Thursday 21 July 2011

കൃഷ്ണ

സമയം രാവിലെ 8 മണി.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഞാന്‍ ഓഫീസിന്റെ പാര്‍ക്കിംഗ് ഏരിയായില്‍ എത്തി.സ്കൂട്ടിയില്‍ കയറി ഇരുന്ന് ഒന്നു അങ്ങോട്ടും ഇങ്ങോട്ടും നടുവ് വെട്ടിച്ചു..ഒരേ ഇരുപ്പിന്റെയും ഉറക്കമൊഴിച്ചതിന്റെയും ക്ഷീണം..വിശക്കാനും തുടങ്ങിയിരുന്നു.ഒരു പ്രത്യേകത കൂടി ഉണ്ടായിരുന്നു ആ ദിവസത്തിന്.ഒരു ചെക്കന്‍ എന്നെ പെണ്ണുകാണാന്‍ വരുന്നു.യാദൃശ്ചികമായി വന്ന ഒരു ആലോചന.ഞാന്‍ സമ്മതിക്കില്ല എന്ന്‌ ഉറപ്പുണ്ടായിരുന്നത് കൊണ്ട് തലേദിവസം മാത്രമാണ് വീട്ടുകാര്‍ എന്നെ അറിയിച്ചത്. കല്യാണം നടക്കില്ല, ജസ്റ്റ്‌ ഒന്നു നിന്ന് കൊടുക്കാമെന്ന് അമ്മയുടെ കണ്ണീരിനു മുന്നില്‍ ഞാനും പറഞ്ഞു.ഒന്നു വന്ന് അവര് കാണട്ടെ നിന്നെ നിര്‍ബന്ധിക്കില്ല എന്ന്‌ അച്ഛനും വാക്ക് തന്നു..വേറെ ഒന്നുമല്ല,ഒന്നു രണ്ടു വര്ഷം കൂടി ഫ്റീ ആയി നടക്കണം എന്നിട്ട് മതി..കണവനും കുട്ടികളും...
 
ബാംഗ്ലൂര്‍ നഗരത്തിന്റെ തിരക്കിലൂടെ ഞാന്‍ വീട്ടിലേക്ക് വണ്ടി പായിച്ചു.നല്ല ട്രാഫിക് ഉള്ള ടൈം ആണ്. ഇടയ്ക്ക് അമ്മ 2 വട്ടം വിളിച്ചു. എനിക്ക്‌ ചിരി വന്നു.അമ്മയ്കെന്തിനാ ഇത്ര ടെന്‍ഷന്‍. എനിക്കില്ലല്ലോ ടെന്‍ഷന്‍..ഏതോ ഒരാള്‍ വരുന്നു..കാണുന്നു..പോകുന്നു അതിനെന്താണ്?ആളെ പറ്റി ഒന്നും ഞാന്‍ ചോദിച്ചതേ ഇല്ല..കേള്‍ക്കാനും നിന്നില്ല..കാരണം അതെന്റെ താല്പര്യമായി വീട്ടുകാര് കരുതിയാലോ.11 മണിയോടെയേ അവര് വരൂ..വീട്ടില്‍ ചെന്ന് കാപ്പികുടി..ഒരു പൂച്ചഉറക്കം..എന്നിട്ട് ഒരുക്കം..സമയം ധാരാളം ഉണ്ട്.
 
പെട്ടെന്ന് ട്രാഫിക് ബ്ലോക്ക്‌ ആയി.കുറെ സമയം കാത്തു നിന്നിട്ടും രക്ഷയില്ല..ഞാന്‍ വണ്ടി ഓഫ്‌ ആക്കി.വീണ്ടും കുറെ നേരം കാത്തു.മുന്നിലേക്ക് വണ്ടികളുടെ നീണ്ട നിര..സൈഡില്‍ കൂടി ചിലര് കഷ്ടപെട് വണ്ടി മുന്നോട്ട് എടുക്കുന്നുണ്ട്.ഒന്നും കാണാന്‍ വയ്യ.എനിക്കും ചെറിയ ടെന്‍ഷന്‍ തോന്നി.ബാംഗ്ലൂര്‍ ട്രാഫിക് ആണ്.ചിലപ്പോള്‍ മണിക്കൂറുകള്‍ കിടക്കേണ്ടി വരും.വീട്ടില്‍ അവര് വരുമ്പോള്‍..?വണ്ടി ഞാന്‍ അടുത്തുള്ള ഒരു ഷോപ്പിന്റെ പാര്‍ക്കിങ്ങില്‍ കയറ്റി നിര്‍ത്തി.മുന്നോട്ട് നടന്നു ചെന്ന് എന്താണെന്ന് നോക്കാം..ഫുട്പാത്തില്‍ നിന്ന് ഞാന്‍ ഒന്ന്‌ ആഞ്ഞ്‌, എത്തി നോക്കി.മുന്നില്‍ ഒരു ചെറിയ ആള്‍കൂട്ടം.പതിയെ അങ്ങോട്ട് നടന്നു.ഇപ്പോഴെങ്ങാനും വണ്ടി എടുത്ത് പോകാന്‍ പറ്റുമോ എന്നറിയണം.ഇല്ലെങ്കില്‍ വേറെ വഴി നോക്കേണ്ടതുണ്ട്.
 
അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ചയില്‍ ഞാന്‍ ഞെട്ടിപ്പോയി.ഒരു സ്ത്രീ വണ്ടി ഇടിച്ച് റോഡില്‍ ചോര വാര്‍ന്നു കിടക്കുന്നു.ഞാന്‍ ഓടിച്ചെന്ന് അവരെ താങ്ങി എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു.ബോധമില്ല.ആരും സഹായിക്കുന്നില്ല.എനിക്ക് കന്നഡ ഭാഷയും നന്നായി അറിയില്ല.ആശുപത്രിയിലേക്ക് എത്തിക്കാന്‍ , സഹായിക്കാന്‍ ഞാന്‍ ഇംഗ്ലീഷില്‍ പറഞ്ഞു നോക്കി..ചുറ്റുമുള്ളവര് എല്ലാം എന്നെ തുറിച്ച് നോക്കിയതല്ലാതെ അനങ്ങിയില്ല..ചിലരൊക്കെ വലിയാനും തുടങ്ങി.ഭാഗ്യത്തിന് ഒന്നു രണ്ടു പേര് അറച്ച് അറച്ച്  മുന്‍പോട്ടു വന്നു.ആ ഗ്യാപ്പിലൂടെ കടന്നു പോകാന്‍ ശ്രമിച്ച ഒരു ഓട്ടോക്കാരനെ ആള്‍ക്കാര്  ബലമായി നിര്‍ത്തിച്ചു.ഞാന്‍ ഓട്ടോയില്‍ ആദ്യം കയറി.അങ്ങനെ വേണ്ടി വന്നു എന്ന്‌ പറയുന്നതാണ് ശരി..അവരെല്ലാം കൂടെ ആ സ്ത്രീയെ എന്റെ മടിയിലേക്ക് കിടത്തി.കാലുകള്‍ വളച്ച് ഓട്ടോയുടെ സീറ്റിലേക്ക് കയറ്റി വച്ചു.ഞാന്‍ ഒന്നു പകച്ചു.അവര്‍ക്ക് ജീവനുണ്ട്.പക്ഷെ ഒറ്റയ്ക്ക് എങ്ങനെ?എങ്ങോട്ട്?
 
മടിയില്‍ കിടന്ന അവരെ ഞാന്‍ ഒരു കൈ കൊണ്ടു താങ്ങി പിടിച്ചു.മറു കൈ കൊണ്ടു അവരുടെ കാലുകള്‍ സീറ്റിനു താഴേക്ക്  പോകാതെയും പിടിച്ചു.ഓട്ടോക്കാരന് കന്നടയില്‍ ചീത്തപറയുന്നതും പ്രാകുന്നതും ഞാന്‍ കണ്ടില്ലന്ന് നടിച്ചു. അവരുടെ മൂക്കിനു മേലെ വിരല്‍ വച്ചു നോക്കി.ശ്വാസം ഉണ്ട്.എങ്ങാനും അത് നിലച്ചാല്‍..?????ഓട്ടോ  ഓടിക്കൊണ്ടേയിരുന്നു.
എനിക്ക്‌ പേടി തോന്നി..ദൈവമേ ഒന്നും വരുത്തരുതേ...പെട്ടെന്നാണ്..എനിക്കെന്തോ ഒരു പ്രത്യേകത തോന്നിയത്..അവരുടെ മൂക്കിനു താഴെ ഒന്നു കൂടി ഞാന്‍ വിരല്‍ വച്ചു നോക്കി.പരുപരുത്ത രോമങ്ങള്‍ ഉള്ളത് പോലെ..ശരീരം വളരെ ഉറച്ചതും ഭാരമുള്ളതുമാണെന്ന് ഞാന്‍ ശ്രദ്ധിച്ചു.ഊര്‍ന്നു പോയ അവരുടെ സാരി ഞാന്‍ പിടിച്ച്  നേരേ വച്ചു. അന്നേരം.. അന്നേരം,ഒരു തിരിച്ചറിവില്‍ ഞാന്‍ പതറിപ്പോയി..എന്റെ മടിയില്‍ കിടക്കുന്നത് ഒരു സ്ത്രീയല്ല..പുരുഷനുമല്ല..ഒരു ഹിജഡയാണ്.ഹിജഡ..!!!!!!!!!!
 
ആള്‍ക്കാര്‍ പരിഹാസത്തോടെ മാത്രം കാണുന്ന ഈശ്വരന്റെ സൃഷ്ടിയിലെ ചില കൈതെറ്റുകള്‍.ബാംഗ്ലൂര്‍ വന്ന ശേഷം ഇത്തരക്കാരെ ഒരുപാട് കണ്ടു.എനിക്കും പേടിയും കൌതുകവും ആയിരുന്നു ആദ്യമൊക്കെ..പുറത്തു വച്ച് കണ്ടാല്‍ ഞാന്‍ അതിശയത്തോടെ  നോക്കുമ്പോളെല്ലാം ഏട്ടന്‍ വിലക്കും-അമ്മു, വേണ്ട തുറിച്ച് നോക്കല്ലേ..അവര് ചീത്തവിളിച്ചേക്കും..എന്ന്‌. പേടിയോടെ ആണെങ്കിലും ഞാന്‍ ഒളികണ്ണിട്ട് പിന്നെയും നോക്കും.
 
ഞാന്‍ വീണ്ടും ആ മുഖത്തേക്ക് നോക്കി.വല്ലാണ്ട് മേക്കപ്പ് ചെയ്ത മുഖം..തല പൊട്ടി ഒലിക്കുന്നു..കൈയില്‍ നിന്നും ചോര വരുന്നു..
 
