നീ കീ' തരുന്നതിനനുസരിച്ച് ഞാൻ അനുസരണയോടെ ആടാനും പാടാനും തുടങ്ങി.നിന്റെ കണ്ണുകൾ തിളങ്ങി. എന്തൊരു സ്നേഹമാണ് ആ കണ്ണിൽ വിരിയുന്നത്. എനിക്കും നിന്നോട് ഇഷ്ടം തോന്നി.നീ പറഞ്ഞു-'ഇനിയും ഇനിയും'..!കാലുകൾ കുഴയുമ്പോഴും തൊണ്ട ഇടറുമ്പോഴും എന്റെ വേദനകൾ മറന്നു ഞാൻ നിന്നെ പുഞ്ചിരിയോടെ അനുസരിച്ചു.എല്ലാ വേദനയിലും എനിക്ക് അഭിമാനം ഉണ്ടായിരുന്നു..നീയെന്റെ ഉടമയാണ്..നിനക്കെന്നോട് വലിയ സ്നേഹമാണ്..നിന്നെ മാത്രമേ എനിക്ക് അനുസരിക്കേണ്ടതുള്ളൂ..
സ്നേഹം കൂടുമ്പോഴെല്ലാം നീയെന്നെ ഒരുപാട് ഒരുപാട് ഓമനിച്ചു.കൂട്ടുകാര് ആരും കാണാതെ നീയെന്നെ ഒളിപ്പിച്ചു വച്ചു.ആർക്കുമെന്നെ പങ്കു വയ്ക്കാൻ നീ ഇഷ്ടപ്പെട്ടിരുന്നില്ല.അങ്ങനെ ഞാൻ കാണുന്ന..എന്നെ കാണുന്ന..കേള്ക്കുന്ന അറിയുന്ന..ഒരേ ഒരു ആൾ നീ മാത്രമായി.എന്റെ ലോകം തന്നെ നീയായി..എത്ര സന്തോഷകരമായിരുന്നു ആ നാളുകൾ..ഊണിലും ഉറക്കത്തിലും എല്ലാം നിന്റെ കൂടെ ഞാൻ..!സന്തോഷമുള്ള ദിവസങ്ങൾ !!
നിന്നിലെ മാറ്റങ്ങൾ വേഗം വേഗം ഞാൻ തിരിച്ചറിഞ്ഞു തുടങ്ങി.വേദന കൊണ്ട് ഞാൻ നീറാൻ തുടങ്ങി.എന്നോടുള്ള നിന്റെ ഇഷ്ടം എന്ത് കൊണ്ടോ കുറഞ്ഞു കുറഞ്ഞു വന്നു.എന്റെ പാവഹൃദയം നീറിപ്പിടഞ്ഞു.നിന്റെ വാക്കിനനുസരിച്ച് ആടാതെ പാടാതെ ഞാൻ നിന്നു.ചിലപ്പോഴെല്ലാം എന്റെ താളം തെറ്റി.. സ്വരം മാറി..അതോടെ നീയെന്നെ പലപ്പോഴും ദേഷ്യത്തിൽ വലിച്ചെറിഞ്ഞു.ഒരിക്കൽ ഞാൻ ചെന്ന് വീണത് പുറം ലോകത്തെക്കാണ്.നിന്റെ മുറിക്ക് പുറത്തേക്ക്.ആ കിടപ്പിൽ എന്റെ മേല് പലരും ചവുട്ടിക്കടന്നുപോയി.
അവിടം ഞാനാദ്യമായി കാണുകയായിരുന്നു..അറിയുകയായിരു ന്നു.. നിന്റെ ചുറ്റും പലർ.നിന്നെ സ്നേഹിക്കാൻ.. കൂടെ നടക്കാൻ..ചിരിപ്പിക്കാൻ എന്തിനും ഏതിനും പലർ.പല മനുഷ്യർ!! നിന്നെ സ്വന്തമാക്കി യവരും നീ സ്വന്തമാക്കിയവരുമായ എല്ലാപേരെ യും ഞാൻ കണ്ടു.നിന്റെ ലോകം വളരെ വലുതായിരുന്നുവെന്നു ഞാൻ തിരിച്ചറിഞ്ഞു.
എത്രനാൾ ഞാൻ അങ്ങനെ തറയിൽ പൊടി പിടിച്ച് കിടന്നു എന്നറിയില്ല. അർദ്ധ ജീവനായി കഴിഞ്ഞിരുന്നു ഞാൻ.ഒടുവിൽ ഒരു ദിവസം നീയെന്നെ പൊടി തട്ടിയെടുത്ത് മുറിയിൽ കൊണ്ട് വന്നു.
