Monday 2 April 2012

മണ്ണില്‍ മറഞ്ഞ മഴത്തുള്ളി

യാ..അല്ലാഹ്..


ഒരു ചെറിയ യാത്രയ്ക്കുള്ള  ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി അയാള്‍ അല്‍പസമയം പ്രാര്‍ഥനയില്‍  മുഴുകി.വിശുദ്ധ ഖു-റാനിലെക്ക്  കൈ ചേര്‍ത്ത്  വച്ച് മക്കയുടെ ചുവര്‍  ചിത്രത്തിലേക്ക് മിഴികള്‍ ഊന്നി പിടക്കുന്ന  മനസോടെ അയാള്‍ നിന്നു.അല്ലാഹ്..അബ്ദുല്‍ റഹിം എന്ന ഞാന്‍ അവിടേക്ക് പ്രാര്ധനാപൂര്‍വ്വം വാക്ക്  തരുന്നു ..എന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു കൊണ്ട് ഇരിക്കുന്ന, എന്നിലെ എന്റെ നിയന്ത്രണം തന്നെ  നഷ്ടപ്പെടുത്തിയ  ഒരു അവസ്ഥയില്‍ നിന്നും ജീവനുള്ള ലോകത്തേക്ക് ഞാന്‍ തിരിച്ചു വരും.ഈ യാത്രക്ക് ശേഷം പഴയ റഹിം ആയി ഈ മുറിയിലേക്ക് ഞാന്‍ മടങ്ങിയെത്തും.അവിടുത്തെ  നാമത്തില്‍ ഞാന്‍ വാക്ക് തരുന്നു...!


ചെറിയ മുറിയിലെ കട്ടിലില്‍ വച്ചിരുന്ന ബാഗ്  വീണ്ടും ഒന്ന് കൂടി പരിശോധിച്ച് ആവശ്യമുള്ള സാധനങ്ങള്‍  എല്ലാം ഉണ്ടെന്ന്  വീണ്ടും ഉറപ്പുവരുത്തി.അലക്കി തേച്ച വസ്ത്രങ്ങള്‍,ബ്രഷും പേസ്റ്റും ചെറിയ അത്തര്  കുപ്പികള് ..!തയാറെടുപ്പുകളും അവസാനമായി ഈശ്വരനോടുള്ള വാക്കുകൊടുക്കലും കൂടി കഴിഞ്ഞതോടെഅയാള്‍ക്ക് വല്ലാത്ത വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടു.ഷുക്കൂര്‍ എന്താണ് വൈകുന്നത്.?എത്രയും വേഗം പുറപ്പെടണം.!


അസ്വസ്ഥമായ മനസോടെ എഴുന്നേറ്റ് മുറിക്ക് സമീപം ഉള്ള ചെറിയ വരാന്തയിലേക്ക് ചെന്നു നിന്നു. വര്‍ഷങ്ങള്‍ പലതായി ഈ പ്രവാസജീവിതം മണല്‍ക്കാട്ടില്‍ തുടങ്ങിയിട്ട്.ഏതൊരു പ്രവാസിയേയും  പോലെ ചെറിയ പ്രാരാബ്ദങ്ങളും സ്വപ്നങ്ങളുമായി വന്നു.റബ്ബിന്റെ കാരുണ്യം കൊണ്ട് നാട്ടില്‍ വാപ്പച്ചിക്കും ബീവിക്കും രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ക്കും പിന്നെ ഇവിടെ തനിക്കും, അല്ലലില്ലാതെ ജീവിക്കാനുള്ളത്  കിട്ടുന്നുണ്ട്.എന്നിട്ടും..?


അയാള്‍ തിരികെ മുറിയിലേക്ക് തന്നെ വന്നിരുന്നു.മൊബൈല്‍ എടുത്ത് ഷുക്കൂറിന്റെ നമ്പര്‍ അമര്ത്തി.എത്രയും വേഗം എത്തുമെന്ന് ഒരു അറിയിപ്പ് അവിടെ നിന്ന് കിട്ടി.ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ന്നു.വെറുതെ, സമീപം കിടന്ന മറ്റു രണ്ടു കട്ടിലുകളിലേക്ക് നോക്കി.സഹതാമസക്കാരായ രണ്ടുപേര് ഉണര്‍ന്നിട്ടില്ല.ഇന്ന് വെള്ളിയാഴ്ചയാണ്.ഉണര്‍ന്നിട്ടും കാര്യമൊന്നും ഇല്ല.ഹിന്ദി മാത്രം സംസാരിക്കാന്‍ അറിയുന്ന അവരോട് ഒഴുക്കോടെ സംസാരിക്കാന്‍ തനിക്കാവില്ല.വെറും അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള ചോദ്യവും ഉത്തരവുമേ വര്‍ഷങ്ങളായി അവരോട് ഉള്ളു.