എന്റെ ഭയം വര്‍ദ്ധിച്ചു.അന്യനാട്.ഭാഷയും അറിയില്ല.എന്തൊക്കെ പൊല്ലാപ്പാണോ വരുന്നത്.. അതിന്റെ കൂടെ ആള് ഹിജഡയും..എന്റെ ഉള്ളിലെ കരുണയെ ഭയവും ആശങ്കയും മൂടി കളഞ്ഞു.എന്നിട്ടും അവരെ താങ്ങിപ്പിടിച്ചിരുന്ന എന്റെ കൈ അയഞ്ഞില്ല.ആ ഞെട്ടല്‍ തീരും മുന്‍പേ ഹോസ്പിറ്റലില്‍ എത്തി.അത്യാഹിതവിഭാഗത്തില്‍  ചെന്നു നിന്നതും പുറത്ത് നിന്ന ആരൊക്കെയോ ഒരു ട്രോളി കൊണ്ടു വന്നു. അവരെ അതില്‍ കയറ്റിയിട്ട് ഞാന്‍ ഇറങ്ങിയതും,ഓട്ടോക്കാരന്‍ വണ്ടി വിട്ടു പുറത്തേക്ക് ഒറ്റ പോക്ക് .ട്രോളി ഉള്ളിലേക്ക് നീങ്ങി.ഒരു നേഴ്സ് എന്നോട് അകത്തേക്ക് ചെല്ലാന്‍ പറഞ്ഞു.അപകടമാണോ?പോലീസില്‍ അറിയിച്ചോ?അല്ലാതെ ഇവിടെ എടുക്കാനാകില്ല എന്നൊക്കെ പറഞ്ഞു..ഇവര്‍ എടുത്തില്ലെങ്കില്‍ ഞാന്‍ ഇനി വേറെ എവിടെ കൊണ്ടു പോകാനാണ്? കൊണ്ടു വന്ന ഓട്ടോക്കാരനും പോയി. എനിക്ക് സ്ഥലവും അറിയില്ല.ഞാന്‍ എന്റെ പോക്കെറ്റില്‍ മൊബൈല്‍ നോക്കി..ദൈവമേ അത് വണ്ടിക്കുള്ളിലെ ബാഗിലാണ്. ആശുപത്രിക്കാര്, അവരെന്നെ അനങ്ങാനും വിടുന്നില്ല.ഞാനും രോഗിയെ ഇട്ടിട്ട് പൊയ്ക്കളഞ്ഞാലോ..? അതാണ് അവരുടെ പേടി..
 
എനിക്ക്‌ ശരീരം മുഴുവനും തളരുന്ന പോലെ തോന്നി.എന്റെ വെള്ള ടോപ്പ്  മുഴുവന്‍ ചോരയാണ്.അതിന്റെ ഗന്ധത്തില്‍ ഓക്കാനം വന്നു.ഞാന്‍ ആ ട്രോളിയിലേക്ക് നോക്കി.ഒരു തീരുമാനം ആകാതെ അവരെ പ്രവേശിപ്പിക്കില്ല എന്ന്‌ മനസിലായി.
പെട്ടെന്നാണ് അവര്‍ക്ക് ബോധം വീണത്‌.ട്രോളിയില്‍ കിടന്നു കൊണ്ട് കണ്ണ് ഒന്നു വട്ടം ചിമ്മിത്തുറന്നു.അസഹനീയമായ വേദനയില്‍ അവര്‍ പുളഞ്ഞു.ഉറക്കെ ഉറക്കെ നിലവിളിച്ചു.പരുഷമായ ശബ്ദം..വികൃതമായ ശബ്ദം..ഞാന്‍ അന്തിച്ചു പോയി..കണ്ടു നില്‍ക്കുന്നവരും വിളികേട്ട്‌ ഓടി വന്നരും എല്ലാം അത്ഭുതജീവിയെ പോലെ നോക്കുകയാണ് അവരെ..ആ ഹിജഡയെ..ഒരു മാനുഷിക പരിഗണന പോലുമില്ലാതെ ചിലര്‍ ചിരി അടക്കുന്നു.
 
ഞാന്‍ ട്രോളിക്ക് അടുത്തേക്ക് ഓടിച്ചെന്നു.കട്ടപിടിച്ചു തുടങ്ങിയ ചോരച്ചാലുകള്‍ ഒന്നുകൂടി ശക്തി പ്രാപിച്ച്‌ ആ നെറ്റിയിലൂടെ ഒഴുകുന്നു...അത് കണ്ണിലേക്ക് ഒഴുകിപ്പടരാതെ ഞാന്‍ എന്റെ കൈ കൊണ്ടു തട വച്ചു.വല്ലാത്ത ഏങ്ങലോടെ അവര്‍ എന്റെ കൈത്തണ്ടയില്‍ അള്ളിപ്പിടിച്ചു..
 
സമയം വൈകുംതോറും അവരുടെ ജീവന്‍ അപകടമാണ്..ഞാന്‍ എല്ലാം മറന്ന് ഭ്രാന്ത് പിടിച്ച പോലെ പൊട്ടിത്തെറിച്ചു.അവരെ ഉള്ളിലേക്ക് എടുക്കാന്‍.ഉള്ളില്‍ നിന്നും ഒരു ഡോക്ടര്‍ എന്ന്‌ തോന്നിക്കുന്ന ആള്‍ എത്തി.കാര്യം തിരക്കി.
"പേര്‍സണല്‍ റിസ്ക്‌ എടുക്കാമോ?" എന്നോട് ചോദിച്ചു.
എന്റെ മറുപടിയില്‍ തൂങ്ങി കിടക്കുന്ന ഒരു ജീവന്‍..എനിക്ക്‌ ചിന്തിക്കാന്‍ ഉണ്ടായില്ല മറ്റൊന്നും.ഞാന്‍ റെഡിയാണ് എന്ന്‌ പറഞ്ഞതും അടുത്ത ചോദ്യം- "ഐഡന്റിറ്റി കാര്‍ഡ്‌ ഉണ്ടോ?"ഞാന്‍ പാന്‍സിന്റെ പോക്കെറ്റില്‍ നിന്നു പേഴ്സ് വലിച്ചെടുത്തു.ലൈസന്‍സ്  കാര്‍ഡ്‌ എടുത്തു നീട്ടി.അയാള്‍ അത് വാങ്ങി നോക്കി..
-"അമ്മു അശോക്‌..ലോക്കല്‍ അഡ്രസ്‌പ്രൂഫ്‌ കൂടെ വേണം.."
അതില്‍ എന്റെ കേരള അഡ്രസ്‌ ആയിരുന്നു ഉണ്ടായിരുന്നത്. കര്‍ണാടക അഡ്രസ്സിനു വേണ്ടി ഞാന്‍ ഉടുപ്പില്‍ ക്ലിപ്പ് ചെയ്തിരുന്ന ഓഫീസ് ഐഡന്റിറ്റി കാര്‍ഡും എടുത്തു കൊടുത്തു.
-"MNC id  കാര്‍ഡ്‌ ആണ്.അല്ലേ..ഫൈന്‍.." അയാള്‍ അത് രണ്ടും വാങ്ങി വച്ചു. അതോടൊപ്പം അവരെ കിടത്തിയിരുന്ന ട്രോളി ഉള്ളിലേക്ക് പോകുന്നതും ഞാന്‍ കണ്ടു.
 
