Friday, 2 September 2011

അച്ഛനും ഞാനും..

പ്രഭാതം..
  
വീട്ടില്‍ വല്യ ഉത്സവ പ്രതീതി ആയിരുന്നു അന്ന്. വെക്കലും ഒരുക്കലും ചിരിയും ബഹളവും..ഞാന്‍ എന്ന രണ്ടര വയസുകാരി കുഞ്ഞിക്കണ്ണുകള്‍ ചിമ്മി തുറന്നു..ഒന്ന് ചിണുങ്ങി നോക്കി..ചെറുതായി കരഞ്ഞു നോക്കി..ഇല്ല..വാരിയെടുക്കാന്‍ അമ്മ വരുന്നില്ല.. ആലോസരപ്പെട്ടു ഞാന്‍ പതുക്കെ എഴുന്നേറ്റ് ഇരുന്ന് കണ്ണ് തിരുമ്മി..പതുക്കെ ശ്രദ്ധിച്ചു..അമ്മയുടെ സ്വരം അടുക്കളയില്‍ നിന്നാണ്..നടുമുറി കഴിഞ്ഞു ഞാന്‍ അടുക്കളയിലേക്ക് നടന്നു..ആ നടക്കുന്ന ചെറിയ ദൂരത്തിനിടയില്‍ അമ്മായിയുടെ കൈകള്‍ എന്റെ കവിളത്ത് നുള്ളി.."അമ്മൂട്ടി എഴുന്നേറ്റോ????"എനിക്ക് വീണ്ടും ദേഷ്യം വന്നു..എന്റെ അമ്മ എവിടെ ???
എല്ലാപേര്‍ക്കും എന്താ ഇത്ര സന്തോഷം ഇന്ന്??എന്നെ ഒന്ന് എടുക്കാന്‍ പോലും ആരുമില്ലേ?
അടുക്കളയില്‍ ചെന്ന് അമ്മയെ പരിഭവിച്ച് ഒന്ന് നോക്കി..എന്നെ എടുക്കുന്നോ ഞാന്‍ കരയണോ എന്ന മട്ടില്‍..അമ്മയാകട്ടെ ജോലികള്‍ തുടന്നു കൊണ്ട് തന്നെ ""ആഹാ എഴുന്നേറ്റോ"എന്നൊരു ചോദ്യത്തില്‍ എന്നെ ഒതുക്കി..കൂടാതെ  ചെറിയമ്മായിയെ വിളിച്ച്  എന്നെ കുളിപ്പിചൊരുക്കാന്‍ ഏല്‍പ്പിച്ചു .ഞാന്‍ ദേഷ്യത്തോടെ നോക്കി നിന്നു.അമ്മ തിളക്കുന്ന എണ്ണയില് ഒരു പിടി കടുക് വാരി ഇട്ടു. അത് അവിടെ കിടന്നു പൊട്ടാന്‍ തുടങ്ങി.ഒപ്പം എന്റെ കുഞ്ഞു മനസിലും വീണ്ടും സങ്കടം പൊട്ടാന്‍ തുടങ്ങി.അമ്മയെന്താ എന്നെ ശ്രദ്ധിക്കാത്തേ?????????
കുഞ്ഞായിരുന്നെങ്കിലും അന്ന് വീട്ടില്‍ എന്തോ വിശേഷം ആണെന്ന് എനിക്ക് മനസിലായി..സങ്കടവും ദേഷ്യവും അടക്കി ഞാന്‍ കുളിപ്പിച്ച്  ഒരുക്കാന്‍ നിന്നുകൊടുത്തു.കരച്ചിലടക്കിയ കണ്ണില്‍ കണ്മഷി  ഇട്ടു തന്നപ്പോള്‍ എനിക്ക് വല്ലാണ്ട് നീറി.കുഞ്ഞമ്മായിടെ കൈയില്‍ സര്‍വ ദേഷ്യവും വച്ച് കടിച്ചു ഞാന്‍.
ഉമ്മറത്ത്  എന്തോ വലിയ ബഹളം..ചിരിയും ഉറക്കെ വര്‍ത്തമാനവും..എന്നെ വീണ്ടും ഒറ്റക്ക് ഇട്ടു അമ്മായിയും ഓടി അങ്ങോട്ട്..ഞാന്‍ അമര്‍ഷത്തോടെ ചീകി വച്ച തലമുടി വലിച് ഉഴപ്പി.പതുക്കെ നടന്നു പൂമുഖത്തേക്ക്‌ ചെന്നു.എനിക്ക് ഒന്നും കാണാന്‍ വയ്യ.നിരന്നു നില്‍ക്കുന്ന ചിറ്റപ്പന്മാരും അമ്മായിമാരും..അവരുടെ പിന്നില്‍ പൊടിക്കുപ്പി പോലെ ഞാനും..എന്തൊരു വലുപ്പമാ എല്ലാര്ക്കും...ഒന്നും കാണാന്‍ വയ്യ...വേഗം വലുതാവണം.എന്നാലെ രക്ഷയുള്ളൂ .!അവര്‍ക്കിടയിലൂടെ നുഴഞ്ഞു തല മാത്രം മുന്നിലേക്ക് എത്തിച്ചു ഞാന്‍..കൈകള്‍ രണ്ടും ചിറ്റപ്പന്മാര്ടെ കാലുകളില്‍ താങ്ങി..!