മടങ്ങി വന്ന നോട്ടം അറിയാതെ പതിച്ചത് മുറിയുടെ ഒരു മൂലക്കായി  വച്ചിരുന്ന കമ്പ്യൂട്ടരിലാണ്.തന്റെ ഈ അവസ്ഥയ്ക്ക് കാരണമായ നിര്‍ജീവയന്ത്രം.നിര്ജീവമെങ്കിലും ജീവന്റെ മറ്റൊരു മാസ്മരലോകം അതില്‍  തുറന്നു തന്നത് ഇന്റര്‍നെറ്റ്‌ എന്ന വലക്കുരുക്കാണ്. ഏകദേശം മൂന്ന് വര്‍ഷമായി താന്‍ പൂര്‍ണമായും ആ ലോകത്തില്‍ അടിമപ്പെട്ടിട്ട്.വളരെ നിസാരമെന്ന് തോന്നുമെങ്കിലും വളരെ വലിയ രീതിയില്‍ തന്നെ തന്നെ ജീവിതത്തെ അത് ബാധിച്ചു  കഴിഞ്ഞു.


ഓഫീസിലെ കണക്കുകളും റിപ്പോര്‍ട്ടുകളും തയാറാക്കുന്ന ജോലിക്ക്  ആയാസം കുറയ്ക്കാന്‍ വേണ്ടിയാണ് റൂമിലും ഒരു സെക്കന്റ് ഹാന്‍ഡ്‌ കമ്പ്യൂട്ടര്‍ വാങ്ങി വച്ചത്.ഇന്റര്‍നെറ്റ്‌  കണെക്ഷന്‍  കൂടി വന്നതോടെഅത്ഭുതങ്ങളുടെ ഒരു മായിലോകം തന്നെ അത് അയാള്‍ക്ക് മുന്നില്‍ തുറന്നു.സാമാന്യം കമ്പ്യൂട്ടര്‍ അറിവിനപ്പുറം ഇന്റെര്‍നെറ്റിന്റെ അനന്തസാധ്യതതകള്‍ ഒന്നും അയാള്‍ക്കറിയില്ലായിരുന്നു.ജോലി കഴിഞ്ഞു വന്നാല്‍ അല്പം പാട്ട് കേള്‍ക്കലോ ടിവിയില്‍ പ്രിയപ്പെട്ട ഒന്ന് രണ്ടു പരിപാടികള്‍ കാണാലോ മാത്രമായിരുന്നു വിനോദ മാര്‍ഗങ്ങള്‍.കൃത്യ സമയത്ത് ഉറക്കം..ഭക്ഷണം..ദിനചര്യകള്‍..!
ചാറ്റിങ്ങിനെ കുറിച്ച്  ഒരു സുഹൃത്ത്‌ വഴി കേട്ടറിഞ്ഞ് എങ്ങനെയോ ഒരു യാഹൂ ഐടി ഉണ്ടാക്കി.പല പല ചാറ്റ് റൂമുകള്‍ കയറി ഇറങ്ങി എങ്കിലും അയാള്‍ക്ക് ആദ്യം വിരസതയാണ് തോന്നിയത്.ഒരു പ്രത്യേക ചാറ്റ് റൂമില്‍  കുറച്ചധികം കൂട്ടുകാരെ കിട്ടിയപ്പോള്‍  വിരസത മെല്ലെ വഴിമാറി, പകരം അവിടെ ചിലവഴിക്കുന്ന സമയം കൂടി..!ഇന്ന് അയാളുടെ സൌഹൃദ വലയം, നെറ്റിലെ പ്രവര്ത്തനങ്ങള്‍ , വിനോദങ്ങള്‍- നിരവധി കമ്മ്യൂണിറ്റി സൈറ്റുകളിലും ചാറ്റ് സൈറ്റുകളിലും ഫെയിസ് ബുക്കിലും ഓര്‍ക്കുട്ടിലും ആയി പടര്‍ന്നു കിടക്കുന്നു.ആണ്‍-പെണ് പേരുകളില്‍ ഐടികള്‍,ഫേക്ക് ഐടികള്‍..തുടങ്ങി കുറെ അദികം ഇമെയില്‍ വിലാസങ്ങളും അക്കൌണ്ടുകളും..!


