Thursday 1 December 2011

അവളുടെ കൌതുകങ്ങള്‍..

പ്രിയ നിരഞ്ജന്‍..
തുടരെ മെയിലുകള്‍ അയയ്ക്കാത്തതിന്റെ പരിഭവത്തിലാണോ?മലേഷ്യയില്‍ എണ്ണം തികയാത്ത രോഗികള്‍ ഉള്ള ഒരു ഡോക്ടെര്‍ക്കില്ലാത്ത എന്തു തിരക്കാണ് നിനക്ക് ആ പട്ടിക്കാട്ടില്‍ എന്നല്ലേ ഇപ്പൊ ആ മനസ്സില്‍?മൊബൈലും കമ്പ്യൂട്ടറും ഒക്കെ മാറ്റി വച്ചു കുറച്ച് ദിവസങ്ങള്‍..അതങ്ങനെ ആസ്വദിക്കുകയായിരുന്നു ഞാന്‍.മുഖം വീര്‍പ്പിക്കണ്ട..

 എന്റെ തിരക്കുകള്‍ എല്ലാം ഓരോ കൌതുകങ്ങള്‍ക്ക് പിന്നാലെ ആണ് നിരഞ്ജന്‍..അഞ്ചു വയസില്‍ പോന്നതല്ലേ ഞാന്‍ അവിടേക്ക്.അതിന് ശേഷം ആദ്യത്തെ വരവല്ലേ ഇങ്ങോട്ടേക്ക്.ആ ഒരു ത്രില്ലിലാണ്  ഞാന്‍.മൊബൈലിന് ഇന്നും റേഞ്ച് ഇല്ലാത്ത ഒരു നാട് ഇയാള്‍ക്ക്  സങ്കല്‍പ്പിക്കാന്‍ ആകുന്നുണ്ടോ?എന്റെ ഈ സന്തോഷത്തിന്‌ ഇയാള്‍ കൂടി കാരണമാണ്.ഭാവിമരുമകന്റെ അഭ്യര്‍ഥന മാനിച്ചു മാത്രമാണ് അച്ഛന്‍ മീനാക്ഷി ചേച്ചിയുടെ കല്യാണം കൂടാനും പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇവിടേക്ക് വരാനും  അനുവദിച്ചതെന്ന് എനിക്ക്‌ അറിയാം.ഉപചാരമില്ലാത്ത ഒരു നന്ദി വാക്ക് പറഞ്ഞാല്‍ സ്വീകരിക്കുമോ?

എനിക്കിവിടം വല്ലാതെ ഇഷ്ടമായി.അഞ്ചു വയസു വരെ ഉള്ള ഓര്‍മ്മകള്‍ മാത്രം കൊണ്ട്‌ ഞാന്‍ ഇവിടെ വന്നിട്ടും ഓരോ മണല്‍ തരിയും എനിക്ക് പരിചിതമാകുന്നത് പോലെ.
എവിടെ ചെന്ന് നിന്നാലും മുന്പ് എപ്പോഴോ കണ്ട് മറന്ന ഒരു ഫീല്.അമ്മായിയുടെ വീടും വളപ്പും കാണാന്‍ നല്ല ഭംഗി ആണ് കേട്ടോ..പഴയ കെട്ടും മട്ടും..തുറക്കുമ്പോള്‍ കര കരാ കരയുന്ന തടി കൊണ്ടുള്ള വാതിലും ജനാലകളും.മുകളിലേക്കുള്ള പടിക്കെട്ട് കയറുമ്പോള്‍ പേടി ആകും-.തടി കൊണ്ട്‌ തന്നെ കുത്തനെ ഉള്ള പടിക്കെട്ട്. ഞാന്‍ വന്നത് അമ്മായിക്ക് വല്യ സന്തോഷായി കേട്ടോ..ഒറ്റയ്ക്കിങ്ങനെ ഈ വീട്ടില്‍ കഴിയുകയല്ലേ പാവം..ഭര്‍ത്താവ് മരിച്ചു..കുട്ടികളുമില്ല..!

ഇവിടെ എന്റെ ഏറ്റവും വലിയ കൌതുകം എന്താണെന്ന് അറിയാമോ നിരഞ്ജന്‍? മുത്തശ്ശിക്കാവ്......

*                    *                        *                         *                       *                      *

