Tuesday, 26 February 2013

എന്റെ മഞ്ചാടി


                                   (1)
"ലച്ചൂ ..വേഗം നടക്ക്..സാറ്‌ കയറിക്കാണും.." മുന്നിലേക്ക് കയറി നടന്ന രണ്ട് കൂട്ടുകാരികള്‍ ധിറുതി കൂട്ടി.നടപ്പിനും ഓട്ടത്തിനും ഇടക്കുള്ള വേഗത്തിലായിരുന്നു ഞാന്‍.പുതിയ ട്യൂഷന്‍ സെന്റെറില്‍ ചേര്‍ന്നത് എനിക്കത്ര ഇഷ്ടമുണ്ടായിട്ടൊന്നും അല്ല.അവരുടെ ക്യാന്‍വാസിങ്ങും  അമ്മയുടെ നിര്‍ബന്ധവും.പിന്നെ അടുത്ത കൂട്ടുകാരികള്‍ അവിടെ ഉണ്ട് എന്നത് മാത്രം എന്റെ ഉത്സാഹം കൂട്ടി.പത്താം ക്ലാസല്ലേ ട്യൂഷന്‍ ഒക്കെ ഒരു അലങ്കാരവും തന്നെ.പെണ്‍കുട്ടികള്‍ മാത്രമുള്ള ഒരു സ്കൂളില്‍ ആയിരുന്നു ഞാന്‍ പഠിച്ചിരുന്നത്.ഈ ട്യൂഷന്‍ സെന്റെര്‍ ആണെങ്കില്‍ മിക്സെഡും. തൊട്ടടുത്ത ബോയ്സ് സ്കൂളിലെ ചെക്കന്മാരും ഞങ്ങളും ഒരുമിച്ചാണ് അവിടെ കണക്കും സയന്‍സും ഫിസിക്സും മറ്റു വിഷയങ്ങളും പഠിക്കുന്നത്.ആ പ്രത്യേക സൈക്കോളജി വച്ച് തന്നെ അവിടെ പഠിക്കാന്‍ ചെന്നാല്‍ അല്‍പ സ്വല്പം നന്നായി പഠിക്കാനും എല്ലാത്തിനും മുന്നിലെത്താനും സകലരും ശ്രദ്ധിച്ചു.

ഏപ്രില്‍-മെയ് സമയത്തെ വെക്കേഷന്‍ ആയിരുന്നതിനാല്‍ ഫുള്‍ ഡേയ് ക്ലാസുകള്‍ ആയിരുന്നു തുടക്കം.ആദ്യ പിരീഡ് കഴിഞ്ഞതും ഒരു ചെറിയ ബ്രേക്ക്‌ വന്നു.ഞാന്‍ ഒന്ന് എഴുന്നേറ്റ് നിവര്‍ന്നിരുന്നു.വൈകുന്നേരം വരെ ഈ ഇരുപ്പ് ഇരിക്കണം.ഇനിയും കിടക്കുന്നു കുറെ പിരീഡുകള്‍.പോരാത്തതിന് കണക്കിന്റെ രണ്ടു പിരീഡും.എനിക്ക് അസ്വസ്ഥത തോന്നി.വീട്ടില്‍ ആയിരുന്നെങ്കില്‍ രണ്ടു മാസം വെറുതെ ഓരോന്ന് ചെയ്തു കൂട്ടി ഇങ്ങനെ നടക്കാമായിരുന്നു.പേരിന് ഒരു പുസ്തകവുമെടുത്ത് മേലെത്തൊടിയില്‍ തറയിലേയ്ക്ക് ചായ്ഞ്ഞു കിടക്കുന്ന പറങ്കി മാവിന്റെ മുകളില്‍ ഇരുന്നു വായിക്കുകയോ സ്വപ്നം കാണുകയോ ചെയ്യാമായിരുന്നു.നേര്‍ത്ത കാറ്റില്‍ വരുന്ന, തൊട്ടടുത്തുള്ള വയണ മരത്തിന്റെ  ഇലയുടെ ഗന്ധം ആസ്വദിക്കാമായിരുന്നു.അതിരില്‍ നട്ടിരിക്കുന്ന കൈതച്ചക്കയുടെ ചെടികളില്‍ കടും ചുവപ്പ് നിറമുള്ള കുഞ്ഞു കായ്കള്‍ അഴകോടെ നില്‍ക്കുന്നതില്‍ നോക്കിയിരിക്കാമായിരുന്നു.ഈ ഇടെ എന്തോ ഈ നോക്കി ഇരുപ്പും സ്വപ്നം കാണലും അല്പം കൂടുതല്‍ ആണ്.സന്ധ്യനേരത്തും നട്ടുച്ചക്കും ഒറ്റയ്ക്ക് പറമ്പില്‍ പോയിരിക്കുന്നതിനു വഴക്ക് കേള്‍ക്കാത്ത ദിവസങ്ങളില്ല .കാരണവന്മാരെ ഒക്കെ ദഹിപ്പിച്ചിരിക്കുന്നത് അടുത്തടുത്തായി അവിടെയാണ്.അവരൊക്കെ ഉപദ്രവിക്കും എന്ന അമ്മയുടെയോ അച്ഛമ്മയുടെയോ വാദം എനിക്കത്ര ദഹിച്ചിരുന്നില്ല.കുടുംബത്തിലെ ചെറിയ ഒരു കണ്ണിയെ ഉപദ്രവിച്ചാല്‍ അവര്‍ക്കെന്ത് ലാഭം?

ഓല മേഞ്ഞചുവരുകളും മേല്‍ക്കൂരയും ദുര്‍ബലമായ ബെഞ്ചും ഡെസ്കും.ഞാന്‍ ചുറ്റുമൊന്നു നോക്കി .ശ്വാസം മുട്ടുന്ന കുടുസു ക്ലാസില്‍ ആകെ കൂടെ ഒരു ദാരിദ്രം പിടിച്ച ഒരു അവസ്ഥ.അടുത്തിരിക്കുന്ന കൂട്ടുകാരികള് തമ്മില്‍ എന്തോ ‍വല്ലാത്ത അടക്കിപ്പറച്ചില്‍ ..ഞാന്‍ കാത്‌ കൂര്‍പ്പിച്ചു.ആ സമയം പ്രണയകഥകള്‍ക്കും പരീക്ഷയുടെ മാര്‍ക്കിന്റെ കാര്യത്തിലും മാത്രമേ അത്രക്ക് ചൂടേറിയ ചര്‍ച്ചകള്‍ ഉണ്ടാകാറുള്ളൂ.ഇവിടെ ക്ലാസില്‍ വന്നു കുറച്ചെ ആയുള്ളൂ എങ്കിലും എനിക്ക് ആകെയുള്ള  ആശ്വാസം ഇങ്ങനെ ഉള്ള ചര്‍ച്ചകളും തമാശകളും ആണ്.കാതിലേക്ക് വന്നു വീണ സംഭാഷണ ശകലങ്ങളില്‍ നിന്ന് മനസിലായി-ഈ ക്ലാസിലെ ആര്ക്കോ ആരോടോ പ്രണയമാണ്.അതെ, പ്രണയം..!!!അതേ പറ്റി ആണ് സംസാരം.