ഷുക്കൂര്‍ റൂമിലെത്തിയതും അയാള്‍ വേഗം എഴുന്നേറ്റ് ആശ്ലേഷിച്ചു.പ്രിയ സ്നേഹിതനൊപ്പമാണ് ഇന്നത്തെ യാത്ര.മൂന്നു ദിവസം തന്റെ പരിപൂര്‍ണമായ നിയന്ത്രണം അവന്‍ ഏറ്റെടുത്തു കഴിഞ്ഞു.കുട്ടിക്കാലം മുതല്‍ക്ക് ഉള്ള സുഹൃത്തുക്കള്‍ ആയിരുന്നിട്ടും  ഈ മൂന്ന് വര്‍ഷക്കാലമായി അവന്‍  ഉള്‍പ്പെടെ ഉള്ള മറ്റു സുഹൃത്തുക്കളെ താന്‍ അവഗണിക്കുകയാണ് ചെയ്തത്.അക്ഷരങ്ങളിലൂടെ ഉള്ള സൌഹൃദത്തില്‍ മാത്രം മുഴുകി ജീവിച്ചു അത്രയും നാള്‍.സുഹൃത്ത് സദസുകളില്‍ നിന്നും മനപൂര്‍വമായി ഒഴിഞ്ഞു മാറിയിട്ടുണ്ട്.ഒന്നിനും സമയം ഇല്ലായിരുന്നു,അല്ലെങ്കില്‍ സമയം മുഴുവന്‍ ഓണ്‍ലൈന്‍ ജീവിതത്തിനു വേണ്ടി ആയിരുന്നു.


അവനൊപ്പം റൂമിന് പുറത്തിറങ്ങി നടക്കുന്നതിനിടയിലാണ് ഓര്‍ത്തത്-കണ്ണട എടുത്തില്ല.ചിന്തകള്‍ക്കിടയില്‍ എപ്പോഴോ കണ്ണ് നിറഞ്ഞപ്പോള്‍ ഊരി വച്ചതാണ്.കട്ടിലിന്റെ കാല്‍ക്കല്‍ ഉണ്ടാകും.ബാഗ്‌ കൂട്ടുകാരനെ  ഏല്‍പ്പിച്ച് വേഗം തിരിഞ്ഞു നടന്നു.കണ്ണുകള്ക്കിപ്പോള്‍ കണ്ണട ഇല്ലാതെ പറ്റില്ല.ഉറക്കം എന്നത് രണ്ടോ മൂന്നോ..ഏറ്റവും കൂടിയത് നാലോ മണിക്കൂറുകള്‍ ആയി ചുരുങ്ങിയിരിക്കുന്നു.അതിനും ഇടക്ക് ഉണരും.ഓരോ സൈറ്റിലും ഓപ്പണ്‍ ആയിരിക്കുന്ന ഐടികളില്‍ സുഹൃത്തുകളോട് ചാറ്റ് ചെയ്യും.പങ്കെടുക്കുന്ന ഡിസ്കഷനുകളില്‍ കമെന്റുകള്‍ നോക്കും മറുപടികള്‍ ഇടും.സ്റ്റാറ്റസ് അപ്ടേറ്റ്‌  ചെയ്യും.കൂട്ടുകാര്‍ക്ക് 'ലൈക്കുകളും സ്ക്രാപ്പുകളും' ആദ്യം എത്തിക്കേണ്ടത് താനായിരിക്കണം എന്ന് നിര്‍ബന്ധം തന്നെയാണ്.ഇത്തരം ഒരു അവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ പ്രതിഷേധം ആദ്യം അറിയിച്ചത് കണ്ണുകള്‍ ആണ്.കണ്ണിനുള്ളില്‍ ഈര്‍പ്പം ഇല്ലാതെ വരണ്ടു പോകുന്ന ഒരു അവസ്ഥ.കണ്‍ പോളകള്‍  പരസ്പരം ഒട്ടിപ്പിടിക്കുന്നത് പോലെ.ആദ്യം തുള്ളിമരുന്നുകളില്‍ അഭയം തേടി.കാഴ്ചക്ക് മങ്ങല്‍ ആയി പിന്നീട്.ജീവിതത്തില്‍ ആദ്യമായി കണ്ണട വച്ചു.അതൊന്നും ഒരു വലിയ കാര്യമായി തോന്നിയില്ല.അത്രമേല്‍ ഹരമായി കഴിഞ്ഞിരുന്നു ഓണ്‍ലൈന്‍ ജിവിതം.