പാര്‍ക്കിംഗ് ഏരിയായില്‍ കാര്‍ നിര്‍ത്തി നിരഞ്ജന്‍ ദൃതിയില്‍ ഇറങ്ങി.ലിഫ്റ്റില്‍ കയറി 6th ഫ്ലോര്‍ സെലക്ട്‌ ചെയ്യുമ്പോള്‍ ആണ് ഓര്‍ത്തത്.കാര്‍ ലോക്ക് ചെയ്യാന്‍ മറന്നു.രാവിലെ ശ്രേയയുടെ മെയില്‍ വായിച്ചതില്‍ പിന്നെ മനസ്‌ ഉറച്ച് ഒരിടത്ത് നിന്നിട്ടില്ല..
ലിഫ്റ്റിന്‌ പുറത്ത് ഇടതു ഭാഗത്തായി ശ്രേയയുടെ അച്ഛന്റെ ഓഫീസ് റൂം..
"അങ്കിള്‍ കാന്‍ ഐ ഗെറ്റ് ഇന്‍?
ചോദ്യത്തോടൊപ്പം അവന്‍ അകത്തേക്ക് കയറിക്കഴിഞ്ഞിരുന്നു.ലാപ് ടോപ്പിലെക്ക് മുഖം തിരിച്ചിരിക്കുന്ന ആളിന്റെ മുഖം വല്ലാത്ത സമ്മര്‍ദ്ധത്തിലാണെന്ന് അവന്‍ ശ്രദ്ധിച്ചു.തന്റെ ഫോണ്‍ കാള്‍ വന്നതിന്റെ ഇഫ്ഫെക്റ്റ് അവിടെ പൂര്‍ണമായും പ്രതിഫലിച്ചിരിക്കുന്നു.ഇരിക്ക് എന്ന്‌ കൈ കൊണ്ട്‌ ആന്ഗ്യം കാണിച്ചത് അവന്‍ അനുസരിച്ചു..

"സീ..ഞാന്‍ നിരഞ്ജനോട്‌ പറഞ്ഞിരുന്നതാണ് ശ്രേയയെ നാട്ടിലേക്ക് അയക്കാന്‍
എനിക്ക് താല്പര്യമില്ല എന്ന്‌.അതും ഒറ്റയ്ക്ക്..എന്നിട്ടും.."

"അങ്കിള്‍ ..ഞാന്‍..എനിക്ക്‌..അറിയില്ലായിരുന്നു..അല്ല..ഞാന്‍ ഒന്നും അത്ര സീരിയസ് ആക്കിയിരുന്നില്ല.അത് കൊണ്ടല്ലേ അവളുടെ ഇഷ്ടം പോലെ നാട്ടിലേക്ക് അയയ്ക്കാന്‍ ഞാന്‍ നിര്‍ബന്ധിച്ചത്.പക്ഷെ..ചെന്ന ശേഷം അവള്‍ ഒത്തിരി മാറിയ പോലെ..കൃത്യമായി മെയില്‍ അയക്കില്ല..ഫോണ്‍ വിളിച്ചാല്‍ കിട്ടില്ല..സംസാരിക്കാന്‍ താല്പര്യമില്ല..എന്നിട്ടും ഞാന്‍ കരുതി,ഒരുപാട് ആഗ്രഹിച്ച് പോയതല്ലേ അവിടെയ്ക്ക്..എന്ജോയ്‌ ചെയ്യട്ടെ എന്ന്‌.പക്ഷെ ഇന്ന്  മെയില്‍ കണ്ടപ്പോള്‍ ഞാന്‍ ആകെ ഷോക്ക്‌ ആയി..ഐ കാന്റ് ലിവ് വിത്തൌട്ട് ഹെര്‍.." അവന്റെ കണ്ണുകള്‍ നിറഞ്ഞു.
"ഞാന്‍ പറഞ്ഞാല്‍ മനസിലാകില്ല..കാണിക്കാം അത്..അങ്കിള്‍ ഒന്ന് നോക്കു.."
അവന്‍ എഴുന്നേറ്റ്പ് ലാപ് ടോപ്പിനരികിലേക്ക് ചെന്ന് മെയില്‍ ഓപ്പണ്‍ ആകി..

ശ്രേയയുടെ അച്ഛന്റെ കണ്ണുകള്‍ ഒന്ന് കൂടി ചെറുതായതും ചുവക്കുന്നതും അവന്‍ കണ്ടു.ആ മനസിലേക്ക് കടന്നു വരുന്ന ടെന്‍ഷന്റെ അലയടികള്‍..അവളുടെ മെയിലിലെ  അക്ഷരങ്ങളിലേക്ക് അദ്ദേഹം കണ്ണുകള്‍ പായിക്കാന്‍ തുടങ്ങിയപ്പോള്‍ അവന്‍ വന്ന്  കസേരയില്‍ ഇരുന്നു.അതേ അക്ഷരങ്ങള്‍ മനസില്‍ ഓര്‍ത്തു കൊണ്ട്..

