്ച് വന്നില്ലെടി കരയ്ക്ക്..അത് കാണാന്‍ നിനക്ക് ബോധോം ഉണ്ടായില്ല..എന്നിട്ട് ഈ പ്രായമായിട്ടും എന്നും അതേ സ്വപ്നം..എവിടെ കറുമ്പിക്കോഴി കൊത്തിയത്?"വര്‍ക്കിച്ചന്‍ എന്ന 70 കാരന്‍ അന്നമ്മയുടെ കാലുകളിലേക്ക് നോക്കി പ്രായത്തിന്റെ അസ്കിതകള്‍ മറന്നു ചിരിച്ചു..
 
അന്നമ്മക്കും ചിരി വന്നു..അത് അമര്തിപ്പിടിച്ച് അവര്‍ ഭര്‍ത്താവിനെ നോക്കി..അന്ന് കറുമ്പിക്കോഴിയെ അയാള്‍ കൊന്നപ്പോള്‍ നോക്കിയ അതേ നോട്ടം..'ഇവിടെ ഇതിനുമാത്രം എന്താ ഇവിടെ സംഭവിച്ചേ?' എന്നമട്ടില്‍.. പകരം വര്‍ക്കിച്ചനും നോക്കി..നിനക്ക് വേണ്ടി "ഇപ്പോഴും" ഞാന്‍ ഒരു കൊലപാതകം വരെ  ചെയ്യും എന്ന മട്ടില്‍..
അവര്‍ രണ്ടാളും പൊട്ടിച്ചിരിച്ചു.
അന്നത്തെപോലെ..!

2 comments:

  1. വായിച്ചു കഴിഞ്ഞപ്പോള്‍ വര്‍ക്കിച്ചനും അന്നമ്മയും ചിരിച്ചപോലെ ഞാനും ചിരിച്ചു ,നന്നായിട്ടുണ്ട് കുടുമ്പോള്‍ ഇമ്പമുണ്ടാകുന്ന ഇ കുടുംബത്തിനെ കഥ

    ReplyDelete

എഴുതുന്നത് എന്റെ ഇഷ്ടം..അഭിപ്രായങ്ങള്‍ നിങ്ങളുടെയും..