നീയും ഞാനും മാത്രം..
നീ പറഞ്ഞു- 'മറ്റുള്ളതെല്ലാം മായയാണ്..ഇത് മാത്രമാണ് സത്യം..എന്റെ മനസിൽ ഞാനുമൊരു പാവയാണ്..നിന്നെ പോലെ കുഞ്ഞിക്കണ്ണ് ള്ള ഒരു കൊച്ചു പാവ..എനിക്കങ്ങനെ ആയാൽ മതി.'
പെട്ടന്ന് എന്റെ സങ്കടമെല്ലാം മാറി. എനിക്ക് പുതുജീവൻ വച്ചു.എല്ലാം മറന്നു ഞാൻ നിന്നെ കൂടുതൽ സ്നേഹിക്കാൻ തുടങ്ങി.പതിവിലും സ്നേഹം കാട്ടി എന്നെ സന്തോഷിപ്പിക്കാൻ നീയും ശ്രമിച്ചു.നിന്റെ കള്ളത്തരങ്ങൾ അറിയാഞ്ഞിട്ടല്ല, അറിഞ്ഞിട്ടും ഞാൻ നിന്നോട് ചേർന്നൊട്ടി നിന്നു.കാരണം എനിക്ക് നീയില്ലാതെ കഴിയില്ലായിരുന്നു.
പിന്നെയും ഒരുപാട് വട്ടം ദേഷ്യം വരുമ്പോഴെല്ലാം നീ എന്നെ തറയിലേക്ക് വലിച്ചെറിഞ്ഞു. നിന്റെ മുറിക്ക് പുറത്തേക്ക് പോകാതെ, വാതിലിനുപ്പുറം ഞാൻ നിരങ്ങി നീങ്ങി ദിവസങ്ങളോളം ഞാൻ കാത്ത് കിടന്നു.ആ കിടപ്പിലും ഇടയ്ക്കിടെ നീയെന്നെചവുട്ടി തെറിച്ചിരുന്നത് ഓർക്കുന്നുണ്ടോ ?നിനക്ക് ഇഷ്ടം വരുന്നതും..സ്നേഹിക്കാൻ സമയം കിട്ടുന്നതും കാത്തിരിക്കലായി പിന്നെ എന്റെ പൊടിപിടിച്ച നാളുകൾ..
ഇന്നും എനിക്കൊന്നിനും നിന്നോട് പരിഭവമില്ല.നിന്നോടുള്ള എന്റെ സ്നേഹവും ആത്മാർഥതയും കീഴടങ്ങലും മാത്രമായിരുന്നു എന്റെ സന്തോഷം.
എന്നാൽ ഒരു ദിവസം എന്നെ കൈയിലെടുത്ത് നീ പറഞ്ഞു:
'-നീ എന്നെ കാത്തിരിക്കണ്ട..സ്നേഹിക്കണ്ട.. .പോ ദൂരെ..'
'നിഷേധിക്കാൻ മാത്രം എന്റെ സ്നേഹം നിന്നോട് എന്ത് തെറ്റ് ചെയ്തു?'ചോദിക്കും മുന്നേ..എന്റെ ഞെട്ടൽ മാറും മുന്നേ.. നീയെന്നെ ജനാലയിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു..!!!
ദിവസങ്ങളോളം..ഞാൻ ഈ മണ്ണിൽ..മഴയും വെയിലുമേറ്റ് മനസും ശരീരവും തളർന്നു കിടന്നു.
ഇന്ന് നീ അതെ ജനാലയിലൂടെ ദേഷ്യത്തോടെ എന്റെ മുറിഞ്ഞ മുഖം നോക്കി പറയുന്നു..
"നീ സന്തോഷിക്ക്.... നീ സന്തോഷിക്ക്...അവിടെ കിടന്നു നീ സന്തോഷിക്ക് !!"
ശരിയാണ് എനിക്കിവിടെ വലിയ സന്തോഷമാണ്.. ആ ജനാലകൾ തുറന്നു കിടക്കുന്നത് വരെ എനിക്ക് ഇവിടെയും വലിയ സന്തോഷമാണ്.
-അമ്മൂട്ടി
ഒരാളുടെ കളിപ്പാട്ടമാവാതെ അയാളുടെ നക്ഷത്രമാക്കു
ReplyDelete