*                            *                                 *                                                          
............മുത്ത്ശിക്കാവ്..അങ്ങനെ ഒരു പേര്‍ ഞാന്‍ പറഞ്ഞതായി ഓര്‍ക്കുന്നുണ്ടോ നിരഞ്ജന്‍?ഇപ്പോഴത്തെ എന്റെ ഏറ്റവും വലിയ അതിശയം..എന്റെ അച്ഛന്റെ കുടുംബ ക്ഷേത്രമാണത്.ഒരു ചെറിയ അമ്പലം!എങ്കിലും ഒരുപാട്..ഒരുപാടെന്നു പറഞ്ഞാല്‍ ഒത്തിരി വര്‍ഷങ്ങള്‍ പഴക്കം ഉള്ളത്.ഈ ക്ഷേത്രം പ്രതിഷ്ഠ ചെയ്തതും പൂജ ചെയ്തിരുന്നതും ഒരു സ്ത്രീ ആയിരുന്നു.ദേവി ശരീരം സ്വീകരിച്ച് അരുളപ്പാട് ചെയ്യുന്നതുള്‍പ്പെടെ എല്ലാം അവരിലൂടെ ആയിരുന്നത്രേ.അത് കൊണ്ടാണ് മുത്തശ്ശിക്കാവെന്ന് പേരുവന്നേ..ഇതൊക്കെ രണ്ട് തലമുറ മുന്നേ ഉള്ള കാര്യങ്ങളാ...ഡോക്ടെര്‍ക്ക് മനസിലാകുന്നുണ്ടോ വല്ലതും?അവര് മരിച്ചതില്‍ പിന്നേ ശ്രീലകം..പ്രധാന ശ്രീകോവില്‍..തുറന്നിട്ടേ ഇല്ല.മേടമാസത്തിലെ അശ്വതി നക്ഷത്രത്തിലാണത്രേ അവര് ജനിച്ചത്.എന്റെ അതേ ജന്മമാസവും നക്ഷത്രവും.ഇതൊക്കെ അമ്മായി പറഞ്ഞു തന്നതാണ് കേട്ടോ.ഓരോ കല്ലിനും മണ്ണിനും ഓരോ കഥകള്‍ ഉണ്ട് അമ്മായിയുടെ പക്കല്‍..എന്തു രസാന്നറിയുവോ കേള്‍ക്കാന്‍.

ആദ്യം..ആദ്യം..ഈ കെട്ടുകഥകളൊക്കെ എനിക്ക്, ഇപ്പൊ പറഞ്ഞതു  പോലെ ഒരു രസമായിരുന്നു.പിന്നീട് എന്തോ..അറിയില്ല നിരഞ്ജന്‍..ആ ക്ഷേത്രവളപ്പില്‍ കയറുമ്പോള്‍, എവിടെ ഒക്കെയോ അലഞ്ഞ് തിരിഞ്ഞ് അവസാനം നമ്മുടെ വീട്ടില്‍ വന്ന്‌ കയറുന്ന ഒരു ഫീല്‍ ഇല്ലെ?അത് പോലെ തോന്നും എനിക്ക്‌. ചെരുപ്പിടാതെ ഉരുളന്‍ കല്ലില്‍ ചവുട്ടി..മതില്കെട്ടിനകത്തെ പഞ്ചസാര മണ്ണില്‍ കാല്‍ വയ്ക്കുമ്പോള്‍ ഒരു വല്ലാത്ത ഫീല്‍..അടച്ചിട്ട ശ്രീലകത്തെ വാതിലിലേക്ക് നോക്കുമ്പോള്‍ ഉള്ളില്‍ ആരോ കരയുന്ന പോലെ..

ശ്രീലകം മാത്രമേ തുറന്നു പൂജ ചെയ്യാതെ  ഉള്ളുട്ടോ..ഉപപ്രതിഷ്ഠകളില്‍ എല്ലാം വിളക്ക് വയ്ക്കും എന്നും.അഞ്ചു വയസു വരെ ഞാന്‍ ഇവിടെ..അമ്മായിയുടെ കൂടെ.. അല്ലായിരുന്നോ..അമ്മയില്ലാത്ത എന്നെ അത് വരെ ഇവിടെ അമ്മായി അല്ലേ വളര്‍ത്തിയത്..അന്നേരം ഈ കല്‍വിളക്കിലെല്ലാം ഓടി നടന്നു തിരി വച്ചാ ഞാന്‍ വളര്ന്നെ..എല്ലാം നല്ല ഓര്‍മയുണ്ട് എനിക്ക്‌.ശരിക്കും അഞ്ചു വയസിലേക്ക് ഓടി പോകുന്ന പോലെ..!

അമ്പലത്തില് വലതു ഭാഗത്തൂന്ന്..തുടങ്ങുന്നു ഉപപ്രതിഷ്ടകള്‍..അത് ശ്രീലകം ചുറ്റി ഇടത്ത് ഭാഗത്തായി അവസാനിക്കുന്നു.അവിടെ ശൈവ പ്രതിഷ്ടയുടെ സമീപത്തു വലിയ ഒരു കൂവളമരം ഉണ്ട് കേട്ടോ.. അതില് നിറച്ച് കായ്കള് ! പിന്നേ വെള്ളനിറത്തിലും ചുവപ്പിലും പാലപ്പൂക്കള്‍..ആ മരങ്ങള്‍ക്ക് പൊക്കമില്ലാതെ ചായ്ഞ്ഞ കൊമ്പാണ്.പല വിധത്തിലുള്ള തുളസികള്‍..കൃഷ്ണതുളസി, ശിവതുളസി, കര്പൂരതുളസി,രാമതുളസി..എല്ലാത്
തിനും വ്യത്യസ്തമായ  സുഗന്ധമാണ്.ക്ഷേത്രവളപ്പിനുള്ളില്‍ എല്ലാം കൂടി കലര്‍ന്ന ഒരു പ്രത്യേക ഗന്ധവും.