നല്ല പൊടിക്കാറ്റ് ഉണ്ടല്ലോ..കാറില്‍ ഇരിക്കുമ്പോള്‍ അയാള്‍ മനസില്‍ ഓര്‍ത്തു.ഷുക്കൂര്‍ വളരെ സൂക്ഷിച്ചാണ് ഡ്രൈവ് ചെയ്യുന്നത്.ഇന്നത്തെ ദിവസം പകല്‍ മുഴുവന്‍ ഒരു സുഹൃത്തിന്റെ കുഞ്ഞിന്റെ ബര്ത്ഡേ പാര്‍ട്ടി വൈകുന്നേരം ഒരു സുഹൃത്ത് സദസ്..നാളെ എല്ലാപേരോടും ഒപ്പം ബീച്ചിലും മറ്റു സ്ഥലങ്ങളിലുമായി ഔട്ടിങ്ങ്‌ ..മൂന്നാം ദിവസം വൈകുന്നേരം മുതല്‍ ഒരു ടെസേര്ട്ട് സഫാരി.അത്രയുമാണ്  ഷുക്കൂറിന്റെ പ്ലാന്‍.തന്റെ  പ്രശ്നങ്ങള്‍  അവനോട് തുറന്നു പറഞ്ഞത് എത്ര നന്നായി.ഈ മൂന്ന് ദിവസങ്ങള്‍ നെറ്റ് ഉപയോഗിക്കാതെ വിജയകരമായി തരണം ചെയ്‌താല്‍ താന്‍ ചികിത്സയുടെ ആദ്യ ഘട്ടം വിജയകരമായി തരണം ചെയ്തിരിക്കുന്നു എന്നാണ് ഡോക്ടെര്‍  പറഞ്ഞിരിക്കുന്നത്.ഇന്ന് ലോകത്തെ നല്ലൊരു ശതമാനം ആള്‍ക്കാര്‍ അടിമപ്പെട്ട് കഴിഞ്ഞ ഈ അഡിക്ഷന് പരിഹാരം തേടാന്‍ ഒരു ഡോക്ടറുടെ ഉപദേശം സ്വീകരിക്കുന്നതില്‍ തെറ്റില്ല എന്നായിരുന്നു ഷുക്കൂറിന്റെ വാദം.മൂന്നു വര്‍ഷമായി നാട്ടില്‍ ഒന്ന് പോകാന്‍ പോലുമുള്ള മനസ്‌  നഷ്ടപ്പെട്ടിരിക്കുന്ന വിധം അടിമപ്പെട്ട താന്‍ എതിര്‍ത്ത് എന്ത് പറയാന്‍.


ഒന്നാമത്തെ ദിവസം ഏകദേശം  അവസാനിക്കാന്‍ ആകുമ്പോള്‍  വല്ലാത്ത വീര്‍പ്പുമുട്ടല്‍ അയാള്‍ക്ക് തുടങ്ങി.എന്നാലും സുഹൃത്തുകളുടെ സാമീപ്യം അതിന്റെ കാഠിന്യം കുറച്ചു.മുന്പ് എപ്പോഴോ വൈദ്യുതിയുടെയോ കണെക്ഷന്റെയോ അഭാവത്തില്‍ ചില മണികൂറുകള്‍ നെറ്റ് ഉപയോഗിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സമാധാന പ്രിയനായിരുന്നിട്ടും,അകാരണമായി ദേഷ്യം വന്നതും ആരോടൊക്കെയോ പൊട്ടിത്തെറിച്ചതും അയാള്‍ ഓര്‍ത്തു.മറ്റൊരു ലഹരിയും തന്നെ ഇത് പോലെ ഭ്രാന്ത്‌ പിടിപ്പിച്ചിരുന്നില്ല.ഓഫീസില്‍ ജോലികള്‍ ചെയ്യുമ്പോഴും സൈറ്റുകളിലൂടെ ഉള്ള ഓട്ടം,കമെന്റുകള്‍,ചാറ്റുകള്‍ ഒന്നും തടസമില്ലാതെ ചെയ്തു.മറ്റൊരുതവണ നെറ്റ് സര്‍വീസിന്റെ എന്തോ പ്രശ്നം വന്ന സമയം ഓഫീസില്‍ നിന്നും കുറെ ദിവസം ഓണ്‍ലൈന്‍ ആകാന്‍ കഴിഞ്ഞില്ല.അന്നൊക്കെ ഭ്രാന്തു പിടിച്ചത് പോലെ റൂമില്‍ വന്ന ശേഷം, രാത്രികളില്‍  ഒരുപോള കണ്ണടയ്ക്കാതെ നെറ്റ് ഉപയോഗിച്ച് ഉണര്‍ന്നിരുന്നു.ആ സമയം  ആണ് ആദ്യമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ധത്തില്‍ എത്തുകയും അതിന്‌ ചികിത്സ തേടുകയും ചെയ്തത്.ഇപ്പോള്‍ ചെറുതായി വിമ്മിഷ്ടം തോന്നുന്നുണ്ട്.എന്നാലും സാരമില്ല. അയാള്‍ സ്വയംആശ്വസിച്ചു. 