പത്തിരുപത് മിനിട്ടിനകം എന്റെ മുന്നില്‍ വലിയ ഒരു ഫോം എത്തി.അത് കൊണ്ട് വന്ന നേഴ്സ് അറിയിച്ചു,രോഗിയുടെ തലയില്‍ ബ്ലീഡിംഗ് നില്‍ക്കുന്നില്ല.എമര്‍ജന്‍സി ഓപ്പറേഷന്‍ വേണം.അതിനാണ് ഈ ഫോമുകള്‍..എല്ലാം പൂരിപ്പിക്കണം. ഓപ്പറേഷന് കാശ് അടയ്ക്കണം..പുറത്ത് നിന്നു ചില മരുന്നുകള്‍..അവര്‍ക്ക് അതിനുശേഷം ധരിക്കാനുള്ള വസ്ത്രങ്ങള്‍..എല്ലാം വാങ്ങണം..പെട്ടെന്ന് എല്ലാം റെഡി ആക്കണം.എന്റെ മുന്നില്‍ ആ ഫോം വച്ചും തന്നു പൂരിപ്പിക്കാന്‍.ടെന്‍ഷന്‍ കാരണം എനിക്ക്‌ ഒന്നും കാണാന്‍ വയ്യ..പേന കൈയില്‍ നില്‍ക്കുന്നില്ല..ശരീരം വിയര്‍പ്പില്‍ കുളിച്ചു,..തലയ്ക്കകത്ത് ഒരായിരം വണ്ടുകള്‍ മൂളുന്ന പോലെ..എന്തു ചെയ്യണമെന്നോ തീരുമാനിക്കണമെന്നോ ഒന്നും അറിയില്ല..
 
ഞാന്‍ നേഴ്സ്നെ നോക്കി.-"കാശ് എത്ര വേണം? എനിക്കൊന്നു ഫോണ്‍ ചെയ്യണം.."
അവര്‍ തിരിച്ച് എന്നെ സഹതാപത്തോടെ നോക്കി.
-"ബില്ല് പിന്നീട് അടച്ചാല്‍ മതി..എന്നാലും ഒരു അഡ്വാന്‍സ്‌ വേണം.."
ഭാഗ്യം..അവര്‍ പറഞ്ഞ അത്രേം കാശൊക്കെ അകൌണ്ടില്‍ കാണും.ഓപ്പറേഷന്‍ നടക്കട്ടെ..ആ  ജീവന്റെ ഉത്തരവാദിത്തം ഇപ്പോ എന്റെ തലയിലും കൂടെ ആണ്.
-"എനിക്കൊന് ഫോണ്‍ ചെയ്യാന്‍.."
-"എനിക്ക്‌ ഡ്യൂട്ടി ടൈമില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ കഴിയില്ല.."അവര്‍ പറഞ്ഞു.
 
പെട്ടെന്ന് എന്റെ പിന്നിലൂടെ ആരോ വന്നതും അയാളുടെ അടുത്തേക്ക് നേഴ്സ് പോയി.. എന്റെ ശ്രദ്ധ പിന്നെയും ഫോമിലായി.. പൂരിപ്പിക്കാന്‍ തുടങ്ങവേ ഫോമിന്റെ മുന്നിലേക്കായി ഒരു മൊബൈല്‍ ഫോണ്‍ നീണ്ടു.എന്റെ നോട്ടം..ഫോമില്‍ നിന്നു ആ ഫോണിലേക്കു വീണു. പിന്നീട്, അത് പിടിച്ചിരിക്കുന്ന..വെളുത്ത വിരലുകളിലൂടെ.. നവരത്നം പതിച്ച മോതിരത്തിലൂടെ..ഫുള്‍ സ്ലീവ് ഷര്‍ട്ട് ഇട്ട കൈയിലൂടെ തിളങ്ങുന്ന കണ്ണുള്ള ഒരു മുഖത്തേക്ക്  പാറി വീണു.
 
"ഡോക്ടര്‍ അനൂപ്‌ .."സ്വയം പരിചയപ്പെടുത്തലിന്റെ കൂടെ ഒന്നു കൂടി മൊബൈല്‍  നീട്ടി..അതോടൊപ്പം ആ നേഴ്സ് പറഞ്ഞിട്ടാണെന്നും കൂട്ടിച്ചേര്‍ത്തു.ഞാന്‍ അത് വാങ്ങി വീട്ടിലേക്ക്‌ വിളിച്ചു.ഓഫീസില്‍ പെട്ടെന്ന്  മീറ്റിംഗ് വച്ചെന്നും എനിക്ക് മടങ്ങി അങ്ങോട്ട് തന്നെ പോകേണ്ടി വന്നെന്നും ധരിപ്പിച്ചു.മറ്റൊന്നും ഞാന്‍ പറഞ്ഞില്ല.വെറുതെ എന്തിനാ അവരെകൂടി..?അമ്മയുടെ മറുപടി എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.പെണ്ണ് കാണാന്‍ വരുന്നവര്‍ വൈകുന്നേരം വരാം എന്ന്‌ അറിയിച്ചത്രേ...അതും സമാധാനം.. ഞാന്‍ ഫോണ്‍ തിരികെ ഏല്‍പ്പിച്ചു.ഫോണിലൂടെ ഉള്ള എന്റെ സംസാരം കേട്ടിട്ടാകണം, 'മലയാളി ആണല്ലേ?' എന്ന ചോദ്യം മലയാളത്തില്‍ വന്നു,ഫോണിന്റെ  ഉടമസ്ഥനില്‍ നിന്നും...! അയാളുടെ നോട്ടം എന്റെ ചോര പുരണ്ട വസ്ത്രത്തിലാണെന്നു ഞാന്‍ ശ്രദ്ധിച്ചു. ഒന്നു മൂളിയിട്ട് ഞാന്‍ ഫോമിലേക്ക് പിന്നെയും തിരിഞ്ഞു.
 
