Friday, 2 September 2011

വീണ്ടും വിടര്‍ന്ന പൂവ്

ട്രെയിന്‍ വന്നു പ്ലാറ്റ്ഫോമില്‍  നിന്നിട്ടും ഞാന്‍ അത്ര മൈന്‍ഡ് ചെയ്തില്ല..വണ്ടി വിടുമ്പോള്‍ ഓടിച്ചെന്നു ചാടി കേറുന്ന ശീലം പഠനകാലത്തേ ഉള്ളതാ. നില്പ് പുറത്താണെങ്കിലും എന്റെ നോട്ടം കയറെണ്ടുന്ന s4  കമ്പാര്‍ട്ട്മെന്റിലാണ്. ബാഗ്‌ ഷോല്ടെറിലേയ്ക് ഒതുക്കി രണ്ടു ബോട്ടില്‍ മിനറല്‍ വാട്ടരുംഗ്‌ ഷോല്ടെറിലേയ്ക് ഒതുക്കി രണ്ടു ബോട്ടില്‍ മിനറല്‍ വാട്ടരും
ഒരു പാക്കെറ്റ് സിഗരറ്റും ഞാന്‍ വാങ്ങി.ഒരു ബോട്ടില്‍ ബാഗിന്റെ സൈഡില്‍ കയറ്റി വച്ചു.മറ്റൊന്ന് പൊട്ടിച്ച്  ചുണ്ടോട് ചേര്‍ത്തതും ട്രെയിന്‍ നീങ്ങി തുടങ്ങി.ഓടി ചെന്നു ചാടിക്കേറി.. എന്റെ റിസര്‍വ് സീറ്റ് നമ്പര്‍ 27 -മിഡില്‍ ബെര്‍ത്ത്‌ നോക്കി നടന്നു.വണ്ടി സാമാന്യം വേഗത്തിലായി. ഇതെന്റെ ആദ്യത്തെ ബാംഗ്ലൂര്‍ യാത്ര..വിദേശത്ത് ജോലി ചെയ്യുന്ന ഞാന്‍ നാട്ടില്‍ വന്നിട്ടിത് രണ്ടാമത്തെ ആഴ്ച.വിവാഹങ്ങളില്‍ പങ്കെടുക്കാന്‍  തീരെ താല്പര്യമില്ലെങ്കിലും കന്നടക്കാരനായ സ്നേഹിതന്‍ ആദ്യകാലത്ത് പ്രവാസജീവിതത്തില്‍ ചെയ്തു തന്ന ഉപകാരങ്ങള്‍ അങ്ങനെ മറക്കാവുന്നതല്ല.അതിനുള്ള ഉപകാരസ്മരണ കൂടിയാണ് സത്യത്തില്‍ ഈ യാത്ര.
 
ബാംഗ്ലൂരിലെ തണുത്ത ദിവസങ്ങളെ കുറിച്ച് ഓര്‍ത്തു നടന്ന് ഞാന്‍ സീറ്റ് കണ്ടു  പിടിച്ചു. ഭാഗ്യം..അതേ ഭാഗത്ത്‌ ലോവേര്‍ ബര്‍ത്ത് ജനല്‍ സൈഡില്‍ ആളില്ല.എന്റെ മുഴുവന്‍ ശ്രദ്ധയും ജനാലയ്കലെ ആ സീറ്റിലേക്കായി.ഞാന്‍ അറ്റത്തിരുന്ന രണ്ടുപേരെ ചാടിക്കടന്ന് ജനല്‍ സൈഡിലേക്കിരുന്നു. കിടക്കാന്‍ നേരത്തെ എന്റെ മിഡില്‍ ബെര്‍ത്ത്  തരപ്പെടു അത് വരെ ഇവിടെ ഇരിക്കണം.കൈകള്‍ ഒന്ന് നിവര്‍ത്തി ഷോല്ടെര്‍ ബാഗ്‌ ഊരി എന്റെ മടിയിലേക് ചായ്ച്ചു വച്ചു.മൊത്തത്തില്‍ ഒന്ന് കംഫര്ട്ട് ആകാനായി ഷൂ അഴിച്ചു.പതുക്കെ കുനിഞ്ഞു എന്റെ സീറ്റിനടിയിലേക്ക്  അത് തള്ളി വച്ചു.അവിടെ നിന്നു നിവര്‍ന്ന എന്റെ നോട്ടം ചെന്നു വന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത ജീവിതത്തില്‍ ഇനി ഒരു കണ്ടുമുട്ടല്‍ പ്രതീക്ഷിക്കാത്ത ഒരു മുഖത്തേക്ക്..
 