അവിടെ അതാ..ഒരാള്‍..പുതിയ ഒരാള്‍..സ്റെപ്പ് കയറി വന്നു കസാരയില്‍ ഇരുന്നു.എല്ലാപേരും ആ മനുഷ്യനെ ആണ് ശ്രദ്ധിക്കുന്നത്.ആ ആളോടാണ് സംസാരിക്കുന്നത്.യാത്രയെ കുറിച്ചും വിമാനത്തെ കുറിച്ചുമെല്ലാം..ആരൊക്കെയോ വല്യ വല്യ പെട്ടികള്‍ താങ്ങി പിടിച്ച് കൊണ്ട് വന്നു ഉമ്മറത്ത് വക്കുന്നു..മുറിയിലാകെ നല്ല സുഗന്ധം പരന്നു.എനിക്കൊന്നും മനസിലായില്ല. ഞാന്‍ ആ ആള്‍കൂട്ടത്തില്‍ എന്റെ അമ്മയെ തിരഞ്ഞു. പെട്ടെന്നാണ്  ചിറ്റപ്പന്‍ എന്നെ വാരി എടുത്തത്‌."ചേട്ടാ ദ ഇവിടത്തെ കുറുംമ്പിക്കുട്ടി""എന്ന് പറഞ്ഞു എന്നെ എടുത്ത് ആ പുതിയ ആളിന്റെ കൈയില്‍ കൊടുത്തു.
എനിക്ക് പേടി തോന്നി..ആ ആള് എന്നെ നെഞ്ചോടു ചേര്‍ത്ത് കവിളില്‍ ചുണ്ട് അമര്‍ത്തി. ഞാന്‍ ഒന്ന് ഞെട്ടി.. അലറിക്കരഞ്ഞു..ആ ആളെ കൈ കൊണ്ട് അടിച്ചു.. ചവുട്ടി.. കുതറി.. അമ്മ വേഗം വന്നു എന്നെ എടുത്തു.എനിക്ക് ദേഷ്യം കൂടി.. എന്റെ അമ്മയോട്..ഇവിടെ ഉണ്ടാരുന്നു അല്ലേ എന്നിട്ടാ എന്നെ വല്ലോരും എടുക്കുന്നത് നോക്കി നിന്നെ..ഹും..അമ്മയുടെ തോളത്ത് കിടന്നു ആ ആളെ ഞാന്‍ ഒളി കണ്ണ് ഇട്ടു നോക്കി ..അച്ഛമ്മയോട് സംസാരിക്കുവാ.. എവിടേയോ കണ്ട പരിചയം പോലെ..ചിറ്റപ്പന്‍ ചേട്ടാന് ആണ് വിളിച്ചേ..ചിറ്റപ്പന്റെ ചേട്ടന് ആയിരിക്കും..
ആ ആള് കുടിക്കാന്‍ വെള്ളം ചോദിച്ചു. അമ്മ എന്നെയും തോളത്തിട്ട് അടുക്കളയിലേക്ക് നടന്നു.ഞാന്‍ അപ്പോഴും ഏങ്ങലടിക്കുന്നുണ്ടയിരുന്നു.വെള്ളം എടുക്കുന്നതിനിടയില്‍ അമ്മ എന്റെ മുഖംതുടച്ചു തന്നു.
"എന്തിനാ എന്റെ മോള് കരഞ്ഞേ???-അമ്മ തിരക്കി.
"അത് ആരാ ???" ഞാന്‍ ചോദിച്ചു..
അമ്മ എന്റെ കവിളത്ത് ഒരുമ്മ തന്നു. ഒപ്പം എന്റെ ചെവിയില്‍  പറഞ്ഞു,
"അത് അച്ഛനല്ലേ ???എന്റെ മോളുടെ അച്ഛന്‍..!
ഞാന്‍ എന്ന രണ്ടര വയസുകാരിയുടെ അച്ഛന്‍..ദുബായ് ല് ‍ജോലി ചെയ്യുന്ന അച്ഛന്‍..ചോറ് ഉണ്ണാതെ വാശി പിടിക്കുന്ന ദിവസങ്ങളില്‍ ആകാശത്ത് വിമാനം കാണിച്ച്  അമ്മ അച്ഛനെ പറ്റി പറഞ്ഞിരുന്നത് ഒക്കെ എന്റെ മനസിലേക്ക് ഓടിയെത്തി..എന്റെ കുഞ്ഞിക്കണ്ണില്‍  അത്ഭുതവും അഭിമാനവും  നിറഞ്ഞു..എന്റെ അച്ഛനാണ് അത്..ആള്‍ക്ക് നല്ല മണം ആയിരുന്നു എന്നെ എടുത്തപ്പോ..അച്ഛനെന്നാല്‍ അമ്മയെപ്പോലെ എന്നില്‍ അവകാശവും അതിനെക്കാള്‍ സ്നേഹവാത്സല്യങ്ങളും നിറഞ്ഞ ആളാണെന്ന്  ഇതിനകം അമ്മ എന്റെ മനസ്സില്‍ നിറച്ചിരുന്നു.
വെള്ളവുമായി പൂമുഖത്ത് എത്തിയപ്പോള്‍ ഞാന്‍ മനപൂര്‍വം അമ്മയുടെ തോളില്‍ ചാഞ്ഞു . ഒരു കൈ കൊണ്ട് മുഖം മറച് വിരലുകള്‍ക്കിടയിലൂടെ ഞാന്‍ ഒന്ന് നോക്കി.അച്ഛന്‍ എന്നെ നോക്കുന്നു..എനിക്ക് നാണം വന്നു..ഞാന്‍ കണ്ണടച്ചു.അച്ഛന് അടുത്ത് ഉണ്ടെന്നു എനിക്ക് മനസിലായി.കാരണം ആ പ്രത്യക മണം..ഞാന്‍ കണ്ണ് പതുക്കെ തുറന്നു.അതാ ആ കൈയില്‍ സ്വര്‍ണ്ണതലമുടി ഉള്ള..നീലക്കണ്ണുള്ള..മഞ്ഞ ഫ്രോക്ക് ഇട്ട ഒരു സുന്ദരി പാവക്കുട്ടി..അച്ഛന്‍ അതെന്റെ  നേരെ നീട്ടി. ഞാന്‍ ഒരു കൈ കൊണ്ട് അമ്മയെ മുറുക്കെ പിടിച്ചു..മറ്റേ കൈ നീട്ടി..അച്ഛന്റെ ആദ്യ സമ്മാനം..[ഇത് യെഴുതുമ്പോളും ..അവള്‍..എന്റെ  പ്രിയപ്പെട്ട  "പിങ്കി" എന്റെ റൂമില്‍ ,എന്റെ ഷെല്‍ഫില്‍ ..ദെ.. എനെ നോക്കി ചിരിക്കുന്നു..]
