Thursday, 21 July 2011

എന്റെ ഭാമേച്ചി

എല്ലാ വര്‍ഷവും വേനലവധിക്ക് ഡല്‍ഹിയില്‍ നിന്നു ഞാന്‍ അമ്മയുടെ തറവാട്ടില്‍ എത്താറുണ്ടായിരുന്നു.ഇത്തവണ പത്താംതരം എഴുതിയ ശേഷമാണ് വരവ്.അമ്മവീട്ടില്‍ ഇപ്പോഴത്തെ താമസക്കാര്‍ എന്റെ വല്യമ്മാവനും അമ്മായിയും കുട്ടന്‍ മാമനും(അമ്മയുടെ നേരെ ഇളയ അനിയന്‍)ഏതാനും പശുക്കളും കോഴികളും പുറംപണിക്കാരും ഒക്കെയാണ്.പിന്നെ എന്റെ ഭാമേച്ചിയെയും....
 
തറവാടും കുളവും കന്നുപൂട്ടും വയലും എല്ലാം എനിക്ക് പണ്ട് അമ്മ പറഞ്ഞു തന്നിരുന്ന
കുട്ടികാല കഥകളിലെ നേര്‍ക്കാഴ്ചകള്‍ ആയിരുന്നു.വല്യമ്മാവനും അമ്മായിയും എനിക്ക് വക്രബുദ്ധിയുടെ  പര്യായങ്ങളായാണ് അനുഭവപെട്ടിരുന്നത്. മുത്തശ്ശന്റെ മരണശേഷം നാലായി പങ്കുവയ്ക്കെണ്ടിയിരുന്ന സ്വത്തില്‍ , അമ്മയുടെ നേരെ മൂത്ത ആങ്ങളയായ സദാശിവന്‍ മാമന് മാത്രമേ വല്യമ്മാവന്‍ ഭാഗം കൊടുത്തിരുന്നുള്ളൂ..എന്റെ അമ്മ അതിനകം മരണപ്പെട്ടിരുന്നതിനാല്‍ അമ്മയുടെ വിഹിതമൊന്നും ഇന്ന് വരെ അച്ഛന്‍ ചോദിക്കയുണ്ടായില്ല.. പിന്നെയുള്ളത് അമ്മയുടെ ഇളയ ആങ്ങള കുട്ടന്മാമനാ. മാനസികരോഗിയാണ്. തറവാടിന്റെ രണ്ടാം നിലയില്‍ അടച്ചിട്ടെക്കുന്നു.അങ്ങനെ നാലില്‍ മൂന്നു ഭാഗത്തിന്റെയും അധികാരി ഇന്നും വല്യമ്മാവന്‍ തന്നെ.എന്റെ എല്ലാ വെക്കെഷനുമുള്ള വരവ് പോലും അവര്‍ സഹിക്കുന്നത് കൈയില്‍  വച്ച് അനുഭവിക്കുന്ന എന്റെ അമ്മയുടെ സ്വത്തിനെ പറ്റിയുള്ള സ്മരണ കൊണ്ടാണ്.എനിക്ക് അവിടെ നിറഞ്ഞു നില്‍ക്കുന്ന അമ്മയുടെ സാനിധ്യം മാത്രം മതിയായിരുന്നു..പിന്നെ എന്റെ പ്രിയപ്പെട്ട ഭാമേച്ചിയെയും..
 
മുട്ടറ്റം മുടിയുള്ള നീണ്ട കണ്ണ്കളുള്ള സുന്ദരിയായ എന്റെ ഭാമേച്ചി..മൂന്നോ നാലോ വയസുള്ളപ്പോള്‍ തറവാട്ടു മുറ്റത് ആരോ ഉപേക്ഷിച് പോയതാണ് ഭാമെച്ചിയെ.എന്റെ അമ്മയാണ് അന്ന് വാശി പിടിച്ച് വീട്ടില്‍ പിടിച്ചു നിര്‍ത്തിയത്. അന്ന് അമ്മയുടെ ഉള്ളില്‍ ഞാനും ഉണ്ടായിരുന്നു.അമ്മ പ്രസവത്തിനായി നാട്ടില്‍ വന്ന് നിന്നിരുന്ന സമയം.എന്നേക്കാള്‍ വയസ് മൂന്നാല് വയസ് കൂടുതലേ ഉള്ളൂ ഭാമെച്ചിക്ക്.പതിനെട്ട് പത്തൊന്‍പത് വയസ്..അമ്മ പൊയ്ക്കഴിഞ്ഞു അമ്മാവനും അമ്മായിക്കും കൂലി കൊടുക്കാതെ ഒരു ജോലിക്കാരിയെ കിട്ടിയ സന്തോഷമായിരുന്നു.മുത്തശ്ശന്‍ ഉണ്ടായിരുന്ന കാലത്തോളം പിന്നെയും ആ പാവത്തിന് ഇച്ചിരി കരുണ കിട്ടിപ്പോന്നു.ചെറുപ്രായത്തിലെ തറവാട്ടിലെ അടുക്കളക്കാരികളുടെ സഹായിയും,പിന്നീട് പണിക്കാരിയും ആയി തീര്‍ന്നു ആ പാവം. 
 