ആര്‍ക്കാ? ആരോടാ?ഞാന്‍ തൊട്ടടുത്ത് ഇരുന്നവളുടെ ചെവിയില്‍ പതിയെ ചോദിച്ചു.
"നീ ഇവിടെ പുതിയ ആളല്ലേ..ഇവിടെ ഒരു വിചിത്ര പ്രണയം ഉണ്ട്."
എന്റെ കണ്ണുകള്‍ മിഴിഞ്ഞു.ഞാന്‍ ഒന്ന് നിവര്‍ന്നു ഇരുന്നു.അന്നേരം ശക്തി ഇല്ലാത്ത ബഞ്ചും ഡിസ്കും ഒന്ന് ഉലഞ്ഞു.
"ആരാ ആരാ?ആരോടാ?"ഞാന്‍ തിടുക്കപ്പെട്ടു..അടുത്തിരുന്നവള്‍ മുന്നിലേയ്ക്ക്  വിരല്‍ ചൂണ്ടി.മൂന്ന് ബെഞ്ചിനു മുന്നില്‍ രണ്ടാമതായി ഇരിക്കുന്നവള്‍..സ്കൂളില്‍ എന്റെ ക്ലാസ് മേറ്റ്  കൂടിയായ ശ്രീലക്ഷ്മി.വെളുത്ത് മെലിഞ്ഞു വട്ടമുഖവും ശാലീനതയും ഉള്ള ,ഓവല്‍ ഷേയ്പ് കണ്ണട വച്ച സുന്ദരിക്കുട്ടി.
"മം..കൊള്ളാം കൊള്ളാം..ചെക്കന്‍ ആരാ?"ഞാന്‍ ആണ്‍കുട്ടികളുടെ സൈഡിലേക്ക് വേഗം നോട്ടമയച്ചു.അടുത്തത് ആരെയാണ് ചൂണ്ടുന്നത് എന്ന തിടുക്കത്തില്‍.അവള്‍ പിന്നെയും വിരല്‍ ചൂണ്ടി..ആണ്‍കുട്ടികളുടെ സൈഡിലേയ്ക്കല്ല..പെണ്‍കുട്ടികളുടെ സൈഡില്‍  തന്നെ.ഞാന്‍ എത്തി നോക്കി.ഞങ്ങളുടെതിന് രണ്ട് ബെഞ്ച്‌ മുന്നില്‍ ഒന്നാമതായി ഇരിക്കുന്ന ഒരു പെണ്‍കുട്ടി.എന്റെ സ്കൂളില്‍ വച്ച് എപ്പോഴോ  കണ്ടിട്ടുണ്ട്.എന്റെ ഡിവിഷന്‍ അല്ലായിരിക്കണം .
"ഈ കുട്ടിയെ ചൂണ്ടി കാട്ടിയത് എന്തിനാ ?"
"അതാണ്‌ മഞ്ചു..സ്കൂളില്‍ എ ഡിവിഷനിലാ..അവള്‍ക്കു നമ്മുടെ ശ്രീക്കുട്ടിയോട് പ്രേമം ആണ്.എന്തോ
സ്പെല്ലിംഗ് മിസ്റെക്..കുറെ നാളായി തുടങ്ങിയിട്ട്."

ഞാന്‍ ഞെട്ടി..പെണ്‍കുട്ടിക്ക് പെണ്‍കുട്ടിയോട് പ്രണയമോ?അതെന്ത് പ്രണയം?കൂടുതല്‍ എന്തോ അവളോട് ചോദിയ്ക്കാന്‍ തുനിഞ്ഞതും കണക്ക് മാഷ്‌ വന്നു. കണക്കെന്നല്ല ഒരു കാര്യവും ശ്രദ്ധിക്കാന്‍ ആവുന്ന അവസ്ഥയില്‍ ആയിരുന്നില്ല ഞാന്‍.പഠിപ്പിക്കുമ്പോഴും 'പ്രോബ്ലം'സോള്‍വ് ചെയ്യുമ്പോഴും ക്ലാസിലിരുന്നു സംസാരിച്ചാല്‍ വെളുത്ത റോസാപ്പൂ പോലെ ഉള്ള എന്റെ കൈത്തലം ചുവന്ന റോസാപ്പൂ  പോലെ ആക്കും, ചൂരലുമായി ക്ലാസില്‍ നില്‍കുന്ന മാഷ്‌ എന്നത്  കൊണ്ട് മാത്രം ഞാന്‍ എന്റെ നാവിനെ അടക്കി.നോട്ടു ബുക്കിലെ  പ്രോബ്ലെത്തിലേക്ക് കണ്ണ് നട്ട് ഇരിക്കുമ്പോഴും എന്റെ ഉള്ളില്‍ നേരത്തേ  കേട്ട പ്രോബ്ലം ഉത്തരം കിട്ടാതെ തികട്ടി വന്നു കൊണ്ടിരുന്നു. പെട്ടെന്ന് ഒരു തുണ്ട് പേപ്പര്‍ പിന്നില്‍ നിന്ന് എനിക്ക് പാസ് ചെയ്തു കിട്ടി.ക്ലാസില്‍ ഇത് പോലെ സംസാരിക്കാന്‍ ആകാത്ത സമയം കൂട്ടുകാര്‍ക്ക്, മാഷ്‌ കാണാതെ ഇങ്ങനെ ചില സന്ദേശങ്ങള്‍ ഞങ്ങള്‍ തുണ്ട് കടലാസില്‍ കൈമാറാറുണ്ടായിരുന്നു.