ചുറ്റി വരുമ്പോള്‍ ഇടതുഭാഗം എത്തും മുന്നേ യക്ഷി പ്രതിഷ്ഠ ഉണ്ട്.അത് ഒരു വലിയ ഒരു  പേരാലിന്‍ ചുവട്ടിലാണ്.സന്ധ്യക്ക് അവിടെ നില്‍ക്കുമ്പോള്‍ ആദ്യം പേടി തോന്നി എനിക്ക്‌.കണ്ണടച്ച് പതുക്കെ മുകളിലേക്ക് നോക്കി യക്ഷിയെങ്ങാനും ആലിന്റെ മുകളില്‍ ഉണ്ടോ എന്ന്‌.അന്ന് വൈകുന്നേരം അമ്മായി ആണ് പറഞ്ഞേ..തൊട്ടടുത്തുള്ള കരിമ്പനയുടെ കാര്യം.ഞാന്‍ അത് ശ്രദ്ധിച്ചില്ലായിരുന്നു.അതിന്റെ മുകളില്‍ ആണത്രേ
യക്ഷി ഇരിക്കുന്നെ!!
ഇയാളുടെ ചുണ്ടിലെ ചിരി ഞാന്‍ കണ്ടു കേട്ടോ..ഇങ്ങനെ വായിച്ചാല്‍ ചിരി വരും സത്യാ..പക്ഷെ നേരിട്ട് കാണുമ്പോള്‍ ശരിക്കും വിശ്വസിച്ച് പോകും..വിശ്വസിച്ചു പോയി ഞാന്‍..!

പിന്നെ മതില്‍ക്കെട്ടിനു പുറത്ത് വലിയ ഒരു സര്‍പ്പക്കാവുണ്ട്.ആദ്യമൊക്കെ അടുത്തേക് ചെല്ലാന്‍ എനിക്ക്‌ പേടി ആയിരുന്നു.നാഗപ്രതിഷ്ട ചെയ്തിരിക്കുന്നതിന്റെ പത്തടി അകലത്തിലാ ഞാന്‍ പ്രാര്ധിക്കാന്‍ നില്ക്കാര്.

നിരഞ്ജന്‍..ഈ പറഞ്ഞതിനൊക്കെ അപ്പുറം ഞാന്‍ ചിലത് പറയട്ടെ?എന്നെ വിശ്വസിക്കുമോ നിരഞ്ജന്‍?ക്ഷമയോടെ വായിക്കുമോ ഞാന്‍ എഴുതുന്നത്?വായിച്ചിട്ട് എനിക്ക് പറഞ്ഞ് തരുമോ..ഓരോന്നിന്റെയും അര്‍ഥം?

ഭയപ്പാട് മാറി ആദ്യമായി ഞാന്‍ കാവില്‍ വിളക്ക് വച്ച ദിവസം എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം പൂജാ സമയത്ത്, ചിത്രകൂടത്തിന്റെ അരികില്‍, സര്‍പ്പത്തെ കണ്ടു.എല്ലാപേര്‍ക്കും വലിയ അതിശയം ആയിരുന്നു...എനിക്കും!അന്നെനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല..കുറച്ച് ദിവസങ്ങള്‍ക്കു ശേഷം ഉറക്കത്തില്‍.. ഞാന്‍ ഒരു വല്ലാത്ത സ്വപ്നം കണ്ടു.കാട് പിടിച്ച്  കിടക്കുന്ന കാവിന്റെ വള്ളിപ്പടര്‍പ്പുകള്‍ വകഞ്ഞു മാറ്റി ഞാന്‍ അതിന്റെ ഉള്ളിലേക്ക് നടന്ന് കയറുന്നു...ഉള്ളിലേക്ക് നടന്ന് കയറാന്‍ കുറച്ചധികം ഉണ്ട്. ഒടുവില്‍ ഒത്ത നടുവിലായി വൃത്താകൃതിയില്‍..പച്ച നിറത്തില് ഒരു കുളം!അതിന് ചുറ്റും ഒരു കൂടാരം പോലെ മരങ്ങളും വള്ളിപ്പടര്‍പ്പും.ചുവന്ന പൂക്കള്‍ മാത്രാ ആ കാവിലെ മരങ്ങളിലും ചെടികളിലും ഉണ്ടാകുക.. ഞാന്‍ കണ്ടു-കടുത്ത പച്ചപ്പില്‍  നിറയെ പലതരം ചുവന്നപൂക്കള്‍..രക്തനിറത്തിലെ കുടത്തെറ്റിയും ചെമ്പരത്തിയും കിരീടപൂവും ചെമ്ബാലക്കൂട്ടും..പിന്നെ മരങ്ങളിലും വള്ളികളിലും വേറെ!