ആ കാഴ്ച്ചയില്‍ തലച്ചോറിനുള്ളില്‍ നടന്ന ഒരു സ്ഫോടനത്തിന്റെ തരികള്‍ മെല്ലെ എന്റെ ശരീരത്തിലെ ഓരോ അണുവിലേയ്ക്കും അരിച്ചിറങ്ങി..പെട്ടന്ന് തന്നെ ഞാന്‍ നോട്ടം മാറ്റി,തീവണ്ടിയുടെ ജനാലയിലൂടെ പിറകിലേക്കോടുന്ന ദ്രിശ്യങ്ങളിലെക്ക്..!എന്റെ കണ്ണുകളുമായി ഒരു നിമിഷം കോര്‍ത്ത ആ കണ്ണുകള്‍..അവിടെത്തെ  ഭാവം അമ്ബരപ്പാണോ.. ഭയമാണോ.. അറിയില്ല..അതൊന്നും വേര്തിരിച്ച് എന്നില്‍ പതിഞ്ഞില്ല.ഒരു നോട്ടം അതിന്റെ തരിപ്പ്..എന്റെ കൈയെത്തും ദൂരെ ഒപ്പോസിറ്റ് ജനാലക്കരികിലെ സീറ്റില്‍ മുഖാമുഖം ഇരിക്കുന്നവള്.. അശ്വതി..എന്റെ ഭാര്യ..അല്ല ഭാര്യ ആയിരുന്നവള്‍..ചാറ്റല്‍ മഴയുടെ നേര്‍ത്ത തണുപ്പായി വന്നു പുതുമഴ പോലെ പുല്‍കി പേമാരി ആയി എന്നെ തകര്‍ത്തെറിഞ്ഞു പോയ പെണ്ണ്‌.അവളെന്റെ ജീവിതത്തില്‍ നിന്നു പോയ ശേഷം ആദ്യമായി ഞാന്‍ ഈശ്വരനെ വിളിച്ചു.-എന്തിനാ ഇങ്ങനെ ഒരു പരീക്ഷണം?
 
ജനാലക്കല്‍ നിന്നു വീശുന്ന തണുത്ത കാറ്റിലും എന്റെ ശരീരത്തു വിയര്‍പ്പു പൊടിഞ്ഞു.അവള്‍ തന്നെ അല്ലേ?എന്റെ കണ്ണുകള്‍ക്ക് തെറ്റു പറ്റിയോ? ഞാന്കൈ കൊണ്ട് മുഖം ഒന്നമര്‍ത്തി തുടച്ചു.വിരലുകള്‍ക്കിടയിലൂടെ വീണ്ടും നോക്കി.അതേ..അശ്വതി..എന്റെതല്ലന്കിലും..എന്റെ അശ്വതി..!എന്നെ കണ്ട നടുക്കം ആ മുഖത്തും ഉണ്ട്.കുനിഞ്ഞു കൈ വിരലിലേയ്ക്ക് നോക്കി ഒരേ ഇരുപ്പാണവള്‍..  എനിക്ക്‌ അസ്വസ്ഥത തോന്നി.ഇവിടെ ചാടി കയറി ഇരുന്നപ്പോള്‍ ശ്രദ്ധിച്ചില്ലലോ ഈശ്വരാ..ഒന്ന് പുകയ്ക്കണം.വല്ലാതെ ടെന്ഷനാകുന്നു..ഓടി രക്ഷപ്പെടാനുള്ള വ്യഗ്രതയോടെ ഞാന്‍ തിടുക്കപെട്ട് എണീറ്റ്‌ വാതില്‍ക്കലേക്ക് നടന്നു.സിഗരറ്റ് തീപിടിപ്പിച് ചുണ്ടിലേയ്ക്ക്  ചേര്‍ക്കുമ്പോള്‍ ഉള്ളില്‍ കുഴിച്ചു മൂടിയ പലതും വീണ്ടും പുകയാന്‍ തുടങ്ങി..
 
കള്ള് കുടിച്ചും അടിപിടി കൂടിയും നടന്ന അലസമായ കുറെ വര്‍ഷങ്ങള്‍..
അശ്വതി വന്ന ശേഷം വന്ന മാറ്റങ്ങള്‍.. അവള്‍ടെ വീട്ടുകാരും എന്റെ വീട്ടുകാരും തമ്മില്‍ വാക്കുകളില്‍ വന്ന ചെറിയ പിഴവുകള്‍..അത് അവരുടെ എല്ലാം മന്സിലുണ്ടാക്കിയ വലിയ മുറിവുകള്‍..അതേ തുടര്‍ന്ന് ഉണ്ടായ ചെറിയ അസ്വാരസ്യങ്ങള്‍..നിസാര കാരണമുണ്ടാക്കി ആണ് അന്നവളെ അവളുടെ വീട്ടുകാര് തിരിച്ച് വിളിച്ചു കൊണ്ട്‌ പോയത്. അനുവാദമില്ലാതെ പോയവളെ വിളിക്കാന്‍ ഞാനും ചെന്നില്ല.അവളുടെ ഒപ്പിട്ട ഡിവോര്‍സ് പെറ്റീഷന്‍ കണ്ടപ്പോള്‍ വാശിയേറി എനിക്കും.എല്ലാം വളരെ പെട്ടന്ന് തീര്‍ത്തു.തിരുത്തി തരേണ്ടവരും ഒരുമിപ്പിക്കാന്‍ മുന്‍കൈ എടുക്കേണ്ടവരും തന്നെയാണ് പിടിച്ചകറ്റുവാന്‍ കച്ചകെട്ടി മുന്നില്‍ നിന്നത്.
 