"വിവേക് നിന്നെ നോക്കി ഇരിക്കുന്നു."-തുണ്ട് കടലാസിലെ വാചകം വായിച്ച ഉടന്‍ ഞാന്‍  പേപ്പര്‍ കീറി എന്റെ ബാഗിലെയ്ക്ക് ഇട്ടു.എന്റെ ബെഞ്ചിന്റെ തൊട്ടു പിന്നിലായി ആണ്‍കുട്ടികളുടെ സൈഡില്‍  നിന്നാണ് ആ 'നോക്കി ഇരിക്കുന്ന' നോട്ടംവരുന്നത്.ഇതേ വാചകവുമായി തുണ്ട് കടലാസുകള്‍ പല സമയങ്ങളും എനിക്ക് കിട്ടാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ കുറച്ചായി.എന്റെയും അവന്റെയും ബെഞ്ചിന്  പിന്നില്‍ വേറെയും ബെഞ്ചുകള്‍  ഉണ്ടെന്നും, അതില്‍ ഇരിക്കുന്നവര്‍ മുന്നിലുള്ളവരെ നിരീക്ഷിക്കുകയാണെന്നും ചെക്കന്‍ അറിയുന്നുണ്ടാകില്ല.ഈ നോട്ടം കാരണം എനിക്ക് പ്രത്യകിച്ച് ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഈയിടെ ആയി സ്ഥിരം സ്കൂളില്‍ പോകുന്ന പോലെ ഓടിപ്പിച്ച് കുളിച്ച് റെഡി ആയി ഇങ്ങോട്ട് വരാന്‍ പറ്റുന്നില്ല.മുടി ചീകി പിന്നി ഇടുന്നതിലും അതില്‍ ഒരു പൂവ് പിന്‍ ചെയ്തു വയ്ക്കുന്നതിലും കണ്മഷി ഇടുന്നതിലും എന്തിന്‌ ചെറിയ ഒരു വട്ടപ്പൊട്ട് വയ്ക്കുന്നതില്‍ വരെ കൂടുതല്‍ ശ്രദ്ധ വേണ്ടി വരുന്നു.ഇവന്‍ നോക്കാതെ ഇരുന്നെങ്കില്‍ ഇതൊക്കെ വലിച്ച് വാരി ചെയ്ത് അത്രേം സമയം എനിക്ക് ലാഭിക്കാമായിരുന്നു.

ഞാന്‍ പതിയെ തല ചരിച്ച് നോക്കി..ഒരു പുരികം അല്പം ഉയര്‍ത്തി ഉള്ള എന്റെ നോട്ടം താങ്ങാതെ അവന്‍ പെട്ടന്ന് കണ്ണ് മാറ്റി.
-ഇല്ല, ഇന്നും നിനക്ക് കഴിഞ്ഞില്ല..എന്റെ കണ്ണുകളെ എതിരിടാനുള്ള ശക്തി ഉള്ള ഒരാളെയേ എനിക്ക് ഇഷ്ടപ്പെടാന്‍ പറ്റൂ.ഞാന്‍ കുസൃതിയോടെ ഉള്ളില്‍ ചിരിച്ച് കൊണ്ട് പതിവ് പോലെ എന്റെ നോട്ടം പിന്‍വലിച്ചു.
 
അടുത്ത ഇന്റര്‍വെല്ലിനാണ് എനിക്ക് ആ 'വിചിത്ര പ്രണയത്തിന്റെ' വിശദാമ്ശങ്ങള്‍ കിട്ടിയത്.പ്രണയം എന്ന് വിളിക്കാമോ എന്ന് ശരിക്കും കുട്ടികള്‍ക്കറിഞ്ഞൂകൂടാ..ശ്രീയോട് മഞ്ചുവിന് അമിതമായ സ്നേഹമാണ്.അവര്‍ അടുത്ത കൂട്ടുകാരികള്‍ ഒന്നും അല്ല.ഒരേ സ്കൂള്‍ ആണെങ്കിലും രണ്ടു ഡിവിഷനില്‍ ആണ്.ട്യൂഷന്‍ ക്ലാസില്‍ വര്‍ഷങ്ങളായി ഒരുമിച്ചും.ശ്രീയോട് ആരെങ്കിലും കൂടുതല്‍ സ്നേഹം കാണിക്കുന്നതോ അടുക്കുന്നതോ മഞ്ചുവിന് ഇഷ്ടമല്ല.ആണ്കുട്ടികളോട് ശ്രീ എന്തെങ്കിലും മിണ്ടിപ്പോയാല്‍,മഞ്ചു ശ്രീയുടെ ഡെസ്കിനരികില്‍ കുറെ അധിക സമയം ചെന്ന് നിന്ന് പതിഞ്ഞ ശബ്ദത്തില്‍ അവളെ ശകാരിക്കും.ഒതുങ്ങിയ പ്രകൃതമുള്ള ശ്രീയ്ക്ക് ആണെങ്കില്‍ മഞ്ചുവിനെ അല്പം ഭയവും, അത് കൊണ്ട് തന്നെ അവള്‍ മുഖം വീര്‍പ്പിച്ച് കേട്ടു കൊണ്ട് ഇരിക്കുകയോ കരയുകയോ ആണ് പതിവ്.ഇതൊക്കെ കുറെ നാളായി നടക്കുന്നു. ഗുരുതരമായ പ്രശ്നങ്ങള്‍ ഒന്നും ഇത് വരെ നടക്കാത്തത് കൊണ്ട് എല്ലാപേരും ഇതൊരു തമാശ ആയി നിസാരമട്ടില്‍ കാണുന്നു.എങ്കിലും റോഡില്‍ വച്ച് ശ്രീയെ കമന്റടിച്ച  ഒരു പൂവാലനെ മഞ്ചു പരസ്യമായി ചീത്ത വിളിച്ച കഥ എന്നെ അത്ഭുതപ്പെടുത്തി.