അന്ന് മുതലാണ് എന്റെ ഓര്‍മകളില്‍ അച്ഛന്‍ നിറയാന്‍ തുടങ്ങിയത്..അമ്മയുടെ സ്നേഹം എന്നില്‍ നിന്നും പകുത്തെടുത്ത അച്ഛന്‍..എരിവില്ലാതെ ചോരുട്ടി തന്ന അച്ഛന്‍..ചിറ്റപ്പന്മാരെ വഴക്ക് പറയുന്ന അച്ഛന്‍..പച്ച നിറമുള്ള കുപ്പിയിലെ സുഗന്ധം പൂശുന്ന അച്ഛന്‍..എന്റെ കാത്തു കുത്തിച്ച് ജിമുക്കി കമ്മല്‍ ഇട്ടു തന്ന അച്ഛന്..രാത്രി ഞാന്‍ കരയുമ്പോള്‍ തോളത്തിട്ട് മുറ്റത്ത്‌ ഉലാത്തുന്ന അച്ഛന്‍..സ്വര്‍ണ നിറമുള്ള വെള്ളം ആരും കാണാതെ റൂമില്‍ വച്ച് ഒളിപ്പിച് കുടിക്കുന്ന അച്ഛന്‍..മോള്‍ക്കും ഉണ്ടെന്നു പറഞ്ഞു സ്വര്‍ണ നിറമുള്ള മീന്‍ ഗുളിക വായില്‍ വച്ച് തന്ന് എന്നെ പറ്റിക്കുന്ന എന്റെ അച്ഛന്...
ആദ്യമായി അക്ഷരം കൂടി എഴുതാന്‍ പഠിച്ചപ്പോള്‍ അച്ഛന് തപ്പി പെറുക്കി എഴുതിയ കത്തിലെ വരികള്‍..അതിലെ ആദ്യ വരി "എന്റെ മണമുള്ള അച്ഛന്..."അത് വായിച്ച അമ്മയുടെ ചിരി..അതിന്റെ മറുപടിക്കായി ഉള്ള നാല് വയസുകാരിയുടെ കാത്തിരിപ്പ് ..അന്ന് സമ്മാനിച്ച മഞ്ഞയും കറുപ്പും ഇടകലര്‍ന്ന HB പെന്‍സിലുകള്‍..അമ്മയുടെ എതിര്‍പ്പിനെ വക വയ്ക്കാതെ എട്ടാം വയസില് ഡാന്‍സ് പഠിക്കാന്‍ തന്ന അനുവാദം..എന്റെ വളര്‍ച്ചക്കനുസരിച്ച് അച്ഛന്റെ സ്നേഹത്തിന്റെ പല പല വര്‍ണ്ണങ്ങള്‍..!!!
ഞാന്‍ മുതിര്‍ന്ന ദിവസം സന്തോഷവും അത്ഭുതവും സ്നേഹവും നിറഞ്ഞ മുഖത്തോടെ എന്റെ
കൈയില്‍ ഒരു ആനവാല്‍മോതിരം ഇട്ടു തന്നു അച്ഛന്..അതണിയിക്കുംപോള്‍  ആ കണ്ണുകള്‍ വല്ലാതെ ചെറുതായിരുന്നു..ചെറുതായി നിറഞ്ഞിരുന്നു..നിറഞ്ഞ കണ്ണുകള്‍ ഒരു കടലായിരുന്നു..എന്റെ അച്ഛന്റെ കണ്ണുകള്‍...അതില്‍ തിര അടിച്ചിരുന്നത് ഇങ്ങനെ ആയിരിക്കണം...
 ---ഞാന്‍ ഒരു മുതിര്‍ന്ന പെണ്‍കുട്ടിയുടെ അച്ഛനാണ്..ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ഉള്ള അച്ഛന്..
15 മത്തെ വയസില്‍ +2 വിനു എന്നെ പുതിയ മിക്സഡ്‌ സ്കൂളില്‍ ചേര്‍ത്ത ദിവസം രാത്രി  കഥകളായി തന്നു  ഉപദേശങ്ങള്‍..പറയാതെ എനിക്ക് അറിയാന്‍ കഴിഞ്ഞു എന്താണ് എന്നോട് പറയാന്‍ ഉള്ളത് എന്ന് .പതിനേഴാം വയസില്‍ കോളേജ് ഹോസ്റ്റലില്‍ ആക്കിയിട്ട് പോകുമ്പോള്‍  ഗേറ്റ്ലെത്തി തിരിഞ്ഞു നോക്കി പിന്നെയും..ഒരു നോട്ടത്തില്‍ ഒരായിരം കാര്യങ്ങള്‍..പിന്നീട് പല രാത്രികളിലും റയില്‍വേ സ്റ്റേഷനില്‍ കാത്ത് നിന്ന് എന്നെ കാണുമ്പൊള്‍ ആ കണ്ണുകളില്‍ തെളിയുന്ന തിളക്കം..ആദ്യമായി ഞാന്‍ സാരി ഉടുത്ത ദിവസം..ആ മുഖം വിടര്‍ന്നതും എന്നെ ഒരുപാട് കളിയാക്കി ചിരിച്ചതും.. ഞാനോ പണ്ടത്തെ വാശിക്കുട്ടി ആയി 'ഞാന്‍ ഇനി മേലില്‍ സാരി ഉടുക്കില്ല.ഇപ്പൊ അച്ഛന് എന്നോട്  പഴയ പോലെ "മണം" ഇല്ല'..എന്ന് പിണങ്ങിയതും..
 