രോഗിയുടെ പേര് എഴുതേണ്ട സ്ഥലം..ദൈവമേ..ഒരു ചേച്ചിയുടെ പേരാണോ ചേട്ടന്റെ പേരാണോ എഴുതേണ്ടത്?ഇലയ്ക്കും മുള്ളിനും കേടില്ലാതെ രണ്ടും കല്‍പ്പിച് ഞാന്‍ എഴുതി.."കൃഷ്ണ",വയസ്-30 ,സെക്സ്-???അവിടെ ഞാന്‍ പെട്ടു.എന്തെഴുതും?അത് ഞാന്‍ എഴുതിയില്ല..പിന്നെയും ഊഹിച്ച് പല കോളങ്ങളും ഞാന്‍ പൂരിപ്പിച്ചു..അതൊന്നും സാരമില്ല എന്റെ വിവരങ്ങള്‍ എല്ലാം ശരി ആയി രേഖപെടുത്താന്‍  നേഴ്സ് പറഞ്ഞു.താഴെ എന്റെ അഡ്രസ്‌ , പേര്, ഫോണ്‍ നമ്പര്‍..പലയിടത്തും എന്റെ ഒപ്പുകള്‍.. അവസാനം അതും കൊണ്ട് ഞാന്‍ കാശ് അടയ്ക്കാന്‍ പോയി..ഒപ്പം ആ നേഴ്സും വന്നു.. എന്റെ പേഴ്സില്‍ നിന്നു ബാങ്ക്കാര്‍ഡും പിന്‍ നമ്പരും ഞാന്‍ കൊടുത്തു. അതെല്ലാം ശരി ആയി.മരുന്നുകളും ഡ്രെസ്സും പുറത്ത് റോഡ്‌ ക്രോസ് ചെയ്തു പോയി വാങ്ങാന്‍ നേഴ്സ് പറഞ്ഞു.അവിടെ ആണ് കടകള്‍ ഉള്ളത്.
 
അന്നേരം മാത്രമാണ് എനിക്കൊന്നു ശ്വാസം വിടാന്‍ സാധിച്ചത്.തിരിഞ്ഞു നോക്കുമ്പോള്‍ ആ നേഴ്സ് ആശുപത്രി പടിക്കല്‍ എന്നെ നോക്കി നില്ക്കുന്നുണ്ട്.എനിക്ക്‌ ചിരി വന്നു.ഞാന്‍ എന്താ ഓടിക്കളയുമോ?മെഡിക്കല്‍ ഷോപ്പില്‍ കയറി മരുന്നുകള്‍ ആദ്യം വാങ്ങി.അവിടെയും ബാങ്ക് കാര്‍ഡ്‌ തന്നെ കൊടുത്തു.തൊട്ടടുത്ത ചെറിയ തുണിക്കടയില്‍ കയറി.എന്റെ വസ്ത്രത്തിലെ ചോര കണ്ട് അവര്‍ ഒന്നു പതറി നോക്കി. ഞാന്‍ അത് കാര്യമാക്കിയില്ല.എന്തു വസ്ത്രമാണ് വങ്ങേണ്ടത്?ആണിനുള്ളതോ പെണ്ണിന്ഉള്ളതോ?ഞാന്‍ അവിടെ തൂക്കി ഇട്ടിരുന്ന ഒരു നൈറ്റി ചൂണ്ടി കാണിച്ചു.അതും വാങ്ങി ഹോസ്പിറ്റലിലേക്ക് ഓടി..എല്ലാം ആ നേഴ്സ്നെ ഏല്‍പ്പിച്ചു. അവരെന്നെ ഓപ്പറേഷന്‍  റൂമിന് അടുത്തേക്ക് കൊണ്ടു പോയി.."കൃഷ്ണ" യെ ഉള്ളില്‍ പ്രവേശിപ്പിച്ചു കഴിഞ്ഞിരുന്നു.. എനിക്കൊന്ന് കാണാന്‍ തോന്നി അവരെ.. എന്താണെന്നറിയില്ല..ഒന്നു കാണാന്‍ വല്ലാത്ത ആഗ്രഹം തോന്നി. നേഴ്സ്നോട്‌  പറഞ്ഞപ്പോള്‍..പെട്ടെന്ന്  ഒന്നു കയറി നോക്കാന്‍ അനുവാദം തന്നു.
 
ഉള്ളില്‍..ഞാന്‍ കണ്ടു..എന്റെ മടിയില്‍ മരണത്തോട് മല്ലടിച്ച് കിടന്ന ജീവന്‍..ഒരു വലിയ ടേബിളില്‍..വെളുത്ത പുതപ്പിനുള്ളില്‍..തലയില്‍ ഒരു ക്യാപ് ഉണ്ട്.മുടി എല്ലാം നീക്കം ചെയ്തിരിക്കുന്നു എന്നെനിക്ക് തോന്നി.തലയ്ക്കാണ് പരിക്ക്.ആ കാലില്‍ ഞാന്‍ ഒന്നു തൊട്ടു..പ്രാര്‍ഥിച്ചു.'നീ ആരായാലും..എനിക്ക്‌ വേണ്ടി നീ തിരിച്ചു വരണം'-മനസ് കൊണ്ടു ഞാന്‍ അപേക്ഷിച്ചു.എനിക്ക്‌ വല്ലാത്ത ഒരു വിഷമം വന്നു.എന്റെ ആരുമല്ല ഇത്..എന്നിട്ടും എനിക്ക്‌ കരച്ചില് വരുന്നതെന്തേ?ഞാന്‍ കണ്ണ് തുടച്ചു. അടുത്ത് നിന്ന്‌ ആശുപത്രി യൂണിഫോമില്‍ മുഖം മറച്ച ഒരാള്‍ എന്നെ ശ്രദ്ധിക്കുന്നതായി കണ്ടു..ആ തിളക്കമുള്ള കണ്ണുകള്‍ പെട്ടെന്ന്  മൊബൈല്‍ വച്ചുനീട്ടിയ കൈകളെ ഓര്‍മിപ്പിച്ചു.ഞാന്‍ വേഗം പുറത്തിറങ്ങി.
 