ഞാന്‍ അന്ന് മുതല്‍ മഞ്ചുവിനെ ശ്രദ്ധിക്കാന്‍ തുടങ്ങി.പലപ്പോഴും അവളുടെ രണ്ടു കണ്ണുകളും(മുഴുവന്‍ ശ്രദ്ധ) ശ്രീയിലാണ്.ചിലപ്പോള്‍ മാത്രം ഒരു കണ്ണ്(പകുതി ശ്രദ്ധ) ശ്രീയില്‍ സൂക്ഷിക്കും.അങ്ങനെ ആ 'പലപ്പോഴും' 'ചിലപ്പോഴും' കൂട്ടിയും ഗുണിച്ചും നോക്കി 'എല്ലായ്പ്പോഴും' അവളുടെ ശ്രദ്ധ ശ്രീയിലാണ് എന്ന് ഞാന്‍ മനസിലാക്കി. അല്പം ആണ്‍കുട്ടികളുടെ പെരുമാറ്റ രീതികള്‍ തന്നെ ആണ് അവള്‍ക്ക്.എന്നും ക്ലാസില്‍ ഒരു നീളന്‍ ജാക്കെറ്റും ഫുള്‍ പാവാടയും ആയിരിക്കും ധരിക്കുക.ചിലപ്പോഴൊക്കെ ഒരു അയഞ്ഞ ചുരിദാര്‍.കറുപ്പിനോട് അടുത്ത ഇരുനിറം.മിക്കവാറും കുളിപ്പിന്നല്‍ ചെയ്ത എണ്ണ ഒട്ടിച്ച തലമുടി.കാതില്‍ ഒരു മൊട്ടു കമ്മല്‍ മാത്രമാണ് ആഭരണം.മറ്റു ചമയങ്ങള്‍ ഒന്നും ഇല്ല.വേഗത്തില്‍ ഉള്ള നടപ്പും ഇരുപ്പും.മറ്റുള്ളവരോട് ആവശ്യത്തിനു മാത്രം സംസാരം.ഇടക്ക് മാത്രം ക്ലാസിലെ തമാശകളില്‍ ഒരു ചിരി..ആ സമയം ആ മുഖം നിഷ്കളങ്കമാകുന്നത് പോലെ എനിക്ക് തോന്നി.സാമാന്യം നന്നായി പഠിക്കുന്ന കുട്ടിയാണ് അവള്‍ എന്നും ഞാന്‍ മനസിലാക്കി.അവളോട് ഒന്ന് സംസാരിക്കണം എന്നുണ്ടായിരുന്നെങ്കിലും ഉള്ളിലെ ഭയം കാരണം ഞാന്‍ അത് ഒതുക്കി.മറ്റൊന്നിനും അല്ല,അവള്‍ക്കു ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നുന്നതിലെ രഹസ്യം അറിയാന്‍ ഒരു വെമ്പല്‍.!

സ്കൂള്‍ വെക്കേഷന്‍ സമയത്താണ് നാട്ടുമുല്ല പൂക്കുന്നത്.മഴക്കാലത്ത് വീടിനു മുന്നില്‍ നട്ടിരുന്ന മുല്ലവള്ളികള്‍ എല്ലാം പൊക്കം കുറഞ്ഞ മാതള നാരങ്ങ മരത്തില്‍ പടര്‍ന്നു കയറി പൂത്തുലഞ്ഞു കിടന്നിരുന്നു.ചുവന്നമാതളപ്പൂക്കള്‍ക്കിടയിലുള്ള വെളുത്ത മുല്ലപ്പൂക്കള്‍ വല്ലാത്ത ചാരുത തന്നെ ആയിരുന്നു.പൂ വിടരുന്ന രാത്രി സമയം വീടിനുള്ളിലും പറമ്പിലും വലിച്ചടുപ്പിക്കുന്ന തരത്തില്‍ അവ ഗന്ധം പരത്തി.രാവിലെ അതെല്ലാം കോര്‍ത്തു കെട്ടി തലയില്‍ ചൂടി, പച്ചയില്‍ മെറൂണ്‍ ബോര്ഡര്‍  ഉള്ള പട്ടുപാവാടയും ജാക്കെറ്റും ഇട്ട് അല്പം വൈകിയാണ് അന്ന് ഞാന്‍ ക്ലാസില്‍ ചെന്നത്.ടീച്ചര്‍ ഉണ്ടായിരുന്നിട്ടും ക്ലാസില്‍ കയറിയതും വിവേക് വന്നിട്ടുണ്ടോ എന്ന് ഞാന്‍ പാളി നോക്കി.ചെക്കന്‍ കണ്ണ്  മിഴിച്ച് വച്ച് നോക്കി ഇരിക്കുന്നു.ഞാന്‍ ഇച്ചിരി ഗമ കൂട്ടി.പക്ഷെഎന്റെ ഇരിപ്പിടത്തിലെയ്ക് കണ്ണ് പായിച്ചപ്പോള്‍ വലിയ  ഒരു ഞെട്ടല്‍ ഉള്ളിലൂടെ പാഞ്ഞു പോയി.

അവിടെ അതാ എന്റെ ബെഞ്ചില്‍, ഒന്നാമതായി മഞ്ചു ആണ് ഇരിക്കുന്നത്.ശരിക്ക് പറഞ്ഞാല്‍ ഞാന്‍ എന്നും ഇരിക്കുന്ന  സ്ഥാനത്ത്. അതിനടുത്തേക്ക് പതുക്കെ ചെന്നതും അവള്‍ എഴുന്നേറ്റ്  മാറി തന്നു -എനിക്ക് രണ്ടാമതായി ഇരിക്കാന്‍.അവളുടെ ബെഞ്ചില്‍ 'റഷ് ' ആയതു കൊണ്ട് മാറി ഇരുന്നതാണ് എന്ന് എനിക്ക് മനസിലായി.ഇപ്പോള്‍  ഞാന്‍ കൂടി വന്നു ഇരുന്നപ്പോള്‍ ആ 'റഷ് ' എന്റെ ബെഞ്ചിലേയ്ക്ക് മാറി.

ടീച്ചര്‍ ക്ലാസെടുക്കുന്നു.ഇടക്ക് നോട്ട്സ് പറയുന്നു..മുട്ടി ഉരുമി ഇരിക്കുകയാണ് എല്ലാപേരും.അടുത്ത് ഒരു ആണ്‍കുട്ടി ഇരിക്കുന്നത് പോലെ ഉള്ള ആന്തല്‍ എന്റെ നെഞ്ചില്‍ നിന്ന് ഉയരാന്‍ തുടങ്ങി.നെറ്റിയില്‍ നിന്ന് വിയര്‍പ്പുചാലുകള്‍ എന്റെ കവിളിലേക്ക് പടര്‍ന്നു കയറി.നോട്സ് എഴുതുമ്പോള്‍ ചെറിയ വിറയല്‍ പോലെ.എഴുതുന്ന അവളുടെ കൈയ്യിലെയ്ക് ഞാന്‍ ഒളികണ്ണിട്ട് നോക്കി.മെലിഞ്ഞ ഉറപ്പുള്ള കൈകള്‍.ഞാന്‍ ഒന്ന് കൂടി മറു സൈടിലെക്ക് ഒതുങ്ങി ഇരുന്നു.എന്റെ പാവാട കണങ്കാല്‍ മറഞ്ഞാണ്‌ കിടക്കുന്നത് എന്നും ഉറപ്പാക്കുകയും ഒപ്പം ഉടുപ്പ്  ഒന്ന് കൂടി കഴുത്തിന്‌ മേലേയ്ക് വലിച്ച് ഇടുകയും ചെയ്തു.അല്പം കഴിഞ്ഞപ്പോള്‍ പുറത്തേയ്ക്ക് എന്ന മട്ടില്‍ ഞാന്‍ പതിയെ അവള്‍ടെ മൂക്കിനു താഴെ നോക്കി..ഒരു നിമിഷാര്‍ധം എങ്കിലും തീവ്രമായ ഒരു നോട്ടം..പുരുഷത്വത്തിന്റെ നേര്‍ത്ത ലക്ഷണം വല്ലതും??ഇല്ല..ഞാന്‍ പതിയെ കണ്ണുകള്‍ അവളുടെ കഴുത്തിനു താഴേക്ക് പായിച്ചു.മെലിഞ്ഞ ദേഹപ്രകൃതിയിലും കണ്ട പെണ്മയുടെ നേരിയ അടയാളം എനിക്ക് ആശ്വാസം തന്നു.ആ അടുത്ത് ഇരിക്കാന്‍ എനിക്കല്പംകൂടി ധൈര്യം കിട്ടി.എന്റെ ശ്വാസഗതി സാധാരണമാകുകയും ക്ലാസില്‍ ശ്രദ്ധിക്കുകയും ചെയ്തു.