നാട്ടിലെത്തിയാല്‍ എന്റെ പ്രധാന പണി ഭാമേചിയോടോപ്പം കുളത്തില്‍ മുങ്ങാംകുഴി ഇടുക,പട്ടുപാവാട ഇട്ടു അമ്പലത്തില്‍ പോകുക, ചേച്ചി ഉണ്ടാക്കുന്ന കറികള്‍ ഉപ്പു നോക്കുക,ഇടയ്ക്കു കൈ സഹായം ചെയ്യുക എന്നതൊക്കെയാണ്. ഭാമേച്ചി പണിയെടുക്കുമ്പോള്‍ വാലുപോലെ ഞാന്‍ ഇങ്ങനെ പുറകെ നടക്കും.എന്റെ നൂറു നൂറു കുഞ്ഞികാര്യങ്ങള്‍ കേട്ടു  കൌതുകത്തോടെ ആ കണ്ണു വിടരുന്നതും വാപൊത്തി അമര്തിചിരിക്കുന്നതും കാണാന്‍ തന്നെ നല്ല ശേലാണ്.എന്റെ മുടി  പിന്നിക്കെട്ടുന്നതും പാട്ടുപാടിതന്നു ഉറക്കുന്നതും ആരും കാണാതെ ചോറുരുട്ടി തരുന്നതും ഒക്കെ ഭാമേച്ചി തന്നെ. ചിലപ്പോഴൊക്കെ എനിക്ക് എന്റെ അമ്മയുടെ സാപീപ്യമാണ് ശരിക്കും അനുഭവപ്പെട്ടിരുന്നത്.എന്നെ ജീവനായിരുന്നു ഭാമേച്ചിക്ക്.എനിക്കും..
 