പിറ്റേ ദിവസം ഞാന്‍ പകല്‍ സമയത്ത് ആരും കാണാതെ വള്ളിപ്പടര്‍പ്പോക്കെ മാറ്റി അതിന്റെ ഉള്ളില്‍ ചെന്ന് നോക്കി.എങ്ങനെ ധൈര്യം കിട്ടി എന്ന്‌ എനിക്ക്‌ തന്നെ അറിയില്ല.അങ്ങനെ തോന്നി..ചെന്ന് നോക്കാന്‍..!
നിരഞ്ജന്‍..എന്താ പറയുക..?ഞാന്‍ സ്വപ്നത്തില്‍ കണ്ട അതേ പടി..വൃത്താകൃതിയില്‍ പച്ചക്കുളം!ചുവന്ന പൂക്കള്..എല്ലാമെല്ലാം അത് പോലെ.അമ്മായിയോട് ഞാന്‍ ഒന്നല്ലാതെ ചോദിച്ചു-കാവിന്റെ ഉള്ളില്‍ എന്താണെന്ന്.അമ്മായിക്ക് അറിയുക കൂടി ഇല്ല്യ.
ഞാന്‍..പിന്നെ എങ്ങനെയാ അത് സ്വപ്നം കണ്ടേ?അറിയില്ല..

പിന്നേ ആ മുത്തശ്ശി ഇല്ലെ?അവരെ അടക്കം ചെയ്തിരിക്കുന്നത് ക്ഷേത്രത്തിന്റെ തന്നെ തെക്കേ വശത്താ..എന്നും അവിടെയും വിളക്ക് വയ്ക്കാറുണ്ട്.ശിരസ്സിന്റെ ഭാഗത്തായി ഒരു വലിയ സ്വര്ണചെമ്ബകം ഉണ്ട്..മരിക്കും മുന്നേ പറഞ്ഞ ആഗ്രഹമായിരുന്നത്രേ.. അങ്ങനെ ഒരു മരം അവിടെ വയ്ക്കണം എന്ന്‌.പക്ഷെ ആ മരം ഒരിക്കല്‍ പോലും പൂവിട്ടി ട്ടില്ല.ഒരു വെള്ളിയാഴ്ച ഞാന്‍ അമ്മായിയോട് പറഞ്ഞു-'അമ്മായി നോക്കിക്കോളു, ഞാന്‍ തിരികെ പോകും മുന്നേ അത് നിറച്ച് പൂക്കും' എന്ന്‌.പറഞ്ഞാല്‍ വിശ്വസിക്കില്ല നിരഞ്ജന്‍.. വെള്ളിയോട്‌ വെള്ളി..മരത്തിന്റെ ഇല വരെ മറച്ചു കൊണ്ട് പൂമൊട്ടുകള്‍ വന്ന്‌ മൂടി..ഇവിടെ എന്റെ മുറിയുടെ ജനാല തുറന്നിടുമ്പോള്‍ കാണാം എനിക്കത്..ശ്വാസത്തിലൂടെ പടര്‍ന്നു കയറുന്നുണ്ട് അതിന്റെ ഗന്ധം..വല്ലാതെ വലിച്ചടുപ്പിക്കുന്ന പോലെ..

ഈ അതിശയത്തില്‍ മനസ്‌ വല്ലാണ്ട് ആഴ്ന്നു പോയി..അങ്ങനെ എന്നും രാവിലെ പോയി ഉതിര്‍ന്ന് വീഴുന്ന പൂക്കള്‍ പെറുക്കി കൊണ്ട്‌ വന്ന്‌ പഴയൊരു കാല്പെട്ടിയില്‍ ഇട്ട്‌  വയ്ക്കുമായിരുന്നു.ഒരു ദിവസം എന്നത്തെയും പോലെ അവിടെ നിന്ന് പോരുമ്പോള്‍  ആരോ എന്റെ കൈയ്യില്‍ പിടിച്ച് വലിച്ചത് പോലെ തോന്നി..ഞെട്ടി തിരിഞ്ഞു നോക്കിയപ്പോള്‍ ആരും ഇല്ല..പക്ഷെ..പക്ഷെ എന്റെ കൈയ്യില്‍ പതിഞ്ഞിരുന്നു.. നേര്‍ത്ത അഞ്ചു വിരല്‍പ്പാടുകള്‍..!!! തല ചുറ്റുന്ന പോലെ തോന്നി എനിക്ക്‌..അമ്മായി വന്ന്‌ വിളിക്കുന്നത് വരെ ആ പൂക്കള്‍ക്ക് മീതെ, മണ്ണില്‍ ബോധമില്ലാതെ കിടക്കുകയായിരുന്നു.