അന്ന് മുഴുവന്‍ ഞാന്‍ അവളുടെ അടുത്ത് ഇരുന്നു.ഉച്ചയോടു കൂടി അവള്‍ എന്നോട് എന്തൊക്കെയോ പഠന കാര്യങ്ങള്‍ സംസാരിച്ചു.ഞാന്‍ മറുപടിയും പറഞ്ഞു.മെല്ലെ മെല്ലെ എന്റെ ഭയം കുറഞ്ഞു വന്നു.എന്റെ അച്ഛന്റെ തറവാട്ടു പേരും അമ്മാവന്മാരുടെ പേരുകളും എല്ലാം അവള്‍ക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നത് എന്നെ അത്ഭുതപ്പെടുത്തി.അവളുടെ അച്ഛന്‍, അതില്‍ ഒരു അമ്മാവന്റെ ഓയില്‍ മില്ലില്‍ കണക്കെഴുത്ത് ആയിരുന്നു എന്നും അച്ഛന്റെ മരണശേഷം അവളുടെ അമ്മയ്ക്ക് അവിടെ തന്നെ മറ്റെന്തോ ജോലി തരപ്പെടുത്തി കൊടുത്തു എന്നും വളരെ നന്ദിയോടെ എന്റെ കുടുംബക്കാരെ കുറിച്ച് അവള്‍ പറഞ്ഞു. മുതലാളിത്ത ജാഡകള്‍  ഉണ്ടായിരുന്ന എന്റെ  വല്യമ്മാവന്മാരോട് അന്ന് ആദ്യമായി എനിക്ക് ഒരല്പം ഇഷ്ടം തോന്നി.
കിട്ടിയ സ്വാതന്ത്ര്യം ഞാന്‍ പിന്നീട് അങ്ങോട്ട് പരമാവധി ഉപയോഗിക്കാന്‍ തുടങ്ങി.ഭയം മാറിയതോടെ പഴയ  ഇരിപ്പിടത്തിലേക്ക് അവള്‍ തിരിച്ചു പോയി ഇരുന്നിട്ടും അങ്ങോട്ട്‌ ചെന്ന് മിണ്ടാനും മറ്റും ഞാന്‍ താല്പര്യം കാണിച്ചു.കാരണം എനിക്ക് അവളോട ഒരു കാര്യം ചോദിയ്ക്കാന്‍ ഉണ്ട്.-അവള്‍ക്കെന്താ ഒരു പെണ്ണിനോട് പ്രണയം തോന്നിയത്?? ചിലപ്പോഴെല്ലാം എന്റെ കൈയിലെ വളകള്‍ ഊരി ഞാന്‍ അവളുടെ കൈയില്‍ ഇട്ട് എല്ലാപേരെയും ചിരിപ്പിക്കാന്‍ ശ്രമിച്ചു.മറ്റു ചിലപ്പോള്‍ നെറ്റിയിലെ പൊട്ട് ഇളക്കിയെടുത്ത് അവള്‍ അറിയാതെ ആ നെറ്റിയില്‍ പറ്റിച്ചു വച്ചു.പിന്നിലൂടെ ചെന്ന് ആ തലയില്‍ പൂവ് പിന്‍ ചെയ്തു വച്ചു..ഇതൊന്നും അവള്‍ക്ക് ഇഷ്ടമല്ലായിരുന്നിട്ടും കൂടി എന്റെ കുസൃതികള്‍ക്ക് വലിയ എതിര്‍പ്പൊന്നും കാണിച്ചില്ല.മറ്റുള്ളവരോട് ചേര്‍ന്ന് അവളും ചിരിച്ചു.എന്റെ ഉപദ്രവം ഏറുമ്പോള്‍ ചിലപ്പോഴെല്ലാം എന്നെ ശാസനയോടെ നോക്കി. ഞാന്‍ അവള്‍ക്ക് ഒരു പേരും കൂടി എന്റെ കണക്കില്‍ ഇട്ടു കൊടുത്തു."മഞ്ചാടി"..മഞ്ചു  എന്ന പേരില്‍ ഒരു ചെറിയ മാറ്റം.തരം പോലെ ഞാന്‍ അത് 'മരഞ്ചാടി' എന്നും മാറ്റി.എന്റെ വിളി കേട്ട് മറ്റു പലരും, എന്തിനു ചില അധ്യാപകരും ആ വിളി ഏറ്റെടുത്തു..മഞ്ചാടി..മഞ്ചാടി..!!
ഇടക്ക് എപ്പോഴൊക്കെയോ ശ്രീയുടെ പേര് വച്ച് ഞാന്‍ കളിയാക്കിയപ്പോള്‍ നാണം കലര്‍ന്ന ഒരു ചിരി ഞാന്‍ ആ മുഖത്ത് നിന്ന് വായിച്ചെടുത്തു.എന്റെ എല്ലാ കുരുത്തക്കെടിനും ഒടുവില്‍ സഹികെടുമ്പോള്‍  അവള്‍ തരുന്ന മറുപടി അതിനും തന്നു.."പോടെ..പോടെ"...എന്ന്.