രണ്ടാം ദിവസം,മുഴുവന്‍ സമയവും പുറത്ത് കൂട്ടുകാര്‍ക്കൊപ്പം ചിലവഴിച്ചു.മൊബൈല്‍ പോലും കൈവശം വയ്ക്കാതെ പൂര്‍ണമായും അവരോടൊപ്പം തന്നെ കഴിച്ചു കൂട്ടി. അതോടൊപ്പം ഒരു നിമിഷം പോലും അയാളെ ഒറ്റയ്ക്ക് ഇരിക്കുവാനോ ചിന്തിക്കുവാനോ ഉള്ള അവസരം ഷുക്കൂര്‍ കൊടുത്തതുമില്ല.അന്ന് പക്ഷെ, രാത്രി കിടക്കുന്നതിന്  അല്‍പസമയം മുന്നേ പക്ഷെ അയാള്‍ക്ക് വല്ലാത്ത വിറയല്‍ ഉണ്ടായി.ദേഹം മുഴുവന്‍ വിയര്‍ക്കുന്ന ഒരു അവസ്ഥ.പിന്നെ പാതി മയക്കത്തില്‍ എപ്പോഴോ അപ്ടെഷന്‍  ഇല്ലാതെ കിടക്കുന്ന തന്റെ വെബ്‌  പേജുകള്‍  അയാള്‍ സ്വപ്നം കണ്ടു.ഞെട്ടി ഉണര്ന്നതില്‍ പിന്നെ ഉറക്കം വന്നില്ല.ആ ഒരു അവസ്ഥയില്‍ കൂട്ടുകാരനോട് പുലരും വരെ സംസാരിച്ച് ഇരിക്കാന്‍ ഷുക്കൂരിനും സന്തോഷമായിരുന്നു.


പിറ്റേന്ന് പകല്‍ സമയം മുഴുവന്‍ തള്ളി നീക്കിയത് വല്ലാത്ത മാനസിക വിഭ്രാന്തി കടിച്ചമര്‍ത്തി തന്നെ ആയിരുന്നു.അവസാനത്തെതും മൂന്നാമത്തേതുമായ ദിവസമാണിന്ന്.നുരഞ്ഞു പൊങ്ങി വരുന്നു-സിരയിലേക്ക് എന്തെന്ന് അറിയാത്ത ഒരു വിദ്വേഷം..!ഒരു അര മണികൂര്‍..ഒരു പത്ത് മിനിറ്റ്..ഒന്ന്  ഓണ്‍ ലൈന്‍ ആകാന്‍ കഴിഞ്ഞെങ്കില്‍..ഒരു ഓട്ട പ്രദക്ഷിണം മാത്രം മതിയായിരുന്നു,മനസമാധാനത്തിന്..!അയാളുടെ കണ്ണുകള്‍ നിറഞ്ഞു.ആ സമയത്ത് തന്നെയാണ് ഭാര്യ ഫോണില്‍ വിളിച്ചത്..മൂത്ത കുട്ടിക്ക് സുഖമില്ലത്രേ.മൊബൈല്‍ ഫോണ്‍ ഒഴിവാക്കിയിരുന്നതിനാല്‍ ഷുക്കൂറിന്റെ ഫോണിലാണ് അവള്‍ വിളിച്ചത്.ഇങ്ങോട്ട് പറഞ്ഞതൊന്നും ശ്രദ്ധിക്കാനായില്ല.ഒന്നും രണ്ടും പറഞ്ഞു വെറുതെ വഴക്കിടെണ്ടി വന്നു.ദേഷ്യം കാണിക്കാന്‍ ഒരാളെ കിട്ടി എന്നത് പോലെ ആയിരുന്നു തന്റെ സംസാരം എന്ന് ഷുക്കൂര്‍ പിന്നീട്  ഓര്‍മിപ്പിച്ചു.സാരമില്ല..കുറെ നാളുകളായി അവളോട് അങ്ങനെയാണ്..ഇന്നത്തെ ദിവസം കൂടി കടിച്ച് പിടിച്ച് കടന്നേ പറ്റു.. നാളെ മുതല്‍ അവളെ ,സമാധാനമായിട്ട് വിളിച്ച് സംസാരിക്കാം!