അതെ.. ഞാനിപ്പോഴും,രണ്ടര വയസുകാരി കുട്ടിയാണ്..അച്ഛന്റെ മുന്നില്‍..!
അച്ഛന് ചിറ്റപ്പന്‍മാരുടെ പെണ്മക്കളെ കൊഞ്ചിച്ചാല്‍ പിണങ്ങുന്ന..ആ മടിയില്‍ കിടന്നുറങ്ങുന്ന..രാവിലെ അച്ഛന് വന്നു വിളിച്ചു ഉണര്‍ത്താന്‍ കള്ളഉറക്കം നടിച്ച് കിടക്കുന്ന..വാശിപിടിച്ച്  എന്തും സമ്മതിപ്പിച്ച് എടുക്കുന്ന രണ്ടര വയസുകാരി.
ഇന്നും അച്ഛന്റെ സ്നേഹത്തിന്‌ അതെ സുഗന്ധമാണ്..കണ്ണടച്ചാല്‍ കിട്ടും..പച്ചക്കുപ്പിയിലെ അതെ സുഗന്ധം..അച്ഛന്റെ സ്നേഹഗന്ധം...!
 
by ,
അച്ഛന്റെ പുന്നാര മോള്
ഇത് ഞാന്‍ ആദ്യമായി എഴുതിയ ബ്ലോഗ്‌..!ചിലരെങ്കിലും വായിച്ചു കാണും..പ്രവാസിയായിരുന്ന എന്റെ അച്ഛനെ കുറിച്ചുള്ള ഓര്മകുറിപ്പാണിത്..!!!!