ഒരു ദിവസം കുളത്തിലെ വരാല്‍ക്കുഞ്ഞുങ്ങല്ക്  ഒരു പിടി അരി വാരിയിട്ടു കൊടുത്ത് സന്തോഷിപ്പിച്ച ശേഷം വാഴത്തോട്ടതിലേക്ക് നടക്കുകയായിരുന്നു ഞാന്‍.ഭാമേച്ചി എന്തെടുക്കുകയാണെന്ന്  നോക്കാമെന്നു കരുതി ഞാന്‍ അടുക്കളപ്പുറത്തേക്ക്  ചെന്നു.തിണ്ണയില്‍ ഇരുന്നു ഏങ്ങികരയുന്ന ഭാമേച്ചി...കാര്യം ചോദിച്ചറിഞ്ഞ ഞാന്‍ ഞെട്ടി.ഭാമേച്ചിയെ വിവാഹം കഴിപ്പിക്കാന്‍ പോണു..അതും എന്റെ കുട്ടന്മാമയെ കൊണ്ട്..മാനസികരോഗിയായ എന്റെ കുട്ടന്മാമ..ആള്‍ക്കാര് അടുത്ത് ചെന്നാല്‍ വല്ലാണ്ട് ഉപദ്രവിക്കുമായിരുന്ന ആള് അല്പം അടങ്ങുന്നത് വല്യമ്മാമയുടെ വെള്ളി കെട്ടിയ ചൂരലിന്‍ മുന്നില്‍ മാത്രമാണ്..ഈയിടെ അല്പം ശാന്തനാണെന്ന് പറയുന്ന കേട്ടു..വൈദ്യര് പറഞ്ഞുത്രെ വിവാഹം കഴിപ്പിച്ചാല്‍ ചിലപ്പോള്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം എന്ന്‌. കേട്ടപാതി വല്യമ്മാവന് ആധി ആയി.കൈവശം വച്ചിരിക്കുന്ന സ്വത്തിനെ ഓര്‍ത്ത്. പുറമേന്ന് ഏതു പെണ്ണ് വന്നാലും സ്വത്തുവകകളുടെ മേലുള്ള അധികാരം തീര്‍ന്നു..ഭാമേച്ചി ആകുമ്പോ എല്ലാപേര്‍ക്കും പരീക്ഷണത്തിന്‌ ഒരാള്..ചോദിക്കാനും പറയാനും ആരുമില്ല.ഒന്നും കൈ വിട്ടു പോകുമെന്ന് പേടികാനുമില്ല.ആ ജീവനാന്തം കാശൊന്നും കൊടുക്കാതെ ഒരു വീട്ടുജോലിക്കാരിയും. അങ്ങനെ എല്ലാം കൊണ്ടും ലാഭങ്ങള്‍ ഏറെ.എന്തുപറഞ്ഞ് ചേച്ചിയെ ആശ്വസിപ്പിക്കണം എന്നൊന്നും എനിക്കറിയില്ലായിരുന്നു.എന്റെ മനസ്സില്‍ മറ്റൊര് കാര്യം കൂടി ഓടിയെത്തി. ഗോപിയേട്ടന്‍..! പുറംപണിക്ക് ഗോപിയേട്ടന്‍ വരുമ്പോള്‍ ഭാമേച്ചിയുടെ ചെറിയ മാറ്റങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. അത് പോലെ ഗോപിയെട്ടന്റെയും ചില നോട്ടങ്ങള്‍, ചിരി..അവര്‍ തമ്മില്‍ പക്ഷെ സംസാരിക്കുന്നത് ഞാന്‍ ഇതേ വരെ കണ്ടിട്ടേ ഇല്ല.എന്റെ കളിവാക്കുകള്‍ രണ്ടുപേരും അവഗണിക്കുന്നു എന്ന മട്ടില്‍ ആസ്വദിക്കാറാണ് പതിവ്.
 
എല്ലാം പെട്ടെന്ന് നടന്നു.രണ്ടേ രണ്ടു ദിവസത്തിനകം വീട്ടുമുറ്റത്ത് വച്ചു തന്നെ കുട്ടന്മാമന്‍ ഭാമേച്ചിയുടെ കഴുത്തില്‍ താലി കെട്ടി.അല്ല എല്ലാപേരും കൂടി കെട്ടിച്ചു.വിരലില്‍ എണ്ണാവുന്ന ചിലരെ ഉണ്ടായിരുന്നുള്ളൂ.പോറ്റി വളര്തിയതിന്റെ അധികാരത്തില്‍ മറ്റുള്ളവര്‍ നിശ്ചയിച്ചത് അനുസരിക്കാനേ പാവം ഭാമെച്ചിക്ക് കഴിഞ്ഞുള്ളൂ.എനിക്ക് വല്ലാത്ത സങ്കടവും കുട്ടന്മാമയെ നോക്കുമ്പോള്‍ ഭയവും ഏറിവന്നു.ചടങ്ങുകള്‍ക്കായുള്ള നിര്‍ബന്ധിക്കലും ഏറെ നാള്‍ കൂടി ഉള്ള പുറത്തേക്കിറക്കലും ആളെ ആകെ പരിഭ്രാന്തപ്പെടുത്തിയിരുന്നു.പറ്റെ വെട്ടിയ തലമുടിയും തടിച് കുറുകിയ ശരീരവും ചുവന്ന കണ്ണുകളും..പലപ്പോഴും വായില്‍ നിന്നു കൊഴുത്ത ദ്രാവകം ഒഴുകി വീഴുന്നു..എനിക്ക് സങ്കടം വന്നു എന്റെ ഭാമേച്ചി..
 