ഇപ്പൊ മൂന്നു ദിവസങ്ങള്‍ക്കു മുന്പ്,എന്നോ വറ്റിപ്പോയ ക്ഷേത്രക്കിണറില്‍ വെള്ളം കണ്ടിരിക്കുന്നു..പുത്തന്‍ ഉറവകള്‍ പൊട്ടിയിരിക്കുന്നു.നിരഞ്ജന്‍..വെള്ളം കാണുന്നതിന്റെ  തലേദിവസം..കിണറിന്റെ അരമതിലില്‍ ഇരുന്നു ചെറിയ ഉരുളന്‍ കല്ലുകള്‍ പെറുക്കി ഞാന്‍ അതിലെയ്ക്കിട്ടു.അമ്മായിയോട് സംസാരിക്കുന്നതിന്റെ ഇടയ്ക്ക്..വളരെ കാഷ്വല്‍ ആയി..പക്ഷെ ഇടയ്ക്കെപോഴോ മുഖത്തേക്ക് അല്പം വെള്ളം തെറിച്ചത്
പോലെ തോന്നി..കിണറിനുള്ളിലെക്ക് നോക്കിയപ്പോള്‍ ഒന്നും വ്യക്തമായി കണ്ടില്ല.. സന്ധ്യാനേരമായിരുന്നു..ചുണ്ടിലേക്ക് തെറിച്ച വെള്ളത്തിനു കരിക്കിന്റെ രുചി ആയിരുന്നു.പിറ്റേ ദിവസം..അതേ രുചിയുള്ള വെള്ളം കിണറു നിറയെ..

എനിക്ക്‌ വല്ലാതെ ഭ്രാന്ത്‌ പിടിക്കന്നത് പോലെ...കാവിനുള്ളിലെ കുളം,എന്റെ കണ്ണുകളെ..
ശ്രീകോവിലില്‍ നിന്നുള്ള കരച്ചില്‍ എന്റെ കാതുകളെ,ചെമ്ബകപൂവിന്റെ ഗന്ധം എന്റെ ശ്വാസത്തെ..ആ വിരല്‍പ്പാടുകള്‍ എന്റെ സ്പര്‍ശന ശേഷിയെ..കിണറ്റിലെ വെള്ളം എന്റെ രുചിമുകുളങ്ങളെ..എന്റെ ഇന്ദ്രിയങ്ങളെ..മുഴുവന്‍..മുഴുവന്..ത്രസിപ്പിക്കുന്ന ആശയക്കുഴപ്പ ത്തിലാക്കുന്ന എന്തോ ഒന്ന്..ഒരു പ്രകൃതിശക്തി..അതീന്ദ്രിയശക്തി..എനിക്ക്‌ ഫീല്‍ ചെയ്യുന്നു നിരഞ്ജന്‍..ഞാന്‍ ഞാനല്ലാതെ ആകുന്ന പോലെ..

എനിക്കിവിടം വിട്ടു പോരാന്‍ ആകുമെന്ന് തോന്നുന്നില്ല.ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ?
തനിക്ക് ഒത്തിരി വിഷമമാകുമോ എന്നെ നഷ്ടപ്പെട്ടാല്‍?ഞാന്‍ തിരികെ വരാതെ ഇരുന്നാല്‍?വിവാഹം കഴിക്കാതെ ഇരുന്നാല്‍?എനിക്കിപ്പോ ആ മുത്തശ്ശിയെ പോലെ എന്നെ വലിച്ചടുപ്പിക്കുന്ന ശക്തിയിലെക്കോ ഭക്തിയിലെക്കോ അലിഞ്ഞ്‌ ചേരണം എന്നത് പോലെ തോന്നുന്നു..അച്ഛനെ പറഞ്ഞു മന്സിലാക്കില്ലേ നിരഞ്ജന്‍??എനിക്ക്‌ വേണ്ടി ഒരിക്കല്‍ക്കൂടി?......................

*                                      *                                    *                                                  

"നിരഞ്ജന്‍"
തോളില്‍ അദ്ദേഹത്തിന്റെ കൈ പതിഞ്ഞപ്പോള്‍ നിരഞ്ജന്‍ കണ്ണുകള്‍ തുറന്നു.
"അങ്കിള്‍ ഞാന്‍..എനിക്ക്‌..അവള്‍ പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ?എന്താ ഇങ്ങനെ ഒക്കെ?"അവന്റെ കണ്ണുകള്‍ നിറഞ്ഞു.
"സാരമില്ല..അവളുടെ മനസ്സില്‍ എന്തൊക്കെയോ കടന്നു കൂടിരിക്കുന്നു.നിന്നെക്കുറിച്ചുള്ള ചിന്തകളെ പോലും ഹനിക്കുന്ന രീതിയില്‍.കുട്ടിക്കാലത്തേ ഇങ്ങനെ കുറെ കെട്ടുകഥകളൊക്കെ മനസില്‍ നിറച്ചു വച്ചാണ് അവള്‍ ഇവിടെ വന്നത്.വീണ്ടും അത് പോലെ ഭ്രമിച്ചതാകാം.അതല്ലേ ഞാന്‍ ഇങ്ങോട്ട് കൊണ്ട്‌ വന്ന ശേഷം നാട്ടിലേയ്ക്ക് ഒരിക്കലും അയക്കാതിരുന്നത്.അവള്‍ തിരിച്ച്  വരണം..ഉടന്‍..എന്റെ മകള്‍ടെ ഒരു ആഗ്രഹത്തിന് വേണ്ടി നീ പറഞ്ഞപ്പോള്‍ ഞാന്‍ അനുസരിച്ചില്ലേ നിരഞ്ജന്‍?എനിക്ക്‌  വേണ്ടി..നിനക്ക് വേണ്ടി..ഒരു കാര്യം ചെയ്യുമോ?"