മരുന്നിന്റെയും ചോരയുടെയും ഗന്ധവും ക്ഷീണവും കൂടി എനിക്ക്‌ തലചുറ്റി.മുഖം കഴുകാന്‍ തൊട്ടടുത്ത വാഷിംഗ്‌ ഏരിയായില്‍ എത്തിയപ്പോഴേക്കും ഞാന്‍ ഛര്‍ദ്ധിച്ചു.എന്റെ കുടല് വരെ വെളിയില്‍ വരുമെന്ന് തോന്നിപോയ നിമിഷങ്ങള്‍..തറയില്‍ കുത്തിയിരുന്നു വയര്‍ അമര്ത്തി പിടിച്ചു..ശരീരത്തില്‍ നിന്നും രക്തവും മാംസവും വേര്‍പെട്ട് പറിഞ്ഞു വരുന്നത് പോലെ..അങ്ങനേ ഇരുന്നു..അല്‍പ നേരം.. ശരീരത്തിലെ ബാക്കി ഉള്ള എല്ലാ ഊര്‍ജവും ആവാഹിച്ച്‌ എഴുന്നേറ്റ് നിന്നു..മുഖം കഴുകി..ചുവരില്‍ പിടിച്ചു പിടിച് സിറ്റിംഗ് ഏരിയയില്‍ വന്നിരുന്നു. മൂന്ന് മണിക്കൂറോളം പുറത്ത് അതേ ഇരുപ്പ് .ഇടയ്ക്ക് ആ ഇരുപ്പില്‍ ഒന്നു മയങ്ങിപോയി..ഒരു നേഴ്സ് എന്നെ തട്ടി വിളിച്ചു.ഡോക്ടര്‍ വിളിക്കുന്നു എന്ന്‌ പറഞ്ഞു.
 
അവര്‍ക്കൊപ്പം ഡോക്ടര്‍ അനൂപ്‌ ദാസ്‌ എന്ന നയിം ബോര്‍ഡ് വച്ച റൂമില്‍ കയറുമ്പോള്‍ ആശ്വാസം തോന്നി...ആ മൊബൈല്‍ ഡോക്ടര്‍.. ഒന്നുമില്ലെങ്കിലും മലയാളി അല്ലേ.. 'കൃഷ്ണ'ക്ക് കുഴപ്പം ഒന്നും ഇല്ലന്നും ബോധം തെളിയും വരെ icu -വില്‍ കിടത്തണമെന്നും അയാള്‍ അറിയിച്ചു.എനിക്ക്‌ വല്ലാത്ത സന്തോഷവും ആശ്വാസവും തോന്നി.ആക്സിഡന്റ് കേസുകളില്‍ പണം അടക്കാന്‍ ആരും തക്ക സമയത്ത് കാണില്ല എന്നത് കൊണ്ടാണ് ഇവിടെ എടുക്കാന്‍ മടിച്ചതെന്ന്  പറഞ്ഞു. സ്വകാര്യ ആശുപത്രി അല്ലേ , പിന്നെ എന്തെങ്കിലും ജീവഹാനി വന്നാലും ആശുപത്രിക്കാര്  പെടും എന്ന്‌.എനിക്ക് സന്തോഷം തോന്നി. -ഞാന്‍ അധ്വാനിച്ച കാശു കൊണ്ട് ഒരു ജീവന്‍ താങ്ങി നിര്‍ത്താന്‍ കഴിഞ്ഞു ..
 
ഡോക്ടര്‍ തുടര്ന്നു:
-"തനിക്കിനി വേണമെങ്കില്‍ പോകാം.ഇത്തരക്കാര്‍ക് ഇവിടെ സംഘടന  ഒക്കെ ഉണ്ട്.ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്.ഇപ്പോള്‍ തന്നെ ആളെത്തും.പോലീസില്‍ അറിയിച്ചില്ല... അതിനു ഞാന്‍ അനുവദിച്ചില്ല.'കൃഷ്ണ' രക്ഷപ്പെടുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.ഒരു പെണ്‍കുട്ടിയെ ഇനി പോലീസുകാര്‍ക്ക് മുന്നില്‍ ചോദ്യം ചെയാന്‍ വിട്ടു കൊടുക്കണ്ടല്ലോ എന്ന്‌ കരുതി, ഈ കേസിന്റെ ചാര്‍ജ് ഉള്ള ഡോക്ടര്‍ എന്ന നിലയില്‍ അത് എന്റെ റിസ്ക്‌ ആയി ഞാന്‍ അങ്ങ് എടുത്തു.മരുന്ന് വാങ്ങാനും കാശടയ്ക്കാനുമുള്ള ഓട്ടം ഞാന്‍ കണ്ടായിരുന്നു. താന്‍ ഒരാള് കാരണം..ഇന്ന് ഓഫ്‌ ഡേ ആയിരുന്ന എനിക്ക്‌ എമെര്‍ജെന്‍സി ആയി വരേണ്ടി വന്നു..അറിയുവോ?മറ്റുള്ളവര്‍ ആരും ഇത് പോലെ ഉള്ള പുലിവാലുകള്‍ ഏറ്റെടുക്കില്ല.മെഡിക്കല്‍ എത്തിക്സ് ശരിയായി ഫോളോ ചെയ്യുക എന്നൊരു ദുര്ശീലം എനിക്കുണ്ട്.." ചിരിച്ചു കൊണ്ട് ഇത് പറയുമ്പോള്‍ ഡോക്ടര്‍ ഫ്ലാസ്കില്‍  നിന്ന്‌ ഒരു ചായ എനിക്ക്‌ ഒഴിച്ചു തന്നു.
 