രാത്രിയായതോടെ കുട്ടന്മാമന്‍ അസ്കിത വല്ലാതെ കൂടി.ആളെ മുറിയില്‍ ആക്കിയ ശേഷം അമ്മായി ഭാമേച്ചിയെ വിളിച്ചു.മാമനെ കഴിപ്പിക്കേണ്ട അന്ജോ ആറോ ഗുളികകളും ചൂര്‍ണവും ഒരു ഗ്ലാസ്‌ ചൂട് വെള്ളവും കൈയില്‍ കൊടുത്തു. മുകളിലേക്ക് പൊയ്ക്കൊള്ളാന്‍ പറഞ്ഞതും ഭാമേച്ചിയുടെ മുഖം ഭയന്നരണ്ടു.വല്യമ്മായി രൂക്ഷമായി ഒന്നു നോക്കി.അതോടെ ഭാമെച്ചിയുടെ കണ്ണ് നിറഞ്ഞു തൂകി.അതുമായി ഗോവണി കയറുമ്പോള്‍ ഞാന്‍ ഭാമെച്ചിയെ തടഞ്ഞു..-പോകണ്ട ഭാമേച്ചി..അയാള് കൊല്ലും.. പൊട്ടിക്കരഞ്ഞുകൊണ്ട് ഭാമേച്ചി മുകളിലേക്കുള്ള പടികള്‍ കയറി..
 
രാത്രി ഏറെ വൈകും മുന്നേ ഭാമേച്ചിയുടെ ഉച്ചത്തിലുള്ള നിലവിളി മുകളിലെ മുറിയില്‍ നിന്നു കേട്ടു.വല്യമ്മായിയും ഞാനും അങ്ങോട്ട് ഓടിച്ചെന്നു.വാതിലില്‍ മുട്ടിയതും അത് വലിച് തുറന്നു ഭാമേച്ചി അലറിക്കരഞ്ഞു.ആ കണ്ണുകള്‍ വല്ലാതെ തുറിചിരുന്നു..
-എന്നെ കഴുത്തില്‍ ഞെക്കി കൊല്ലാന്‍ നോക്കുവാ..എന്ന്‌ പറയുന്നത്‌ ഞാന്‍ ഞെട്ടലോടെ കേട്ടു.അതിനിടയില്‍ കണ്ടു,ആ കഴുത്തില്‍ പിടച്ച്  തെറിച്ച് നില്‍ക്കുന്ന ഞരമ്പുകള്‍..അമ്മായി എന്നോട് താഴേക്ക് പോകാന്‍ കണ്ണു കൊണ്ട് ആന്ഗ്യം കാണിച്ചു.എനിക്ക് അനുസരിക്കാതിരിക്കാനായില്ല.താഴേക്കുള്ള ഗോവണിയുടെ രണ്ടു പടികള്‍ ഇറങ്ങി നിന്നു ഞാന്‍ അങ്ങോട്ട് നോക്കി. അമ്മായി  ഭാമേച്ചിയെ വഴക്ക് പറയുന്നു.ഇതൊക്കെ ഭര്‍ത്താവിന്റെ അവകാശവും അധികാരവുമാനത്രേ! എന്നിട്ട് മുറിക്കുള്ളിലേക്ക് നോക്കി ഒരു വിരട്ടും കുട്ടന്‍മാമയോട്-വെള്ളിചൂരല്‍ എടുക്കണോ കുട്ടാ എന്ന്‌..അമ്മായിയുടെ അടുത്ത നീക്കം എന്നെ ഞെട്ടിപ്പിച്ചു.
കരഞ്ഞു നിന്ന ഭാമേച്ചിയെ തള്ളി മുറിക്കുള്ളിലാക്കി പുറമേ നിന്നു സാക്ഷ വലിച്ചിട്ടു!!!!!ഇതെന്ത് അധികാരമാണ്?കൊല്ലാനുള്ള അധികാരമോ?കൊല്ലിക്കാനുള്ള അധികാരമോ?എനിക്ക് മനസിലായില്ല.
 