നിരഞ്ജന്‍ അത് അനുസരിക്കാതിരിക്കാന്‍ ആയില്ല.
പ്രാര്‍ഥനയോടെ ആണ് അവന്‍ ആ നമ്പര്‍ മൊബൈലില്‍ ഡയല്‍ ചെയ്തത്.
അവളുടെ നമ്പര്‍ റെയ്ഞ്ചിലേയ്ക്ക് വരുന്നത് വല്ലപ്പോഴും മാത്രം.ഇത്തവണ പക്ഷെ റിംഗ് ഉണ്ട്.കാള്‍ അറ്റന്‍ഡ് ആയതും അവളുടെ സ്വരം വരും മുന്നേ അവന്‍ പറഞ്ഞു..
"അങ്കിളിന് നല്ല സുഖമില്ല ശ്രേയ..എന്റെ ഹോസ്പിറ്റലില്‍ അട്മിറ്റാണ്...
ഹൈ പ്രെഷര്‍..ബ്ലഡ്‌ക്ലോട്ട് ആയിട്ടുണ്ട്.സംതിംഗ് സീരിയസ്..നീ വേഗം വരണം, എത്രയും വേഗം"!
മറുപടിക്ക് കാത്തു നില്‍ക്കാതെ കാള്‍ കട്ട്‌ ചെയ്യുംമ്പോള്‍ അവന്‌ കരച്ചില്‍ വന്നു.ആദ്യമായിട്ടാണ് ഒരു കള്ളം..അതും അവളുടെ ഇഷ്ടങ്ങളില്‍ നിന്ന് , കൌതുകങ്ങളില്‍ നിന്ന് പറിച്ചെടുക്കാനുള്ള കള്ളം.ഇനി ഒരിക്കലും അവള്‍ തിരിച്ച് ആ ഇഷ്ടങ്ങളിലേക്ക് പോകില്ല.ഒരു ആഗ്രഹത്തിനും എതിര് നിന്നിട്ടില്ല.ക്ഷമിക്കുമായിരിക്കും തന്നോട്.. വേദനിപ്പിക്കുന്നത് ഞാന്‍ ആയത് കൊണ്ട് മാത്രം ക്ഷമിക്കുമായിരിക്കും..

അഞ്ചു മിനിട്ടിനകം നിരഞ്ജന്റെ മൊബൈലില്‍ ശ്രേയയുടെ മെസ്സേജ്  വന്നു:
 -ഐ ആം കമിംഗ് ബാക്ക്.
അവര്‍ ഇരുവരും അല്പം ടെന്ഷനോടെ..എന്നാല്‍ ആശ്വാസത്തോടെ..കാത്തിരുന്നു അവളുടെ മടങ്ങി വരവിനായി..

*                        *                            *                                 *                               

പക്ഷെ നിരഞ്ജന്റെ വിളിക്ക് ശേഷം തിരികെ ചെല്ലാനുള്ള തീരുമാനത്തോടെ എന്തിനാണവള്‍ വീണ്ടും കൌതുകകാഴ്ചകളിലേക്ക് ഒന്ന് കൂടി പോയത്?എല്ലാത്തിനോടും യാത്ര പറയാന്‍..അച്ഛനെ കണ്ടതിന് ശേഷം ഞാന്‍ വേഗം തിരിച്ച് വരുംഎന്ന്‌ പറയാന്‍.. അച്ഛന് വേണ്ടി പ്രാര്ധിക്കാന്‍..!!!lഅവളുടെ ഇന്ദ്രിയങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവള്‍ വിശ്വസിച്ചിരുന്ന ഏതോ ശക്തിക്ക് അറിയാന്‍ കഴിഞ്ഞുവോ- പോയാല്‍ ഇനി ഒരിക്കലും അവള്‍ തിരിച്ച് വരില്ല എന്ന സത്യം.?അല്ലെങ്കില്‍ ചെറിയ ഒരു കാടിനോളം പോന്ന കാവിനുള്ളില്‍ തനിയെ കടന്നു ചെന്നിട്ടും അവളെ ഉപദ്രവിക്കാതിരുന്ന സര്‍പ്പങ്ങളില്‍ ഒരുവന്‍  അവളെ ദംശിക്കുമായിരുന്നോ?അതും തൊഴുതു മടങ്ങും വഴിയില്‍? അവള്‍..അവള്  മരണപെടുമായിരുന്നോ?ചിലപ്പോള്‍ വലിച്ചടുപ്പിക്കുന്നു എന്ന്‌ അവള്‍ വിശ്വസിച്ച അതീന്ദ്രിയമായ ഏതോ ശക്തിക്ക്  ആ ആത്മാവ് പോലും പ്രിയപ്പെട്ടതായിരുന്നിരിക്കാം.