                                                                                                            (2)

ഒരു കാര്യം പറയാന്‍ ഉണ്ട് എന്ന് ഇന്റര്‍വെല്‍ സമയം വിവേക് ഒറ്റയ്ക്ക് വന്നു പറഞ്ഞപ്പോള്‍ "ഇഷ്ടമാണെന്ന് '' പറയാന്‍ ആണെന്നാണ് ഞാന്‍ കരുതിയത്..ഒരാണ്‍കുട്ടി ഇഷ്ടമാണെന്ന് പറഞ്ഞാല്‍ തിരിച്ച് ഇഷ്ടപ്പെടുകയോ  ഇഷ്ടപ്പെടാതെ ഇരിക്കുകയോ ആവാം. പക്ഷേ ഇങ്ങോട്ട് പറഞ്ഞാല്‍ അതൊരു അന്ഗീകരിക്കലാണ്.ആത്മവിശ്വാസം കൂട്ടുന്ന കാര്യമാണ്.ഒരാള്‍ക്ക് ഇഷ്ടമാകുന്ന എന്തോ ചില ഗുണങ്ങള്‍ നമുക്ക് ഉണ്ട് എന്നതിന്റെ ഒരു അംഗീകാരം.കൂട്ടുകാരികള്‍ക്കിടയില്‍ അസൂയ ഉണ്ടാക്കുന്ന ഒന്ന്.അത് കൊണ്ട് തന്നെ എനിക്ക് സന്തോഷമായി.പക്ഷെ അവന്‍ പറഞ്ഞത് ഇങ്ങനെ.
"എനിക്കിഷ്ടമല്ല" അത് കേട്ട് ഞാന്‍ ഒന്ന് അമ്പരന്നു.
"എന്ത്"
" മഞ്ചുനോട് കൂട്ട് കൂടുന്നത്" അവന്‍ പറഞ്ഞു. ഒഹ്ഹ് ..അതാണ്‌ കാര്യം എനിക്ക് ചിരി വന്നു.
"എന്താ കുഴപ്പം കൂടിയാല്‍"
"അവള്‍ക്ക് പെങ്കുട്ട്യൊളെ ആണ് ഇഷ്ടം..അത് കൊണ്ട്"
"അത് കൊണ്ട്?"
"നിന്നെ അവള്‍ ഇഷ്ടപ്പെടണ്ട..നീ കൂടുകയും വേണ്ട "നിന്നെ ഞാന്‍ മാത്രം ഇഷ്ടപ്പെട്ടാല്‍ മതി എന്ന് അവന്‍ പറയാതെ പറഞ്ഞത് എനിക്ക് മനസിലായി.പക്ഷെ ഞാന്‍ വേഗം തിരിഞ്ഞു നടന്നു."..ലച്ചൂ..ലക്ഷ്മി പ്ലീസ്.."അവന്‍ വിളിച്ചു.ഞാന്‍ തിരിഞ്ഞു നോക്കിയില്ല.
"അഹങ്കാരി" -അവന്‍ അവസാനം ആ പറഞ്ഞത് ഞാന്‍ നന്നായി കേട്ടു.
പക്ഷെ അന്ന് ഞാന്‍ ഉറപ്പിച്ചു. ഇന്നവളോട് ചോദിക്കണം- എന്താ നിനക്ക് ഒരു പെണ്ണിനോട് പ്രണയം തോന്നിയത് എന്ന്.അതിനാണല്ലോ ഞാന്‍ അവളോട്‌ കൂടാന്‍ തുടങ്ങിയത് .കാര്യമായിട്ട് തന്നെ ചോദിക്കണം.ചോദിച്ചറിയണം.വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു ഇറങ്ങുമ്പോള്‍ ആകാം.ഞങ്ങള്‍ കുറച്ച് പേര് ഒരുമിച്ച് ഒരേ വഴിക്കാണ് വീട്ടിലേയ്ക്ക് പോകുന്നത്.അതില്‍ മഞ്ചുവും ഉണ്ട്.അവള്‍ കൂട്ടത്തില്‍ ഒന്നും കൂടില്ല ഒരല്പം മുന്നിലോ പിന്നിലോ മാറിയേ നടക്കൂ.ഞാന്‍ അവളുടെ കൂടെ കൂടി.ഓരോന്ന് ചോദിച്ച് ചോദിച്ച് അവളെ അടുപ്പിച്ച് കൊണ്ട് വന്നു. അവസാനം ഞാന്‍ കാര്യത്തിലേക്ക് കടന്നു.

 "പെണ്‍കുട്ട്യോള്‍ക്ക് സാധാരണ ആങ്കുട്ട്യൊളോടല്ലേ  ഇഷ്ടം തോന്നുക..തിരിച്ചും..പിന്നെന്താ മഞ്ചാടിക്ക് ശ്രീയോട്.."
ഞാന്‍ പകുതിക്ക് നിര്‍ത്തി ഒന്ന് ഏറു കണ്ണിട്ടു നോക്കി.എന്റെ വളഞ്ഞുള്ള വരവ് ഈ കാര്യത്തിലേക്കാണ് എന്ന് അവള്‍ ഊഹിച്ചു കാണണം,സാധാരണ കിട്ടുന്ന 'പോടെ പോടെ' യേക്കാള്‍  കടുപ്പിച്ച ഒരു "പോടീ" ആണ്‍ അന്നെനിക്ക് കിട്ടിയത്,അതും ഉറക്കെ..  മുഖത്തടിക്കും പോലെ..!!അവള്‍ വല്ലാത്ത ദേഷ്യത്തിലായി.കത്തുന്ന കണ്ണുകളോടെ എന്നെ ഒന്ന് നോക്കി. എന്നിട്ട് വളരെ വേഗം മുന്നോട്ട് നടന്നു പൊയ്ക്കളഞ്ഞു .ഞാന്‍ അപ്പോഴും ഞെട്ടലില്‍ തന്നെ ആയിരുന്നു.ചോദിക്കണ്ടായിരുന്നു.. ഒന്നും ചോദിക്കണ്ടായിരുന്നു..എന്റെ മനസ്‌ പിടഞ്ഞു.