രാത്രിസമയം ,ടെസേര്റ്റ് സഫാരിക്ക്‌ വന്ന എല്ലാപേര്‍ക്കും തന്നെ അറേബ്യന്‍ രീതിയിലുള്ള വസ്ത്രധാരണവും ആഹാരവും നല്‍കപ്പെട്ടു.മരുഭൂമിയുടെ മടിത്തട്ടില്‍ അറബ് സംസ്കാരത്തിന്റെ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന വിധത്തിലും അല്ലാതെയും ഉള്ള പല വിനോദങ്ങളും സല്‍ക്കാരങ്ങളും ഒരുക്കിയിരുന്നു..അയാളുടേത് അല്ലാതെ വേറെയും ചെറു സംഘങ്ങള്‍  ഒത്തൊരുമിച്ച് കൂടിയ ഒരു പാക്കേജ് ഇവെന്റ്റ്‌..രാവേറെ ചെന്നപ്പോള്‍ ആഘോഷങ്ങള്‍ കൂടുതല്‍ ഹരം വച്ചു.മാദകത്വം തുളുമ്പുന്ന നൃത്തക്കാഴ്ച്ചകളും മദ്യക്കുപ്പികളും അഭിരുചിക്കനുസരിച്ച് ഒരുത്തരുടെയും സിരകളില്‍ ഉന്മാദം നിറച്ചു.എല്ലാ മനസുകളും ലഹരിയില്‍ ആറാടുന്ന കാഴ്ച അയാളെ അസ്വസ്ഥനാക്കി.അയാളുടെ മനസ്‌ തന്റെ ലഹരിയെ വല്ലാതെ ആഗ്രഹിക്കാന്‍ തുടങ്ങി..കണ്ണ് ഒന്ന് വെട്ടിച്ചപ്പോള്‍ കണ്ട ഒരു വിദൂരക്കാഴ്ച -നിലാവില്‍ കുളിച്ച മരുഭൂമിയും പൂര്‍ണചന്ദ്രനും ആയിരുന്നു.
ഒരിക്കലെപ്പോഴോ ഇത് പോലെ ഒരു ചിത്രം തന്റെ കബ്യൂട്ടരില്‍ സ്ക്രീന്‍ സേവെര്‍ ആയിരുന്നു-ആ നെഞ്ചില്‍ നെടുവീര്‍പ്പുകള്‍ക്ക് വേഗം കൂടി.ഒഹ്..വല്ലാതെ ദാഹിക്കുന്നു..!


അല്പം വെള്ളം കുടിച്ച ശേഷം വാട്ടെര്‍ക്യാനിന്  അടുത്ത് നിന്നും പതിയെ നടന്നു വരികയായിരുന്നു അയാള്‍.വല്ലാത്ത ദാഹമാണ് ഇപ്പോള്‍ എപ്പോഴും..ആള്‍ക്കാര് വലിയ വട്ടമിട്ട് ഇരിക്കുന്നതിന് പിന്നിലൂടെ ആണ് നടക്കേണ്ടി ഇരുന്നത്.ഓരോരുത്തരെ ആയി മറികടക്കുമ്പോള്‍ പെട്ടന്ന്-അല്ലാഹ്..എന്താണത്..??ഒരാളിന്റെ കൈയ്യില്‍ ഒരു വെള്ളിവെളിച്ചം മിന്നുന്നു.അതൊരു മൊബൈല്‍ ഫോണ്‍ ആയിരുന്നു.വലിയ സ്ക്രീനില്‍ തെളിഞ്ഞിരിക്കുന്ന ഫെയിസ് ബുക്ക് മുന്‍ പേജ്.മൊബൈല്‍ ഫോണിന് റെയിന്ജ്  പോലുമില്ലാത്ത ഈ ഇടത്ത് നെറ്റ് കിട്ടണമെങ്കില്‍ അതൊരു സാറ്റലൈറ്റ് ഫോണ്‍ ആയിരിക്കണം എന്നും ഉടമസ്ടന്‍ ഏതോ ധനികനായിരിക്കണം എന്നും അയാള്‍ ഊഹിച്ചു.പിന്നെയും ദാഹിക്കുന്ന പോലെ അയാള്‍ക്ക് തോന്നി..ഒരു കടല്‍ കുടിച്ച് വറ്റിക്കാനുള്ള പരവേശം.!


പല കമ്മ്യുണിറ്റി  സൈറ്റുകളിലും താന്‍ തുടങ്ങി വച്ച ചര്‍ച്ചകളില്‍ കമെന്റ്സ് കുറയുന്നത് അയാള്‍ ഓര്‍ത്തു.പങ്കെടുത്ത് വരുന്ന മാര്‍ക്കുകള്‍ ഉള്ള ചില കളികള്‍ സമയപരിധി കഴിഞ്ഞു ലോഗിന്‍ ആകാതെ തനിയെ സീറോ സ്കൊരിലെക്ക് വരുന്നതും ഫെയിസ് ബുക്കില്‍ ഹരമായി മാറിയ ഫാം വില്ല എന്ന ഓണ്‍ ലൈന്‍ കൃഷിയിടത്തില്‍ തന്റെ തോട്ടം സമയത്ത് വിളവെടുക്കാതെ കരിഞ്ഞുണങ്ങുന്നതും..!പിടിച്ച് നില്ക്കാന്‍ വയ്യ..എല്ലാപേരും ലഹരിയുടെ കാണാപ്പുറങ്ങളില്‍ ആണ്..താന്‍ മാത്രം..?