മുറിയില്‍ വന്നു കിടന്നിട്ടും എനിക്ക് ഉറങ്ങായില്ല..കൊല്ലും എന്റെ ഭാമേച്ചിയെ..അയാള് കൊല്ലും..എന്റെ കണ്ണില്‍ നിന്നു വെള്ളം ധാരയായി ഒഴുകി.ഉറക്കം വരാതെ കുറെ നേരം എണീറ്റിരുന്നു.അല്പം വെള്ളം കുടിക്കാന്‍ ഞാന്‍ അടുക്കളയിലേക്ക് നടന്നു.വെള്ളമെടുത്ത് കുടിക്കവേ ജനാലക്കപ്പുറം ചായ്പിലെ തിണ്ണയില്‍ ആരോ ഒരാള്‍ ഇരിക്കുന്ന പോലെ.പുറംപണിക്കാര് അവിടെയാണ് കിടക്കുന്നത്.ഒച്ചയുണ്ടാക്കാതെ ഞാന്‍ പുറത്തേക്കുള്ള വാതില്‍ അല്പം തുറന്നു പുറത്തേക്ക് നോക്കി.. ഗോപിയേട്ടന്‍..!
അയാള്‍ തുടര്‍ച്ചയായി കണ്ണ് തുടക്കുന്നുണ്ടായിരുന്നു.ഒട്ടും ചിന്തിക്കാതെ ഞാന്‍  പുറത്തേക്കിറങ്ങിച്ചെന്നു.അടക്കിയ സ്വരത്തില്‍ ഞാന്‍ എന്തൊക്കെയോ അയാളോട് പറഞ്ഞു..ദേഷ്യപ്പെട്ടു..-ഇഷ്ടായിരുന്നില്ലേ എന്റെ ഭാമേച്ചിയെ? രക്ഷിക്കായിരുന്നില്ലേ?തിരികെ വന്നു വാതില്‍ അടക്കുമ്പോള്‍ ഞാന്‍ ഒന്നുകൂടി തിരിഞ്ഞു നോക്കി.ഗോപിയേട്ടന്‍ അവിടെ തന്നെ ഉണ്ട്.
 
എല്ലാപേരും നല്ല ഉറക്കമാണ്.ഗോവണിക്കരികിലെതിയപ്പോള്‍ എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.രക്ഷിക്കണം എന്റെ ഭാമെച്ചിയെ..ഞാന്‍ മുകളിലേക്ക് പടിക്കെട്ട് കയറി..ഭയം എന്നില്‍ വല്ലാണ്ട് ഗ്രസിക്കാന്‍ തുടങ്ങി.മുറിക്ക് പുറത്തെത്തിയതും ഉള്ളില്‍ നിന്നും ഭാമേച്ചിയുടെ പ്രാണപ്പിടചിലും കരച്ചിലും..എന്നില്‍ വല്ലാത്തൊരു ഉള്‍ക്കരുത്ത് വന്നു. പഴയ ഒരു പത്തായം പൊളിച്ചതിന്റെ പലക കഷണങ്ങള്‍ അവിടെ അടുക്കി വച്ചിരുന്നു..ഒരെണ്ണം ഞാന്‍ കൈയിലെടുത്തു . മറ്റേ കൈ കൊണ്ടു അമ്മായി ഇട്ടുവച്ച സാക്ഷ വലിച്ചൂരി.ഉള്ളിലെ കാഴ്ച കണ്ടു എന്റെ രക്തം ഉറഞ്ഞു പോയി. കുട്ടന്മാമ ഭാമേച്ചിയുടെ മുടിക്ക് കുത്തി പിടിച് തല ചുവരില്‍ ആഞ്ഞിടിക്കുന്നു..തല പൊട്ടി ചോര ഒലിക്കുന്നുമുണ്ട്. ഞാന്‍ കൈയിലിരുന്ന പലക കൊണ്ട് അയാളെ ആഞ്ഞടിച്ചു.ഒരു കൈ കൊണ്ടു ഭാമെചിയെ വലിച് പുറത്തേക് തള്ളി.അടി കൊണ്ട് തിരിഞ്ഞടുത്ത അയാളെ സര്‍വശക്തിയുമെടുത്ത് ഞാന്‍ പിന്നിലേക്ക് ആഞ്ഞു തള്ളി..പെട്ടെന്ന് തന്നെ പുറത്തേക്ക് ചാടിക്കടന്ന്‌ ഞാന്‍ സാക്ഷ വലിച്ചിട്ടു..ഇന്നിവിടെ എന്ത്‌ ഒച്ച നടന്നാലും ആരും മുകളിലേക്ക് ശ്രദ്ധിക്കില്ല എന്ന്‌ എനിക്ക് തീര്‍ച്ചയായിരുന്നു.
  