-"ഒഹ്..താങ്ക്സ്..ഇത് ഏറ്റെടുക്കാന്‍ തോന്നിയ മനസിന്‌..പിന്നെ..ഇതിന്റെ കൂടെ ശരിക്കും ഒരു പോലീസ് എന്ക്വയറി കൂടെ ഞാന്‍ താങ്ങില്ലായിരുന്നു..താങ്ക്സ് എലോട്ട്.." -ഞാന്‍ പറഞ്ഞു.
-"താന്‍ എങ്ങനെ ശരിക്കും ഇതില്‍ പെട്ടു?"
-"ശരിക്കും യാദൃശ്ചികമായിരുന്നു ഡോക്ടര്‍.." ഞാന്‍ അന്നത്തെ ദിവസം സംഭവിച്ചത് മുഴുവന്‍ പറഞ്ഞു.
-"ഞാന്‍ കരുതി..താനും..ഇവരുടെ കൂട്ടത്തിലെ ആണെന്ന് .."ഡോക്ടര്‍ എന്നെ കുസൃതിയോടെ നോക്കി ചിരിച്ചു.ഞാനും ചിരിച്ചു.
-"വീട് CMH റോഡിലല്ലേ?ഞാന്‍ ആ വഴിക്ക് തന്നെയാണ് പോകുന്നത്.10 മിനിറ്റ് കാത്തു നിന്നാല്‍ ഞാന്‍ ലിഫ്റ്റ്‌ തരാം.ഈ ചോര പുരണ്ട ഡ്രസ്സ്‌മായി പുറത്ത് ഒറ്റയ്ക്ക് പോകേണ്ട." അത് ശരിയാണെന്ന് എനിക്കും തോന്നി.ഒരു നന്ദി വാക്കിലൂടെ ഞാന്‍ ആ ഓഫര്‍ സ്വീകരിച്ചു.
 
ആ പത്ത് മിനിറ്റില്‍ ഞാന്‍ കൃഷ്ണയെ ഒന്നു കൂടി പോയി കണ്ടു..ICU ന്‌ പുറത്തുള്ള വാതിലില്‍ കൂടെ.നാളെ രാവിലെ ഒന്നു കൂടി വരണം എന്ന്‌  മനസില്‍ ഉറപ്പിച്ചു. ഡോക്ടറോടൊപ്പം കാറില്‍ ഇരിക്കുമ്പോഴും ഞാന്‍ ഒന്നും സംസാരിച്ചതേയില്ല.എന്റെ മനസില്‍ കൃഷ്ണ നിറഞ്ഞു നിന്നു.സമയം ഉച്ച തിരിഞ്ഞു വൈകുന്നേരത്തോട്‌ അടുക്കുന്നു.ഗസ്റ്റ്‌ വരാന്‍ സമയം ആകുന്നു. വീടിനടുത്തെ റോഡില്‍ ഞാന്‍ ഇറങ്ങി..
-"താങ്ക്സ് ഡോക്ടര്‍.." ഞാന്‍ പറഞ്ഞു.
-"എന്റെ പേര് അനൂപ്‌ എന്നാണ്.." ആ കണ്ണുകളില്‍ വീണ്ടും കുസൃതി മിന്നി..
-"ഓക്കേ..താങ്ക്സ് അനൂപ്‌..നാളെ കാണാം.." ഞാന്‍ കൈ കൊടുത്തു..
-"ഉം..അവര്‍ക്ക് ബോധം വീണിട്ടില്ല..അതുവരെ നമ്മള്‍ രണ്ടാളും റിസ്കിലാണ്.." 
ഡോക്ടറുടെ സ്വരത്തിലെ തമാശ മായ്ഞ്ഞു.ആ മുഖത്തെ അതേ ഭാവം എന്റെ
മുഖത്തേയ്ക്കും പടര്‍ന്നു-നേരിയ ഭയം..!!
  
വീട്ടില്‍ ചെന്നു കയറിയപാടെ..അമ്മ ചോദ്യശരങ്ങളുമായി എത്തി.എന്റെ മൊബൈലില്‍ ഇത്ര നേരവും വിളിച്ചിട്ട് കിട്ടിയില്ല..അതാണ് കാരണം.എന്റെ ഉടുപ്പിലെ ചോരക്കറ കണ്ടു പിന്നീട് കരച്ചിലോളമായി..എല്ലാപേരെയും പിടിച്ചിരുത്തി ഞാന്‍ നടന്നതെല്ലാം പറഞ്ഞു.റോഡില്‍ പാര്‍ക്ക്‌ ചെയ്തിരുന്ന എന്റെ വണ്ടി എടുക്കാന്‍ അനിയനെ ഏല്‍പ്പിച്ചു.പിന്നീട്  ഒരു കുളി..ആഹാരം...ചെറിയ ഒരു മയക്കം..
 
സമയം 5 ആയി..
മുറ്റത്ത് കാറുകള്‍ വന്നു നില്‍ക്കുന്നതിന്റെയും താഴത്തെ ഹാളില്‍ ആള്‍ക്കാര് വന്നു കയറുന്നതിന്റെയും ഒച്ച ഞാന്‍ കേട്ടു.ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണല്‍.. മുകളിലെ മുറിയില്‍ നീലയില്‍ സ്വര്‍ണ്ണപ്പൂക്കള്‍ തുന്നി പിടിപ്പിച്ച സാരിയില്‍ ഞാന്‍ ഒരുങ്ങി കഴിഞ്ഞിരുന്നു.അതിനകം ഞാന്‍ ഹോസ്പിറ്റലിലേക്ക് ഒരു തവണ വിളിച്ച് കൃഷ്ണയുടെ കാര്യം തിരക്കാനും മറന്നില്ല.അവര്‍ക്ക് ഒന്നു രണ്ടു വട്ടം ബോധം വന്നു എന്നറിയാന്‍ കഴിഞ്ഞു.അവരുടെ ആള്‍ക്കാര് എത്തിയിട്ടുമുണ്ട്.ഇനി പേടിക്കാനൊന്നുമില്ല.എന്റെ സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറത്തായി.എന്റെ പരിശ്രമം ,കഷ്ടപാട് എല്ലാം ഭലം കണ്ടിരിക്കുന്നു..അനൂപ്‌ ഡോക്ടരുടെ നമ്പര്‍ വാങ്ങി വയ്ക്കാതിരുന്നതില്‍ എനിക്ക്‌ സങ്കടം തോന്നി. അയാള്‍ക്ക് അന്നേരം വന്നു അത് ഏറ്റെടുക്കാന്‍ തോന്നിയില്ലായിരുന്നെങ്കില്‍....??ടെന്ഷനിലും വെപ്രാളത്തിലും എന്റെ പേര് പോലും പറയാന്‍ സാധിച്ചില്ല. ഒരുപാട് സഹായിച്ചതായിരുന്നു.ഈ സന്തോഷം ഒന്നു പങ്കു വയ്ക്കാന്‍ മനസ് വല്ലാതെ വെമ്പല്‍ കൊണ്ടു. ഹോസ്പിറ്റലില് വിളിച്ചാല്‍ ചിലപ്പോള്‍ നമ്പര്‍ കിട്ടിയേക്കും...
 