മണല്പ്പരപ്പിലേക്ക് ലക്ഷ്യമില്ലാതെ അയാള്‍ ഓടി..കാലുകള്‍ മണ്ണിലേയ്ക്ക്  വല്ലാതെ ആഴ്ന്നു പോയിട്ടും ആയാസപ്പെട്ട്‌ അത് വലിച്ചെടുത്ത് തന്നെ ഓടി..പാദം വയ്ക്കുന്ന നിമിഷം മാത്രം പുറമേ ഉള്ള മണ് തരികളില്‍ നേരിയ തണുപ്പും ആഴ്ന്നു ഇറങ്ങുമ്പോള്‍ മണ്ണിനു ചൂടും ആ കാലുകളില്‍ അനുഭവപ്പെട്ടു.ആ കഷ്ടതകളൊന്നും അയാള്‍ അറിഞ്ഞതേയില്ല.കുഴഞ്ഞ് മണല്‍പ്പരപ്പില്‍ വീഴുമ്പോള്‍ ഇനി ഒരടി വയ്ക്കനാകാത്ത വിധം അശക്തനായിരുന്നു.നെഞ്ചോട് ചേര്‍ത്ത് നിധിപോലെ മുറുക്കി പിടിച്ചിരുന്ന ആ വസ്തുവിലേക്ക് അയാള്‍ അത്യാര്‍ത്തിയോടെ നോക്കി.-നെറ്റ് കണെക്ഷനുള്ള ആ സാറ്റലൈറ്റ് മൊബൈല്‍ ഫോണ്‍.ജീവിതത്തിലെ ആദ്യ മോഷണം.!സന്തോഷം കൊണ്ടോ.. സങ്കടം കൊണ്ടോ.. ആ കണ്ണുകള്‍ നിറഞ്ഞു.
അല്ലാഹ്..നിനക്ക് തന്ന വാക്ക് പാലിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.കഴിയുന്നില്ല..നീ എന്നോട് പൊറുക്കണേ..മൊബൈല്‍ ഓണ്‍ ആക്കാന്‍ ശ്രമിക്കുമ്പോള്‍  ഒരു വേള മനസ്‌ പിടഞ്ഞു.ഓണ്‍ അയ ഉടന്‍ കണ്ട കാഴ്ച അയാളെ ഞെട്ടിച്ചു കളഞ്ഞു.പാസ്‌വേര്‍ഡ്  ലോക്ക് ചെയ്ത ഒരു സെറ്റായിരുന്നു അത്.സ്ക്രീനില്‍ നിന്ന് പാസ്‌വേര്‍ടിനായുള്ള ചോദ്യം അയാളെ പുച്ഛത്തോടെ നോക്കി.ഭ്രാന്ത് പിടിച്ചത് പോലെ അയാള്‍ പലതും ടൈപ് ചെയ്തു.ചോദ്യം ആവര്‍ത്തിക്കപ്പെട്ടു എന്നല്ലാതെ മറ്റു മാറ്റങ്ങള്‍ ഒന്നും ഉണ്ടായില്ല.ഫോണ്‍ വലിച്ചെറിഞ്ഞ് അലറി വിളിച്ച് അയാള്‍ കരഞ്ഞു.ശരീരത്തിലൂടെ ഒഴുകുന്ന രക്തം, ഞരമ്പുകള്‍ പൊട്ടിച്ച്  പുറത്തേക്ക് കുതിക്കാന്‍ വെമ്പി..-ഉയര്‍ന്ന രക്തസമ്മര്‍ദം...!കീഴങ്ങിയത് ആദ്യം ശിരസിലെ ഞരമ്പുകള്‍ ആയിരുന്നു. അയാളുടെ മൂക്കിലും ചെവിയിലും അത് ചുടുചോരയുടെ ഈര്‍പ്പം പടര്‍ത്തി.


ആ രാത്രി പലവട്ടമായി വീശിയ കാറ്റില്‍ അയാളുടെ ശരീരത്തില്‍ മണല്‍ വന്നു കുമിഞ്ഞു കൂടി..ഏറ്റവും ഒടുവിലായി 
മണ് മറഞ്ഞത്  ആ കൈവിരലുകള്‍ ആയിരുന്നു.മറയുന്ന അവസാന നിമിഷം വരെ.. ജീവന്റെ അവസാന തുടിപ്പായി..--ഒരു കീ ബോര്‍ഡില്‍ എന്ന വണ്ണം,അവ ഓരോന്നും താളത്തില്‍ മണലില്‍ അമരുന്നുണ്ടായിരുന്നു...!
                                                                                                        
 -- സുനൈന റഹിം 
    സ്റ്റാന്‍ഡേര്‍ഡ്.10.ഡി
    ചെറുകഥാ മത്സരം കോഡ്‌ നമ്പര്‍ : 980 
    ഗുരുകുലം ഗേള്‍സ്‌ ഹൈസ്കൂള്‍.