3 comments:

  1. അമ്മുട്ടി നന്നായിരിക്കുന്നു

    ReplyDelete
  2. ഇത് വായിച്ചിട്ട് കണ്ണ് നിറഞ്ഞത്‌ എന്തിനാണെന്ന് മനസ്സിലവുനില , ശേരികും സന്തോഷമാണ് വരേണ്ടത് , അച്ഛനമ്മമാരെ ഉപേക്ഷിച്ച് കാമുക്കന്റെ / കാമുക്കിയുടെ കൂടെ ഒള്ളിചോടി പോക്കുന്ന മക്കള്‍ ഉള്ള നമ്മുടെ നാട്ടില്‍ അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍, മുട്ടിലിഴഞ്ഞ്‌ നടന്ന കാലം തൊണ്ട് സ്വന്തം കാലില്‍ നില്ക്കാന്‍ നമ്മെ പ്രാപ്തരാക്കുന്ന നമ്മുടെ കൃസുതികള്‍ കണ്ടു ചിരിക്കുന്ന നമ്മെ ചുറ്റി നില്കുന്ന സ്നേഹത്തിന്റെ കരുതലിന്റെ സംരക്ഷണ വലയമാണ് മാതാപിതാക്കള്‍, സ്നേഹത്തിന്റെ തിരാ പ്രവാഹം

    ReplyDelete
  3. അമ്മൂട്ടീ.... നല്ല ഇഷ്ടായി ഈ എഴുത്ത്... <3 എനിക്കും ഉണ്ടായല്ലോ ഒരു കുഞ്ഞ് വാവ.. ഞാൻ എന്റെ വാവനേം ഇത് പോലെ കെയർ ചെയ്യും.. പോസ്റ്റിൽ ഉള്ള ഫോട്ടോസ് ഒക്കെ മിസ്സിംഗ്‌ ആണല്ലോ..

    ReplyDelete

എഴുതുന്നത് എന്റെ ഇഷ്ടം..അഭിപ്രായങ്ങള്‍ നിങ്ങളുടെയും..