പക്ഷെ..എന്റെ ഉള്ളില്‍..മൂന്നു മാസമല്ല,മൂന്നു ജന്മം ഒരുമിച്ച് കഴിഞ്ഞ പ്രതീതി ആയിരുന്നു..ഒരു പുരുഷന്‍ ഒറ്റയ്ക്ക് ജീവിക്കുമ്പോള്‍ അത് ശരിക്കും പൂര്‍ണമായ സ്വാതന്ത്യമാണ്.സ്ത്രീയുടെ കരുതലും സ്നേഹവും അറിഞ്ഞാല്‍ പിന്നീട് ഒറ്റയ്ക്കുള്ള അവസ്ഥ പക്ഷെ അസഹനീയം തന്നെ.ഭ്രാന്ത് പിടിച്ച അവസ്ഥ..ജീവിതത്തില്‍ ആദ്യമായി സ്നേഹിച്ച..പ്രണയിച്ച..സ്വന്തമാകിയ പെണ്ണ്‌ നഷ്ടപെടുമ്പോള്‍ ഉള്ള അവസ്ഥ..അന്നൊക്കെ കള്ള് മാത്രമല്ല കഞ്ചാവും പരീക്ഷിച്ചു.എന്നിട്ടും ഒന്നുമൊന്നും  ശരീരത്തിലെക്ക് ഏല്‍ക്കാത്ത അവസ്ഥ ആയിരുന്നു...ഉറക്കഗുളികകള്‍ പോലും നല്ലൊരു ഉറക്കം അന്നൊന്നും സമ്മാനിച്ചില്ല..പക്ഷെ എന്തു കൊണ്ടോ അവളെ തേടി ചെല്ലാന്‍ എന്റെ അഭിമാനം സമ്മതിച്ചില്ല.എല്ലാം ഉള്ളിലൊതുക്കി..ഓര്‍മകളില്‍ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു വിദേശത്തേക്ക്..എല്ലാം കഴിഞ്ഞിട്ട് 3 വര്‍ഷത്തോളമാകുന്നു.എരിഞ്ഞു തീര്‍ന്ന സിഗരറ്റ് കുറ്റി ഞാന്‍  പുറത്തേക്ക് വലിച്ചെറിഞ്ഞു.വാതില്‍ക്കലെ വാഷ് ബേസിനില്‍ മുഖം കഴുകി. എങ്ങോട്ടെങ്കിലും സീറ്റ് മാറി ഇരുന്നാലോ..വീണ്ടും കാണാനും തോന്നുന്നലോ ഈശ്വരാ..
 
സീറ്റ് മാറി ഇരിക്കണം എന്ന്‌ ചിന്തിച്ചിട്ടും എന്റെ കാലുകള്‍ നേരേ പഴയ സീറ്റിനരികിലെക്ക് തന്നെ ചെന്നു.യാന്ത്രികമായി അതിലേയ്ക്ക് അമര്‍ന്നു.ഞാന്‍ മുഖം പരമാവധി ഗൌരവപ്പെടുത്തി.അവളുടെ മനസ്സില്‍ എന്തായിരിക്കും?ഒന്ന് നോക്കി ചിരിച്ചാലോ?വേണ്ട പാടില്ല. അവള്‍ക്കും അത് ആകാമല്ലോ..ഞാന്‍ ബെര്‍ത്ത്‌ സീടിലെക്ക് എന്ന വണ്ണം ഒന്ന് പാളി  നോക്കി.ഒരു മാസികയില്‍ മുഖം പൂഴ്ത്തി ഇരുപ്പാണ്.എന്നുമറിയാത്ത പോലെ..എനിക്ക് അമര്‍ഷം വന്നു.തൊട്ടടുത്ത്‌ ഇരുന്ന ആളുടെ കൈയിലിരുന്ന ഒരു പത്രം വാങ്ങി ഞാനും നിവര്‍ത്തി വച്ചു .പത്രത്തിന്റെ നേര്‍ത്ത താളില്‍ കൂടി അവളുടെ ചലനങ്ങള്‍ കാണാമോ എന്ന്‌ നോക്കി.ഒന്നിലും ശ്രദ്ധിക്കാനാകുന്നില്ല. മനസ്‌ ഒന്ന് അയഞ്ഞാല്‍ കണ്ണുകള്‍ തേടി ചെല്ലുകയാണ്.ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു സീറ്റിലേക്ക് ചായ്ഞ്ഞിരുന്നു.
 