*                                      *                                      *                              *                                 *                   


നിറഞ്ഞ കണ്ണുകള്‍  അവള്‍,സുനൈന..തട്ടത്തിന്റെ തുമ്പ് കൊണ്ട് തുടച്ചു.മത്സരത്തിന് കഥ എഴുതി നിര്‍ത്തിയ പേപ്പര്‍ ഭദ്രമായി ടീച്ചറെ ഏല്‍പ്പിച്ചു.അവസാനിപ്പിച്ച കഥയില്‍ നിന്നും മനസ്‌ പറിച്ചെടുക്കാന്‍ അവള്‍ക്ക് അപ്പോഴും കഴിഞ്ഞിരുന്നില്ല.ചുറ്റിലും നടക്കുന്ന പലതും വിഷയമാക്കി എഴുതിയിട്ടുണ്ടെങ്കിലും ആദ്യമായാണ് വാപ്പച്ചിയെപ്പറ്റി എഴുതുന്നത്.വര്‍ഷങ്ങള്‍ക്ക് മുന്പ്, തങ്ങളെ വിട്ടു പോയ വാപ്പച്ചി..!ആ മണല്‍ക്കാട്ടില്‍  നിന്ന് പിറ്റേന്ന് വാപ്പച്ചിയുടെതായി കിട്ടിയത് ഊരിപ്പോയ ആ ചെരുപ്പുകള്‍ മാത്രമാണ് ഒപ്പം മറ്റൊരിടത്തായി ആ മൊബൈല്‍ ഫോണും!ഓരോ കാറ്റിലും മണല്ക്കൂനകള്‍ മാറി മാറി ഉണ്ടാകുന്ന ഇടത്ത് ആ ശരീരം എവിടെയോ മറഞ്ഞു.അവസാനമായി ഒരു നോക്ക് കാണാന്‍ പോലും കഴിഞ്ഞില്ല,ആ പാവത്തിനെ..!


വിതുമ്പിപ്പൊട്ടിയ കണ്ണുകളും ചുണ്ടും കൈ കൊണ്ട് മറയ്ക്കാനും മൂടാനും അവള്‍ ശ്രമിച്ചു.കഴിയാതെ വന്നപ്പോള്‍ ഡസ്കിലേയ്ക്ക്  മുഖം ചായ്ച്ച് കിടന്നു.


ദൂരെ ഒരു മരുഭൂമിയില്‍ അപ്പോള്‍ കാലം തെറ്റിയൊരു മഴ,ആര്‍ത്തലച്ച് പെയ്യുകയായിരുന്നു.ഓരോ തുള്ളി വെള്ളവും തിരിച്ചെടുക്കാനാകാത്ത വിധം മണ്ണിലേയ്ക്ക്  മറഞ്ഞ്..അലിഞ്ഞ്‌..ചേര്‍ന്നു കൊണ്ടേയിരുന്നു.!!!
-അമ്മൂട്ടി.

4 comments:

  1. ഇതുവരെ എഴുതിയതില്‍ വച്ചേറ്റവും ഇഷ്ടപ്പെട്ട കഥ..!! അതിമനോഹരമായി എഴുതിയിരിക്കുന്നു.. ഇതിലെ കഥാനായകന്‍ ഞാനോ നീയോ എന്നു സംശയിച്ചുപോകും.. ഇനിയും എഴുതുക ഇതുപോലുള്ള പുതുമയുള്ള കഥകള്‍.. ഭാവുകങ്ങള്‍..

    ReplyDelete
  2. കഥയ്ക്കുപരി ഇത് ഒരു ഓർമ്മപെടുത്തലാണ് ഇന്നത്തെ തലമുറ അപകടമാം വിധം ഇന്റെർനെറ്റ് എന്ന ചതിക്കുഴിയിലേക്കു വീണുകൊണ്ടിരിക്കുന്നു...വളരെ നന്നായി തന്നെ അവതരിപ്പിച്ചിരിക്കുന്നു..ഒരു വേള ഇതു നടന്ന സംഭവമാണെന്നു പോലും ചിന്തിച്ചു പോയി..ആശംസകൾ...ഇനിയും ഇനിയും എഴുതാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

    ReplyDelete
  3. ഞാന്‍ ഉള്‍പെടെയുള്ള ആള്‍കാര്‍,ഒഴിവു സമയം കിട്ടുമ്പോള്‍ ഇന്റര്‍നെറ്റ്‌ന്റെ മയാലോകതെക്ക് ഓടുന്നു, ഇതൊരു ഓര്‍മ്മപെടുത്തല്‍ ആണ്, നിന്റെ ഏറ്റവും മികച്ച സൃഷ്ട്ടികളില്‍ ഒന്നാണ് ഇത് ,നന്ദി

    ReplyDelete

എഴുതുന്നത് എന്റെ ഇഷ്ടം..അഭിപ്രായങ്ങള്‍ നിങ്ങളുടെയും..