പിന്നീട് എന്നില്‍ നിന്ന് അവള്‍ ഒഴിഞ്ഞു മാറി നടന്നു കളഞ്ഞു .എനിക്കും അതെപ്പറ്റി ചോദിയ്ക്കാന്‍ വല്ലാത്ത വൈമനസ്യം തോന്നി.മാസങ്ങള്‍ അങ്ങനെ കടന്നു പോയി.ഇതിനിടയില്‍ ഞങ്ങള്‍ പലപ്പോഴായി മിണ്ടിപ്പോന്നു.പക്ഷെ എന്തോ ഒരു ഊഷ്മളതക്കുറവ് അതില്‍ വന്നു ചേര്‍ന്നിരുന്നു.പത്താംതരം കഴിഞ്ഞ് പല വഴിക്ക് എല്ലാപേരും പിരിഞ്ഞു പോയി.മറ്റൊരു നഗരത്തില്‍ തുടര്‍ വിദ്യാഭ്യാസം ചെയ്യേണ്ടി വന്നു എനിക്ക്.പുതിയ മുഖങ്ങള്‍ ,ഓര്‍മ്മകള്‍, പഠന വിഷയങ്ങള്‍ എല്ലാം എന്റെ ജീവിതത്തിലും മാറി മാറി വന്നു.പഴയ ചിത്രങ്ങള്‍ക്ക് പലതിനും മങ്ങലേറ്റു.മനസും മനുഷ്യവികാരങ്ങളും ഇഷ്ടപ്പെട്ടിരുന്ന, അറിയാന്‍ ജിജ്ഞാസ പൂണ്ടു നടന്ന ഞാന്‍ പഠന വിഷയമാക്കിയത് സാങ്കേതികത ആയിരുന്നു.എന്തിനോടും വേഗം പൊരുത്തപെടുന്ന എന്റെ  മനസിന്റെ ഒരു പാതി വേഗം ഒരു ടെക്കി ആയി മാറി.മറുപാതിയില്‍ എവിടെയോ പഴയ കുസൃതികളും ചിന്തകളും ഒളിപ്പിച്ചു വച്ചു.വളര്‍ന്നു തികഞ്ഞ ഒരു പെണ്ണിലേയ്ക്ക് പൂര്‍ണമായി ഞാന്‍ മാറിക്കഴിഞ്ഞിരുന്നു. .പ്രണയത്തിന്റെ നിഷ്കളങ്കമായ സംശയങ്ങള്‍ക്ക് അപ്പുറം വൈകാരികതയുടെ തലങ്ങള്‍ വായിച്ചും കേട്ടും പക്വത നേടിയിട്ടും വിദേശീയര്‍ നിയമ വിധേയമാക്കിയ, ഇന്ത്യക്കാര്‍ നെറ്റി ചുളിക്കുന്ന 'ലെസ്ബിയന്‍' എന്ന വാക്കിന്റെ അര്‍ഥതലങ്ങളില്‍ ഒരിക്കലും, മഞ്ചാടിയെ എന്റെ മനസ്‌ ചേര്‍ത്ത് വച്ചില്ല..അത് ഒരു ഹോര്‍മോണ്‍ ഇമ്ബാലന്‍സ് എന്നോ നിഷ്കളങ്കമായ  സ്നേഹം എന്നോ കരുതാന്‍ ആയിരുന്നു എനിക്ക് ഇഷ്ടം..!

.                                                               (3)


ഐടി നഗരത്തില്‍ നിന്ന് പിശുക്കി കിട്ടുന്ന അവധി ദിവസങ്ങളുമായി ഓടി വീട്ടില്‍ എത്തുമ്പോള്‍ അച്ഛനുമൊത്ത് ചില കറക്കങ്ങള്‍ പതിവാണ്.ആ ഉപദേശങ്ങള്‍ ,അനുഭവങ്ങള്‍,ചിലപ്പോഴൊക്കെ ഉള്ള തര്‍ക്കങ്ങള്‍ ഞങ്ങള്‍ മാത്രമുള്ള ഡ്രൈവില്‍ സാധാരണം.പുറമേ ഉള്ള റോഡോ ആള്‍ക്കാരോ ഒന്നും ഞാന്‍ അന്നേരം ശ്രധിക്കാറേ ഇല്ല.അച്ഛന്‍ പറയുന്ന കഥകള്‍..അതിലായിരിക്കും എന്റെ പൂര്‍ണ ശ്രദ്ധ.

അന്ന് പക്ഷെ എങ്ങനെയെന്നറിയില്ല, ഒരു പ്ലാസ്റിക് കവറും  തൂക്കി, സാരി വലിച്ച് വാരിച്ചുറ്റി വേഗത്തില്‍ നടന്നു പോകുന്ന ഒരു സ്ത്രീയില്‍ എന്റെ കണ്ണുകള്‍ ഉടക്കി.ആ നടത്തം അതിന്റെ വേഗത..അതെന്നെ വേഗം ആകര്ഷിച്ചു എന്ന് പറയുന്നതാണ് ശരി.
മഞ്ചാടി....ഏഴെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍...!!!ഞാന്‍ അച്ഛനോട് പറഞ്ഞ് വണ്ടി നിര്‌ത്തിച്ചു.


ഓടി അടുത്ത് ചെല്ലുമ്പോള്‍ അവള്‍ക്കാദ്യം എന്നെ മനസിലായില്ല.വെയിലേറ്റു വിയര്‍ത്തു കുളിച്ചിരുന്നു അവള്‍.സാരിയുടെ തലപ്പ്‌ വലിച്ച് മുഖവും കഴുത്തും തുടച്ചു കൊണ്ട് അത്ഭുതത്തോടെ എന്നെ നോക്കി."ലച്ചു..ലച്ചു ആണ് ഞാന്‍, ലക്ഷ്മി.."സന്തോഷത്തോടെ ഞാന്‍ അറിയിച്ചു.ആ മുഖം തിരിച്ചറിവില്‍ വിടര്‍ന്നു.വളരെ അദികം നിര്‍ബന്ധിച്ചാണ് ഞാന്‍ അവളെ കാറിലേക്ക് ലിഫ്റ്റ്‌ ഒഫെര്‍ ചെയ്ത് വലിച്ചു കയറ്റിയത്.AC യുടെ തണുപ്പില്‍ ആ മുഖത്ത് ആശ്വാസം പടരുന്നത് ഞാന്‍ കണ്ടു.ഒരല്പം വിശേഷം പറച്ചില്‍.എന്റെ അച്ഛന്‍ ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്നത് അവളെ ജാള്യതപ്പെടുത്തുന്നുണ്ടായിരുന്നു.സഞ്ചരിക്കുന്ന ദൂരം കുറഞ്ഞ് കുറഞ്ഞു വന്നത് എനിക്ക് വിഷമം ഉണ്ടാക്കി.എന്തൊക്കെയോ കുറെ പറയണം..ചോദിക്കണം..അവളോട്. പക്ഷെ ഒന്നും അങ്ങോട്ട്‌ മിണ്ടാന്‍ ആകുന്നില്ല.കുറച്ച് ദൂരം അങ്ങനെ പോയി.വഴി രണ്ടായി തിരിയുന്ന ഒരിടത്ത് എന്റെ ഇളയച്ഛന്  ഒരു ഫര്‍ണിച്ചര്‍ ഷോപ്പ് ഉണ്ടായിരുന്നു. അവിടെ വണ്ടി നിര്‍ത്തി
"ഇപ്പൊ വരാം "എന്ന് പറഞ്ഞ് അച്ഛന്‍ കാറില്‍ നിന്ന് ഇറങ്ങിപ്പോയി.