ഒന്ന് മയങ്ങിയോ?അറിയില്ല..ഞെട്ടി കണ്ണ് തുറന്നപോള്‍ ഏതോ സ്റ്റേഷനില്‍ വണ്ടി നിര്ത്തിയിക്കുന്നു.ആകെ തിക്കും ബഹളവും..!ആള്‍ക്കാര് കയറുന്നു ഇറങ്ങുന്നു..പെട്ടന്ന് ഒരാള്‍ കയറി വന്നു സീറ്റ് നമ്പറൊക്കെ നോക്കി.റിസര്‍വ് ചെയ്ത ആളാണ്.അവളിരിക്കുന്ന ലോങ്ങ്‌ സീറ്റില്‍ ആകെ ഉള്ളത് മൂന്ന് പേര്..മറ്റു രണ്ടു പേരെ ചാടിക്കടന്നു അയാള്‍ അവളുടെ അടുത്തായി ഇരുപ്പ് ഉറപ്പിച്ചു.മാന്യമായ വസ്ത്രധാരണം ചെയ്ത ഒരു യുവാവ്.എനിക്ക്‌ അസ്വസ്ഥത തോന്നി.എന്റെ അരികില്‍ ഒരാള്‍ക്കിരിക്കാനുള്ള സ്ഥലം ഉണ്ടല്ലോ.ഞാന്‍  ഒന്ന് കൂടി ഒതുങ്ങി ഇരുന്ന് അവനെ നോക്കി.ശ്രദ്ധിക്കുന്നില്ല..കുനിഞ്ഞ്‌ ബാഗ്‌ സീറ്റിനടിയില്‍ വയ്ക്കാനുള്ള തയാറെടുപ്പിലാണ്..അവിടെ തന്നെ ഇരിക്കാനുമുള്ള പുറപ്പാടാണ്.
അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ..
 
"എവിടെയ്ക്കാണ് ?"പരിചിത ഭാവത്തില്‍ ഞാന്‍ ചോദിച്ചു.
"ബാംഗ്ലൂര്‍" അവന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു..അവന്റെ ചിരി ആകര്‍ഷകമാണെന്ന് തോന്നിയപ്പോള്‍ ഞാന്‍ എന്റെ ചിരി മായ്ച്ചു കളഞ്ഞു.അപ്പോള് ബാംഗ്ലൂര്‍ വരെ അവിടെ തന്നെ ഇരിക്കും..ആ സീറ്റില്‍..അവള്‍ക്കരികില്..
"പേരെന്താ ചേട്ടാ..?"അവന്റെ ചോദ്യം.
"മനോജ്‌" അല്പം കടുപ്പിച്ച് ഞാന്‍ എന്റെ പേര് പറയുമ്പോള്‍ അവളെ ഒന്ന് പാളി നോക്കി.ആ പുസ്തകത്തില്‍ എന്താണിത്ര വായിക്കാന്‍ ?ഇവള്‍ക്കെന്താ നാളെ പരീക്ഷയാണോ?ഒരു മൈന്റുമില്ല.
"ഞാന്‍ സന്ദീപ്" അവന്‍ പേര് പറഞ്ഞു.ഞാന്‍ ഒന്നമര്‍ത്തി മൂളി.
 
പിന്നെയും കുറെ സമയം ഇഴഞ്ഞു നീങ്ങി..എന്റെ അടുത്തിരിക്കുന്ന 2 പേര് പകുതി ഉറക്കത്തിലാണ്.അവളുടെ സീറ്റിന്റെ  അറ്റത്തിരിക്കുന്ന രണ്ട് സ്ത്രീകള്‍ സംസാരത്തിലും.. സന്ദീപ് പാട്ട് കേള്‍ക്കുന്നു..എന്റെതല്ലാത്ത എന്റെ ഭാര്യ ദീര്‍ഖമായ വായനയിലും.ആ പുസ്തകം വാങ്ങി ജനാലയിലൂടെ വലിച്ചെറിയാന്‍ തോന്നി എനിക്ക്‌. എന്റെ അരികില്‍..എന്റെ തോളിലേയ്ക്ക്‌ ചായ്ഞ്ഞ്.. സംസാരിച്ചിരിക്കേണ്ട പെണ്ണാണ്‌..വിധി അല്ലാതെന്താ.. വര നന്നായിരിക്കണം..തലേല്‍ വര..ഞാന്‍ സ്വയം ശപിച്ചു.എന്നെ ഞെട്ടിപിച്ചു കൊണ്ടാണ് സന്ദീപ് അവളോട് പേര് ചോദിച്ചത്..
 