-സ്നേഹ(അമ്മൂട്ടി)

13 comments:

  1. manoharamayi paranju........... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.................

    ReplyDelete
  2. ഹോ ...അടിപൊളി എനിക്ക് ഇഷ്ട്ടപ്പെട്ടു ............ആശംസകള്‍

    ReplyDelete
  3. വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കൂ .....

    ReplyDelete
  4. വളരെ മനോഹരമായ ഭാഷ കാവും നാട്ടിൻപ്പുറത്തിന്റെ വിവരണവുമെല്ലാം മനോഹരം ,കഥകൾ എഴുതിതെളിഞ്ഞ ഭാഷ.നല്ലതിനൊപ്പം പേരിനു ചിലത് കൂട്ടിചേർക്കട്ടെ.
    കഥയുടെ തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കണം,ഇത്തരത്തിലുള്ള കഥാസന്ദർഭങ്ങൾ പലസിനിമകളിലും കണ്ടുമറന്നതായ് തോന്നി എന്നാ‍ൽ ഏതിലാണെന്നു ചോദിക്കരുത് .വായനക്കാരനെകൊണ്ട് ഇത്തരത്തിലുള്ള അഭിപ്രായം പറയിക്കാതിരിക്കുകയെന്നത് കഥാക്രിത്തിന്റെ മിടുക്കാണ്.വിഷമിക്കരുത് മറ്റുപലരെയുമ്പോലെ വിമർശനത്തിൽ തളരുകയും കമന്റുനീക്കുകയും ചെയ്യുകയെന്നത് താങ്ങളുടെ ഇഷ്ടം.ആത്മധൈര്യം നമ്മെ എന്തിനും പോന്നവരക്കും.ആശംസകൾ.ഈ രചനമാത്രമെ സമയപരിമിതിമൂലം വായിച്ചുള്ളു .

    ReplyDelete
  5. കമെന്റിനു നന്ദി..പോസിറ്റിവായ കമെന്റിനേക്കാൾ വിലമതിക്കുന്നത് നെഗറ്റിവിനു തന്നെ.എഴുതി തെളിഞ്ഞിട്ടില്ല..തുടക്കക്കാരിയാണ്..ഇതൊരു സൈറ്റില്‍ “അതീന്ദ്രിയം“എന്ന വിഷയത്തില്‍ എഴുതിയ കഥ ആണ്‍.പറഞ്ഞ കാര്യങ്ങൾ ഇനി മുതൽ ശ്രദ്ധിക്കാം..

    വിഷമമോ മറ്റുപലരെയുമ്പോലെ വിമർശനത്തിൽ തളരുന്നതോ കമന്റുനീക്കുന്നതോ ഇഷ്ടമല്ല.

    ReplyDelete
  6. aashamsakal,plz view and comment my blog http://etipsweb.blogspot.com/

    ReplyDelete
  7. ടൈപ്പിങ്ങിലെ പിഴവുകള്‍ ശ്രദ്ധിക്കുക, പോസ്റ്റ് ചെയ്ത് കഴിഞ്ഞാലും എഡിറ്റ് ചെയ്യാമല്ലോ. നല്ല ഭാഷയില്‍ എഴുതി. പറഞ്ഞ് പഴകിയതാണെന്നത് ഒരു കുറ്റമായി ഞാന്‍ കാണുന്നില്ല. എങ്കിലും ഇത്ര നല്ല ഭാഷയും അവതരണ രീതിയും കൈയ്യിലുള്ളപ്പോള്‍ പുതുമയുള്ള കഥകള്‍ പ്രതീക്ഷിക്കുന്നു..
    ആശംസകള്‍......

    ReplyDelete
  8. thanks manoj..ജെസ്റ്റ് റ്റൈംപാസിന് എഴുതുന്നു എന്നെ ഉള്ളു..അഭിപ്രായത്തിനു നന്ദി!

    ReplyDelete
  9. കട്ടനൊസ്റ്റാള്‍ജിയ,
    ഇ വിഷയത്തെ കുറിച്ച് പലരും അവരവരുടെ രീതിയില്‍ എഴുതിയിട്ടുണ്ട് , പക്ഷെ തന്റെ രചനയ്ക്ക് അതിന്റെതായ ഒരു വ്യത്യാസം ഉണ്ട്, അതാണ് വേണ്ടതും,
    മടി മാറ്റിവെച്ചു എഴുതാന്‍ ശ്രമികുക്ക , പിന്നെ ഒരു കൌതുക്കം ഉലാത് ഇതാണ്
    മേടമാസത്തിലെ അശ്വതി നക്ഷത്രത്തിലാണത്രേ അവര് ജനിച്ചത് // അവര് മാത്രമല്ല ഞാനും , ഇ പോസ്റ്റ്‌ ഞാന്‍ വയികുന്നതും മറ്റൊരു മേട മാസത്തിലെ അശ്വതി നക്ഷത്രനാളില്‍ :)

    ReplyDelete

എഴുതുന്നത് എന്റെ ഇഷ്ടം..അഭിപ്രായങ്ങള്‍ നിങ്ങളുടെയും..