ഭാമേച്ചിയെ താങ്ങിപിടിച്ച് ഞാന്‍ താഴെയെത്തി.എന്റെ ബാഗില്‍ നിന്നും വേഗം വസ്ത്രങ്ങള്‍ മാറ്റി,പകരം ഭാമേച്ചിയുടെ വസ്ത്രങ്ങള്‍ നിറച്ചു.അച്ഛന്‍ എനിക്ക് പോരുമ്പോള്‍ തന്ന കുറച് പണം അതിലേക്ക് വച്ചു.മുറിക്കുള്ളില്‍ ഉണ്ടായിരുന്ന മുത്തശ്ശന്റെ  മരുന്നുകള്‍ വച്ചിരുന്ന കാല്പെട്ടി ഞാന്‍ വലിച്ചെടുത്തു.അതിന്റെ അടിയിലൂടെ വിരല്‍ ഓടിച്ചപ്പോള്‍ , ചെറിയ ഒരു താക്കോല്‍.. അത് കൊണ്ട് അറ്റത്തായി ഉണ്ടായിരുന്ന രഹസ്യഅറ ഞാന്‍ തുറന്നു..ആ ഇരുട്ടിലും ആഭരണങ്ങള്‍ വെട്ടി തിളങ്ങി.എന്റെ വിവാഹത്തിനുള്ള മുത്തശ്ശന്റെ സമ്മാനം..മുത്തശ്ശിയുടെ ആഭരണങ്ങള്..!വിവാഹം ഉറപ്പിച്ചശേഷം അമ്മായി അറിയാതെ വന്നെടുത്തു കൊള്ളാന്‍ മുത്തശ്ശന്‍ മരിക്കും മുന്നേ എന്നെ പറഞ്ഞെല്‍പ്പിചിരുന്നതാണ്.പൊറുക്കണേ മുത്തശ്ശാ..എന്റെ ഭാമേച്ചിക്കാ ഇതെന്നെക്കാള്‍ ഇപ്പോള്‍ ആവശ്യം..!എല്ലാം വാരി ഞാന്‍ ബാഗില്‍ നിറച്ചു..
 
ഭാമേച്ചിയെയും കൂട്ടി അടുക്കളപ്പുറത്തെക്ക് ഞാന്‍ നടന്നു.ഞങ്ങള്‍ പരസ്പരം ഒന്നും സംസാരിക്കയുണ്ടായില്ല.ഭാമേച്ചി ഒരു ശില പോലെ എന്നെ അനുഗമിച്ചു..വാതില്‍ പതിയെ തുറന്നു പുറത്തിറങ്ങിയ ഞങ്ങളെ കണ്ടു ഗോപിയേട്ടന്‍ അന്ധാളിച്ചു.ബാഗ് ഞാന്‍ ഭാമേച്ചിയെ ഏല്‍പ്പിച്ചു -പൊയ്ക്കോ രണ്ടാളും എങ്ങോട്ടെങ്കിലും......ഉം..വേഗം..!ഇരുളിലേക്ക് നടന്നു മറയും മുന്നേ ഭാമേച്ചി എന്നെ ഒന്നു നോക്കി, പിന്നെ എനിക്കൊന്നും കാണാന്‍ കഴിഞ്ഞില്ല ,എന്റെ കണ്ണുകള്‍ തുള്ളികള്‍ വന്നു മൂടി.തിരികെ മുറിയില്‍ വന്നു കിടക്കുമ്പോള്‍ നാളെ എന്നില്‍ പതിയാന്‍ പോകുന്ന വല്യമ്മാവന്റെ വെള്ളിചൂരലിന്റെ ഓര്മ പോലും എന്നെ പേടിപ്പിച്ചില്ല..
 
ഭാമേച്ചിക്ക് ദൈവം വിധിച്ചിരിക്കുന്നത്  ഇതാണ്.
അത് തടുക്കാന്‍ വല്യമ്മാവന് എന്തധികാരം?അമ്മായിക്കെന്തധികാരം?
ജീവനെടുക്കാനുള്ള അധികാരം ഭര്‍ത്താവന്നു പറയുന്ന കുട്ടന്മാമനുമില്ല. സംതൃപ്തിയോടെ ഞാന്‍ ഉറക്കത്തിലേക്ക് വഴുതി.

2 comments:

  1. നന്നായിട്ടുണ്ട്, വിധിയെ തടുക്കാന്‍ ആരെകൊണ്ട് പറ്റും ?

    ReplyDelete

എഴുതുന്നത് എന്റെ ഇഷ്ടം..അഭിപ്രായങ്ങള്‍ നിങ്ങളുടെയും..