"അശ്വതി"..അവളുടെ ആ സ്വരം കേട്ടതും എന്റെ മനസ് പറഞ്ഞു-അശ്വതി മനോജ്‌..ഒഹ്..എന്റെ മനസ്സില്‍ മാത്രമാണല്ലോ അത്..അവളിപ്പോള്‍ വെറും അശ്വതി..എന്താണവിടെ സംഭവിക്കുന്നത്‌?സന്ദീപ്‌ എന്തൊക്കെയാണ് അവളോട് ചോദിക്കുന്നത്?ഞാന്‍ കാതു കൂര്‍പ്പിച്ചു. ബാംഗ്ലൂരിലേക്ക് പോകുന്നു,അവിടെ ഇപ്പോള്‍ ജോലി ഉണ്ട്.അത്രയും കേട്ടു.വേറെ വിവാഹമൊന്നും കഴിച്ച് കാണില്ല.അവള്‍ക്ക് അന്നും എന്നോട് ദേഷ്യമൊന്നും ഇല്ലായിരുന്നലോ,സ്നേഹമല്ലാതെ..!അവള്‍ക്കതിനു കഴിയില്ല..ഞാന്‍ സ്വയം ആശ്വസിച്ചു.മുഖം പരമാവധി സ്വാഭാവിക ഭാവത്തില്‍ തന്നെ വച്ചു.5 മിനിട്ടായി 10 മിനിട്ടായി അവര്‍ സംസാരം നിര്‍ത്തുന്നില്ലല്ലോ.. അവള്‍ അധികം മിണ്ടുന്നില്ലന്കിലും അവന്‍ എന്താണിത്രയ്ക്കും പറയുന്നത്?ഞാന്‍ പാളി നോക്കി.. കാറ്റത്ത് അവളുടെ മുടി ഇഴകള്‍ അവന്റെ തോളില്‍ സ്പര്‍ശിക്കുന്നുണ്ട്..വേഗം എന്റെ മൊബൈല്‍ എടുത്തു ഒരു കോമഡി ക്ലിപ്പിംഗ് ഓപ്പണ്‍ ആക്കി..
 
"സന്ദീപ്‌..പ്ലീസ്  ഇതൊന്നു നോക്കു.." ഞാന്‍ ഒതുങ്ങി എന്റെ അരികിലേക്ക് ഇരിക്കാന്‍ അവനെ മാന്യമായി ക്ഷണിച്ചു.അവന്‍ എഴുന്നേറ്റ് എന്റെ അരികിലിരുന്നു.ഞാന്‍ ഫോണോടെ അവനെ ഏല്‍പ്പിച്ചു..മനുഷ്യന്റെ മനസമാധാനം കളയാന്‍ ആണല്ലോ ഓരോരുത്തന്മാര് കേറി വരുന്നത്. അല്പം ഒന്ന് സമാധാനപ്പെട്ടപ്പോള്‍ ആണ് ഒരു കോഫി സപ്ലെയര് വന്നത്.സന്ദീപ്‌ ഒരു കോഫി വാങ്ങി,ഒപ്പം അവളും..അവന്‍ 2 പേരുടെയും കാശു കൊടുക്കുന്നതും അവളോട് "ഇട്സ്  ഓക്കേ" പറയുന്നതും കണ്ടു.ദേഷ്യം വന്നാല്‍ എന്റെ കണ്ണുകള്‍ വേഗം ചുവക്കും...ഞാന്‍ കണ്ണുകള്‍ തൂവല എടുത്ത് തുടച്ചു.മനസ്‌ ആവുന്നതും നിയന്ത്രിച്ചു.
"എന്തു പറ്റി ചേട്ടാ?"സന്ദീപിന്റെ ചോദ്യം.
"കണ്ണിലെന്തോ വീണു"ഞാന്‍ ഒരു കള്ളം പറഞ്ഞു.
"ജനാല സൈടല്ലേ..അതാ.."അവന്‍ അത് വിശ്വസിച്ചു.
ഞാന്‍ സൈഡിലിരുന്ന ന്യൂസ്‌ പേപ്പറില്‍ നിന്നു ഒരു കഷണം കീറിയെടുത്ത് കുനുകുനെ പിച്ചിക്കീറി വെളിയിലേക്ക് പറത്തി.
 
പിന്നെയും കുറെ ഏറെ ദൂരം..രാത്രി നന്നേ കനക്കാന്‍ തുടങ്ങി..രാവിലെ 7 മണിയോടെയേ വണ്ടി ബാംഗ്ലൂര്‍ എത്തു.ഞാന്‍ പതുക്കെ അവളെ നോക്കി. ചാരി ഇരുന്നു ചെറിയ മയക്കത്തിലാണെന്നു തോന്നുന്നു.ജനാലക്കല്‍ നിന്നു തണുത്ത കാറ്റ് ആ മുഖത്തേക്ക് വീശുന്നുണ്ട്..ഞാന്‍ പതിയെ രണ്ട് സൈടിലെയും ജനാല അടച്ചു.ഇതിന് മുന്നേ ഒന്ന് രണ്ടു വട്ടം അവള്‍ ചുമയ്കുന്നത് ശ്രദ്ധിച്ചിരുന്നു. തണുത്ത കാറ്റ് കൂടി അടിച്ചാല്..കുറച് നിമിഷത്തേക്ക് എന്റെ മനസ് ആര്‍ദ്രമായി..പാടില്ലാ..ഞാന്‍ ഒരു പുരുഷനാണ്..
പിടിച്ചിരുന്നേ പറ്റു.വീണ്ടും നിയന്ത്രണത്തിന്റെ വേലിക്കെട്ടിലേയ്ക്  ഞാന്‍ ഉള്‍വലിഞ്ഞു.നിര്‍ വികാരതയുടെയും നിസംഗതയുടെയും മേലങ്കി എടുത്തിട്ടു.
 