ഞാന്‍ അതിനു ശ്രമിക്കാന്‍ തുടങ്ങിയപ്പോള്‍ അമ്മയുടെ വിളി എനിക്കായി വന്നു.. കൈയില്‍ പിടിപ്പിച്ച ചായ ട്രേയുമായി നേരിയ ഭയത്തോടെ ഞാന്‍ ഹാളിലേക്ക്..ട്രേ എല്ലാപേര്‍ക്കും നീട്ടി.എല്ലാ കണ്ണുകളും എന്നിലാണെന്ന് മനസിലായത് കൊണ്ട് ഞാന്‍ ആരുടേയും മുഖത്ത് നോക്കിയില്ല.ചായക്കപ്പുകളിലെ ഓളങ്ങളില്‍ ആയിരുന്നു എന്റെ നോട്ടം..മനസ്‌,കൃഷ്ണയുടെ അരികിലും..എങ്ങനെ ഡോക്ടറെ നന്ദി അറിയിക്കാം-എന്ന കാര്യത്തിലും..
 
അവസാനത്തെ ഒരു കപ്പു ചായ കൂടി ഞാന്‍ നീട്ടി..
 
കപ്പിലേക്ക് നീണ്ട വെളുത്ത വിരലുകളിലേക്ക് എന്റെ നോട്ടം അറിയാതെ വീണു..അതില്‍ നിന്നും നവരത്നം പതിച്ച മോതിരത്തിലെക്കും ഫുള്‍സ്ലീവ് ഷര്‍ട്ടിലേക്കും..തിളങ്ങുന്ന കണ്ണുകള്‍ ഉള്ള ഒരു മുഖത്തേക്കും..എന്റെ കണ്ണിലെ അതേ അമ്പരപ്പ് ഞാന്‍ അവിടെയും കണ്ടു..ഞാന്‍ എന്റെ മുറിയിലേക്ക് പോന്നു.യാദൃശ്ചികമായി ഉള്ള ആ കൂടിക്കാഴ്ചയുടെ അമ്പരപ്പിലായിരുന്നു ഞങ്ങള്‍..ഹാളിലെ ചര്‍ച്ചകളില്‍  കൃഷ്ണയും.. ആശുപത്രിയും.. ഓഫ്‌ ഡേ ആയിട്ടും രാവിലെ കിട്ടിയ എമെര്‍ജന്സി കേസും അതേ തുടര്ന്നു ഈ ചടങ്ങ് വൈകുന്നേരത്തേക്ക് മാറ്റിയതും എല്ലാം നിറഞ്ഞു..
 
അവന്‍..ഡോക്ടര്‍ അനൂപ്‌ ദാസ്‌.. അവിടെ വിവാഹത്തിനു സമ്മതം അറിയിച്ചപ്പോള്‍..എന്റെ മനസ് ആശയക്കുഴപ്പത്തിലായി. --കൃഷ്ണയെ രക്ഷിച്ചതിനുള്ള നന്ദി വാക്കാണോ വിവാഹത്തിനുള്ള സമ്മതമാണോ ആദ്യം പറയേണ്ടത് എന്ന്‌ ..!!

2 comments:

  1. ha ha.. this is really a nice story..
    i enjoyed it.. whether this is a real incident? then it is more interesting :)

    ReplyDelete
  2. ശെരിക്കും സംഭവമാണോ? ഇതുവരെ എഴുതിയവ വായിച്ചതില്‍ നിന്നും ഇത് യഥാര്‍ത്ഥ സംഭവം ആണോ അത് കഥയാണോ എന്ന് മനസ്സിലവുനില, യഥാര്‍ത്ഥ സംഭവം ആണെങ്കില്‍ കൃഷണ യെ ആശുപത്രിയില്‍ എത്തിക്കാന്‍ കാണിച്ച മനസിന്‌, ആശുപത്രിയില്‍ എത്തിച്ച ശേഷം തന്റെ കടമ കഴിഞ്ഞു എന്ന് കരുതാതെ അവര്‍ അപകടനില തരണം ചെയുന്നത്വരെ കൂടെ നില്‍കാന്‍ തയാറായ അ മനസിന്‌ ഒരു ബിഗ്‌ സല്യുട്ട് , പിനെ തന്റെ പാതിയെ കണ്ടുമുട്ടിയതിനു അഭിനന്ദനങ്ങള്‍ , ആശംസകള്‍.
    കഥയാണെങ്കില്‍ ഡോകടര്‍ അനൂപ്നെ കണ്ടുമുട്ടിയതിനുശേഷമുള്ള ഭാഗങ്ങള്‍ മുന്കുട്ടി കാണാന്‍ വായനകാരന് സാധിക്കുന്നു എന്നത് ഒഴിച്ചാല്‍ വളരെ രസകരമായി വായിച്ചു പോക്കാന്‍ പറ്റുന്ന നല്ലൊരു കഥ ( കദഹ് എന്ന് പറയാമോ എന്നറിയില്ല )

    ReplyDelete

എഴുതുന്നത് എന്റെ ഇഷ്ടം..അഭിപ്രായങ്ങള്‍ നിങ്ങളുടെയും..