പ്രിയനേ നീ അറിയുന്നതിനപ്പുറം ചിലതുണ്ട്..
പറയുവാൻ ഞാൻ മടിക്കുന്ന ചിലത്..
ഞാൻ, ഞാനെന്ന ഭാവം വെടിഞ്ഞ്
ചിലത് പറയട്ടെ നിന്നോട്..
പ്രിയനേ അനുനിമിഷം എന്റെ പ്രാണനിൽ കലരുന്ന
ജീവവായു..ശ്വാസം..എന്നത്തിൽ പോലും
ജീവന് ഊതിക്കയറ്റുന്ന ഒരു ചിന്തയുണ്ട്..
നീ നീ എന്ന ചിന്ത..
പ്രിയനേ നിന്റെ നീൽമിഴികൾ..അടക്കിയ പുഞ്ചിരി..
വിടര്ന്ന ചുണ്ടുകൾ.. ഇവ ഇത്ര മേല്
ഭംഗിയാർന്നത് എന്തിനാണ്?എത്ര സമയം നിന്നെ അമര്ത്തി
ഉമ്മ വയ്ക്കാതെ..നിയന്ത്രിച്ച്..നിയന്ത്രിച്ച്..
എനിക്ക് സ്നേഹിക്കാൻ ആകും?
പ്രിയനേ..എന്നെ നീ ഇങ്ങനെ നോക്കരുതേ..
ഞാൻ ഇത്രമേൽ വിശിഷ്ടമായ വസ്തുവാണ് എന്ന്
തിരിച്ചറിയപ്പെടുന്നു, നിന്റെ കണ്ണുകളിൽ.!
അതെന്നെ ഒരു പൂച്ചക്കുഞ്ഞിനെ പോലെ പതുക്കുന്നു..
പ്രിയനേ..നീ നിന്റെ ഭാവമാറ്റങ്ങൾ ശ്രദ്ധിച്ചു കൊള്ളുക..
എന്റെ ഹൃദയ ചലനങ്ങളെ നിയന്ത്രിക്കാൻ തക്ക വണ്ണം
അവ ശക്തമത്രേ..തീവ്രമത്രേ..
നിന്റെ സ്വന്തമായ ആ ഹൃദയം നിലയ്ക്കാതെ,
മൃദുഭാവങ്ങൾ കൊണ്ട് നീ ശ്രദ്ധിച്ചു കൊള്ളുക..
പ്രിയനേ..ഞാൻ എത്രമേൽ
നിന്നില് സ്വാര്ഥ എന്നറിയുക..
അത്രമേൽ നീ മറ്റുള്ളവരിൽ അകലം പാലിക്കുക..
നിന്റെ ഹൃദയം, സ്നേഹം, പരിഗണന, കോപം,താപം
തുടങ്ങി സർവവികാര വിചാരങ്ങല്ക്കും
ഉടമ ഞാൻ മാത്രമത്രേ..
പ്രിയനേ..നിന്നോട് പരിഭവിക്കുന്ന
ഓരോ നിമിഷവും എന്റെ ആത്മാവ് ഈ ശരീരം വിട്ടു
നിന്നിലേക്ക് ഓടി അണയാൻ വെമ്പൽ കൊള്ളുന്നു..
നിന്നില് നിന്ന് അകന്നു നില്ക്കാൻ ശ്രമിക്കുന്ന എന്നെ,
എനിക്ക് പോലും വേണ്ടന്ന് നീ അറിയുക..!!
പ്രിയനേ..ഏതവസ്ഥയിലും നിന്റെ പ്രേമവായ്പ്പിൽ
പൂത്തുലയുന്ന ഒരു മരമാണ് ഞാൻ..!
നീ മെല്ലെ തലോടിയാൽ മതിയാകും..
ചില്ലകൾ താഴ്ത്തി അനുസരണയോടെ
തണലേകുവാൻ..
നിന്റെ മേൽ പൂക്കൾ ഉതിര്ത്തിടാൻ..
തേന് തുള്ളികൾ ചൊരിയാൻ..
പ്രിയനേ ഇനിയുമേറെ പറയണം എങ്കിലും
ഇത്രയും പറഞ്ഞു ഞാൻ നിർത്തട്ടെ,
എനിക്ക് എന്നിൽ ഉള്ള നിയന്ത്രങ്ങൾക്ക് അതീതമാണ് നീ.
നീ..നീയൊരു വ്യക്തിയല്ല,എന്റെ ജീവന്റെ സത്തയത്രേ..
അത്രമേൽ എന്റെ പ്രാണൻ ഉരുക്കുന്ന പ്രണയമത്രേ..
-അമ്മൂട്ടി..!!!