ഏകദേശം ഒന്‍പത് മണിയോടെ എല്ലാപേരും ഭക്ഷണപൊതികള്‍ തുറന്നു.അവളാണെങ്കില്‍ ഉറക്കത്തിലുള്ള അതേ ഇരുപ്പ് തന്നെ.എഴുന്നേറ്റ് ഭക്ഷണം കഴിക്കുന്നില്ലല്ലോ..ഇനി ഒന്നും കൊണ്ട്‌ വന്നു കാണില്ലേ?എല്ലാപേരും കഴിച്ചു കഴിഞ്ഞാല്‍ ഉറങ്ങാനായി ലയിറ്റ് അണയ്കാറാണ് പതിവ്.ഞാന്‍ അറിയാതെ എന്ന വണ്ണം ബാഗിലിരുന്ന പൊട്ടിക്കാത്ത മിനറല്‍ വാട്ടര്‍  കുപ്പി ഒച്ചയോടെ നിലത്തേക്കിട്ടു.ഹോ..ഭാഗ്യം അവള്‍ ഞെട്ടി ഉണര്‍ന്നു..ഉരുണ്ടു പോയ കുപ്പി അടുത്ത സ്ത്രീ എടുത്തു തന്നു."അറിയാതെ കൈയിന്നു സ്ലിപ്പായി..താങ്ക്സ്.."ഞാന്‍ അവരോട്‌ പറഞ്ഞു.
 
അശ്വതി എഴുന്നേറ്റു..
ബോഗിയുടെ വാതില്‍ക്കലേക്ക് നടന്നു.വാഷ്‌ ബേസിനും ടോയിലെറ്റും അവിടെയാണല്ലോ..
എന്നാലും ഒറ്റയ്ക്ക് അവള്‍?അതും രാത്രി സമയം..ഞാനും മെല്ലെ എഴുന്നേറ്റു..പാസേജിലായി നിന്നു നോക്കി.അവള്‍ മുഖവും കൈയും കഴുകുന്നു..മുഖം തുടച്ച് തിരികെ നടക്കാന്‍ തുടങ്ങിയതും ഞാന്‍ വേഗം എന്റെ സീറ്റില്‍ കയറി ഇരുന്നു.ഭക്ഷണം കഴിക്കുമ്പോള്‍ ഞാന്‍ അവളെ ശ്രദ്ധിച്ചില്ല..അടുത്തിരുന്ന എല്ലാപേരും കഴിക്കുന്ന തിരക്കില്‍ തന്നെ ആയിരുന്നു.
സ്ത്രീകളോടൊപ്പം അവള്‍ കൈകഴുകാന്‍ പോയി വന്നു.അതിനു ശേഷം ഞാനും പോയി വന്നു.അല്‍പ സമയം കൂടി അങ്ങനെ ഇരുന്നു എല്ലാപേരും.അവള്‍ തലയില്‍ ഒരു സ്കാര്‍ഫ് ചുറ്റി കണ്ണടച് ചാരി ഇരുപ്പാണ്.കണ്ണടച്ചിരുന്ന ദൈര്യത്തില്‍  ഞാന്‍ അവളെ തന്നെ നോക്കി ഇരുന്നു.എനിക്ക്‌ വല്ലാത്ത വിഷമം വന്നു.നിയന്ത്രണം വിട്ടു കണ്ണ് നിറഞ്ഞ് വന്നു.എന്തൊക്കെയോ ചോദിക്കണം.. പറയണം..നെഞ്ചില്‍ നിന്നുതിര്‍ന്ന എന്തൊക്കെയോ വാക്കുക്കള്‍ തൊണ്ടയില്‍ വന്നു തടഞ്ഞു നിന്നു.കൈയിലേക്കും കാലിലേക്കും ഒരു നേര്‍ത്ത വിറയല്‍ പടര്‍ന്നു കയറി.മനസ്സില്‍ വരുന്ന ചിന്തകളെ കടിഞ്ഞാണിട്ട് പിടിക്കാം.പ്രകടിപ്പിക്കാതിരിക്കാം.പക്ഷെ ഇത്തരത്തില്‍ ചിലത് ശരീരം പ്രകടിപ്പിച്ചു കളയുന്നു...ഐപോഡ് എടുത്തു ഞാന്‍ ചെവിയിലേക്ക് തിരുകി..നേര്‍ത്ത സംഗീതത്തില്‍ മനസിനെയും ശരീരത്തേയും ലയിപ്പിക്കാന്‍ ശ്രമിച്ചു.പക്ഷെ തുളുംബാന്‍ വെമ്പി നിന്ന എന്റെ കണ്ണുകള്‍ പറിച്ചെടുക്കാനാവാത്ത വിധം അവളില്‍ തന്നെ തറഞ്ഞിരുന്നു.
 