ഞാന്‍ അവളുടെ കൈ പിടിച്ച് എന്ത് ചെയ്യുന്നു ?വീട്ടില്‍ ആരോകെ ഉണ്ട്?എന്ന് തുടങ്ങി കുറെ ചോദ്യങ്ങള്‍ തൊടുത്തു വിട്ടു.ഒരു സ്ടിച്ചിംഗ് സെന്ററില്‍ തയ്യലാണ് അവള്‍ക് ജോലി എന്ന് പറഞ്ഞു.വീട്ടിലെ  സാഹചര്യം കാരണം പഠിക്കാന്‍ ആയില്ല എന്നും.
"ഇപ്പോള്‍ വീട്ടില്‍..വീട്ടില്‍..മോളും മോളുടെ അച്ഛനും ഉണ്ട് .."അത് പറയുമ്പോള്‍ അവളുടെ മുഖത്ത് ഒരു ചമ്മല്‍..നാണം..പറയാന്‍ പറ്റാത്ത മറ്റെന്തൊക്കെയോ..


അത് കണ്ട് ഞാന്‍ എല്ലാം മറന്നു പൊട്ടിച്ചിരിച്ചു.
"ആഹാ..കല്യാണം ഒക്കെ കഴിഞ്ഞല്ലേ???ഞാന്‍ കരുതി നീ ഒരു "പെണ്ണ്" കെട്ടുമെന്ന്."
ഇത് പറഞ്ഞു ഞാന്‍ പിന്നെയും ചിരിച്ചു.
"നിനക്ക് ഒരു മാറ്റവും ഇല്ല.കാണാന്‍ ഒരുപാട് വ്യത്യാസംണ്ട്..ന്നാലും ഈ നാക്ക്..."
ഒരു പോടെ പോടെ ഞാന്‍ പ്രതീക്ഷിച്ചെങ്കിലും അവള്‍ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞത് ഇങ്ങനെയാണ്.
"അല്ല, മോളെ ആരാ പ്രസവിച്ചേ ?നീയോ മോള്‍ടെ അച്ഛനോ?"ഞാന്‍ പിന്നെയും വിട്ടില്ല.
" മുടിയൊക്കെ മുറിച്ചു കളഞ്ഞല്ലേ?പക്ഷെ നല്ല തിളക്കം.."വിഷയത്തില്‍ നിന്ന് തെന്നി,അവള്‍ എന്റെ തല മുടിയില്‍ പതിയെ തൊട്ടു നോക്കി.
"ങും..ഹെയര്‍ സിറം എന്നൊരു സാധനം പുരട്ടിയിട്ടുണ്ട്..അതാ തിളങ്ങുന്നെ..അത് വിട്...അപ്പൊ നീ പെണ്ണ് തന്നെ ആയിരുന്നല്ലേ???"ഞാന്‍ കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു.അവള്‍ എന്റെ കൈയില്‍ പതിയെ ഒരു അടി അടിച്ചു.

അവളെ അധികം ബുദ്ധിമുട്ടിക്കാതെ ഞാന്‍ മറ്റു ചില വിഷയങ്ങള്‍ കൂടെ എടുത്തിട്ടു സംസാരിച്ചു.അച്ഛന്‍ തിരികെ എത്താന്‍ ഒരല്പം വൈകുന്നത്  നന്നായി എന്ന് എനിക്ക് തോന്നി.പക്ഷെ അവള്‍ക്ക് പോകാന്‍ ധിറുതി ഉണ്ടായിരുന്നു.
"മോള്‍ നര്സറിയില്‍ നിന്ന് വന്നു കാണും..എന്നെ കണ്ടില്ലങ്കില്‍ വിഷമിക്കും വീടിന്റെ താക്കോല്‍ എന്റെ കൈയ്യിലാ.
ഇനിയിപ്പോ ഒരു വളവു തിരിഞ്ഞാല്‍ നിങ്ങള്‍ക്ക് തിരിഞ്ഞു പോകണം.എനിക്ക് നേരെ അല്ലെ പോകേണ്ടത്.ഞാന്‍ ഇവിടെ ഇറങ്ങാം..
പെട്ടന്ന് നടന്നു എത്താവുന്നതല്ലേ ഉള്ളൂ.."
ഇത്  പറയുമ്പോള്‍ അവളുടെ മുഖത്ത് ഒരു അമ്മയുടെ ആധി എനിക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞു.ഞാന്‍ പതിയെ ഡോര്‍ തുറന്നു കൊടുത്തു.അവള്‍ ഇറങ്ങുമ്പോള്‍ എന്റെ പര്സില്‍ നിന്ന് കുറച്ച കാശെടുത്ത് ഞാന്‍ കൈയ്യില്‍ പിടിപ്പിച്ചു."മോള്‍ക്ക് മിട്ടായി വാങ്ങാന്‍ " എന്ന് പറഞ്ഞ്.അത് വാങ്ങാന്‍ കുറച്ച് നിര്‍ബന്ധിക്കേണ്ടിയും വന്നു.

എന്നെ നോക്കി 'ശരി' എന്ന് പറഞ്ഞു നടക്കാന്‍ തുനിഞ്ഞതും ഞാന്‍ ഒന്ന് കൂടെ വിളിച്ചു..
"ഡീ..മഞ്ചാടി..സത്യത്തില്‍ അന്ന് നിനക്ക് എന്തായിരുന്നു ആ ശ്രീയോട്?"
അവളുടെ മുഖം ഒന്ന് മാറി.ഞാന് ശരിക്കും ഒന്ന് പേടിച്ചു.പക്ഷെ മാറിയത് പോലെ വലിയ ഒരു ചിരി അവിടെ വിടര്‍ന്നു.
എപ്പോഴും എന്നെ ഒതുക്കിയിരുന്ന മറുപടി അവിടെ നിന്ന് കേട്ടു ."പോടെ പോടെ..." അത് പറയുന്നതിനൊപ്പം
കാറിനുള്ളില്‍ ഇരുന്ന എന്റെ കവിളില്‍ കൈ എത്തിച്ച് അവള്‍ ഒന്ന് നുള്ളി.തലയാട്ടിക്കൊണ്ട് തിരിഞ്ഞു വേഗത്തില്‍
നടന്നു നീങ്ങി..

എന്റെ മനസ്‌ ,ഹോര്‍മോണ്‍ ഇമ്ബാലന്സുകളെയും നിഷ്കളങ്ക സ്നേഹത്തെയും
വ്യക്തി ആരാധനയും എല്ലാം കൂട്ട് പിടിച്ച് ആശ്വസിച്ചു.ഉത്തരം തരാത്ത ചോദ്യവുമായി അവള്‍ നടന്നു നീങ്ങി..
എന്റെ മഞ്ചാടി..!!!

-Ammutty.

 (ചിത്രം:ഗൂഗിള്‍ )