ഏകദേശം പത്തുമണിയോടെ എല്ലാപേരും കിടക്കാനുള്ള വട്ടം കൂട്ടി.ഞാന്‍ ഇരുന്ന സീറ്റിന്റെ മിഡില്‍ ബെര്‍ത്ത്‌ ആണ് എന്റെത്.ഒപ്പോസിറ്റ്  അവള്‍ ഇരുന്ന ലോവേര്‍ ബെര്‍ത്ത് അവളുടെതും.. അവളുടെതിനു മുകളില്‍ ഉള്ള മിഡില്‍ ബെര്‍ത്ത്‌ സന്ദീപിന്റെയും. എല്ലാപേരും അവരവരുടെ ബെര്ത്തുകളിലേക്ക് കിടന്നു.ഞാന്‍ ബാഗ്‌ തലയിണയാക്കി കിടക്കുമ്പോഴേക്കും ലയിറ്റുകള്‍ എല്ലാം അണഞ്ഞിരുന്നു.നേര്‍ത്ത വെളിച്ചത്തില്‍ അവളുടെ അവ്യക്തമായ മുഖം നോക്കി ഞാന്‍ കിടന്നു. എപ്പോഴൊക്കെയോ മയങ്ങുകയും ഇടയ്ക്ക് ഉണര്‍ന്ന് അതേ കാഴ്ചയിലേക്ക് മുഴുകുകയും ചെയ്തു.
 
അര്‍ദ്ധരാത്രി കഴിഞ്ഞു കാണും പെട്ടന്ന് ഞാന്‍ ഒന്ന് ഞെട്ടി എണീറ്റു. എന്റെ കൈ അകലത്തായി ഒരാള്‍ നില്‍ക്കുന്നു.നേര്‍ത്ത പ്രകാശത്തില്‍ ഒന്നും വ്യക്തമല്ല.ഉറക്കച്ചടവുള്ള കണ്ണുകള്‍ ഞാന്‍ വലിച്ച്  തുറന്നു.നില്‍ക്കുന്ന ആള്  അവളുടെ അടുത്തേക്ക്.. മുഖത്തേക്ക്..ആണല്ലോ കുനിയുന്നത്..എന്റെ സര്‍വ ഞരമ്പുകളും പിടഞ്ഞെണീറ്റു.എന്റെ ഓപ്പോസിറ്റ് ബെര്‍ത്തില്‍ കിടന്നുറങ്ങിയ സന്ദീപ്‌ എവിടെ?അവന്‍ അവിടെ ഇല്ല..!!!!അവന്‍???
ഞാന്‍ എണീറ്റ്‌ പാസേജിലെയ്ക് ചാടി, അവന്റെ നേര്‍ക്ക് തിരിഞ്ഞതും..അവളുടെ നിലവിളി ശബ്ദം കേട്ടു .പിന്നെ  ഒന്നും നോക്കിയില്ല..ഓടാന്‍ ശ്രമിച്ച ആള്‍ക്ക് പിടിച്ച് മുഖമടച്ച് ഒന്ന് കൊടുത്തു.അവന്‍ മലര്‍ന്നു വീഴുമ്പോള്‍ മറ്റു യാത്രക്കാരും ഉണര്‍ന്നു..വെളിച്ചം എല്ലായിടത്തും പരന്നു.ഞാന്‍ അവനെ ചവുട്ടി പിടിച്ചു.അവന്‍ മുഖം മറച്ച് പുതച്ചിരുന്ന ഒരു വലിയ ഷാള്‍ വലിച്ച് മാറ്റി.അത് സന്ദീപ്‌ ആയിരുന്നില്ല.കറുത്തത് തടിച്ച ഏതോ ഒരുവന്‍..! കിടന്ന കിടപ്പില്‍ തുറന്നു പിടിച്ച അവന്റെ  വലതു കൈയില് ഒരു സ്വര്‍ണത്തിളക്കം..ഞാന്‍ അവളെ നോക്കി.വല്ലാണ്ട് ഭയന്നു വിറച്ച് കരയുന്നു.
 
"കള്ളന്‍ കള്ളന്‍..എന്റെ മാല.." മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം എന്നോടായി അവളുടെ സ്വരം..അവനെ പിടിച്ചുയര്‍ത്തി കൈയില്‍ നിന്നും മാല ഞാന്‍ പിടിച്ച് വാങ്ങി.. ആള്കാര്ക്കെല്ലാം കാര്യം മനസിലായി.അവനെ രണ്ടു മൂന്ന് പേര്‍ ബലമായി പിടിച്ച് വച്ചു.ആരൊക്കെയോ ഡ്യുട്ടി ഗാര്‍ഡിനെ കൂട്ടി വന്നു.കള്ളനെ അവരെ ഏല്‍പ്പിച് തിരിയുംപോഴാണ് സന്ദീപ് ബാത്റൂം സൈഡില്‍ നിന്നു ഓടി വരുന്നത് കണ്ടത്..ഒരു നിമിഷം അവനെ മറ്റേതോ രീതിയില്‍ തെറ്റിദ്ധരിച്ചതില്‍ എനിക്ക് വിഷമം തോന്നി.നയിറ്റ് ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് പോലീസുകാര്‍ വന്നു.എന്താണ് സംഭവിച്ചതെന്ന് അവളെ വിളിച്ച് ചോദിച്ചു.എന്നോടും വിശദീകരണം ആവശ്യപ്പെട്ടു.എല്ലാം കഴിഞ്ഞു പോലീസുകാരന്റെ അവസാന ചോദ്യം..
"നിങ്ങള്‍ ഇവരുടെ???"അശ്വതിയെ നോക്കി ആണ് ചോദ്യം..
ഞാന്‍ മൌനം പാലിച്ചു.അവള്‍ പറയട്ടെ ഞാന്‍ ആരാണെന്ന് .
പോലീസുകാരന്‍ ചോദ്യം ആവര്‍ത്തിച്ചു.അവള്‍ ഒരു തേങ്ങലോടെ എന്റെ ദേഹത്തോട് ചായ്ഞ്ഞു..എന്റെ കൈകള്‍ അറിയാതെ അവളെ ചേര്‍ത്ത് പിടിക്കുമ്പോള്‍ പോലീസുകാരന്‍ പറഞ്ഞു.."വൈഫ്‌ വല്ലാതെ ഭയന്നിരിക്കുന്നു സാര്‍ അവരെ കെയര്‍ ചെയ്യു.."
 
സന്ദീപിന്റെത് ഉള്‍പ്പെടെ മറ്റുള്ളവരുടെ കണ്ണില്‍ വിടര്‍ന്ന അത്ഭുതം ഞാന്‍ കണ്ടില്ലന്ന് നടിച്ചു.വീണ്ടും ലയിറ്റുകള്‍ അണഞ്ഞു..എല്ലാപേരും ഉറക്കത്തിനുള്ള തയ്യാറെടുപ്പിലായി. ഞാന്‍ അവളെ ചേര്‍ത്ത് പിടിച്ച് അങ്ങനെ തന്നെ അവളിരുന്ന സീറ്റിലേയ്ക്കിരുന്നു.എന്നെ പോലെ തന്നെ അവളും ഉള്ളിലടക്കിയ സ്നേഹം..അത് കണ്ണീരിന്റെ നനവോടെ എന്റെ നെഞ്ചിലേക്ക്  പെയ്തിറങ്ങി..ഇത്രയും സമയം ഞാന്‍ പ്രത്യക്ഷത്തില്‍ കാണിക്കാതെ ഇരുന്ന എന്റെ വികാരവിചാരങ്ങള്‍..അവളോടുള്ള സ്നേഹം,കരുതല്, എന്നെ ശ്രദ്ധിക്കാത്തപ്പോള്‍ അവളോട് തോന്നിയ ദേഷ്യം,മറ്റൊരാളോട് മിണ്ട്യപ്പോള്‍ തോന്നിയ അസൂയ..എന്റെ സങ്കടം..ഇതിലൊന്ന് പ്രകടിപ്പിച്ചിരുന്നെങ്കില്‍ ഉരുകി തീരാവുന്നതേ ഉണ്ടായിരുന്നുള്ളു എല്ലാ പിണക്കവും..
 
എന്റെ കൈയിലടക്കി പിടിച്ച അവളുടെ പൊട്ടിയ മാലയിലേയ്ക് ഞാന്‍ ഒന്ന് നോക്കി.അന്നേരമാണ് ശ്രദ്ധിച്ചത്,മാലയുടെ തുമ്പത്ത് കോര്ത്തിരിക്കുന്ന ചെറിയ താലി..ഞാന്‍ അണിയിച്ചത്..!കടലാസ് കഷണങ്ങളില്‍ ഒപ്പിട്ട് പിരിഞ്ഞിട്ടും.. പ്രത്യക്ഷത്തിലില്ലാത്ത ദാമ്പത്യത്തിലും..അവള്‍ അത് കഴുത്തില്‍ അണിഞ്ഞിരുന്നു!സ്നേഹത്തിന്റെ അടയാളം പോലെ അതെന്റെ കൈലിരുന്നു തിളങ്ങി..ഞാന്‍ അവളെ ഒന്ന് കൂടെ ചേര്‍ത്തണച്ചു.  

2 comments:

 1. ithu kalakki tto..
  words are filled with feelings..
  i really enjoyed.. :)

  ReplyDelete
 2. ഞാന്‍ സ്വത്രന്തന്‍ അയ്യാ ഒരുത്തന്‍ ആണെന് പറഞ്ഞു നടക്കുമ്പോയും ഓരോ പുരുഷനും ഒരു സ്ത്രിയുടെ കരുതലും സ്നേഹവും കൊതിക്കും.
  നല്ല കഥ

  ReplyDelete

എഴുതുന്നത് എന്റെ ഇഷ്ടം..അഭിപ്രായങ്ങള്‍ നിങ്ങളുടെയും..